ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ ഡിസ്ചാര്‍ജ് ചെയ്തതിൽ പ്രതിഷേധിച്ച് ഡല്‍ഹി എഐഐഎംഎസ്സിനു മുമ്പിൽ അണികളുടെ പ്രതിഷേധം അക്രമത്തിലേക്കു നീങ്ങി. ലാലുപ്രസാദിനെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ തിരിച്ചയയ്ക്കലെന്ന് ആരോപിച്ചാണ് അണികൾ അക്രമാസക്തരായത്.
റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നാണ് ലാലുവിനെ എഐഐഎംഎസ്സിലേക്ക് ശുപാർശ ചെയ്തത്. മാർച്ച് 29നായിരുന്നു ഇത്. ഉയർന്ന ബ്ലഡ് ഷുഗറും ഇൻഫെക്ഷനുമായിരുന്നു പ്രധാന പ്രശ്നങ്ങൾ. പരിശോധിക്കുന്ന ഡോക്ടർ ലാലുവിനെ ഡിസ്ചാർജ് ചെയ്യാനുള്ള ആരോഗ്യസ്ഥിതിയിലെത്തി എന്ന റിപ്പോർട്ട് കഴിഞ്ഞയാഴ്ച നൽകുകയായിരുന്നു. തിങ്കളാഴ്ച വരെ സമയം നൽകണമെന്ന് ലാലു അഭ്യർത്ഥിച്ചതിനെത്തുടർന്ന് ഡോക്ടർമാർ അനുമതി നൽകുകയും ചെയ്തു.
എന്നാൽ, തിങ്കളാഴ്ച ഡിസ്ചാർജിന് തയ്യാറാകാൻ ആവശ്യപ്പെട്ടപ്പോൾ തനിക്ക് നിരവധി രോഗങ്ങളുണ്ടെന്നു കാണിച്ചുള്ള കത്ത് നൽകുകയായിരുന്നു ലാലു. കൂടുതൽ സമയം നൽകണമെന്ന ആവശ്യം ആശുപത്രി അധികൃതർ അംഗീകരിച്ചില്ല.
റാഞ്ചിയിലെ ബിസ്ര മുണ്ട ജയിലിൽ രോഗിയായ ലാലുവിനു വേണ്ട സൗകര്യങ്ങളില്ലെന്ന് അദ്ദേഹത്തിന്റെ മകൻ തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ചികിത്സിക്കാൻ ആദ്യം പ്രവേശിപ്പിച്ച റിംസിൽ സൗകര്യമില്ലാഞ്ഞിട്ടാണ് എഐഐഎംഎസ്സിൽ വന്നത്. ഇപ്പോൾ രാഷ്ട്രീയസമ്മർദ്ദം മൂലമാണ് എഐഐഎംഎസ് ഈ നിലപാട് എടുക്കുന്നതെന്ന് തേജസ്വി ട്വീറ്റ് ചെയ്തു.
അതെസമയം, ലാലു പ്രസാദ് യാദവിന് ഗൗരവപ്പെട്ട ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്ന് എഐഐഎംഎസ് അധികൃതർ വ്യക്തമാക്കി. ബ്ലഡ് ഷുഗറുമായാണ് ലാലു എത്തിയത്. അദ്ദേഹത്തെ പരിശോധിക്കാൻ മുതിർന്ന ഡോക്ടർമാരുടെ സമിതി ഉണ്ടായിരുന്നു. നിലവിൽ ലാലുവിന്റെ ബ്ലഡ് ഷുഗർ നിയന്ത്രണത്തിലാണെന്നും എഐഐഎംഎസ് വക്താവ് പറഞ്ഞു.