TopTop

നിതീഷിനു പിന്നാലെ പവാറും പ്രതിപക്ഷകൂട്ടായ്മയെ കൈയൊഴിയുന്നു? സൂചനകള്‍ അതാണ് പറയുന്നത്

നിതീഷിനു പിന്നാലെ പവാറും പ്രതിപക്ഷകൂട്ടായ്മയെ കൈയൊഴിയുന്നു? സൂചനകള്‍ അതാണ് പറയുന്നത്
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ശേഷം ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും യോജിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ കൂട്ടായ്മയില്‍ നിന്നും വിട്ടുപിരിഞ്ഞേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. വെള്ളിയാഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എന്‍സിപി പ്രതിനിധി പങ്കെടുക്കാതിരുന്നതോടെയാണ് അഭ്യൂഹം ശക്തമായിരിക്കുന്നത്. നിതീഷ് കുമാര്‍ വിട്ടുപോയ ശേഷം വിളിച്ചുചേര്‍ക്കപ്പെട്ട ആദ്യത്തെ പ്രതിപക്ഷ കക്ഷികളുടെ യോഗമായിരുന്നു ഇത്. മോദി സര്‍ക്കാരിനെതിരെ സംയുക്ത പ്രവര്‍ത്തനപദ്ധതിക്ക് രൂപം നല്‍കുകയായിരുന്ന യോഗത്തിന്റെ ലക്ഷ്യം. ബിജെപിയുടെ വെല്ലുവിളികളെ നേരിടുന്നതില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് തെളിയിക്കാനുള്ള ഒരു വേദി കൂടിയായിരുന്നു യോഗം.

യോഗം ബഹിഷ്‌കരിക്കുകയാണെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നില്ലെങ്കില്‍ യോഗത്തില്‍ താന്‍ നേരിട്ട് പങ്കെടുക്കുമെന്ന് ശരദ് പവാര്‍ അറിയിച്ചിരുന്നവെന്നാണ് കോണ്‍ഗ്രസ് ഭാഷ്യം. പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്‍യോഗങ്ങളില്‍ പവാര്‍ നേരിട്ട് പങ്കെടുത്തിരുന്നതിനാല്‍ അദ്ദേഹത്തിന് സംശയത്തിന്റെ ആനുകൂല്യം നല്‍കാനും കോണ്‍ഗ്രസ് തയ്യാറാവുന്നു.ഗുജറാത്തില്‍ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് എന്‍സിപിയുടെ അതൃപ്തിക്ക് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന് എന്‍സിപി എംഎല്‍എ വോട്ട് ചെയ്തില്ല എന്ന് കോണ്‍ഗ്രസ് നേതൃത്വം അടക്കം പറയുന്നതാണ് അവരെ ചൊടിപ്പിക്കുന്നത്. ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് പട്ടേല്‍ ജയിച്ചത്. പട്ടേലിനാണ് തങ്ങള്‍ വോട്ടുചെയ്തതെന്ന് എന്‍സിപി, ജെഡി(യു) എംഎല്‍എമാര്‍ അവകാശപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും എന്‍സിപി സ്ഥാനാര്‍ത്ഥി ബിജെപിക്കാണ് വോട്ട് ചെയ്തതെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ സ്വകാര്യമായി പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിലും കേന്ദ്രത്തിലും കോണ്‍ഗ്രസും എന്‍സിപിയും സഖ്യകക്ഷികളാണെങ്കിലും ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ വിശ്വാസരാഹിത്യം നിലനില്‍ക്കുന്നതായി സൂചനകളുണ്ടെന്ന് scroll.in ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടികള്‍ക്കതീതമായി വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുന്നയാളാണ് ശരദ് പവാര്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ പ്രവചനാതീതവുമാണ്. മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിനുള്ള പിന്തുണ ശിവസേന പിന്‍വലിക്കുന്നപക്ഷം ബിജെപിക്ക് പിന്തുണ നല്‍കാമെന്ന് ശരദ് പവാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു.

രാഷ്ട്രീയത്തെക്കാളുപരി മറ്റുചില സമ്മര്‍ദങ്ങളാണ് ബിജെപിയെ പിന്തുണയ്ക്കാന്‍ എന്‍സിപിയെ നിര്‍ബന്ധമാക്കുന്നതെന്നതും കൗതുകകരമാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ പവാറിന്റെ മരുമകന്‍ അജിത് പവാര്‍ അന്വേഷണം നേരിടുകയാണ്. അതുപോലെ യുപിഎ സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായിരുന്നപ്പോള്‍ പ്രഫുല്‍ പട്ടേല്‍ സ്വീകരിച്ച ചില നടപടികളും അന്വേഷണവിധേയമാണ്. അതുകൊണ്ട് തന്നെ സംയുക്ത പ്രതിപക്ഷത്തെ വിട്ട് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ എന്‍സിപിക്ക് മേല്‍ സമ്മര്‍ദമുണ്ടെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ബിഹാറിലെ മഹാസഖ്യത്തെ പൊളിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപി പക്ഷത്തേക്ക് പോയതോടെയാണ് പ്രതിപക്ഷ ഐക്യ നീക്കങ്ങളില്‍ ആദ്യ വിള്ളല്‍ വീണത്. എന്നാല്‍ ജെഡി(യു) നേതാവ് ശരദ് യാദവ് അദ്ദേഹത്തിന്റെ നീക്കങ്ങളില്‍ അതൃപ്തനാണ്. മാത്രമല്ല ഇന്നലത്തെ യോഗത്തില്‍ ശരദ് യാദവ് പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ അടുത്ത അനുയായി അന്‍വര്‍ അലി പാര്‍ട്ടിയെ പ്രതിനിധീകരിച്ചിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണ് ജെഡി(യു)വിന്റെ രാജ്യസഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും ശരദ് യാദവിനെ നീക്കുകയും തല്‍സ്ഥാനത്ത് നിതീഷ് കുമാറിന്റെ വിശ്വസ്തന്‍ ആര്‍ പി പി സിംഗിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.നിതീഷ് വിട്ടുപോയത് പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. ആ ഞെട്ടലില്‍ നിന്നും മോചനം നേടി മോദി സര്‍ക്കാരിനെതിരെ സംയുക്തപോരാട്ടം നടത്താനാണ് പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് സംയുക്ത പ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്‍കുന്നതിന് ഒരു കമ്മറ്റിക്ക് രൂപം നല്‍കാന്‍ സോണിയ ഗാന്ധിയെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ കനത്ത തിരിച്ചിടികള്‍ നേരിടുമ്പോഴും തങ്ങളുടെ പോരാട്ടം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. കാര്‍ഷിക പ്രതിസന്ധിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ സമരങ്ങള്‍ ശക്തിപ്പെടുത്താനും നീക്കമുണ്ട്. ഓഗസ്റ്റ് 27ന് ആര്‍ജെഡി പാറ്റ്‌നയില്‍ നടത്തുന്ന പൊതുജനറാലി ഇതിന്റെ തുടക്കമാകുമെന്ന് ചില നേതാക്കള്‍ സൂചിപ്പിക്കുന്നു. റാലിയില്‍ സംബന്ധിക്കാന്‍ ലാലു പ്രസാദ് യാദവ് മറ്റ് പ്രതിപക്ഷ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ട്.

എന്നാല്‍ സംസ്ഥാനത്തെ ശക്തമായ സാന്നിധ്യമായി മാറാന്‍ ബിജെപിയും അതുപോലെ ശ്രമിക്കുന്ന ഒരു സാഹചര്യത്തില്‍ ഈ നീക്കം അത്ര എളുപ്പമാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തങ്ങളുടെ സംഘടന സംവിധാനം ശക്തമാക്കുന്നതിനൊപ്പം കേന്ദ്രത്തിലും ഇപ്പോള്‍ സംസ്ഥാനത്തിലും ഉള്ള അധികാരം ഉപയോഗിച്ച് മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ആകര്‍ഷിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം ഒരു ഐക്യം അസാധ്യമാകും വിധം പ്രതിപക്ഷ പാര്‍ട്ടികളില്‍ വിള്ളല്‍ വീഴ്ത്താനും അവര്‍ ശ്രമിക്കുന്നുണ്ട്.


Next Story

Related Stories