TopTop
Begin typing your search above and press return to search.

ഇന്ത്യ, ഇസ്രയേല്‍; പകയുടെയും വെറുപ്പിന്റെയും ഭയപ്പെടുത്തുന്ന സമാനതകള്‍

ഇന്ത്യ, ഇസ്രയേല്‍; പകയുടെയും വെറുപ്പിന്റെയും ഭയപ്പെടുത്തുന്ന സമാനതകള്‍

മതേതര ദേശീയവാദികള്‍ 1940-കളുടെ ഒടുവില്‍ സ്ഥാപിച്ച രണ്ടു ദേശരാഷ്ട്രങ്ങളില്‍-ഇന്ത്യ, ഇസ്രയേല്‍- സാംസ്കാരിക വിപ്ലവം നടക്കുകയാണ്. മുമ്പ് പ്രാതിനിധ്യം കിട്ടാതിരുന്ന ജനവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന വലതുപക്ഷ വാദക്കാര്‍ ചില പ്രത്യേക മതവിഭാഗങ്ങളെയും, മതേതര സംഘങ്ങളെയും ഒറ്റതിരിച്ചാക്രമിച്ച് ഒരു പുതിയ ദേശീയ സ്വത്വം ഉണ്ടാക്കാനുള്ള നീക്കത്തിലാണ്.

ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കുന്ന മുസ്ലീം പുരുഷന്മാരേ ആക്രമിക്കുന്ന ഹിന്ദു തെമ്മാടികളും മുസ്ലീം-ജൂത വിവാഹബന്ധങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന തീവ്ര വലതുപക്ഷ ഇസ്രയേലി സംഘം ലെഹാവ (ജ്വാല)യുടെ അനുയായികളും തമ്മില്‍ ഭയപ്പെടുത്തുന്ന സമാനതകളുണ്ട്.

ഏറെ പ്രധാനം, അധികാരത്തിലിരിക്കുന്നവരും ചേര്‍ന്നാണ് ഇപ്പോള്‍ മത-രാഷ്ട്രീയ സങ്കുചിത വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് എന്നാണ്. പരിഷ്കരണ ജൂതര്‍ ((Reform Jews) ജൂതരേ അല്ല എന്നതാണ് കഴിഞ്ഞ ആഴ്ച ഇസ്രയേലിലെ മതകാര്യങ്ങളുടെ മന്ത്രി പറഞ്ഞത്. നരേന്ദ്ര മോദി സര്‍ക്കാരിലെ ഒരു മന്ത്രിയുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ മുസ്ലീംങ്ങളും ക്രിസ്ത്യാനികളും തന്തയില്ലാത്തവരാണ്.

പുതിയ ഭരണവര്‍ഗം സദാചാര, ദേശാഭിമാന വിദ്യാഭ്യാസത്തിലും, ദേശീയ പ്രതീകങ്ങളുടെയും ബിംബങ്ങളുടെയും (കൂടുതലും വലതുപക്ഷക്കാര്‍), ദേശീയ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും തനിമയിലും അഭിരമിക്കുന്നു.

മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി, Indian Council for Historical Research പോലുള്ള പേരുകേട്ട ഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് ഹിന്ദു ദേശീയതയോടുള്ള അടങ്ങാത്ത കൂറ് മാത്രം യോഗ്യതയായുള്ളവരെ നിയമിക്കുകയാണ്.

ഇസ്രയേല്‍ സാംസ്കാരിക മന്ത്രി മിരി റെഗെവും സമാനമായ തരത്തില്‍ മറവില്ലാതെ സങ്കുചിത ദേശീയതയെ പ്രോത്സാഹിപ്പിക്കുന്നു. തന്റെ പാട്ട് പരിപാടിയുടെ ഇടയില്‍ യൂണിയന്‍ ജാക് വീശിയ പോള്‍ മകാര്‍ടിനിയെ അവര്‍ മാതൃകാ പുരുഷനായി കാണുന്നു; “അതിവിടെയും സംഭവിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കലാകാരന്മാര്‍ ഇസ്രയേലി പതാക വീശുന്നത്.”ഈ വംശീയ ദേശീയതയുടെ അധീശത്വം എതിര്‍ശബ്ദങ്ങള്‍ക്കെതിരെ കടുത്ത അസഹിഷ്ണുത വെച്ചു പുലര്‍ത്തുന്നു. അവര്‍ ഐക്യവും ലക്ഷ്യവും പൊളിക്കുന്നവരാണെന്ന് ആക്ഷേപിക്കപ്പെടുന്നു. ഇസ്രയേലിന്റെ സാംസ്കാരിക രംഗം ‘ധിക്കാരികളും കപടരും ഗൂഡാലോചനക്കാരും നന്ദിയില്ലാത്തവരുമായ’ ആളുകളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണെന്ന് റെഗേവ് പറയുന്നുണ്ട്.

ഇന്ത്യയിലും ഇസ്രായേലിലും ഉണ്ടായ വലതുപക്ഷ മുന്നേറ്റത്തിന്റെ ഏറ്റവും പ്രകടമായ വശം, പുതിയ അധികാരിവര്‍ഗത്തിന്റെ ആശിസ്സുകളോടെ യുക്തിസഹമായോ അല്ലാതെയോ ഉദാരവാദി, ഇടതുപക്ഷക്കാര്‍, മതേതരവാദി എന്നൊക്കെ വിളിക്കാവുന്ന ആര്‍ക്കെതിരെയും ഉയരുന്ന ആള്‍ക്കൂട്ട വിദ്വേഷമാണ്.

ഇസ്രയേലി ജൂതന്‍മാര്‍ക്കിടയിലെ ഇടതുപക്ഷക്കാരെ കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ വലതുപക്ഷ സംഘങ്ങള്‍ ഫെയ്സ് ബുകില്‍ തെരയുന്ന കാര്യം ന്യൂ യോര്‍കറിലെ ഡേവിഡ് റെംനിക് റിപ്പോര്‍ട് ചെയ്തിരുന്നു. അങ്ങനെ കണ്ടെത്തുന്നവരെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ അവരുടെ സ്ഥാപന ഉടമകള്‍ക്ക് കത്തയക്കും. ഹിന്ദു ദേശീയവാദികളും ഉദാരവാദികള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും ‘sickularist’ മതേതരവാദികള്‍ക്കും എതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

ചില ഹിന്ദു ദേശീയവാദി എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അവരില്‍ ചിലര്‍ ‘counter-establishment’ എന്നു വിളിക്കുന്ന ഒന്നു രൂപപ്പെടുത്താനുള്ള ഭ്രാന്തമായ ശ്രമത്തിലാണ്.

ഇസ്രായേലില്‍ മത ദേശീയവാദികള്‍ റെംനിക് എഴുതിയ പോലെ “മാധ്യമ, വിദ്യാഭ്യാസ, മനുഷ്യാവകാശ സംഘങ്ങളിലെ ഇടതുപക്ഷ ആധിപത്യം എന്ന്‍ അവര്‍ വിളിക്കുന്നതിനെതിരെ” ചില നേട്ടങ്ങളുണ്ടാക്കി.

ഇസ്രയേലിലെയും ഇന്ത്യയിലെയും ഈ വാചകമടി യു എസിലെയും യൂറോപ്പിലെയും സംസ്കാര സംഘര്‍ഷങ്ങള്‍ കണ്ടവര്‍ക്ക് അത്തരമൊരു തോന്നല്‍ ജനിപ്പിക്കാന്‍ പ്രാപ്തമാണ്. സമത്വത്തിന്റെയും സമൃദ്ധിയുടെയും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളാല്‍ മടുത്തും മുന്നേറാനുള്ള സ്വന്തം കഴിവുകേടില്‍ നിരാശപൂണ്ടും നഗരവത്കൃതരും വേരുകളില്ലാത്ത സാംസ്കാരിക ഉപരിവര്‍ഗമെന്ന് ആക്ഷേപം കേള്‍ക്കുന്നവര്‍ക്കെതിരെ തങ്ങളുടെ വെറുപ്പ് തിരിച്ചുവിടാന്‍ ജനത്തിന് എളുപ്പമാണ് . യൂറോപ്പില്‍ പിതൃസഹജമായ ഉദാരതാവാദം ‘എല്ലാ അറിവിനും പകരമാകുന്നു എന്നവകാശപ്പെടുന്ന ഉന്‍മാദവും സംഭ്രാന്തവും ഭീമാകാരവുമായ ഒരു രാഷ്ട്രീയത്തിന്’ വഴിമാറുകയാണ് എന്നു ‘The Revolt of the Masses’ എന്ന പുസ്തകത്തില്‍ (1930) ജോസ് ഓര്‍ടെഗ ഗസെറ്റ് മുന്നറിയിപ്പ് നല്കിയിരുന്നു.

പഴയ യാഥാസ്ഥിതിക സ്പാനിഷ് ചിന്തകന്‍ ഭയപ്പെട്ട പോലെ ഇന്ത്യയും ഇസ്രായേലും പോലുള്ള പുതിയ ദേശരാഷ്ട്രങ്ങള്‍ വര്‍ഗാധികാരത്തിന്റെ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകും.

പുതുതായി അധികാരം ലഭിച്ചവരുടെ പക മനസിലാക്കാവുന്നതാണ്. സോഷ്യലിസം, മതേതരത്വം, ഉദാരവാദം എന്നിവയൊക്കെ പിടിച്ച് ആണയിട്ടിരുന്നുവെങ്കിലും പഴയ ഉപരിവര്‍ഗം ആത്യന്തികമായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രം ഉപകാരപ്പെട്ട ഒരു ശൃംഖലയുടെ മേല്‍നോട്ടമാണ് നടത്തിയിരുന്നത്. ഭരണകൂടവുമായി ഒറ്റിനിന്ന കലാകാരന്മാരും ബുദ്ധിജീവികളും സാംസ്കാരിക വ്യവസായത്തിലെ വെണ്ണപ്പാളി പദവികള്‍ കുത്തകയാക്കി വെച്ചു.

പുത്തന്‍കൂറ്റുകാര്‍ തങ്ങളുടെ ലാവണങ്ങള്‍ കയ്യടക്കിയത് കണ്ടു പഴയ ഭരണത്തിന്റെ അംഗീകൃത ബുദ്ധിജീവികള്‍ അമ്പരന്നിരിക്കുകയാണ്. അധീശത്വം പുലര്‍ത്തിയിരുന്ന ഒരു വര്‍ഗത്തിന് അത് പെട്ടെന്നു നഷ്ടമായാല്‍ അവരാകേ അന്തംവിട്ടുപോകും എന്നു 19-ആം നൂറ്റാണ്ടിലെ റഷ്യന്‍ എഴുത്തുകാര്‍ക്കറിയാമായിരുന്നു. “Fathers and Sons” എന്ന്‍ ഇവാന്‍ തുര്‍ഗനേവിന്റെ വിഖ്യാത നോവലില്‍ ഈ തലമുറ മാറ്റത്തെയും വര്‍ഗ സംഘര്‍ഷത്തെയും കുറിച്ചു പറയുമ്പോള്‍ പരുക്കനായ ശാസ്ത്രകുതുകി ബസാറോവ് തന്റെ ഉപരിവര്‍ഗ സുഹൃത്തിനെ കളിയാക്കുന്നു,“നീ സുന്ദരമായി വളര്‍ത്തിയെടുത്ത ഒരു ഉദാരവാദി പയ്യന്‍ മാത്രമാണ്.”

റഷ്യന്‍ ഭരണ വര്‍ഗത്തെ വെറുത്തിരുന്ന അലക്സാണ്ടര്‍ ഹെര്‍സെന്‍ എന്നിരുന്നാലും പിടിപ്പുകെട്ട ഉദാരവാദി ബുദ്ധിജീവികളെ ന്യായീകരിക്കാന്‍ തുനിഞ്ഞിരുന്നു (The Superfluous and the Bilious.)

ഹെര്‍സനും ദസ്ത്യെവ്സ്കിയും- ‘Demons’ എന്ന നോവലില്‍- പകയുടെയും വെറുപ്പിന്റെയും വികാരങ്ങള്‍ പുതിയ കലാപരവും ബൌദ്ധികവുമായ പ്രക്രിയയാക്കി മാറ്റിയില്ലെങ്കില്‍ അത് അക്രമികളുടെ ആള്‍ക്കൂട്ടത്തെ മാത്രമാണു സൃഷ്ടിക്കാനുതകു എന്ന് തിരിച്ചറിഞ്ഞിരുന്നു. പഴയ സാമൂഹ്യ, രാഷ്ട്രീയ ക്രമം അവമതിച്ച് തള്ളിക്കളഞ്ഞ ജനത്തെ എങ്ങനെയാണ് കൂട്ടായ പ്രതികാരം ആളിക്കത്തിച്ച് ഉപയോഗിക്കാനാകുക എന്ന് 20-ആം നൂറ്റാണ്ടിലെ വൈതാളികര്‍ കാണിച്ചുതന്നു.

ഇന്ത്യയിലെയും ഇസ്രയേലിലേയും പുതിയ അധികാരികള്‍ വ്യത്യസ്തരും വലതുപക്ഷ സാമ്പത്തികവാദവും അസംതൃപ്തിയുടെ രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി അവരുരെ രാജ്യത്തെ ഭദ്രതയിലേക്കും സമൃദ്ധിയിലേക്കും നയിക്കുമെന്ന് കരുതുന്നത് നല്ലതാണ്. പക്ഷേ തങ്ങള്‍ സ്വയം നിശ്ചയിച്ച ശത്രുക്കളുമായുള്ള, പ്രത്യേകിച്ചും ആഭ്യന്തരമായി, നിതാന്ത യുദ്ധത്തിലാണ് കൂടുതല്‍ കമ്പമെന്ന് അവര്‍ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories