Top

'മാസ്റ്റര്‍ സ്‌ട്രോക്ക്' തരുന്നവര്‍ക്ക് മോദി സര്‍ക്കാരിന്റെ മുന്നറിയിപ്പ്: വിമര്‍ശിച്ച പരിപാടിയും അവതാരകനും ചാനലിന് പുറത്ത്

എബിപി ന്യൂസിന്റെ എഡിറ്റോറിയല്‍ ഘടന രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന രാജി വച്ച മിലിന്ദ് ഖണ്ഡേക്കറെന്ന് എബിപി ന്യൂസ് നെറ്റ് വര്‍ക്ക് സിഒഒ (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍) അവിനാശ് പാണ്ഡെ പറയുന്നു. 14 വര്‍ഷം ദീര്‍ഘമായ കാലയളവാണെ് പറഞ്ഞും ഇതുവരെയുള്ള അനുഭവങ്ങള്‍ക്ക് കമ്പനിയ്ക്ക് നന്ദി അറിയിച്ചുകൊണ്ടുമാണ് പടിയിറക്കമെങ്കിലും മിലിന്ദ് ഖണ്ഡേക്കറുടെ രാജിയ്ക്ക് പിന്നില്‍ മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന. മിലിന്ദ് ഖണ്ഡേക്കറിന്റെ രാജിക്ക് പിന്നാലെ മാനേജ്‌മെന്റ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എബിപി ഹിന്ദി ന്യൂസിലെ ശ്രദ്ധേയ പരിപാടിയായ മാസ്റ്റര്‍ സ്‌ട്രോക്കിന്റെ അവതാരകന്‍ പുണ്യപ്രസൂണ്‍ ബാജ്‌പേയ് രാജി വയ്ക്കുന്നത്. മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകരെ (അഭിസര്‍ ശര്‍മയും രാജന്‍ സിംഗും) കമ്പനി നിര്‍ബന്ധിത അവധിയില്‍ വിട്ടിരിക്കുകയാണ്. ഇവരുടെയെല്ലാം പൊതുവായ കുറ്റം ചാനലിലെ പരിപാടികളിലൂടെയും വാര്‍ത്തകളിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സര്‍ക്കാരിനേയും വിമര്‍ശിച്ചു എന്നതാണ്.

റെയ്ഡ്, അന്വേഷണ ഭീഷണികള്‍ വഴിയും റിലൈന്‍സ് ഓഹരികള്‍ വാങ്ങിയതിനെ തുടര്‍ന്നും എന്‍ഡിടിവി ഇംഗ്ലീഷ് നടത്തിവന്നിരുന്ന സര്‍ക്കാര്‍ വിമര്‍ശനങ്ങളുടെ മൂര്‍ച്ച കുറയ്ക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞപ്പോളും രൂക്ഷവിമര്‍ശനവും തുറന്നുകാട്ടലുകളുമായി രവീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിടിവി ഇന്ത്യ എന്ന ഹിന്ദി വാര്‍ത്താ ചാനല്‍ രംഗത്തുണ്ടായിരുന്നു. സമാനമായ ഇടപെടലുകളും വസ്തുതാപരിശോധനയും എബിപി ഹിന്ദി ന്യൂസ് ചാനലും നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദമാണ് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടരാജിയിലേയ്ക്കും എബിപിയിലെ പൊട്ടിത്തെറിയിലേയ്ക്കും നയിക്കുന്നത്. ഇപിഡബ്ല്യ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് പരന്‍ജോയ് ഗുഹ തകൂര്‍ത്ത, ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബോബി ഘോഷ് തുടങ്ങിയവരെല്ലാം രാജി വയ്‌ക്കേണ്ടി വന്നത് ഈ സര്‍ക്കാര്‍ സമ്മര്‍ദ്ദം മൂലമാണ്. ഉടമസ്ഥരായ സമീക്ഷ ട്രസ്റ്റുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നകതകളെ തുടര്‍ന്ന് പരന്‍ജോയ് എഡിറ്റര്‍ സ്ഥാനം രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായത് അദാനി ഗ്രൂപ്പിന് മോദി സര്‍ക്കാര്‍ നിയമവിരുദ്ധമായി നല്‍കിയ 500 കോടി രൂപയുടെ നികുതിയിളവ് സംബന്ധിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. ഈ റിപ്പോര്‍ട്ടിനെതിരെ അപകീര്‍ത്തി കേസ് ഭീഷണിയുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തിയതിന് പിന്നാലെ ഇപിഡബ്ല്യു സ്റ്റോറി പിന്‍വലിക്കുകയും പരന്‍ജോയ് ഗുഹ തകൂര്‍ത്ത എഡിറ്റര്‍ സ്ഥാനം രാജി വയ്ക്കുകയുമായിരുന്നു.

ബോബി ഘോഷിനെ രാജി വയ്ക്കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതനാക്കിയത് എച്ച്ടി ഗ്രൂപ്പ് ചെയര്‍പേഴ്‌സണും എഡിറ്റോറിയല്‍ ഡയറക്ടറുമായ ഉടമ ശോഭന ഭാര്‍തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയാണ്. രാജ്യത്തെ പ്രമുഖ ഹിന്ദി വാര്‍ത്താ ചാനലുകളിലൊന്നായ എബിപി ഹിന്ദി ന്യൂസിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരും ഇതേ രീതിയില്‍ പുറന്തള്ളപ്പെടുകയോ പുറത്തുപോകാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്യുകയാണ്. ഏറെ പ്രേക്ഷകരുള്ള മാസ്റ്റര്‍ സ്‌ട്രോക്കിന്റെ സംപ്രേഷണം പുണ്യപ്രസൂണ്‍ ബാജ്‌പേയിയുടെ രാജിക്ക് പിന്നാലെ ചാനല്‍ നിര്‍ത്തിയിരിക്കുന്നു. സന്ദേശം വ്യക്തമാണ്. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പരിപാടി ഈ ചാനലില്‍ ഇനി വേണ്ട എന്ന്.

ഛത്തീസ്ഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദിവാസി കര്‍ഷകരുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഗ്രാമീണരെ പറഞ്ഞുപഠിപ്പിച്ച് തയ്യാറാക്കിയതാണ് എന്ന് എബിപി ചാനല്‍ വ്യക്തമാക്കിയിരുന്നു. ചന്ദ്രമണി കൗശിക് എന്ന കര്‍ഷക സ്ത്രീ മോദിയുമായുള്ള സംഭാഷണത്തില്‍ തനിക്കുണ്ടായ കാര്‍ഷിക നേട്ടത്തെക്കുറിച്ച് അവകാശപ്പെടുന്നത് വസ്തുതാവിരുദ്ധമാണ് എന്നാണ് എബിപി മാസ്റ്റര്‍ സ്‌ട്രോക്ക് വഴി തെളിയിച്ചത്. നെല്‍കൃഷി ഉപേക്ഷിച്ച് കസ്റ്റാര്‍ഡ് ആപ്പിള്‍ (സീതപ്പഴം) കൃഷി തുടങ്ങിയതോടെ തന്റെ ജീവിതം മെച്ചപ്പെട്ടെന്നും വരുമാനം ഇരട്ടിയായെന്നുമാണ് ഇവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ എബിപി ചാനല്‍ ഇവരെ ഇന്റര്‍വ്യൂ ചെയ്തതോടെ കള്ളി വെളിച്ചത്തായി. ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞുതന്ന കാര്യങ്ങളാണ് താന്‍ കാമറയ്ക്ക് മുന്നില്‍ പറഞ്ഞതെന്ന് ചന്ദ്ര മണി വ്യക്തമാക്കി. ഇത് മോദി സര്‍ക്കാരിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. വാര്‍ത്താവിതരണ - പ്രക്ഷേപണ വകുപ്പ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് രൂക്ഷ വിമര്‍ശനവുമായി ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

പുണ്യപ്രസൂണ്‍ ബാജ്‌പേയിയുമായുള്ള സംഭാഷണത്തിനിടെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ മോദി സര്‍ക്കാരിനും സംഘപരിവാറിനുമെതിരെ ആഞ്ഞടിച്ചിരുന്നു. ഞാനാണ് രാഷ്ട്രം എന്നാണ് ചിലരുടെ വിചാരമെന്നാണ് പുണ്യപ്രസൂണിന്റെ ചോദ്യത്തിന് മറുപടിയായി ജാവേദ് അക്തര്‍ പറഞ്ഞത്. രാജ്യത്തിന്റെ ചരിത്രം വളിച്ചൊടിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെ ജാവേദ് അക്തര്‍ തുറന്നുകാട്ടുകയും ചെയ്തിരുന്നു. മോദിയുടേയും ബിജെപിയുടേയും ശക്തരായ വിമര്‍ശകരില്‍ ഒരാളായ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏറെ കാലമായി സംഘപരിവാറിന്റെ കണ്ണിലെ കരടും വലിയ തോതില്‍ സോഷ്യല്‍ മീഡിയ ആക്രമണം നേരിടുകയും ചെയ്യുന്നയാളാണ് പുണ്യപ്രസൂണ്‍ ബാജ്‌പേയ്‌.

മോദിസര്‍ക്കാര്‍ മാധ്യമ ഉടമകളെ വിലയ്‌ക്കെടുത്ത് അല്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തിയോ ബിസിനസ് സഹായ വാഗ്ദാനം നല്‍കിയും മറ്റും നടപ്പാക്കുന്ന ത്രിമുഖ തന്ത്രങ്ങളുടെ ഭാഗമാണ് ഈ സമ്മര്‍ദ്ദമെന്നും കാണേണ്ടതുണ്ട്. ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളേക്കാള്‍ സ്വാഭാവികമായും ഹിന്ദി വാര്‍ത്താ ചാനലുകള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ മോദി സര്‍ക്കാരിന് വലിയ ഭീഷണിയാണ്. പ്രത്യേകിച്ച് ലോക് സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍. രവീഷ് കുമാറിനെതിരെ ഉയരുന്ന ഭീഷണികളെല്ലാം ഈ പശ്ചാത്തലത്തിലാണ്. തന്നെ എഡിറ്റോറിയല്‍ ഹെഡ് ആക്കിക്കൊണ്ട് ചാനല്‍ തുടങ്ങാന്‍ താല്‍പര്യമറിയിച്ച ഓഹരി ഉടമകളെല്ലാം പിന്‍വാങ്ങിയതും ലൈസന്‍സ് അപേക്ഷകള്‍ പരിഗണിക്കാത്തതും തനിക്ക് നേരെയുള്ള വലിയ ഭീഷണികളും സമ്മര്‍ദ്ദവുമെല്ലാം ബര്‍ഖ ദത്ത് തുറന്നുപറഞ്ഞിരുന്നു. 'മുകളില്‍ നിന്നുള്ള' വിളികളാണ് ഈ മാധ്യമപ്രതിസന്ധിക്ക് പിന്നില്‍ എന്നത് വ്യക്തം.

https://www.azhimukham.com/india-interview-with-p-raman-indian-media-crisis-by-sujay/

https://www.azhimukham.com/when-pm-modi-skipped-a-times-group-event/

Next Story

Related Stories