TopTop
Begin typing your search above and press return to search.

ചരിത്രത്തില്‍ ഇന്ന്: ഗോവ, ഡാമന്‍ &ഡ്യൂ ഇന്ത്യയുടെ ഭാഗമാകുന്നു

ചരിത്രത്തില്‍ ഇന്ന്: ഗോവ, ഡാമന്‍ &ഡ്യൂ ഇന്ത്യയുടെ ഭാഗമാകുന്നു

1961 ഡിസംബര്‍ 18ന് പോര്‍ച്ച്യുഗലില്‍ നിന്നും ഒരു സൈനിക നടപടിയിലൂടെ ഗോവ പിടിച്ചടക്കിക്കൊണ്ട് ഇന്ത്യ ഉപഭൂഖണ്ഡത്തിലെ യൂറോപ്യന്‍ കോളനി വാഴ്ച അവസാനിപ്പിച്ചു. ഗോവയുടെ 430 മൈല്‍ വടക്കായി സ്ഥിതിചെയ്തിരുന്ന താരതമ്യേന ചെറു ദ്വീപുകളായ ഡാമന്‍, ഡ്യൂവും ഇന്ത്യ പിടിച്ചടക്കി. ഇന്ത്യന്‍ സര്‍ക്കാര്‍ 'വിജയ്' എന്ന് നാമകരണം ചെയ്തിരുന്ന 36 മണിക്കൂര്‍ നീണ്ടുനിന്ന വ്യോമ, കടല്‍, കര ആക്രമണങ്ങളിലൂടെ വലിയ വിജയം പിടിച്ചടക്കുമ്പോള്‍ 451 കൊല്ലം നീണ്ടുനിന്ന ഗോവയിലെ പോര്‍ച്ച്യൂഗീസ് വാഴ്ചയ്ക്ക് അറുതിവരുകയായിരുന്നു. പ്രദേശത്തെ സംരക്ഷിച്ചിരുന്ന നാലായിരം പട്ടാളക്കാരെയും നാല് ബോട്ടുകളെയും 45,000 വരുന്ന ഇന്ത്യന്‍ പട്ടാളക്കാരും 42 വിമാനങ്ങളും ഒരു വ്യോമവാഹിനിയും 15 കപ്പലുകളും ചേര്‍ന്ന ഇന്ത്യന്‍ സേന മണിക്കൂറുകള്‍ കൊണ്ട് തുരത്തി.

1954ല്‍ നടന്ന ദേശീയവാദികളുടെ പ്രക്ഷോഭങ്ങളിലൂടെ എസ്റ്റാഡോ ദ ഇന്ത്യ അല്ലെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സ്വന്തം എന്ന് വിളിക്കാവുന്ന ദാദ്രയും നഗര്‍ ഹവേലിയും പോര്‍ച്ച്യുഗീസിന് മുമ്പേ തന്നെ കൈവിടേണ്ടി വന്നിരുന്നു. എന്നാല്‍ പോര്‍ച്ച്യൂഗീസിന് ലിസ്ബണ്‍ പോലെ പ്രധാനമാണ് ഗോവയും ഡാമന്‍, ഡ്യൂ ദ്വീപുകളുമെന്ന് 29 വര്‍ഷം സ്‌പെയിന്‍ ഭരിച്ച വലതുപക്ഷ ഏകാധിപതിയായിരുന്ന അന്റോണിയോ ഡി ഒലിവര്‍ സലാസര്‍ പ്രഖ്യാപിച്ചു. ഗോവയിലെ പോര്‍ച്ച്യൂഗീസ് ഭരണത്തെ പ്രതിരോധിച്ചവര്‍ക്ക് നേതൃത്വം നല്‍കിയത് 1928ല്‍ പോര്‍ച്ച്യൂഗീസ് ഇന്ത്യയില്‍ ഗോവ കോണ്‍ഗ്രസ് കമ്മിറ്റിയുണ്ടാക്കിയ ത്രിസ്താവോ ഡി ബ്രാഗാന്‍ക കുന്‍ഹ എന്ന ഫ്രാന്‍സില്‍ നിന്നും പഠിച്ചിറങ്ങിയ ഗോവക്കാരനായ എഞ്ചിനീയറായിരുന്നു. സാമ്പത്തികമായും സായുധമായും ഉള്ള സഹായങ്ങള്‍ ചെയ്തുകൊണ്ട് ആസാദ് ഗോമന്തക് ദള്‍ തുടങ്ങിയ സായുധ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ വേണ്ട പിന്തുണയും നല്‍കിയിരുന്നു. സൈനീക നടപടികളുമായി മുന്നോട്ടു പോകാനും ഇന്ത്യന്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനും കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ അനുമതി നല്‍കിയതോടെ, ഇന്ത്യയുടെ തെക്കന്‍ സൈന്യത്തിന്റെ ലഫ്റ്റനന്റ് കമാന്റഡായിരുന്ന ചൗധരി 17-ാം ഇന്‍ഫന്ററി ഡിവിഷനെയും മേജര്‍ ജനറല്‍ കെ പി ചന്ദേത്ത് നയിച്ച 50-ാം പാരച്ച്യൂട്ട് ബ്രിഗേഡിനേയും യുദ്ധഭൂമിയിലേക്ക് വിന്യസിച്ചു. കടലില്‍ നിന്നും കരയിലേക്കുള്ള ആക്രമണങ്ങള്‍ തടയുന്നതിനും എന്തെങ്കിലും തരത്തിലുള്ള വിദേശ സൈനീക ആക്രമണങ്ങളെ മുളയിലേ നുള്ളാനുമായി ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിനെ ഗോവന്‍ തീരത്തുനിന്നും 75 മൈല്‍ (121 കിലോമീറ്റര്‍) അകലെ വിന്യസിച്ചു.

ഡിസംബര്‍ 18 വൈകുന്നേരത്തോടെ, ഇന്ത്യന്‍ സേനയുടെ സമ്മര്‍ദ്ദത്തില്‍ അടിപ്പെട്ട രണ്ടായിരത്തോളം വരുന്ന പോര്‍ച്ച്യൂഗീസ് സൈന്യം വാസ്‌കോ ദ ഗാമ തുറമുഖം സംരക്ഷിക്കുന്നതിലേക്ക് പിന്‍മാറി. വൈകിട്ട് എട്ടു മണിയോടെ ഗ്രിഗറിയോ മാഗ്നോ ടെന്റേറിയോ എന്ന ഗോവന്‍ പൗരന്‍ മന്താവി നദി കടക്കുകയും വെടിനിറുത്തലിനുള്ള മേജര്‍ അസാസിയോ ടെന്റേറിയോയുടെ സന്ദേശം മേജര്‍ ശിവദേവ് സിംഗ് സിദ്ദുവിന് കൈമാറുകയും ചെയ്തു. അവിടെ കേന്ദ്രീകരിച്ചിരുന്ന ഇന്ത്യന്‍ സേനകളുടെ കമാന്റിംഗ് ഓഫീസറായിരുന്നു അദ്ദേഹം. 'ഇന്ത്യന്‍ സൈന്യത്തിന്റെ കമാന്‍ഡറുടെ ആഗ്രഹപ്രകാരം കീഴടങ്ങുവാന്‍ ഗോവന്‍ നഗരത്തിന്റെ സൈനീക കമാന്‍ഡര്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു കത്തിലെ ഉള്ളടക്കം. മന്ദോവി നദി കടക്കാനുള്ള അനുമതി പിറ്റേ ദിവസം, ഡിസംബര്‍ 19 പ്രഭാതത്തിലാണ് ലഭിച്ചത്. അതോടെ രണ്ടാം സിഖ് റജിമെന്റിലെ രണ്ട് റൈഫിള്‍ കമ്പനികള്‍ പനാജിയിലേക്ക് മാര്‍ച്ച് ചെയ്തു. ഇന്ത്യന്‍ സേനയുടെ എണ്ണത്തിലുള്ള മുന്‍തൂക്കം കണ്ട ഗവര്‍ണര്‍ ജനറല്‍ മാന്വല്‍ അന്റോണിയോ വാസാലോവാണ് കീഴടങ്ങാനുള്ള തീരുമാനം എടുത്തത്.'ഒരു അനാവശ്യ ത്യാഗമായിരുു' തന്റെ തീരുമാനമെന്ന് അദ്ദേഹം പിന്നീട് വിശദീകരിക്കുകയും ചെയ്തു. കീഴടങ്ങിയതിന് ശേഷം, ഗോവയും ഡാമന്‍, ഡ്യൂ ദ്വീപുകളും ഇന്ത്യയുടെ കേന്ദ്ര ഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യന്‍ പ്രസിഡന്റിന്റെ നേരിട്ടുള്ള ഭരണത്തില്‍ വരുന്ന പ്രദേശങ്ങളായി അവ നിശ്ചയിക്കപ്പെട്ടു. മേജര്‍ ജനറല്‍ കെ പി കണ്ടേത്ത് ആയിരുന്നു ഈ പ്രദേശങ്ങളുടെ ആദ്യത്തെ സൈനീക ഗവര്‍ണര്‍.


Next Story

Related Stories