TopTop
Begin typing your search above and press return to search.

സംഘ ദക്ഷ!! കുമ്മനം മിസോറമിലേക്ക്; കേരളത്തിൽ ആർ‌എസ്എസ് നേതൃത്വത്തിൽ ബിജെപിയുടെ പടപ്പുറപ്പാടിന് തുടക്കം?

സംഘ ദക്ഷ!! കുമ്മനം മിസോറമിലേക്ക്; കേരളത്തിൽ ആർ‌എസ്എസ് നേതൃത്വത്തിൽ ബിജെപിയുടെ പടപ്പുറപ്പാടിന് തുടക്കം?
കുമ്മനം രാജശേഖരനെ മിസോറം ഗവർണർ സ്ഥാനത്തേക്ക് നിശ്ചയിച്ചതിനു ശേഷം നടക്കുന്ന ചർച്ചകളിൽ കെ സുരേന്ദ്രൻ, എംടി രമേശ്, പികെ ക‍ൃഷ്ണദാസ് എന്നീ പോരുകളാണ് ഉയർന്നു കേൾക്കുന്നത്. ആർഎസ്എസ്സിൽ നിന്നുള്ള നൂലിട്ടിറക്കലിന്റെ വില ഏതാണ്ട് അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട് ബിജെപി. കേന്ദ്രനേതൃത്വം അതിശക്തമാണ് എന്നതിനാൽ മാത്രം വലിയ പൊട്ടിത്തെറികളുണ്ടായില്ല എന്നതേയുള്ളൂ. കുമ്മനത്തിന് സംഘടനയിൽ വേണ്ടത്ര സഹകരണം ലഭിച്ചുവോ എന്ന കാര്യം സന്ദേഹിക്കുക തന്നെ വേണം. പലപ്പോഴും മറ്റു വഴികളില്ലാതെ തനിക്കു ചുറ്റുമുള്ളവരുടെ ഉപജാപങ്ങളിൽ വീണുപോകേണ്ട ഗതികേടും ഈ ആർഎസ്എസ്സുകാരനുണ്ടായി. ആർഎസ്എസ്സുകാരനെന്ന നിലയിൽ സ്തുത്യർഹമായ സേവനം നടത്തി സംഘബന്ധുക്കൾക്കിടയിൽ സമ്പാദിച്ചിരുന്ന 'സൽപ്പേര്' നശിപ്പിക്കുന്നതായി മാറി ബിജെപി അധ്യക്ഷനെന്ന നിലയിലുള്ള ജീവിതം കുമ്മനത്തിന്.

മിസോറം യാത്ര ഉയർത്തുന്ന ധ്വനികള്‍

കുമ്മനത്തിന്റെ മിസോറമിലേക്കുള്ള പോക്കിനെ വ്യാഖ്യാനിക്കാൻ നിരവധി വസ്തുതകള്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും. 2019ൽ വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പും പിന്നീടുള്ള അസംബ്ലി തെരഞ്ഞെടുപ്പും മുന്നിൽക്കണ്ടുള്ള നീക്കം തന്നെയാണിത്. കേരളത്തിൽ 'കുമ്മോജി' ഭക്ഷിച്ച് ജീവിക്കുന്നു എന്ന പരിഹാസം നേരിടുന്നയാൾക്ക് ഗവര്‍ണർ സ്ഥാനം തന്നെ വെച്ചുനല്കിയതിലൂടെ ബിജെപി കേന്ദ്രനേതൃത്വം വ്യക്തതയുള്ള സന്ദേശമാണ് കൈമാറിയിരിക്കുന്നത്. പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം പകരാൻ ഈ നീക്കത്തിലൂടെ കഴിഞ്ഞു എന്നതില്‍ സംശയമില്ല. ഉത്തരേന്ത്യൻ നേതൃത്വത്തിന്റെ നയങ്ങൾ പലതും കേരളത്തിൽ പരിഹസിക്കപ്പെട്ടപ്പോൾ രാഖി വീട്ടിൽ അഴിച്ചുവെച്ച് പുറത്തിറങ്ങേണ്ടി വന്ന ആർഎസ്എസ്സുകാരെയാണ് ഈ നടപടി പ്രാഥമികമായി അഭിസംബോധന ചെയ്യുന്നത്.

ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേഡർ സംഘടനാവ്യവസ്ഥ ശക്തിപ്പെട്ട പ്രദേശത്ത് എങ്ങനെ മറുതന്ത്രം പണിയണമെന്ന് ബിജെപിക്കറിയാം. ശക്തമായ കേഡർ രീതിയിലുള്ള പ്രവർത്തനങ്ങളിലൂടെ അടുത്തട്ടിൽ പ്രവർത്തിക്കുക എന്നതാണ് ത്രിപുരയിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രം. ഇത്തരമൊരു കേഡർ സംവിധാനം പടുത്തുയർത്താൻ ബിജെപിക്ക് ആർഎസ്എസ്സിനെയല്ലാതെ മറ്റാരെയാണ് ആശ്രയിക്കാനാകുക?

ആര്‍എസ്എസ്സിന്റെ അധിനിവേശ ശ്രമം

പാർട്ടിയിലേക്ക് ആർഎസ്എസ് അധിനിവേശം നടക്കുന്നതിൽ കടുത്ത പ്രതിഷേധം നിലവിലുണ്ട് കേരളത്തിൽ. ഇത് വളരെ പണ്ടുമുതലുള്ള, ഒരുപക്ഷെ രാജ്യത്തെ എല്ലാ പാർട്ടി ഘടകങ്ങളിലുമുള്ള പ്രശ്നമാണെങ്കിലും കുമ്മനത്തെ നൂലിൽ‌ കെട്ടിയിറക്കിയ സംഭവത്തോടെ പ്രതിഷേധം ആഴത്തിൽ വേരോടി. ഏകാധിപത്യ പ്രവണതയുള്ള കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമെന്ന നിലയിൽ പാർട്ടി സംവിധാനങ്ങൾക്ക് കുമ്മനത്തെ സ്വീകരിക്കേണ്ടി വന്നുവെങ്കിലും അടിത്തട്ടിൽ പ്രതിഷേധത്തിന്റെ വേരുകൾ തമ്മിൽ പരസ്പരം സംവദിച്ചു കൊണ്ടിരുന്നു. കുമ്മനത്തെ മിസോറമിലേക്ക് അയയ്ക്കുക എന്ന ഒറ്റ നടപടിയിലൂടെ കേന്ദ്രനേതൃത്വം വലിയൊരു നേട്ടമാണ് കൊയ്തെടുത്തിരിക്കുന്നത്.

ത്രിപുരയിലേതു പോലുള്ള സാഹചര്യം തൽക്കാലം കേരളത്തിൽ നിലവിലില്ല എന്നതിരിക്കട്ടെ. ത്രിപുരയിലേതു പോലൊരു നേട്ടമുണ്ടാക്കാൻ ബിജെപിക്കും പദ്ധതിയില്ലെങ്കിലോ! പ്രതിപക്ഷം താരതമ്യേന ദുർബലമാണെങ്കിലും അത് ത്രിപുരയിലുണ്ടായിരുന്നതു പോലെ തകർന്നടിഞ്ഞിട്ടൊന്നുമില്ല. ഭരണവിരുദ്ധവികാരം ഇതുവരെയുള്ള അവസ്ഥ വിലയിരുത്തിൽ അത്ര വലിയതാകാനും സാധ്യതയില്ല. പരമാവധി നേട്ടമുണ്ടാക്കുക എന്നതായിരിക്കും ബിജെപിയുടെ ലക്ഷ്യമെന്ന് കരുതാനേ നിർവ്വാഹമുള്ളൂ.

കേരളം, രാജ്യത്ത് ഏറ്റവുമധികം ആർഎസ്എസ് ശാഖകളുള്ള സംസ്ഥാനം!

കുമ്മനം രാജശേഖരനെ പാർട്ടി പ്രസിഡണ്ടാക്കുക എന്ന അബദ്ധം സംഭവിച്ചതിനു പിന്നിൽ കേരളത്തിലെ രാഷ്ട്രീയസാഹചര്യം നന്നായറിയാത്ത ഉത്തരേന്ത്യൻ ബിജെപി-ആർഎസ്എസ് നേതൃത്വമാണ്. ഏറ്റവും കൂടുതൽ ആർഎസ്എസ് ശാഖകളുള്ള കേരളത്തിൽ സംഘടനാസംവിധാനം ബലപ്പെടുത്താൻ ദീർഘകാലത്തെ സംഘപരിചയമുള്ള കുമ്മനത്തിന് കഴിയുമെന്ന് കരുതിയിരിക്കാം. എന്നാൽ, ശാഖകളിൽ മിക്കതിലും ആർഎസ്എസ് കേഡർ സവിധൈനങ്ങളെക്കാൾ സ്വാധീനം ബിജെപി എന്ന പാർലമെന്ററി സംവിധാനത്തിനാണ്. ആർഎസ്എസ്സിന്റെ തീട്ടൂരങ്ങളെ അവഗണിക്കാൻ പോലും ശേഷിയുണ്ടിവയ്ക്ക്. ഇത്തരം സംഘർഷങ്ങൾ വളരെ സാധാരണമാണ് ശാഖകളിൽ. മിക്കപ്പോഴും ആർഎസ്എസ്സ് കേഡർമാർ ബിജെപിയുടെ രാഷ്ട്രീയനേതാക്കൾക്ക് കീഴ്പ്പെടേണ്ടി വരാറുമുണ്ട്. മുൻകാലങ്ങളിൽ മുക്കിനും ദിക്കിനും സ്ഥിതി ചെയ്തിരുന്ന ആർഎസ്എസ് കാര്യാലയങ്ങളുടെ എണ്ണം കുറയുകയോ, പലതും പാര്‍ലമെന്ററി പാർട്ടി ഓഫീസുകളായി പരിണമിക്കുകയോ ചെയ്തതും ശ്രദ്ധേയമാണ്.

http://www.azhimukham.com/update-kummanam-response-governor-appoinment/

ആർഎസ്എസ്സിന് ഉണ്ടെന്ന് കരുതപ്പെടുന്ന സംഘടനാ ശൃംഖലയെ ശക്തിപ്പെടുത്തി അതുവഴി തെരഞ്ഞെടുപ്പ് പ്രവർത്തനം സംഘടിപ്പിക്കുകയാണ് അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബിജെപിക്ക് ഇന്ന് മുമ്പിലുള്ള ഏക പോംവഴി. ആത്മീയതയുടെ നാട്യത്തിൽ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇത്തരം ശാഖകൾ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് നിൽക്കുന്നത് വോട്ട് ഉൽപാദിപ്പിക്കാനുള്ള കാര്യക്ഷമതയുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയാണെങ്കിൽ അതൊരു വിജയമായിരിക്കും. ആയുധപരിശീലനം നടക്കുന്ന ശാഖകളെ നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾ അത്രകണ്ട് വിജയിച്ചിട്ടുണ്ടെന്ന് പറയാനാകില്ല. പക്ഷെ, 2017ൽ ആർഎസ്എസ് എടുത്ത തീരുമാനപ്രകാരം കേരളത്തിൽ ശാഖകളുടെ എണ്ണം വർധിപ്പിക്കുക എന്നത് വിചാരിച്ചത്ര സാധിച്ചിരിക്കില്ല എന്നനുമാനിക്കാം. നിലവിൽ ദൈനംദിന മണ്ഡലയിരിക്കുന്ന 5000 ശാഖകൾ കേരളത്തിലുണ്ടെന്നാണ് നാഗ്പൂർ അവകാശപ്പെടുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടികളെ വെല്ലുന്ന കേഡർ സംവിധാനം 

ആർഎസ്എസ്സിന്റെ എക്കാലത്തെയും പ്രവർത്തന രീതികൾ ഒരു തികഞ്ഞ കേഡർ സംവിധാനത്തിന്റേതായിരുന്നു. ഇക്കാര്യത്തിൽ സ്വയമൊരു കേഡർ പാർട്ടിയെന്ന് വിശേഷിപ്പിക്കുന്ന ഇന്നത്തെ സിപിഎമ്മിനു പോലും മാറി നിൽക്കേണ്ടി വരും. മറ്റു സംസ്ഥാനങ്ങളില്‍ പോയി വർഷങ്ങളോളം താമസിച്ച് പണിയെടുക്കാൻ സന്നദ്ധതയുള്ള ആളുകൾ ആർഎസ്എസ്സിനൊപ്പമുണ്ട്. ത്രിപുരയിൽ നമ്മളീ കാഴ്ച വേണ്ടുവോളം കണ്ടതാണ്. 45 ശതമാനം വോട്ടുവിഹിതം പിടിക്കാൻ ബിജെപിയെ സഹായിച്ചത് ആർഎസ്എസ്സിന്റെ ഇടപെടലായിരുന്നു.

http://www.azhimukham.com/trending-when-minister-mm-mani-troll-kummanam-rajasekharan/

ആർഎസ്എസ് നിയോഗിച്ച സുനിൽ ദിയോധർ എന്ന മഹാരാഷ്ട്രക്കാരൻ സംഘപ്രവർത്തകൻ രണ്ടര വർഷത്തോളം ത്രിപുരയിൽ താമസിച്ചാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തിയത്. സംസ്ഥാനത്തെ സ്വത്വരാഷ്ട്രീയ കക്ഷികളെ സിപിഎമ്മിനെതിരായി ഒരുമിപ്പിക്കുന്നതിനൊപ്പം പാർട്ടി ഘടന ശക്തിപ്പെടുത്തുന്ന ജോലിയും സുനിൽ ഭംഗിയായി ഏറ്റെടുത്ത് നടത്തി. സിപിഎമ്മും കോൺഗ്രസ്സും അങ്ങേയറ്റം ദുർബലമായ അവസ്ഥയിലായിരുന്നതിനാൽ ദിയോധറിന് ഇത് എളുപ്പം നടത്താൻ സാധിച്ചു എന്ന വസ്തുത ഇരിക്കുമ്പോഴും അയാൾ നടത്തിയ പ്രചാരണപ്രവർത്തനങ്ങളുടെ അച്ചടക്കവും കൈയടക്കവും ശ്രദ്ധേയമാണ്. താൻ ജീവനോടെയിരുന്നില്ലെങ്കിൽക്കൂടിയും ത്രിപുര ബീജെപിയുടെ കയ്യിലിരിക്കും എന്ന വാഗ്ദാനമാണ് സുനിൽ അമിത് ഷായ്ക്ക് കൊടുത്തത്.

ആർഎസ്എസ്സില്‍ തുടങ്ങി ബിജെപി രാഷ്ട്രീയത്തിലൂടെ വളർന്ന ഒരാൾ സംസ്ഥാന പ്രസിഡണ്ടാകുകയും പിന്നാലെ സംഘടനാപ്രശ്നങ്ങളെല്ലാം തീർക്കുകയോ ഒതുക്കുകയോ ചെയ്യാൻ കേന്ദ്രത്തിന്റെ നേരിട്ടുള്ള മേൽനോട്ടം ഉണ്ടാകുകയും ചെയ്യുന്നതോടെ ബിജെപിയുടെ ആദ്യ നീക്കം വിജയിച്ചുവെന്നു പറയാം. പിന്നീടുള്ള നീക്കങ്ങളാണ് ശ്രദ്ധയോടെ കാണേണ്ടത്.

Next Story

Related Stories