UPDATES

ദേശീയം

എക്സിറ്റ് പോളുകള്‍ സൃഷ്ടിച്ച അനുകൂല സാഹചര്യത്തില്‍ ‘രണ്ടാം എന്‍ഡിഎ സര്‍ക്കാരി’നുള്ള നീക്കങ്ങള്‍ ശക്തമാക്കി ബിജെപി

അത്താഴവിരുന്നില്‍ 36 എന്‍ഡിഎ സഖ്യകക്ഷികള്‍ പങ്കെടുത്തെന്നാണ് വിവരം.

എക്സിറ്റ് പോളുകള്‍ അനുകൂലമായതിനു പിന്നാലെ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കങ്ങളുമായി ബിജെപി. ഇതിനായി സമര്‍പ്പിക്കപ്പെട്ട പദ്ധതിക്ക് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്ലാ എന്‍ഡിഎ സഖ്യകക്ഷികളെയും വിളിച്ചുചേര്‍ത്ത് ഇന്നലെ രാത്രിയില്‍ ഒരു അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നു ബിജെപി. എക്സിറ്റ് പോളുകള്‍ക്കു ശേഷം സൃഷ്ടിക്കപ്പെട്ട അനുകൂല സാഹചര്യം ഫലപ്രഖ്യാപനത്തിനു മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ സുഗമമാക്കിയിരിക്കുകയാണ്.

ഡല്‍ഹിയിലെ അശോക ഹോട്ടലില്‍ വെച്ച് നടന്ന അത്താഴവിരുന്നില്‍ 36 എന്‍ഡിഎ സഖ്യകക്ഷികള്‍ പങ്കെടുത്തെന്നാണ് വിവരം. മൂന്ന് എന്‍ഡിഎ കക്ഷികള്‍ മാത്രമാണ് ചടങ്ങില്‍ വരാതിരുന്നത്. ഇവര്‍ തങ്ങളുടെ പിന്തുണ എഴുതി നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി പറയുന്നു.

സഖ്യത്തിന്റെ വിജയത്തിന് അടിസ്ഥാനമായത് മൂന്ന് പദ്ധതികളാണെന്ന് അമിത് ഷാ അംഗീകരിച്ച പ്രമേയം പറയുന്നു. ദേശീയ സുരക്ഷ, ദേശീയത, വികസനം എന്നീ മൂന്ന് ഘടകങ്ങളാണ് സഖ്യത്തിന്റെ വിജയത്തിന് കാരണമായത്.

ഭാവി പരിപാടികളും ഈ പ്രമേയം ചര്‍ച്ച ചെയ്യുന്നുണ്ട്. കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുക എന്ന ലക്ഷ്യമാണ് പ്രമേയത്തില്‍ പറയുന്ന പ്രധാന കാര്യങ്ങളിലൊന്ന്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ശ്രമിച്ചതെന്നും പ്രമേയം വ്യക്തമാക്കുന്നു.

ഭീകരതയ്ക്കെതിരായ രാജ്യത്തിന്റെ നീക്കങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടെന്ന് പ്രമേയം അവകാശപ്പെടുന്നുണ്ട്. കള്ളപ്പണം, ആഗോളതാപനം തുടങ്ങിയ പ്രശ്നങ്ങളെ നേരിട്ട രീതിയും ചര്‍ച്ച ചെയ്യപ്പെട്ടു. വരുന്ന അഞ്ചുവര്‍ഷക്കാലം ജനങ്ങള്‍ക്ക് വളര്‍ച്ചയുടെ വേഗത ഉറപ്പു വരുത്തുമെന്നും പ്രമേയം പറയുന്നു.

അതെസമയം പ്രതിപക്ഷ മഹാസഖ്യ രൂപീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ എക്സിറ്റ് പോളുകള്‍ക്കു ശേഷം ഏതാണ്ട് പ്രതിസന്ധിയിലായ മട്ടാണ്. യുപിയില്‍ മായാവതി അടുപ്പം കാട്ടാതെ നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. തിങ്കളാഴ്ച ഡൽഹിയിൽ വെച്ച് നടക്കാനിരുന്ന മായാവതി-സോണിയ കൂടിക്കാഴ്ച റദ്ദാക്കപ്പെട്ടിരുന്നു. അങ്ങനെയൊരു കൂടിക്കാഴ്ച പദ്ധതിയിട്ടിരുന്നില്ലെന്നാണ് ബിഎസ്പി നേതാക്കൾ അറിയിച്ചത്. മെയ് 23ന്റെ കൂടിക്കാഴ്ചയിലും മായാവതി പങ്കെടുക്കുമെന്നതിന് ഉറപ്പൊന്നുമില്ല.

മെയ് 23ന് ഫലം വന്നതിനു ശേഷം മാത്രമേ ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കൂ എന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ പ്രസ്താവിച്ചിട്ടുണ്ട്. കൂടാതെ, മെയ് 23ന് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ കൂടിക്കാഴ്ച നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുപിഎ സഖ്യകക്ഷിയാണ് ഡിഎംകെ. പ്രതിപക്ഷ മഹാസഖ്യത്തിന്റെ നിലപാടുകളോട് പല ഘട്ടത്തിലും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എക്സിറ്റ് പോളുകളെല്ലാം തമിഴ്നാട്ടിൽ ഡിഎംകെ വൻ മുന്നേറ്റം നടത്തുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതാണ്ടെല്ലാ സീറ്റുകളിലും ഡിഎംകെ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങള്‍.

ബിജെഡിയുടെ മുതിർന്ന നേതാവായ അമർ പട്നായിക്ക് തങ്ങള്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന സൂചന നല്കുകയും ചെയ്തിട്ടുണ്ട്. എക്സിറ്റ് പോളുകൾ എൻഡിഎക്ക് അനുകൂലമായതിനാൽ എൻഡിഎ സഖ്യത്തോട് ചേരേണ്ടി വരുമെന്ന നിലയാണ് ഇപ്പോഴുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍