UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീരില്‍ 10,000 സൈനികരെ കൂടുതലായി വിന്യസിച്ചു, പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുന്നതിന് മുന്നോടിയാണോ എന്ന് നേതാക്കള്‍, സാഹസം കാട്ടരുതെന്ന് മുന്നറിയിപ്പ്

അജിത് ഡോവലിന്റെ സന്ദര്‍ശനത്തിനു തൊട്ടു പിന്നാലെയാണ് കൂടുതല്‍ സൈനികരെ വിന്യസിച്ചത്.

ജമ്മു കാശ്മീരില്‍ 10,000 സൈനികരെ കൂടുതല്‍ വിന്യസിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം, വരാന്‍ പോകുന്ന കടുത്ത നടപടികള്‍ക്ക് മുന്നോടിയായി എടുത്തതാണെന്ന സംശയം സംസ്ഥാനത്തെ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ബലപ്പെടുന്നു. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുന്നതിന് മുന്നോടിയാണ് കൂടുതല്‍ സൈന്യത്തെ സംസ്ഥാനത്ത് വിന്യസിക്കുന്നതെന്നാണ് ആരോപണം. ഇതാണ് ഉദ്ദേശമെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ട്ടികള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കാശ്മീര്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് 100 കമ്പനി സൈന്യത്തെ കൂടി സംസ്ഥാനത്തേക്ക് അയയ്ക്കാന്‍ തീരുമാനമെടുത്തത്. സുരക്ഷാ കാര്യങ്ങള്‍ക്കും ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ടാണ് സൈന്യത്തെ അയയ്ക്കുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. അമര്‍നാഥ് യാത്രയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് കൂടുതല്‍ സുരക്ഷാ സൈനികരെ വിന്യസിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് കൂടുതലായി വിന്യസിച്ച സൈനികരും കാശ്മീരില്‍ തുടരുകയാണ്. ഇതിന് പുറമെയാണ് ഇപ്പോള്‍ 10,000 പേരെ കൂടുതലായി വിന്യസിക്കുന്നത്.

ആഭ്യന്തര വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സൈനികരെ കാശ്മീരില്‍ പുതുതായി വിന്യസിച്ചു തുടങ്ങി. കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ എടുത്തുമാറ്റുന്നതിന്റെ മുന്നോടിയായാണ് ഇപ്പോഴത്തെ നീക്കമെന്നാണ് ആരോപണം. പ്രത്യേകിച്ച് ഭരണഘടനയുടെ 35A വകുപ്പും 370-ാം വകുപ്പും. സംസ്ഥാനത്ത് സ്ഥിരതാമസക്കാര്‍ ആരാണെന്ന് തീരുമാനിക്കാന്‍ ജമ്മു-കാശ്മീര്‍ നിയമസഭയ്ക്ക് പ്രത്യേക അധികാരം നല്‍കുന്നതാണ് 35 എ വകുപ്പ്. കാശ്മീരിന്റെ സ്വയംഭരണവുമായി ബന്ധപ്പെട്ടുള്ളതാണ് 370 -ാം വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായത്. ഈ പ്രത്യേക നിയമങ്ങള്‍ എടുത്തുകളയണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. 35 എ നീക്കി കാശ്മീരിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ ജനസംഖ്യാനുപാതം മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് ആരോപണം.

നീതിന്യായ സംവിധാനങ്ങളില്‍ വിശ്വസിച്ച്, സര്‍ക്കാര്‍ ജനങ്ങളെ ഭീതിപ്പെടുത്തുന്ന നടപടികളില്‍നിന്ന് പിന്‍വാങ്ങണമെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു. ഭരണകൂടം പുറത്തുവിടുന്ന വിവരങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. ഭരണഘടനാ വ്യവസ്ഥകള്‍ നീക്കം ചെയ്യുമെന്ന ഭീതിയില്‍ കഴിയുകയാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു

കാശ്മീര്‍ ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. അതിന് സൈനിക പരിഹാരം ഉണ്ടാകുമെന്ന് കരുതരുതെന്നാണ് മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ സഖ്യകക്ഷിയുമായിരുന്ന പിഡിപിയുടെ നേതാവ് മെഹ്ബൂബ മുഫ്തി പറഞ്ഞത്. കൂടുതല്‍ സൈന്യത്തെ സംസ്ഥാനത്ത് വിന്യസിക്കാനുള്ള തീരുമാനം ജനങ്ങള്‍ വല്ലാത്ത രീതിയില്‍ ഭീതി പടര്‍ത്തിയിരിക്കയാണെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. കാശ്മീരിനെ കുറിച്ചുള്ള മുഴുവന്‍ സമീപനങ്ങളും കേന്ദ്ര സര്‍ക്കാര്‍ മാറ്റണെമന്നും അവര്‍ പറഞ്ഞു.

ഭരണഘടനയുടെ 370-ഉം 35-എയും വകുപ്പുകള്‍ നീക്കം ചെയ്യാനുള്ള നീക്കം കാശ്മീരികളെ കൂടുതല്‍ അന്യവത്ക്കരിക്കാന്‍ മാത്രമെ ഉപകരിക്കുവെന്ന് സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഷാ ഫെസല്‍ ഐഎഎസ് പറഞ്ഞു.

കൂടുതല്‍ സൈന്യത്തെ അയയ്ക്കുക വഴി സര്‍ക്കാര്‍ എന്താണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ലെന്ന് മുന്‍ മന്ത്രിയും ബിജെപിയുമായി ബന്ധം പുലര്‍ത്തിയിരുന്ന രാഷ്ട്രീയ നേതാവുമായ സജ്ജാദ് ലോണ്‍ പറഞ്ഞു. പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന നിയമം നീക്കം ചെയ്യുകയാണെങ്കില്‍ അത് അപകടകരമായ അതിസാഹസികത്വം ആയിരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

കാശ്മീരിലെ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതോടെയാണ് കടുത്ത നടപടികള്‍ക്ക് കേന്ദ്രം തയ്യാറാകുന്നതെന്ന സൂചന ലഭിച്ചത്. അധികാരത്തിലെത്തിയ ഉടന്‍ തന്നെ ആഭ്യന്തര മന്ത്രി അമിത് ഷാ കാശ്മീര്‍ സന്ദര്‍ശിക്കുകയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാനുള്ള തീരുമാനം എടുത്തത്. ഇതോടെ ബിജെപി തങ്ങളുടെ പ്രഖ്യാപിത നിലപാടുകള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളും സജീവമായി.

എന്നാല്‍ സൈനിക പോലീസ് വൃത്തങ്ങള്‍ ഇക്കാര്യം നിഷേധിച്ചു. സ്വാഭാവിക നടപടി മാത്രമാണെന്നും സൈനികരുടെ അമിത ജോലി പരിഗണിച്ചുമാണ് തീരുമാനമെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.

പ്രത്യേക നിയമങ്ങള്‍ എടുത്തുമാറ്റുന്നതിന് പുറമെ, സംസ്ഥാനത്തെ മൂന്നായി വിഭജിക്കുക, നിയമസഭ മണ്ഡലങ്ങളില്‍ മാറ്റം വരുത്തി കാശ്മീര്‍ മേഖലയുടെ അപ്രമാദിത്വം അവസാനിപ്പിക്കുകയെന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന ആക്ഷേപം ഉണ്ടായിരുന്നു. ലഡാക്ക്, ജമ്മു, കാശ്മീര്‍ എന്നിങ്ങനെ മൂന്നായി വിഭജിക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. തെരഞ്ഞെടുപ്പിന്റെ സമയത്തും അതിന് ശേഷവും ശ്രീനഗര്‍ ദേശീയ പാതയിലടക്കം സ്വദേശികളായ യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കാശ്മീരില്‍ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.

Read Azhimukham: ‘നാട്ടിക എംഎല്‍എയായ എനിക്കിതാണ്‌ അവസ്ഥയെങ്കില്‍ നാളെയിവര്‍ പട്ടികജാതിക്കാര്‍ നടക്കുന്ന വഴിയിലെല്ലാം ചാണകവെള്ളം തളിക്കില്ലേ?’, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ഗീത ഗോപി എംഎല്‍എ കടുത്ത നടപടിക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍