Top

ടൈം മാഗസിനില്‍ മോദിയെ വിമര്‍ശിക്കുന്ന കവര്‍ സ്‌റ്റോറി വന്നപ്പോള്‍ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചത്

ടൈം മാഗസിനില്‍ മോദിയെ വിമര്‍ശിക്കുന്ന കവര്‍ സ്‌റ്റോറി വന്നപ്പോള്‍ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചത്
India's divider in Chief എന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ടൈം മാഗസിന്റെ കവര്‍ സറ്റോറി ശ്രദ്ധേയമായിരുന്നു. 2014ല്‍ മോദിയെ പുകഴ്ത്തിയ ടൈം മാഗസിന്‍ 2019ല്‍ രൂക്ഷമായി വിമര്‍ശിക്കുന്നത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ആതിഷ് തസീര്‍ വലിയ ആക്രമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ബിജെപി അനുഭാവിയായ ചൗക്കീദാര്‍ ശശാങ്ക് സിംഗ് ട്വീറ്റ് ചെയ്തത് ആതിഷ് തസീര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പിആര്‍ മാനേജരാണ് എന്നാണ്. ടൈം മാഗസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നും അത് ഇടതുപക്ഷക്കാരുടെ മുഖമാസികയായി മാറിയെന്നും ഇയാള്‍ അഭിപ്രായപ്പെടുന്നു.

ആതിഷ് തസീറിന്റെ വിക്കീപീഡിയ പേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള ശശാങ്കിന്റെ ട്വീറ്റ് 500ലധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ആതിഷ് തസീര്‍ ബ്രിട്ടീഷ് പൗരനും ഇന്ത്യന്‍, പാകിസ്താനി മാതാപിതാക്കളുടെ മകനുമാണ്. അമ്മ മസൂറി സ്വദേശിയും മാധ്യമപ്രവര്‍ത്തകയുമായ തവ്‌ലീന്‍ സിംഗ്, അച്ഛന്‍ പാകിസ്താനി രാഷ്ട്രീയ നേതാവും ബിസിനസുകാരനും മുന്‍ പഞ്ചാബ് ഗവര്‍ണറുമായിരുന്ന സല്‍മാന്‍ തസീര്‍. ഏതായാലും ആതിഷ് തസീറിന്റെ വിക്കീപീഡിയ പേജ് എഡിറ്റ് ചെയ്ത് വികലമാക്കിയിരിക്കുന്നു. ആതിഷ് തസീര്‍ കോണ്‍ഗ്രസിന്റെ പിആര്‍ മാനേജര്‍ ആണെന്ന് വിക്കീപീഡിയ പേജില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തു. തുടര്‍ച്ചയായ എഡിറ്റിംഗ് ആക്രമണം മൂലം ഈ പേജ് വിക്കീപീഡിയ ലോക്ക് ചെയ്തിരിക്കുകയാണ്.

ടൈം മാഗസിന്റെ പുതിയ ലക്കത്തിലാണ് മോദിയെ നിശിതമായി വിമര്‍ശിച്ച് കവര്‍ സ്‌റ്റോറി പ്രസിദ്ധീകരിച്ചിട്ടുള്ളത്. "അടുത്ത അഞ്ച് വര്‍ഷത്തെ മോദി ഭരണത്തില്‍ ഇന്ത്യന്‍ ജനാധിപത്യം അതിജീവിക്കുമോ?" എന്ന പേരില്‍ എഴുതിയ മുഖ്യ ലേഖനം ഇന്ത്യന്‍ പ്രധാനമന്ത്രിയെ അതിരൂക്ഷമായാണ് വിമര്‍ശിക്കുന്നത്.

ഭൂരിപക്ഷ സമുദായത്തിന്റെ ആശങ്കകളെ പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള ജനപ്രിയ പരിപാടികളാണ് ബ്രസീല്‍, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളെ പോലെ ഇന്ത്യയിലും നടപ്പിലാക്കുന്നതെന്ന് ലേഖകനായ ആതിഷ് തസീര്‍ എഴുതുന്നു. മോദിക്കെതിരെ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും പ്രതിപക്ഷവും ഉന്നയിച്ച ആരോപണങ്ങള്‍ ലേഖകനും ശരിവെയ്ക്കുന്നു. 2014 ല്‍ വികസനത്തിന്റെ പേരില്‍ അധികാരത്തില്‍ വന്ന മോദി സര്‍വ മേഖലകളിലും പരാജയമാണെന്നാണ് ലേഖനം പറയുന്നത്.

"അദ്ദേഹത്തിന്റെ സാമ്പത്തിക മാന്ത്രികത പൂര്‍ണമായും പരാജയപ്പെട്ടു, വിഷലിപ്തമായ മത ദേശീയത വളര്‍ത്തുന്നതിനുള്ള സാഹചര്യമുണ്ടാക്കി" ലേഖനം പറയുന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്നു. അതിന് ഭരണകൂടത്തിന്റെ മൗനാനുവാദം ഉണ്ടായിരുന്നുവെന്നും ടൈം മാഗസിന്‍ പറയുന്നു.

ഇന്ത്യയുടെ അടിസ്ഥാന സ്വഭാവങ്ങളെയെല്ലാം അവിശ്വസിക്കുന്ന ഒരു ഭരണ സംവിധാനമാണ് മോദി നടത്തിയതെന്നാണ് ടൈം മാഗസിന്‍ പറയുന്നത്. മതേതരത്വം, ലിബറലിസം, സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനം എന്നിങ്ങനെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ മുഴുവന്‍ ഹിന്ദുക്കള്‍ക്കെതിരായ ഗൂഢാലോചനയായി വരുത്തിതീര്‍ക്കുകയാണ് മോദി ഭരണം ചെയ്തതെന്നും ടൈം മാഗസിന്‍ പറയുന്നു.

അഞ്ച് വര്‍ഷത്തിനിടെ മോദിയെക്കുറിച്ചുള്ള നിലപാടുകളില്‍ വന്ന മാറ്റത്തിന്റെ പ്രതിഫലനമാണ് ടൈം മാഗസിന്റെ പുതിയ കവര്‍. 2012 ല്‍ മോദിയെ പ്രകീര്‍ത്തിച്ചായിരുന്നു ടൈം മാഗസിന്റെ കവര്‍. 2012 ലാണ് മോദി ആദ്യമായി ടൈം മാഗസിന്റെ കവറായത്. ഗുജറാത്തിലെ വികസനത്തെക്കുറിച്ച് പ്രകീര്‍ത്തിച്ച ലേഖനം, ആ സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചയുടെ കാരണക്കാരന്‍ മോദിയാണെന്നും അദ്ദേഹത്തിന് ഇന്ത്യയെ നയിക്കാന്‍ അവസരം ഉണ്ടാകുമോ എന്നും ചോദിച്ചായിരുന്നു അന്ന് ലേഖനം വന്നത്. ബിജെപി, നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി നിശ്ചയിക്കുന്നതിന് മുമ്പായിരുന്നു ലേഖനം വന്നത്.

പിന്നീട് മോദി അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹത്തെക്കുറിച്ചുള്ള കവര്‍ സ്‌റ്റോറി ടൈം മാഗസിന്‍ വീണ്ടും പ്രസിദ്ധീകരിച്ചു. ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തിത്വങ്ങളില്‍ ഒരാളായി തെരഞ്ഞെടുത്തു കൊണ്ട് മോദിയുടെ അഭിമുഖമായിരുന്നു അന്ന് പ്രസിദ്ധീകരിച്ചത്. എന്തുകൊണ്ട് മോദി പ്രസക്തനാകുന്നുവെന്നായിരുന്നു അന്ന് ടൈം മാഗസിന്‍ സ്വീകരിച്ച നിലപാട്. ദരിദ്ര പശ്ചത്താലത്തില്‍ ജനിച്ച് റെയില്‍വെ കോച്ചുകളില്‍ ചായ വിറ്റ് ജീവിച്ച തനിക്ക് പട്ടിണിയാണ് ജീവിതത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന പ്രചോദനം ഉണ്ടാക്കിയതെന്ന് വൈകാരികമായി മോദി പറഞ്ഞുവെന്ന മുഖവുരയോടെയാണ് അന്നത്തെ ടൈം മാഗസിന്‍ അഭിമുഖം ആരംഭിച്ചത്. ഒരു വര്‍ഷത്തെ ഭരണത്തിനിടയില്‍ മോദി ലോക രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിത്വമായിരിക്കുകയാണെന്നും അന്ന് ടൈം ലേഖനം വിശദീകരിച്ചു. മൂന്ന് മണിക്കൂര് മാത്രം ഉറങ്ങുന്ന എല്ലാ ദിവസം യോഗ പരിശീലിക്കുന്ന രാഷ്ട്രീയ നേതാവാണ് മോദിയെന്നുമുള്ള വ്യക്തി വിശേഷ വാഴ്ത്തലുകളുമായിരുന്നു മോദിയോടുള്ള ടൈം മാഗസിന്റെ 2015 ലെ സമീപനം.

“തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

Next Story

Related Stories