Top

ജാര്‍ഖണ്ഡ്-കേന്ദ്ര സർക്കാരുകളെ വിശ്വാസമില്ല; പ്രതികളെ വിട്ടയച്ചത് സർക്കാരിന്റെ മനോഭാവം സൂചിപ്പിക്കുന്നു: അഗ്നിവേശ്

ജാര്‍ഖണ്ഡ്-കേന്ദ്ര സർക്കാരുകളെ വിശ്വാസമില്ല; പ്രതികളെ വിട്ടയച്ചത് സർക്കാരിന്റെ മനോഭാവം സൂചിപ്പിക്കുന്നു: അഗ്നിവേശ്
തനിക്കെതിരെ നടന്ന ആക്രമണത്തിനു പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും ഉന്നതതല അന്വേഷണം വേണമെന്നും പ്രമുഖ ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ സ്വാമി അഗ്നിവേശ്. താന്‍ തട്ടിപ്പുക്കാരനും വിദേശ ചാരനുമാണെന്നാണ് ജാര്‍ഖണ്ഡ് നഗരവികസന മന്ത്രി സിപി സിംഗ് പറയുന്നത്. അതിനാല്‍ ഈ വിഷയത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തണം. പക്കൂർ ജില്ലാ ഭരണകൂടത്തിന് തന്റെ പരിപാടിയെക്കുറിച്ച് നേരത്തേ വിവരം നൽകിയിരുന്നതാണെന്നും, എന്നാൽ അവർ യാതൊരു സുരക്ഷയും നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

"സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സർക്കാർ തയ്യാറാണെങ്കിൽ ജുഡീഷ്യൽ അന്വേഷണമാണ് നടത്തേണ്ടത്. എങ്കിലേ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയൊള്ളൂ" -അഗ്നിവേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബോധ് കാന്ത് സഹായ്, മുൻ മുഖ്യമന്ത്രി ജാർഖണ്ഡ് വികാസ് മോർച്ച-പ്രജാതാൻത്രിക് നേതാവ് ബാബുലാൽ മറാണ്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ജാർഖണ്ഡ് സര്‍ക്കാരോ കേന്ദ്രസർക്കാരോ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് തനിക്ക് യാതൊരു വിശ്വാസവുമില്ലെന്ന് അഗ്നിവേശ് പറഞ്ഞു. "അറസ്റ്റുചെയ്ത പ്രതികളെ വിട്ടയച്ചു. ഇത് സർക്കാരിന്‍റെ മനോഭാവമേന്താണെന്നാണ് സൂചിപ്പിക്കുന്നത്. ബിജെപിയും ആർഎസ്എസും രാമന്റെ പേരിനെ അപകീർത്തിപ്പെടുത്തുകയാണ്. നമ്മുടെ ഹിന്ദു മതം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല" -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഗ്നിവേശിനെതിരെ ചൊവ്വാഴ്ച നടന്ന ആക്രമണം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും യുവമോർച്ച, എബിവിപി സംഘത്തിനെതിരേ ഇതുവരെ കേസെടുത്തിട്ടില്ല.

അഗ്നിവേശിനു നേരെ കരിങ്കൊടി വീശിയശേഷം ‘ജയ് ശ്രീറാം’ എന്നു മുദ്രാവാക്യം വിളിച്ചാണ് ആക്രമണം അരങ്ങേറിയത്. മർദനമേറ്റ സ്വാമിയെ പക്കൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്കൂറിലെ ഹോട്ടലിൽ വാർത്താസമ്മേളനത്തിനുശേഷം യോഗസ്ഥലത്തേക്കു പോകാനിറങ്ങിയ സ്വാമിയെ ആക്രമിച്ച മുപ്പതംഗ സംഘം മർദ്ദനത്തിനുശേഷം തലപ്പാവ് പറിച്ചെറിഞ്ഞ് വസ്ത്രങ്ങൾ വലിച്ചുകീറി. മർദനമേറ്റു നിലത്തു വീണിട്ടും പിന്മാറാതിരുന്ന സംഘം, പാക്കിസ്ഥാൻ അനുകൂലിയായ അഗ്നിവേശ് ഹിന്ദുവിരുദ്ധത പ്രചരിപ്പിക്കുകയാണെന്ന മുദ്രാവാക്യം മുഴക്കി മർദനം തുടരുകയായിരുന്നു. ആക്രമണത്തെ അപലപിച്ച ജാർഖണ്ഡ് ബിജെപി ഘടകം, സ്വാമി സ്വന്തം സുരക്ഷ ഒരുക്കണമായിരുന്നുവെന്നാണ് പറഞ്ഞത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് നിയമസഭയില്‍ ഒച്ചപ്പാടുണ്ടായി. പ്രതിപക്ഷം സംഭവത്തില്‍ പ്രതിഷേധിച്ചതോടെ സഭ ഉച്ചവരെ പിരിയുകയും ചെയ്തു.

Next Story

Related Stories