ബിഹാറിലെ പരിമാർ നദിയിലെ ഒരു പാലത്തിനടിയിൽ നിന്നും തലയറുത്ത നിലയിൽ കണ്ടെത്തിയ മൃതദേഹം രാഷ്ട്രീയ ജനതാദളിന്റെ നവാദ ജില്ലാ സെക്രട്ടറി കൈലാഷ് പാസ്വാന്റേതാണെന്ന് (48) തിരിച്ചറിഞ്ഞു. ജൂലൈ മാസം ആറിനാണ് ഇദ്ദേഹത്തെ കാണാതായത്. നളന്ദയിലെ ഖുദഗഞ്ച് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത് എന്നറിയുന്നു.
ഇദ്ദേഹത്തെ ഒരു പ്രാദേശിക ആർജെഡി നേതാവായ ഛോട്ടു ഗുപ്ത ഒരു പഞ്ചായത്ത് യോഗത്തിനെന്നു പറഞ്ഞ് വാഹനത്തിൽ കൊണ്ടു പോകുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പൊലീസ് കൊലപാതകക്കേസ് ഫയൽ ചെയ്തിട്ടില്ലെന്നും അറിയുന്നു.
മൃതദേഹം നളന്ദയിലാണ് കണ്ടെത്തിയത് എന്നതിനാൽ കാണാതായെന്ന പരാതി സ്വീകരിച്ച പൊലീസ് സ്റ്റേഷനിൽ അന്വേഷണം നടത്താനാകില്ലെന്ന നിലപാടിലാണ് ടൗൺ പൊലീസ് സ്റ്റേഷൻ എടുത്തിരിക്കുന്നത്. നളന്ദ പൊലീസ് അന്വേഷണം തുടങ്ങിയതിനു ശേഷം പിന്നീട് തങ്ങൾക്ക് ഏറ്റെടുക്കാനാകുമെന്നും പൊലീസ് അറിയിച്ചു.