പാർലമെന്റിൽ ടിഡിപി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ ശിവസേനയുടെ പിന്തുണ അവസാനനിമിഷം പിൻവലിക്കപ്പെട്ടതിൽ നിന്ന് ലഭിച്ച സൂചനകൾ ബിജെപിയെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ശിവസേന അധ്യക്ഷനെ മുംബൈയിൽ നേരിട്ടു കണ്ട് തർക്കങ്ങളിൽ സമവായത്തിനു ശ്രമിച്ചിട്ടും, അവിശ്വാസപ്രമേയത്തിൽ സഖ്യത്തിനൊപ്പം നിൽക്കണമെന്ന് നേരിട്ടപേക്ഷിച്ചിട്ടും കാര്യങ്ങൾ ഒരു കരയ്ക്കെത്തുന്നില്ലെന്ന് ഷാ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇക്കാരണത്താൽ തന്നെ മഹാരാഷ്ട്രയിൽ 2019 ലോകസഭാ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാൻ തയ്യാറെടുക്കണമെന്ന് സംസ്ഥാനത്തെ അണികളോട് അമിത് ഷാ ആഹ്വാനം ചെയ്തു.
2019ൽ തന്നെയാണ് മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പും വരുന്നത്. ഈ തെരഞ്ഞെടുപ്പിനെയും ഒറ്റയ്ക്ക് നേരിടേണ്ടി വരുമെന്നും അതിനായി തയ്യാറെടുക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
അടുത്ത വർഷത്തെ തെരഞ്ഞെടുപ്പുകളെ നേരിടാൻ ഒരു ഇരുപത്തിമൂന്നിന നിർദ്ദേശങ്ങളും ഷാ സംസ്ഥാനത്തെ ബിജെപി പ്രവർത്തകർക്ക് നൽകി.
എൻഡിഎ സഖ്യത്തിൽ നിന്ന് ശിവസേന ഇതുവരെ പിന്മാറിയിട്ടില്ല. സഖ്യത്തിനകത്തു നിന്നു തന്നെ ശക്തമായ വിമർശനങ്ങളാണ് ശിവസേന അഴിച്ചു വിടുന്നത്.
ഒരു ബൂത്തിന് 25 യുവാക്കൾ എന്ന ഫോർമുല വെച്ച് പ്രവർത്തിക്കാനാണ് അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വീണ്ടും സജീവമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.