അക്‌ലാഖ് വധം: ആട്ടിറച്ചി മാറ്റി പശുവിറച്ചി വെക്കാൻ അഖിലേഷ് യാദവ് നിർബന്ധിച്ചു; കൊല്ലപ്പെട്ട ഇൻസ്പെക്ടർ നടത്തിയ വെളിപ്പെടുത്തല്‍ പുറത്ത്

ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും സമ്മർദ്ദത്തിനു വിധേയമാക്കിയും അഖിലേഷ് ഏറെ കളികൾ നടത്തി. ഒടുവിൽ പ്രധാന അന്വേഷകനായ സുബോധ് കുമാർ സിങ്ങിനെ സ്ഥലം മാറ്റുകയും ചെയ്തു.

അക്‌ലാഖ് വധക്കേസിൽ ഫോറൻസിക് ഫലം അട്ടിമറിക്കാൻ അഖിലേഷ് യാദവിന്റെ സർക്കാർ ശ്രമിച്ചിരുന്നെന്ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ വെളിപ്പെടുത്തിയിരുന്നതായി റിപ്പോർട്ട്. കോബ്രപോസ്റ്റ് ആണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2015 സെപ്തംബർ 28ന് ദാദ്രിയിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിലാണ് മൊഹമ്മദ് അക്‌ലാഖ് സൈഫി എന്ന 52കാരൻ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടിലെ ഫ്രിഡ്ജിൽ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ട് എന്നാരോപിച്ചായിരുന്നു കൊലപാതകം. എന്നാൽ അ‌ക്‌ലാഖിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് ആട്ടിറച്ചിയായിരുന്നെന്നാണ് ഫോറൻസിക് ഫലം വന്നത്. ഫോറൻസിക് ഫലം തിരുത്താനുള്ള ശ്രമം അഖിലേഷ് സർക്കാർ നടത്തിയിരുന്നെന്നാണ് തന്നെ കാണാനെത്തിയ കോബ്രപോസ്റ്റ് ലേഖകരോട് കേസന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുബോധി കുമാർ സിങ് വെളിപ്പെടുത്തിയത്.

വൃന്ദാവൻ പൊലീസ് സ്റ്റേഷനിൽ വെച്ചാണ് ഈ കൂടിക്കാഴ്ച നടന്നതെന്ന് കോബ്രപോസ്റ്റ് പറയുന്നു. അഖിലേഷ് യാദവ് വെറ്റെറിനറി, ഫോറന്ഡസിക് പരിശോധനാഫലങ്ങൾ അട്ടിമറിക്കാൻ അശ്രാന്തം പണിയെടുക്കുന്നുണ്ടെന്നാണ് സുബോധ് കോബ്രപോസ്റ്റ് ലേഖകരോട് പറഞ്ഞത്. സുബോധ് അന്ന ജാര്‍ച്ച പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ആളായിരുന്നു. ഇദ്ദേഹത്തിന്റെ അതിവേഗത്തിലുള്ള ഇടപെടലാണ് അക്‌ലാഖ് വധക്കേസിലെ പ്രതികളെ പിടികൂടാനും തെളിവുകൾ കൈക്കലാക്കാനുമുള്ള വഴിയൊരുക്കിയത്. കൊലപാതകം നടത്തിയ സംഘത്തിലെ പ്രധാനികളായ പത്തുപേർ ഉടൻ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. പിന്നീട് എട്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

അന്വേഷണം നടക്കവെ അഖിലേഷ് സർക്കാർ അതിശക്തമായ നീക്കങ്ങളാണ് അന്വേഷകർക്കെതിരെ നടത്തിയത്. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും സമ്മർദ്ദത്തിനു വിധേയമാക്കിയും അഖിലേഷ് ഏറെ കളികൾ നടത്തി. ഒടുവിൽ പ്രധാന അന്വേഷകനായ സുബോധ് കുമാർ സിങ്ങിനെ സ്ഥലം മാറ്റുകയും ചെയ്തു.

ഇറച്ചി മാറ്റണമെന്നായിരുന്നു അഖിലേഷിന്റെ പ്രധാന ആവശ്യമെന്ന് സുബോധ് പറയുന്നു. പൊലീസുകാരോടും ഡോക്ടറോടും അഖിലേഷ് ഈ ആവശ്യ’മുന്നയിച്ചു. സുബോധിന്റെ വാക്കുകൾ ഇതായിരുന്നെന്ന് കോബ്രപോസ്റ്റ് പറയുന്നു: “ഇറച്ചി മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. സംഭവസ്ഥലത്തു നിന്നും കണ്ടെടുത്ത ഇറച്ചി മാറ്റി പശുവിറച്ചി വെക്കണമെന്ന് ആവശ്യപ്പെട്ടു. ഇറച്ചി ഞങ്ങൾ മൂന്ന് ജാറുകളിലായാണ് സൂക്ഷിച്ചത്. ഇവയിലൊരെണ്ണം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചു. മറ്റ് രണ്ട് ജാറുകൾ ഫോറൻസിക് പരിശോധനയ്ക്കും വെറ്റെറിനറി ഡോക്ടർക്കും അയച്ചു. ഇതാണ് ഞാൻ ട്രാൻസ്ഫർ ചെയ്യപ്പെടാനുണ്ടായ കാരണം.”

ഇത്തരമൊരു സമ്മർദ്ദത്തിന് വഴങ്ങിയാൽ താനും പ്രശ്നത്തിലാകുമെന്ന് സുബോധിന് അറിയാമായിരുന്നു. തെളിവിൽ കൃത്രിമം വരുത്തുകയോ നശിപ്പിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നത് മൂന്നു വർഷം മുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

വെറ്റെറിനറി ഡോക്ടർക്കും സമാനമായ സമ്മർദ്ദം അനുഭവിക്കേമ്ടി വന്നുവെന്ന് സുബോധ് കോബ്രപോസ്റ്റ് റിപ്പോർട്ടർമാരോട് വെളിപ്പെടുത്തുകയുണ്ടായി. ഡോക്ടറുടെ റിപ്പോർട്ടില്‍ അക്‌ലാകിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് പശുവിറച്ചിയാണെന്നാണ് വന്നത്. എന്നാൽ താൻ തന്റെ റിപ്പോർട്ട് മാറ്റാൻ തയ്യാറായില്ല. അത് ആട്ടിറച്ചിയാണെന്ന നിലപാടിൽ ഉറച്ചു നിന്നു. പ്രസ്തുത റിപ്പോർട്ടിന്റെ കോപ്പി ഇപ്പോഴും തന്റെ കൈവശമുണ്ടെന്നും സുബോധ് റിപ്പോർട്ടർമാരോട് പറഞ്ഞു. ഡോക്ടർ ആദ്യം അയച്ചുതന്ന റിപ്പോർട്ടിൽ പശുവിറച്ചിയാണ് അക്‌ലാഖിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തതെന്നാണ് പറഞ്ഞിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ റിപ്പോർട്ട് താൻ തിരിച്ചയച്ചെങ്കിലും അതിന്റെ ഫോട്ടോകോപ്പിയും തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു എസ്ഡിഎം, ഒരു സിഒ, മഥുര ഫോറന്‍സിക് ലാബിൽ നിന്നുള്ള ഒരു ഡോക്ടർ എന്നിവർ രാത്രിയിൽ തന്നെ സമീപിച്ച് ഇറച്ചി കണ്ടെടുത്ത ആട്ടിറച്ചി മാറ്റി പശുവിറച്ചി തൽസ്ഥാനത്ത് വെക്കണമെന്ന് ആവശ്യപ്പെട്ടു. അവർ തങ്ങളുടെ പക്കലുള്ള ഇറച്ചി സാമ്പിൾ തിരിച്ചുതരാൻ വിസമ്മതിക്കുകയും ചെയ്തു. കൃത്രിമം കാണിക്കാൻ താൻ വിസമ്മതിച്ചുവെന്നും പൊലീസുദ്യോഗസ്ഥൻ വെളിപ്പെടുത്തുകയുണ്ടായെന്ന് റിപ്പോർട്ട് പറയുന്നു.

ബുലന്ദ്ഷഹറിൽ സുബോധ് കുമാർ സിങ് വെടിയേറ്റ് കൊല ചെയ്യപ്പെട്ടത് ആസൂത്രിതമായ ഒരു നീക്കത്തിലൂടെയായിരുന്നെന്ന് സംശയമുയർന്ന സാഹചര്യത്തിലാണ് കോബ്രപോസ്റ്റിന്റെ ഈ വെളിപ്പെടുത്തൽ വരുന്നത്. ദേശീയശ്രദ്ധ നേടിയ ഒരു കേസിനെ ഗോരക്ഷകർക്ക് അനുകൂലമായ വിധത്തിൽ അട്ടിമറിക്കാൻ സത്യസന്ധനായ ഉദ്യോഗസ്ഥനെ സമാജ്‌വാദി പാർട്ടി സമ്മർദ്ദത്തിലാക്കിയെന്ന വെളിപ്പെടുത്തൽ ഗൗരവത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. സുബോധ് കുമാർ കൊല ചെയ്യപ്പെട്ടപ്പോൾ അതിനെ അപലപിച്ച് ഐപിഎസ് അസോസിയേഷൻ ട്വീറ്റ് ചെയ്തത് റീട്വീറ്റ് ചെയ്തിരുന്നു അഖിലേഷ്.

ഞങ്ങള്‍ക്ക് നീതി വേണം, ഇല്ലെങ്കില്‍ സ്വയം വെടി വച്ച് ജീവനൊടുക്കും: ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസുകാരന്റെ ഭാര്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍