TopTop

ജമ്മു കശ്മീരില്‍ ഭീകരാക്രമണസാധ്യതയെന്ന് ഇന്ത്യക്കും യുഎസ്സിനും പാകിസ്താന്‍ വിവരം നല്‍കി; പുല്‍വാമ മാതൃകയിലുള്ള ആക്രമണത്തിന് പദ്ധതി

ജമ്മു കശ്മീരില്‍ ഭീകരാക്രമണസാധ്യതയെന്ന് ഇന്ത്യക്കും യുഎസ്സിനും പാകിസ്താന്‍ വിവരം നല്‍കി; പുല്‍വാമ മാതൃകയിലുള്ള ആക്രമണത്തിന് പദ്ധതി
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്ത്യക്കും യുഎസ്സിനും പാകിസ്താന്‍ വിവരം നല്‍കി. അവാന്തിപുരയ്ക്കടുത്ത് ആക്രമണമുണ്ടാകാനാണ് സാധ്യതയെന്നും പാകിസ്താന്‍ കൈമാറിയ ഇന്റലിജന്‍സ് വിവരത്തിലുണ്ട്. 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല ചെയ്യപ്പെട്ട ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പാകിസ്താന്റെ മുന്നറിയിപ്പ് വരുന്നത്. 2019 ഫെബ്രുവരി മാസത്തിലായിരുന്നു പുല്‍വാമ ഭീകരാക്രമണം.

ഫെബ്രുവരിയിലെ ആക്രമണത്തിന് സമാനമായ രീതിയില്‍ ഐഇഡി നിറച്ച വാഹനം പൊട്ടിത്തെറിപ്പിക്കാനുള്ള പദ്ധതിയാണ് പാക് ഇന്റലിജന്‍സ് വിവരങ്ങളില്‍ നിന്നും വെളിപ്പെടുന്നത്. ജമ്മു കശ്മീരിലെമ്പാടും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ഇസ്ലാമാബാദ് ഹൈക്കമ്മീഷനാണ് പാകിസ്താന്‍ ഈ വിവരം കൈമാറിയത്. അമേരിക്കയ്ക്കും ഈ വിവരം പാകിസ്താന്‍ കൈമാറിയിട്ടുണ്ട്. അമേരിക്ക വഴിയും വിവരം ഇന്ത്യക്ക് ലഭിച്ചതിനാല്‍ ലഭിച്ച വിവരത്തിന്റെ കാര്യത്തില്‍ സംശയങ്ങള്‍ക്കിടയില്ല.

ഭീകരനായ സാക്കിര്‍ മൂസയെ കൊലപ്പെടുത്തിയതിന് പ്രതികാരമെന്ന നിലയിലാണ് ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ നിന്നും തെറ്റിപ്പിരിഞ്ഞ മൂസ അല്‍ ഖായിദയുമായി ബന്ധമുള്ള അന്‍സാന്‍ ഘസ്‌വാത് ഉള്‍ ഹിന്ദ് ഇന്‍ കശ്മീര്‍ എന്ന സംഘടനയുമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഏതാണ്ട് പന്ത്രണ്ടോളം ഭീകരരുണ്ടായിരുന്ന ഈ സംഘടനയില്‍ ഇപ്പോള്‍ മൂന്നുപേരോളം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.

ഇന്ത്യയും പാകിസ്താനും തമ്മില്‍ പരസ്പരം ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്ന നിലയിലേക്ക് പുല്‍വാമ ആക്രമണം മൂലം കാര്യങ്ങളെത്തിയിരുന്നു. പിന്നീട് ഒരാക്രമണത്തിനിടെ ഇന്ത്യന്‍ സൈനികന്‍ പാകിസ്താന്റെ പിടിയില്‍ പെടുകയും പിന്നീടദ്ദേഹത്തെ വിട്ടയയ്ക്കുകയും ചെയ്ത സംഭവത്തിനു ശേഷമാണ് സംഘര്‍ഷം തണുത്തത്. എന്നാല്‍, ഭീകരതയോട് സന്ധി ചെയ്തു നില്‍ക്കുന്ന പാക് നിലപാടിനെതിരായ നയതന്ത്ര നീക്കങ്ങള്‍ ഇന്ത്യ ശക്തമാക്കുകയുമുണ്ടായി.

പാകിസ്താന്‍ കൈമാറിയ വിവരങ്ങളെ രണ്ടുവിധത്തിലാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. ഒന്ന്, ഒരു വലിയ ആക്രമണമുണ്ടാകുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം തങ്ങളുടെ തലയിലേക്ക് വരുന്നത് ഒഴിവാക്കുക. മറ്റൊന്ന്, അല്‍ ഖായിദ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആക്രമണസാധ്യതയായതിനാല്‍ത്തന്നെ ഇന്ത്യയെ അറിയിക്കാന്‍ ആത്മാര്‍ത്ഥമായി പാകിസ്താന്‍ ആഗ്രഹിക്കുന്നു എന്നതാണ്. അല്‍ ഖായിദ ആക്രമണങ്ങളെ പാകിസ്താന്‍ കാണുന്ന വിധം വ്യത്യസ്തമാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

ബിര്‍ഹാന്‍ വാനി സംഘത്തിലെ അവസാന കണ്ണികളിലൊരാളായിരുന്നു സാകിര്‍ റാഷിദ് ഭട്ട് എന്ന സാകിര്‍ മൂസ. 2016 ജൂലൈയില്‍ വാനി കൊല്ലപ്പെട്ടതിനു ശേഷം ഇയാളായിരുന്നു സംഘത്തിന്റെ തലവന്‍. ഇയാള്‍ കൊല ചെയ്യപ്പെട്ടത് അല്‍ ഖായിദയ്ക്ക് കശ്മീരില്‍ വലിയ തിരിച്ചടിയായിട്ടുണ്ട്. ചണ്ഡിഗഢിലെ ഒരു കോളജില്‍ സിവില്‍ എന്‍ജിനീയറിങ് പഠിച്ചിട്ടുള്ളയാളാണ് മൂസ. 2013 മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. പിന്നീട് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേരുകയായിരുന്നു. 2019 മെയ് 24നാണ് ഇയാള്‍ കൊല ചെയ്യപ്പെട്ടത്.

ഷാങ്ഹായ് കോഓപ്പറേഷന്‍ ഉച്ചകോടിക്കിടെ മേഖലയിലെ ഭീകരത ചര്‍ച്ചാവിഷയമാക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചിരുന്നു. ഭീകരത ദേശീയ നയമായ രാഷ്ട്രമെന്നാണ് പാകിസ്താനെ മോദി വിശേഷിപ്പിച്ചത്. പാകിസ്താന്റെ സുഹൃദ്‍രാഷ്ട്രമായ ചൈനയുടെ പ്രസിഡണ്ട് സി ജിന്‍പിങ്ങുമായി നടന്ന അനൗദ്യോഗിക കൂടിക്കാഴ്ചയിലാണ് മോദി ഈ പ്രശ്നം ഉന്നയിച്ചത്. പാകിസ്താനുമായി സമാധാന നീക്കങ്ങള്‍ക്ക് ഇന്ത്യ ശ്രമിച്ചെങ്കിലും അവയെല്ലാം അട്ടിമറിക്കപ്പെട്ടതായും മോദി പറയുകയുണ്ടായി.

Next Story

Related Stories