ട്രെന്‍ഡിങ്ങ്

ഏതു സവര്‍ണനാണ് വിവേചനം നേരിട്ടിട്ടുള്ളത്? സാമ്പത്തിക സംവരണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടാന്‍ അസദുദ്ദീന്‍ ഒവൈസി എടുത്തത് വെറും 3 മിനിട്ട്, 8 പോയിന്റുകള്‍

ഇപ്പോള്‍ നിങ്ങള്‍ ഇതിന്റെ പേരില്‍ ദീപാവലിയോ എന്തു വേണമെങ്കിലും ആഘോഷിച്ചോളൂ. പക്ഷേ ഇത് കോടതിയില്‍ നിലനില്‍ക്കില്ല

ഭരണഘടനയുടെ 124-മത് ഭേദഗതിയായി മുന്നോക്ക ജാതികളിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കാനുള്ള ബില്‍ ഇന്നലെ ലോക്സഭയില്‍ പാസായി. ബില്‍ ഇനി രാജ്യസഭയും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കേണ്ടതുണ്ട്. ബില്ലിന്മേല്‍ ലോക് സഭയില്‍ ഇന്നലെ നടന്ന വോട്ടെടുപ്പില്‍ മൂന്ന് പേര്‍ മാത്രമാണ് ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. എഐഎംഐഎം (All India Majlis-e-Ittehadul Muslimeen) നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി, കേരളത്തില്‍ നിന്നുള്ള മുസ്ലീം ലീഗ് എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ്‌ ബഷീര്‍ എന്നിവരാണ് 323 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ എതിര്‍ത്ത് വോട്ടു ചെയ്ത മൂന്ന് പേര്‍.

ലോക്സഭയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സജീവ സാന്നിധ്യവും ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഉള്ള അവഗാഹവും കൊണ്ട് ശ്രദ്ധേയനാണ് ഒവൈസി. ഒരേ സമയം, ഹിന്ദിയിലും ഉറുദുവിലും ഇംഗ്ലീഷിലും മനോഹരമായി സംസാരിക്കുന്ന ഒവൈസിയുടെ തീപ്പൊരി പ്രസംഗങ്ങള്‍ പലപ്പോഴും എതിരാളികള്‍ തടസപ്പെടുത്താന്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ അതിനെ കൂസാതെ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി ഒവൈസി പറയുന്നതിന് സഭ മിക്കപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഇന്നലെ നടന്ന ചര്‍ച്ചയിലും വേറിട്ട പ്രസംഗങ്ങളില്‍ ഒന്ന് ഒവൈസിയുടെതായിരുന്നു. മൂന്നര മിനിറ്റ് സംസാരിക്കാന്‍ എടുത്തെങ്കിലും അതില്‍ അര മിനിട്ടോളം ബിജെപി അംഗങ്ങള്‍ ബഹളം വച്ചതിനാല്‍ മൂന്ന് മിനിട്ടാണ് അദ്ദേഹം സംസാരിച്ചത്. തന്റെ വാദങ്ങള്‍ എട്ടു പോയിന്റുകളായി ഒവൈസി ഉന്നയിച്ചത് സാമ്പത്തിക സംവരണത്തെ അദ്ദേഹം എന്തുകൊണ്ട് എതിര്‍ക്കുന്നു എന്നത് കൃത്യമായി തന്നെ വ്യക്തമാകുന്നതാണ്.

മാഡം സ്പീക്കര്‍,

ഈ ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നു. അതിന്റെ കാരണം എട്ടു പോയിന്റുകളാണ്.

പോയിന്റ് നമ്പര്‍ 1: ഈ ബില്ല് ഭരണഘടനാ തത്വങ്ങളെ ലംഘിക്കുന്നതാണ്.

പോയിന്റ് നമ്പര്‍ 2: ഈ ബില്ല് ബാബാ സാഹിബ് അംബേദ്ക്കറെ അപമാനിക്കുന്നതാണ്. കാരണം, സംവരണത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശശുദ്ധി എന്നത് സാമൂഹിക നീതി ഉറപ്പുവരുത്തുകയും സാമൂഹികവും വിദ്യാഭ്യാസപരവുമായുള്ള പിന്നോക്കാവസ്ഥ കുറച്ചു കൊണ്ടുവരികയും ചെയ്യുക എന്നതാണ്.

പോയിന്റ് നമ്പര്‍ 3: ഭരണഘടന ഒരിക്കലും സാമ്പത്തികമായ പിന്നോക്കാവസ്ഥയെ മുന്നോട്ടുവച്ചിട്ടില്ല. ഇത് ഭരണഘടനയുടെ അന്ത:സത്തയ്ക്ക് തന്നെ നിരക്കാത്തതാണ്. ഈ സര്‍ക്കാരിന് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന കാര്യങ്ങളെ മറികടക്കാന്‍ കഴിയുകയില്ല.

പോയിന്റ് നമ്പര്‍ 4: സംവരണം നീതി ഉറപ്പാക്കാനുള്ളതാണ്. ഈ സര്‍ക്കാരില്‍ നിന്ന് ഒരു കാര്യം അറിയാന്‍ ആഗ്രഹിക്കുന്നു. പൂണൂല്‍ധാരികളും സവര്‍ണരും എന്നെങ്കിലും തൊട്ടുകൂടായ്മ അനുഭവിച്ചിട്ടുണ്ടോ? അടിച്ചമര്‍ത്തല്‍ അനുഭവിച്ചിട്ടുണ്ടോ? വിവേചനം അനുഭവിച്ചിട്ടുണ്ടോ? പോലീസ് മര്‍ദ്ദനം ഏല്‍ക്കാറുണ്ടോ? ഏറ്റുമുട്ടല്‍ കൊലകള്‍ അനുഭവിച്ചിട്ടുണ്ടോ? വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക്? ബിരുദധാരികളിലെ കുറഞ്ഞ എണ്ണം? എന്തെങ്കിലും? ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ രാജ്യത്ത് ഇതൊക്കെ അനുഭവിക്കുന്നത് ഈ നാട്ടിലെ ദളിതരും പട്ടികജാതിക്കാരും ഒരുവിഭാഗം മുസ്ലീങ്ങളുമാണ്.

പോയിന്റ് നമ്പര്‍ 5: ഇപ്പോഴെടുത്തിട്ടുള്ള തീരുമാനം പൂര്‍ണമായും തെറ്റാണ്. കാരണം, സവര്‍ണ ജാതി വിഭാഗങ്ങള്‍ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള ഏതു കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. എവിടെയാണ് അതിനുള്ള തെളിവുകള്‍ ഉള്ളത്? സച്ചാര്‍ കമ്മിറ്റി, മിശ്ര കമ്മിറ്റി, കുണ്ടു കമ്മിറ്റി, 2011 സെന്‍സസ്… ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കുള്ളത് മുസ്ലീങ്ങളില്‍, ഏറ്റവും കുറവ് കുട്ടികള്‍ സ്‌കൂളുകളില്‍ പഠിക്കുന്നത് മുസ്ലീം സമുദായങ്ങളില്‍ നിന്ന്, ഏറ്റവും കൂടുതല്‍ കൊഴിഞ്ഞു പോക്ക് മുസ്ലീങ്ങളില്‍, ഏറ്റവും കുറവ് ബിരുദധാരികള്‍ ഉള്ളത് മുസ്ലീങ്ങളില്‍…

പോയിന്റ് നമ്പര്‍ ആറ്: ഞാന്‍ വരുന്ന തെലങ്കാന സംസ്ഥാനം പിന്നോക്കക്കാരായ മുസ്ലീങ്ങള്‍ക്ക് 10 ശതമാനവും പട്ടികജാതി വിഭാഗങ്ങള്‍ക്ക് 12 ശതമാനവും സംവരണവും നല്‍കാന്‍ തീരുമാനിച്ചു. അത് പൂര്‍ണമായും കണക്കുകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലുള്ളതാണ്. നിങ്ങള്‍ കഴിഞ്ഞ ആറു മാസമായി അതിന് അനുമതി നല്‍കാതിരിക്കുകയാണ്.

പോയിന്റ് നമ്പര്‍ 7: സര്‍ക്കാര്‍ പറയണം, മറാത്ത സംവരണം നിങ്ങള്‍ എങ്ങനെ നടപ്പാക്കും? ഇപ്പോള്‍ നടപ്പാക്കുന്ന ഈ സംവരണത്തില്‍ നിന്ന് നല്‍കുമോ? അതുകൊണ്ടു തന്നെയാണ് ഇത് ഭരണഘടനയെ ലംഘിക്കുന്നതാണെന്ന് പറയുന്നത്.

പോയിന്റ് നമ്പര്‍ 8: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16 അനുസരിച്ച് യാതൊരു വിധത്തിലും സാമ്പത്തിക സംവരണം അനുവദിക്കാന്‍ കഴിയില്ല. അതല്ല, ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്നാണെങ്കില്‍ ഇത് തുല്യതയ്ക്കുള്ള അവകാശം എന്ന ഭരണഘടനാ തത്വത്തെ ലംഘിക്കില്ലേ? ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21-നും എതിരാണ്. അതുകൊണ്ടു തന്നെ ഈ ബില്ല് ഭരണഘടനാ തത്വങ്ങളെ ലംഘിക്കുന്നതാണ്. ഇപ്പോള്‍ നിങ്ങള്‍ ഇതിന്റെ പേരില്‍ ദീപാവലിയോ എന്തു വേണമെങ്കിലും ആഘോഷിച്ചോളൂ. പക്ഷേ ഇത് കോടതിയില്‍ നിലനില്‍ക്കില്ല. കോടതി ഇത് റദ്ദാക്കുക തന്നെ ചെയ്യും.

മുന്നോക്ക സംവരണം എന്ന തെരഞ്ഞെടുപ്പ് അജണ്ട ഭരണഘടനയെ ചോദ്യം ചെയ്യുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍