രാജ്യസഭാ തെരഞ്ഞെടുപ്പിനു മുൻകരുതലെന്ന നിലയിൽ തങ്ങളുടെ 65 എംഎൽഎമാരെ ഒളിച്ചു പാർപ്പിക്കാൻ ഗുജറാത്തിലെ കോൺഗ്രസ് നേതൃത്വം തയ്യാറെടുക്കുന്നു. രാജസ്ഥാനിലെ മൗണ്ട് അബുവിലേക്കാണ് എംഎൽഎമാരെ മാറ്റുക. അടുത്ത 24 മണിക്കൂർ നേരത്തേക്ക് ഇവരെ അവിടെ പാർപ്പിക്കും. ബിജെപിയുടെ കുതിരക്കച്ചവടത്തെ ഭയന്നാണ് പാർട്ടി ഈ നീക്കം നടത്തുന്നതെന്ന് കോൺഗ്രസ് പറയുന്നു.
വെള്ളിയാഴ്ചയാണ് രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ന് നാലുമണിയോടെ സ്ഥലത്തു നിന്നും മൗണ്ട് അബുവിലേക്ക് തിരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ആകെ 71 എംഎൽഎമാരാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനുള്ളത്. ഇതിൽ 65 പേർ മൗണ്ട് അബുവിൽ തങ്ങും.
ബാക്കിയുള്ള ആറ് എംഎൽഎമാരിൽ അൽപേഷ് താക്കൂർ, ധവാൽസിങ് സാല എന്നിവര്‍ നേരത്തെ തന്നെ പാർട്ടിയിൽ നിന്നും വിഘടിച്ചു പോയവരാണെന്നും അവരുടെ വോട്ട് പാർട്ടി പ്രതീക്ഷിക്കുന്നില്ലെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. പാർട്ടി സ്ഥാനങ്ങളെല്ലാം രാജി വെച്ച അൽപേഷിനെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കണമെന്ന കോൺഗ്രസ്സിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
ഹിമ്മത് സിങ് പട്ടേൽ, ഇമ്രാൻ ഖേദാവാല, ശൈലേഷ് പാർമർ എന്നീ എംഎൽഎമാരുടെ മണ്ഡലങ്ങളിലൂടെ ജഗന്നാഥ യാത്ര നീങ്ങുന്നതിനാൽ ഇവർക്ക് സ്ഥലത്തു നിന്നും വിട്ടു നിൽക്കാനാകാത്ത അവസ്ഥയുണ്ട്. എംഎൽഎമാരുടെ താമസം മൗണ്ട് അബുവില്‍ എവിടെയായിരിക്കുമെന്ന് വ്യക്തമല്ല. രാജസ്ഥാൻ സർക്കാരുമായി ബന്ധപ്പെട്ട് ചില സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.