UPDATES

‘സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു’: പുറത്താക്കപ്പെട്ട സിബിഐ ഡയറക്ടർ ഐപിഎസ്സിൽ നിന്ന് രാജിവെച്ചു

ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയ ശേഷം ഫയർ സർവീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ് ഡിജി ആയിട്ടാണ് നിയമനം നൽകിയിരുന്നത്.

മുൻ സിബിഐ ഡയറക്ടർ അലോക് വർമ രാജി വെച്ചു. പ്രധാനമന്ത്രിയുൾപ്പെട്ട ഉന്നതാധികാര സമിതി ഇദ്ദേഹത്തെ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയ ശേഷം ഫയർ സർവീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ് ഡിജി ആയിട്ടാണ് നിയമനം നൽകിയിരുന്നത്. ഈ പദവി സ്വീകരിക്കില്ലെന്നും പകരം ഐപിഎസ്സില്‍ നിന്നും രാജിവെച്ച് പുറത്തുപോകുകയാണ് ചെയ്യുകയെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് അലോക് വർമ തിരിച്ചെത്തിയത് സുപ്രീംകോടതി ഉത്തരവ് പ്രകാരമായിരുന്നു. എന്നാൽ, കോടതി ഇദ്ദേഹത്തിന് പൂർണ അധികാരം നൽകിയിരുന്നില്ല. ഇക്കാര്യം പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്സിന്റെ പ്രതിനിധി, പ്രതിപക്ഷത്തു നിന്നുള്ള പ്രതിനിധി എന്നിവർ ഉൾപെട്ട സമിതിക്ക് നൽകുകയായിരുന്നു. ഈ സമിതി കഴിഞ്ഞ ദിവസങ്ങളിൽ ചേര്‍ന്നതിലാണ് അലോക് വർമയെ നീക്കാനുള്ള തീരുമാനം വന്നത്.

തനിക്ക് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടെന്ന് അലോക് വർമ പറഞ്ഞു. ഡയറക്ടർ സ്ഥാനത്തു നിന്നും തന്നെ നീക്കുവാൻ എല്ലാ സ്വാഭാവിക പ്രക്രിയകളും അട്ടിമറിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

“നീക്കിയതിനു പിന്നിൽ വ്യക്തിവിദ്വേഷം”

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ട് കമ്മിറ്റിയാണ് സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും അലോക് വർമയെ നീക്കിയത്. സ്ഥാനത്തുനിന്നും തന്നെ നീക്കിയതിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നായിരുന്നു അലോക് വർമയുടെ പ്രതികരണം. തനിക്കെതിരായ നടപടിക്ക് കാരണമായിട്ടുള്ള ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതവും, കെട്ടിച്ചമച്ചതുമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിന് പിന്നിൽ ഒരുവ്യക്തിക്ക് തന്നോടുള്ള വിദ്വേഷമാണെന്നും വർമ ആരോപിക്കുന്നു. ദേശീയ വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏജൻസിയുടെ വിശ്വാസ്യത നിലനിർത്താനായിരുന്നു താൻ ശ്രമിച്ചത്. എന്നാൽ ഇത് തകർക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അലോക് വർമ കുറ്റപ്പെടുത്തി. ഇതിന് സമാനമായ നടപടിയാണ് 2018 ഒക്ടോബർ 23 ന് തനിക്കെതിരായ നടപടിക്ക് കാരണമായ സിവിസി റിപ്പോർട്ടിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ സ്ഥാനത്ത് നിന്നും മാറ്റിയ തീരുമാനം ദുഖമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറയുകയുണ്ടായി.

കൈക്കൂലിക്കേസ്: അസ്താനക്കെതിരായ എഫ്ഐആർ നിലനിൽക്കുമെന്ന് കോടതി

അതെസമയം തനിക്കെതിരായ കൈക്കൂലി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഉപ മേധാവിയായിരുന്ന രാകേഷ് അസ്താന സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മാംസ കയറ്റുമതി വ്യവസായിയായ മോയിന്‍ ഖുറേഷിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ സതീഷ് സനായിൽ നിന്നും രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കേസിൽ ഉൾപ്പെടെയുള്ള എഫ്ഐആറുകൾ റദ്ദാക്കമെന്നായിരുന്നു അസ്താനയുടെ ആവശ്യം.

മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തരായി അറിയപ്പെടുന്ന രാകേഷ് അസ്താനയുമായി കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണ് അലോക് വർമയ്ക്കുണ്ടായിരുന്നത്. ഇദ്ദേഹത്തെ സിബിഐയിലെടുക്കുന്നതിനെതിരെ അലോക് വർമ രംഗത്തുണ്ടായിരുന്നു. സിബിഐ കേസുകൾ ഇദ്ദേഹത്തിനെതിരെ ഉണ്ടെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വർമയുടെ എതിർപ്പ്.

രാകേഷ് അസ്താനക്കെതിരെ അന്വേഷണം തുടരാം എന്ന് വ്യക്തമാക്കിയ കോടതി വിഷയത്തിൽ സിബിഐ 10 ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണമെന്നും വ്യക്തമാക്കി. ചില തെളിവുകൾ കൂടി കണ്ടെത്താനുണ്ടെന്ന സിബിഐയുടെ അവശ്യവും കോടതി വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍