TopTop
Begin typing your search above and press return to search.

ഹിന്ദി യഥാര്‍ത്ഥത്തില്‍ ദേശീയ ഭാഷയും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയുമാണോ? ഭരണഘടനയും കണക്കുകളും പറയുന്നത് ഇങ്ങനെ

ഹിന്ദി യഥാര്‍ത്ഥത്തില്‍ ദേശീയ ഭാഷയും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയുമാണോ? ഭരണഘടനയും കണക്കുകളും പറയുന്നത് ഇങ്ങനെ

ഒരു രാഷ്ട്രം ഒരു ഭാഷ എന്ന ആശയം ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ മുന്നോട്ടുവെച്ചതോടെ, ഹിന്ദിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. ഹിന്ദി ദിവസിന്റെ ഭാഗമായി അമിത് ഷാ നല്‍കിയ സന്ദേശത്തിനെതിരെ തെക്കെ ഇന്ത്യയില്‍നിന്ന് വ്യാപകമായ പ്രതിഷേധമാണുണ്ടായത്. വൈജാത്യമല്ല, ഏകത്വമാണ് രാഷ്ട്രത്തിനാവശ്യമെന്ന ബിജെപിയുടെ രാഷ്ട്രീയ നിലപാടിന്റെ തുടര്‍ച്ചയാണ് അമിത് ഷായുടെ വാക്കുകളില്‍ പ്രതിഫലിച്ചത്.

ഇന്ത്യയുടെ വിവിധ ഭാഷകള്‍ക്കപ്പുറം ഹിന്ദിക്ക് ദേശീയ ഭാഷാപദവി വേണമെന്ന ആവശ്യം സ്വാതന്ത്ര്യ സമരകാലത്തും പിന്നീട് ഭരണഘടന രൂപീകരണ വേളയിലും സജീവമായിരുന്നു. പിന്നീട് ഈ ആവശ്യത്തെ ഒരു രാഷ്ട്രീയ പദ്ധതിയായി ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയത് ബിജെപിയും ആര്‍എസ്എസ്സുമായിരുന്നു. എന്നാല്‍ വിവിധ ഭാഷകളെ ഇന്ത്യന്‍ ഭരണഘടന പരിഗണിക്കുമ്പോള്‍ തന്നെ ഹിന്ദിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നത് ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഉണ്ടായ ഭിന്നാഭിപ്രായങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്നതാണ്.

അമിത് ഷായുടെ പ്രസ്താവനയ്ക്ക് മുമ്പ്, ദേശീയ വിദ്യാഭ്യസനയത്തിന്റെ കരട് ഇറങ്ങിയപ്പോഴാണ് ഹിന്ദിയുമായി ബന്ധപ്പെട്ട വിവാദം ഇതിനു മുമ്പ് പൊട്ടിപ്പുറപ്പെട്ടത്. ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന കരടിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമുണ്ടായത്. മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു അത്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് ആ പരിപാടി സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടാണ് മറ്റൊരു അവസരം കിട്ടിയപ്പോള്‍ സര്‍ക്കാരിന്റെ നിലപാട് അമിത് ഷാ ആവര്‍ത്തിച്ചത്. ഇതോടെ മറ്റ് പല ശക്തമായ തീരുമാനങ്ങളും എടുത്തതുപോലെ, ഹിന്ദിയുടെ പദവി സംബന്ധിച്ച അവ്യക്തതകള്‍ അവസാനിപ്പിച്ചുള്ള തീരുമാനവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഏകപക്ഷീയമായി ഉണ്ടായേക്കാമെന്ന സംശയവും പൊതുവില്‍ ഉയരുന്നുണ്ട്.

സ്വാതന്ത്ര്യാനന്തര കാലത്ത് മാത്രമല്ല, സ്വാതന്ത്ര്യ സമരകാലത്തും പിന്നീട് ഭരണഘടന നിര്‍മ്മാണ സഭയിലും ഹിന്ദിയുടെ പദവി സംബന്ധിച്ച് വലിയ തര്‍ക്കങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. ഭരണഘടന നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന ആര്‍.വി ദുലേക്കര്‍ പറഞ്ഞത് ഹിന്ദുസ്ഥാനി ഭാഷ അറിയാത്തവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്നായിരുന്നു. ഹിന്ദി വാദത്തെ ഏറ്റവും ശക്തമായി മുന്നോട്ടുവെച്ചയാളായിരുന്നു ദുലേക്കര്‍. എന്നാല്‍ ഇങ്ങനെയുള്ള തീവ്രഭാഷ നിലപാടുകള്‍ ഭരണഘടന നിര്‍മ്മാണ സഭയില്‍ തടയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഹിന്ദിയെ ഔദ്യോഗിക ഭാഷയായി ഭരണഘടനയുടെ 343-ആം അനുച്ഛേദമായി അംഗീകരിക്കുന്നത്. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരുകയായിരുന്നു. ഇതോടൊപ്പം മൂന്ന് ഭാഷാ പദ്ധതിയും അംഗീകരിക്കപ്പെട്ടു.

ഹിന്ദി ഭാഷയ്ക്ക് വേണ്ടി ശക്തമായ വാദങ്ങള്‍ ഭരണഘടന നിര്‍മ്മാണ സഭയില്‍ ഉയര്‍ത്തപ്പെട്ടിരുന്നുവെങ്കിലും ഭാഷാ വൈജാത്യം അംഗീകരിക്കേണ്ടതിനെക്കുറിച്ച് സഭയിലെ പലരും ബോധവാന്മാരായിരുന്നു. അതേസമയം ഭാഷയുമായി ബന്ധപ്പെട്ട് ഭരണഘടന നിര്‍മ്മാതാക്കള്‍ക്കും സന്ദേഹങ്ങളുണ്ടായിരുന്നുവെന്ന് കരുതുന്നുവരുമുണ്ട്. പ്രതിഷേധം ശമിപ്പിക്കുക എന്ന കണക്കുകൂട്ടലോടെയാണ് ഔദ്യോഗിക ഭാഷ എന്ന പദവി ഉണ്ടാക്കിയെടുത്തതെന്നും ഇവര്‍ വാദിക്കുന്നു. ഔദ്യോഗിക ഭാഷ പദവി എന്നത് ദേശീയഭാഷയെന്ന് വിളിക്കുന്നതിന് പകരമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ഈ നിലപാട് സ്വീകരിക്കുന്നവര്‍ പറയുന്നത്. ഭാഷയുടെ കാര്യത്തില്‍ ഒരു ശ്രേണീവ്യവസ്ഥയാണ് ഭരണഘടനയില്‍ സൃഷ്ടിക്കപ്പെട്ടതെന്നും ഇക്കാര്യത്തില്‍ ബോധപൂര്‍വമായോ അബോധപൂര്‍വമായോ ഭാഷാ അധീശത്വത്തിന് വേണ്ടി ഭാഷാ നയരൂപീകരണം നടത്തിയവര്‍ ശ്രമിച്ചുണ്ടെന്നുമുള്ള ആക്ഷേപവും ശക്തമാണ്. ഭരണഘടനയുടെ 351 -ാം വകുപ്പ് ഇതിന്റെ ഉദാഹരണമാണെന്നുമാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഹിന്ദി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ശ്രമിക്കണമെന്നാണ് ഈ വകുപ്പ് പറയുന്നത്. ഭാഷയിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ബ്ലൂപ്രിന്റായണ് ചില വിദഗ്ദര്‍ ഈ വകുപ്പിനെ കാണുന്നത്. (Breaking the chaturvarna system of languages - Hany Babu M.T).

അതായത് ഹിന്ദി ഭാഷയെ ദേശീയ ഭാഷ അല്ലെന്ന് അംഗീകരിക്കുമ്പോഴും ആ ഭാഷയ്ക്ക് മറ്റു ഭാഷകളില്‍നിന്ന് വ്യത്യസ്തമായ പദവി ഭരണഘടനാപരമായി തന്നെ നല്‍കിയിട്ടുണ്ട്. അതേസമയം ദേശീയ ഭാഷ പദവി നല്‍കാനുള്ള നീക്കത്തിനെതിരെ ചെറുത്തുനില്‍പ്പും അക്കാലത്ത് തന്നെ സജീവമായിരുന്നു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള പിന്നീടുള്ള നീക്കങ്ങള്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് കാരണമായത്. 1960-കളില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭം ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആധിപത്യം തമിഴ്‌നാട്ടില്‍ സ്ഥാപിക്കുന്നതിനും സഹായകരമായി. ഏറ്റവും കൂടുതലാളുകള്‍ സംസാരിക്കുന്ന ഭാഷ ദേശീയ ഭാഷയാകുകയാണെങ്കില്‍ ഏറ്റവും കൂടുതലുള്ള കാക്കയാവണം ദേശീയ പക്ഷിയെന്നായിരുന്നു ഡിഎംകെ നേതാവ് സി.എന്‍ അണ്ണാദുരൈ പറഞ്ഞത്.

ഹിന്ദി ഭാഷ ദേശീയ ഭാഷയാവാതിരുന്നതിന് പിന്നില്‍ ഇത്തരത്തിലുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ തന്നെയായിരുന്നു കാരണം. എന്നാല്‍ ആര്‍എസ്എസ്സിനെ സംബന്ധിച്ചിടത്തോളം അവരുടെ രാജ്യത്തെ കുറിച്ചുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഭാഷയുമായി ബന്ധപ്പെട്ടുള്ള കാര്യവും മുന്നോട്ടുവെച്ചത്. ആര്‍എസ്എസ്സിന്റെ രണ്ടാം സര്‍സംഘ് ചാലക് ആയിരുന്നു എം.എസ് ഗോള്‍വാള്‍ക്കര്‍ സംസ്‌കൃത ഭാഷ ദേശീയ ഭാഷയാക്കണമെന്ന നിലപാടുകാരാനായിരുന്നു. എന്നാല്‍ അത് സാധ്യമാകുംവരെ ഹിന്ദിക്ക് വേണ്ടിയായിരുന്നു അദ്ദേഹം നിലകൊണ്ടത്.

ഭാരതീയ ജനംസംഘത്തിന്റെ മുദ്രാവാക്യം തന്നെ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാനി എന്നതായിരുന്നു. എന്നാല്‍ തെക്ക ഇന്ത്യയില്‍ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ബിജെപി ഭാഷ പ്രശ്‌നം നേരത്തെ കാര്യമായി ഉന്നയിക്കാതിരുന്നതെന്നാണ് കരുതുന്നത്. ഇപ്പോള്‍ രാഷ്ട്രീയമായി ശക്തരായെന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ അവരുടെ മൗലിക നയങ്ങളിലേക്ക് തിരിച്ചുപോകുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ ഉണ്ടാക്കുന്ന വിവാദമെന്നാണ് ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറയുന്നത്.

ശക്തമായ പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ഉണ്ടായത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ പാടില്ല എന്ന് വാദിച്ചുള്ള പ്രചാരണവും ശക്തമായിരുന്നു. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡിഎംകെ, ജെഡി(എസ്) തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായി രംഗത്തു വന്നു.

2001-ലെ സെന്‍സസ് പ്രകാരം 121 കോടി ജനങ്ങളില്‍ 52 കോടി ആളുകളാണ് ഹിന്ദി അവരുടെ ഭായായി പറയുന്നത്. 32 കോടി ജനങ്ങള്‍ അവരുടെ മാതൃഭാഷയായും ഹിന്ദിയെ കണക്കാക്കുന്നു. അതായാത് 25 ശതമാനം ജനങ്ങളുടെ മാത്രം മാതൃഭാഷയാണ് ഹിന്ദി. നല്ല ഭൂരിപക്ഷം ലഭിച്ചതോടെ, പാര്‍ട്ടിയുടെ അടിസ്ഥാന നയങ്ങള്‍ നടപ്പിലാക്കാനുള്ള ബിജെപിയുടെ നീക്കമാണ് ഹിന്ദിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതിഫലിക്കുന്നതെന്ന കാര്യം വ്യക്തമാണ്.

Next Story

Related Stories