TopTop
Begin typing your search above and press return to search.

മോദി ചന്ദ്രയാനിനു പിന്നില്‍ കറങ്ങുന്നത് മാന്ദ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന വിമര്‍ശനത്തിനു പിന്നാലെ ഐഎസ്‌ആര്‍ഓയെ അഭിനന്ദിച്ച്‌ മമത

മോദി ചന്ദ്രയാനിനു പിന്നില്‍ കറങ്ങുന്നത് മാന്ദ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന വിമര്‍ശനത്തിനു പിന്നാലെ ഐഎസ്‌ആര്‍ഓയെ അഭിനന്ദിച്ച്‌ മമത

"നമ്മുടെ ശാസ്ത്രജ്ഞരെക്കുറിച്ചോര്‍‌ത്ത് അഭിമാനിക്കുന്നു. ചന്ദ്രയാന്‍ 2 ദൗത്യത്തിനായി ഐഎസ്‌ആര്‍ഓ ടീം കഠിനാധ്വാനം ചെയ്തു,"

ചന്ദ്രയാന്‍ 2 ദൗത്യം പൂര്‍ത്തീകരിക്കാന്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞന്‍ കഠിനാധ്വാനം ചെയ്തെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചന്ദ്രയാന്‍ ദൗത്യത്തിന്റെ ബഹളത്തില്‍ രാജ്യത്തിന്റെ സാമ്ബത്തിക വ്യവസ്ഥ തകരുന്നത് മറച്ചു വെക്കുകയാണ് പ്രധാനമന്ത്രിയും ബിജെപിയും ചെയ്യുന്നതെന്ന വിമര്‍ശനമുന്നയിച്ചതിനു പിന്നാലെയാണ് ‌ഈ പ്രസ്താവന. "നമ്മുടെ ശാസ്ത്രജ്ഞരെക്കുറിച്ചോര്‍‌ത്ത് അഭിമാനിക്കുന്നു. ചന്ദ്രയാന്‍ 2 ദൗത്യത്തിനായി ഐഎസ്‌ആര്‍ഓ ടീം കഠിനാധ്വാനം ചെയ്തു," മമത ട്വീറ്റ് ചെയ്തു. "ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ട്" എന്നായിരുന്നു മമതയുടെ മറ്റൊരു ട്വീറ്റ്.

ചന്ദ്രയാന്‍ ദൗത്യം നിരീക്ഷിക്കാന്‍ വെള്ളിയാഴ്ച ബെംഗളൂരുവിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പോയ ഘട്ടത്തിലാണ് മമത വിമര്‍ശനവുമായി രംഗത്തെത്തിയത്. "അടുത്ത നാലു ദിവസത്തേക്ക് ചന്ദ്രയാന്‍ മാത്രമായിരിക്കും ചര്‍ച്ച. രാജ്യത്ത് അവര്‍ ബാക്കിയെല്ലാം ചെയ്തു കഴിഞ്ഞെന്ന മട്ടിലായിരിക്കും ചര്‍ച്ചകള്‍. അവരാണ് ശാസ്ത്രം കണ്ടുപിടിച്ചതെന്ന മട്ടിലായിരിക്കും കാര്യങ്ങള്‍," മമത പറഞ്ഞു.

രണ്ടാം ചാന്ദ്രദൗത്യത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കുന്നത് ചൂണ്ടിക്കാട്ടി മമത ബിജെപിയെയും വിമര്‍ശിച്ചു. കഴിഞ്ഞ എഴുപതോളം വര്‍ഷമായി രാജ്യം തുടരുന്ന ഗവേഷണങ്ങളുടെ ഫലമാണിതെന്ന് അവര്‍ പറയുകയുണ്ടായി.

സര്‍‌ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആറു വര്‍‌ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍‌പ്പാദന വളര്‍ച്ച. തൊഴിലില്ലായ്മ കഴിഞ്ഞ നാലു പതിറ്റാണ്ടിലെ ഏറ്റവും മോശമായ അവസ്ഥയിലാണുള്ളത്.


Next Story

Related Stories