Top

ലാഭകരമായ സര്‍വീസുകള്‍ എയര്‍ ഇന്ത്യ പിന്‍വലിച്ചതെന്തിന്? ഒരു പൊതുമേഖലാ സ്ഥാപനം പൂട്ടുന്നത് ഇങ്ങനെയാണ്

ലാഭകരമായ സര്‍വീസുകള്‍ എയര്‍ ഇന്ത്യ പിന്‍വലിച്ചതെന്തിന്? ഒരു പൊതുമേഖലാ സ്ഥാപനം പൂട്ടുന്നത് ഇങ്ങനെയാണ്
ഏകദേശം 50,000 കോടി രൂപ സഞ്ചിത നഷ്ടമുള്ളതായി പറയുന്ന, പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള ശുപാര്‍ശയുമായി നീതി ആയോഗ് മുന്നോട്ട് പോകുകയാണ്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരും ഇതിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനിടയില്‍ എയര്‍ ഇന്ത്യ നടത്തിയ ചില ഇടപാടുകള്‍ ദുരൂഹമാകുന്നു. വിവാദമായ എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് സംയോജനത്തോടൊപ്പം ലാഭകരമായ ചില റൂട്ടുകളില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ സര്‍വീസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതും ഇപ്പോള്‍ സിബിഐ അന്വേഷണത്തിന്റെ പരിധിയിലാണ്. ഒരു പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്ന് ഇക്കാര്യത്തില്‍ സുപ്രീം കോടതി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്ത് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരുന്നപ്പോഴാണ് വിവാദ നടപടികള്‍ നടന്നിരിക്കുന്നത്.

ലാഭകരമായ ചില റൂട്ടുകളില്‍ നിന്നും സര്‍വീസ് പിന്‍വലിക്കാനുള്ള എയര്‍ ഇന്ത്യയുടെ അപ്രതീക്ഷിത തീരുമാനം കേരളത്തിലെ പ്രവാസികളെ ഏറെ ബാധിച്ചിരുന്നു. ഏറെ ലാഭത്തില്‍ നടന്നിരുന്ന ദോഹ-കൊച്ചി, കൊച്ചി-കുവൈറ്റ് റൂട്ടുകളിലുള്ള സര്‍വീസ് പിന്‍വലിക്കാനുള്ള തീരുമാനം മലയാളികളായ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുകയും വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇത് കൂടാതെ കൊല്‍ക്കത്ത-ബാങ്കോക്ക്, കൊല്‍ക്കത്ത-ധാക്ക റൂട്ടുകളില്‍ നിന്നും സര്‍വീസുകള്‍ പിന്‍വലിച്ചിരുന്നു. ലാഭത്തിലുള്ള ഈ റൂട്ടുകളില്‍ നിന്നെല്ലാം എയര്‍ ഇന്ത്യ പിന്മാറിയത് സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്ന ആരോപണവും ശക്തമായിരുന്നു.

കൂടാതെ എട്ട് ആഭ്യന്തര റൂട്ടികളില്‍ നിന്നും സര്‍വീസ് പിന്‍വലിച്ച എയര്‍ ഇന്ത്യയുടെ നടപടി വിവിധ പാര്‍ലമെന്ററി കമ്മിറ്റികളുടെയും വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇതേ തുടര്‍ന്ന് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സ്ഥാപനമാണ് പ്രത്യേക ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കമ്പോള ഓഹരിയില്‍ എയര്‍ ഇന്ത്യക്ക് വലിയ നഷ്ടം വരുത്തിക്കൊണ്ട് ലാഭകരമായ റൂട്ടുകളും സമയവും അന്താരാഷ്ട്ര കമ്പനികള്‍ക്ക് വേണ്ടി ഉപേക്ഷിക്കുകയായിരുന്നു എയര്‍ ഇന്ത്യ എന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സ്വകാര്യ ആഭ്യന്തര, അന്താരാഷ്ട്ര വിമാനകമ്പനികളുമായുള്ള ഗൂഢാലോചനയെ തുടര്‍ന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ലാഭകരമായ റൂട്ടുകള്‍ പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എയര്‍ ഇന്ത്യ ഉപേക്ഷിച്ച ബംഗളൂരു-ഭുവനേശ്വര്‍, ബംഗളൂരു-അഹമ്മദാബാദ്, ഭുവനേശ്വര്‍-കൊല്‍ക്കൊത്ത, മുംബൈ-വഡോദര, ഹൈദരാബാദ്-നാഗ്പൂര്‍, മുംബൈ-പാറ്റ്‌ന, മുംബൈ-പൂന, പൂന-ഗോവ എന്നീ ആഭ്യന്തര റൂട്ടുകളില്‍ ജറ്റ് എയര്‍വേസ്, പൂട്ടിപ്പോയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്, ഗോഎയര്‍, ഇന്‍ഡിഗോ, സ്‌പൈസ് ജറ്റ്, പാരമൗണ്ട് എയര്‍വേസ് മുതലായ സ്വകാര്യകമ്പനികള്‍ വന്‍ലാഭമുണ്ടാക്കിയതായും എഫ്‌ഐആറില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്രമല്ല ഏറ്റവും ആകര്‍ഷകമായ മുംബൈ-ദുബായ്, മുംബൈ-അഹമ്മദാബാദ്, മുംബൈ-ദോഹ റൂട്ടുകളില്‍ സര്‍വീസുകളുടെ എണ്ണം കുറച്ചുകൊണ്ട് സ്വകാര്യ കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ സഹായം ചെയ്തുകൊടുത്തതായും ആരോപണമുണ്ട്.

വഞ്ചനാപരമായ ഇത്തരം നടപടികളിലൂടെ സ്വകാര്യ കമ്പനികളാണ് ഏറ്റവും കൂടുതല്‍ ലാഭം കൊയ്തതെന്നും ലാഭത്തിലല്ലാത്ത റൂട്ടുകളില്‍ പോലും ജനസേവനം ലക്ഷ്യമാക്കി സര്‍വീസ് നടത്തേണ്ട ഇത്തരത്തിലുള്ള ഒരു സ്ഥാപനം ലാഭമുള്ള റൂട്ടുകളില്‍ ബോധപൂര്‍വം സര്‍വീസ് നിറുത്തലാക്കി നഷ്ടത്തിലേക്ക് സ്വയം വലിച്ചെറിയുകയായിരുന്നു എന്നും ആരോപണമുണ്ട്. അധികാരദുര്‍വിനിയോഗം, അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷാപാതം എന്നിവയിലൂടെ ഇന്ത്യന്‍ പൊതുമേഖല സ്ഥാപനങ്ങളെ ബോധപൂര്‍വം നഷ്ടത്തിലാക്കുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് എയര്‍ ഇന്ത്യ. ബിഎസ്എന്‍എല്‍ പോലുള്ള സ്ഥാപനങ്ങളെയും ഇതേ വിധി തന്നെയാണ് കാത്തിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Next Story

Related Stories