TopTop
Begin typing your search above and press return to search.

കനിമൊഴിയുടെ വീട്ടിലെ റെയ്ഡിന് കാരണം തെറ്റായ വിവരങ്ങളെന്ന് ഉദ്യോഗസ്ഥർ; കോടിക്കണക്കിന് രൂപ ഒളിപ്പിച്ച തമിളിസൈയുടെ വീട്ടിൽ റെയ്ഡില്ലാത്തതെന്തെന്ന് ഡിഎംകെ

കനിമൊഴിയുടെ വീട്ടിലെ റെയ്ഡിന് കാരണം തെറ്റായ വിവരങ്ങളെന്ന് ഉദ്യോഗസ്ഥർ; കോടിക്കണക്കിന് രൂപ ഒളിപ്പിച്ച തമിളിസൈയുടെ വീട്ടിൽ റെയ്ഡില്ലാത്തതെന്തെന്ന് ഡിഎംകെ

ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിൽ നടത്തിയ റെയ്ഡ് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് ആദായനികുതി വകുപ്പ്. ഇക്കഴിഞ്ഞ രാത്രിയിലായിരുന്നു കനിമൊഴിയുടെ വീട്ടിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വീടിന്റെ ഒന്നാംനിലയിൽ 'ധാരാളം പണം' ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് വിവരം കിട്ടിയെന്നും അത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. കനിമൊഴിക്കെതിരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. തൂത്തുക്കുടി മണ്ഡലത്തിൽ നിന്നും കനിമൊഴി ലോകസഭയിലേക്ക് മത്സരിക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജനാണ് എതിർ സ്ഥാനാര്‍ത്ഥി.

ആദായനികുതി വകുപ്പുകാർ ഒന്നും കിട്ടാതെ മടങ്ങിയതിനു ശേഷം കനിമൊഴി മാധ്യമങ്ങളോട് പ്രതികരിച്ചു. റെയ്ഡുകളിലൂടെ തങ്ങളെ ഭീഷണിപ്പെടുത്താനാണ് ആദായനികുതി വകുപ്പ് ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു. ആദായനികുതി വകുപ്പും തെരഞ്ഞെടുപ്പു കമ്മീഷനും മോദിയുമായി സഖ്യത്തിലാണെന്നും അവർ ആരോപിച്ചു. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭീതി പടർത്താനാണ് മോദി ശ്രമിക്കുന്നതെന്നും കനിമൊഴി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷയും തൂത്തുക്കുടിയിലെ സ്ഥാനാർത്ഥിയുമായ തമിളിസൈ സൗന്ദരരാജന്റെ വീട്ടിൽ കോടിക്കണക്കിന് രൂപയാണ് ഒളിപ്പിച്ചു വെച്ചിട്ടുള്ളതെന്നും ആദായനികുതി വകുപ്പുകാർ അവിടെ റെയ്ഡ് നടത്താത്തത് എന്തുകൊണ്ടാണെന്നും ചോദിച്ച് ഡിഎംകെ നേതാവും കനിമൊഴിയുടെ സഹോദരനുമായ എംകെ സ്റ്റാലിൻ രംഗത്തു വന്നു. സിബിഐ, ആദായനികുതിവകുപ്പ്, ജുഡീഷ്യറി, ഇലക്ഷൻ കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ തെരഞ്ഞെടുപ്പിൽ ഇടപെടാനായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തോൽവിയെക്കുറിച്ചുള്ള ഭീതിയാണ് ഇതെല്ലാം അവരെക്കൊണ്ട് ചെയ്യിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.

ഡിഎംകെ കേന്ദ്രങ്ങളിൽ തുടർച്ചയായ റെയ്ഡുകൾ സംസ്ഥാനത്ത് നടന്നു വരികയാണ്. പണമായും സ്വർണമായും ഒളിപ്പിച്ചു വെച്ചവ പലയിടത്തു നിന്നും പിടികൂടിയിട്ടുണ്ട്. വെല്ലൂരിൽ നിന്ന് 500 കോടി രൂപ റെയ്ഡിലൂടെ പിടിച്ചെടുത്തിരുന്നു. ഡിഎംകെ സ്ഥാനാര്‍ത്ഥി കതിർ ആനന്ദിന്റെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഡിഎംകെ ട്രഷറർ ദൊരൈ മുരുകന്റെ മകനാണ് കതിർ. ദൊരൈ മുരുകന്റെ വീട്ടിൽ നിന്നും 10.50 കോടി രൂപയും മറ്റൊരു ഡിഎംകെ നേതാവിന്റെ വീട്ടിൽ നിന്ന് 11.53 കോടി രൂപയും പിടിച്ചെടുത്തെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.


Next Story

Related Stories