രാജ്യത്തെ സ്ഥലനാമങ്ങളിൽ 'മുസ്ലിം സ്വാധീന'മുള്ളവയ്ക്ക് പുനർനാമകരണം നടത്തിക്കൊണ്ടിരിക്കുന്ന ബിജെപിക്ക് മറുപടിയുമായി ചരിത്രകാരൻ ഇർഫാൻ ഹബീബ്. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ പേരിലെ 'ഷാ' എന്ന ഭാഗം പേർഷ്യൻ സംസ്കാരത്തിൽ നിന്നും ഇന്ത്യയിലെത്തിയതാണെന്നും അത് ആദ്യം മാറ്റാൻ ബിജെപി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഷായുടെ പേര് ഗുജറാത്തിയല്ല. ഗുജറാത്ത് എന്ന പേരുപോലും പേർഷ്യനാണെന്ന് ഇർഫാൻ ഹബീബ് ചൂണ്ടിക്കാട്ടി.
ആർഎസ്എസ്സിന്റെ ഹിന്ദുത്വ നയങ്ങളുടെ ഭാഗമാണ് ഈ പേരുമാറ്റൽ പരിപാടികളെന്ന് ഇർഫാൻ ഹബീബ് പറഞ്ഞു. "പാകിസ്താനിൽ ഇസ്ലാമിക് അല്ലാത്ത എല്ലാം നീക്കം ചെയ്തതുപോലെ ബിജെപിക്ക് ഇന്ത്യയിൽ ഹിന്ദു അല്ലാത്ത എല്ലാം നീക്കം ചെയ്യാൻ ആഗ്രഹമുണ്ട്. പ്രത്യേകിച്ചും ഇസ്ലാമുമായി ബന്ധപ്പെട്ടവ." -അദ്ദേഹം വിശദീകരിച്ചു.
ആഗ്ര നഗരത്തിന്റെ പേര് അഗ്രവാൻ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി ജഗൻ പ്രസാദ് ഗാർഗ് രംഗത്തു വന്നിരുന്നു. ഇദ്ദേഹം യുപി മുഖ്യമന്ത്രിക്ക് ഈയാവശ്യം ഉന്നയിച്ച് കത്തയ്ക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ നിരവധി ബിജെപി നേതാക്കൾ തങ്ങളുടെ നാട്ടിലെ സ്ഥലപ്പെരുകളിൽ മാറ്റം ആവശ്യപ്പെട്ട് രംഗത്തുണ്ട്.