UPDATES

ദിനംദിനം ചത്തുകൊണ്ടിരുന്ന ഒരു സമൂഹമാണ് ഞങ്ങളുടേത്; തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ പ്രവർത്തകൻ കൃഷ്ണമൂർത്തി കിട്ടു/അഭിമുഖം

വെടിവെപ്പ് നടക്കുന്നതിന് ഒരാഴ്ച മുമ്പു തന്നെ ഷൂട്ടിങ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് ആരൊക്കെയാണ് സമരത്തിന്റെ മുൻനിരയിലുള്ളതെന്നതിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

വേദാന്ത സ്റ്റെർലൈറ്റിനെതിരായ തൂത്തുക്കുടിക്കാരുടെ പോരാട്ടം തുടങ്ങിയിട്ട് രണ്ടരപ്പതിറ്റാണ്ടോളമായി. സാമൂഹ്യപ്രവർത്തനം പഠിക്കുന്ന വിദ്യാർത്ഥികളുടെ താത്പര്യവിഷയങ്ങളിലൊന്ന് എന്ന നിലയിൽ മാത്രമാണ് തമിഴ്നാട്ടിലെയും രാജ്യത്തെ തന്നെയും പൊതുസമൂഹം തൂത്തുക്കുടിക്കാരുടെ സമരത്തെ കണ്ടിരുന്നത്. നാലു മാസങ്ങൾക്കു മുമ്പ് സമരം ശക്തമായപ്പോഴും അതിനെ പരമാവധി അവഗണിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചു. തൂത്തുക്കുടിയിൽ വെടിവെപ്പുണ്ടാകുകയും അതിൽ 13 പേർ കൊല്ലപ്പെടുകയും ചെയ്തപ്പോഴാണ് സമരം ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്. തമിഴ്നാട്ടുകാർ പോലും സമരത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങുന്നത് അന്നുമുതലാണെന്ന് പറഞ്ഞാലും തെറ്റാകില്ല. അത്ര കടുത്ത അന്ധതയാണ് ഈ സമരത്തോട് മാധ്യമങ്ങൾ കാണിച്ചത്. ഈ സമരത്തിന്റെ മുൻനിരയിൽ നിരവധിയാളുകളുണ്ടായിരുന്നു. ‘വലിയ’ നേതാക്കളുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ പിന്തുണയില്ലാതെ നടന്ന തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിന്റെ നേതൃത്വപരമായ പങ്ക് വഹിച്ചവരിലൊരാളാണ് കൃഷ്ണമൂർത്തി കിട്ടു. നിലവിൽ തമിഴ്നാട് പൊലീസിനാൽ വേട്ടയാടപ്പെടുന്ന സമരനേതാക്കളിൽ ഒരാൾ. കൃഷ്ണമൂർത്തി കിട്ടുവുമായി നടത്തിയ സംഭാഷണം.

എന്താണ് തൂത്തുക്കുടിയിൽ നടന്നത്?

‘സ്റ്റെർലൈറ്റ് എതിർപ്പ് തൂത്തുക്കുടി മാവട്ടം മക്കൾ കൂട്ടായ്മ’ എന്ന സംഘടനയുടെ പ്രവർത്തകനാണ് ഞാൻ. ഇത്തരം നിരവധി സംഘടനകളും സംഘനകളില്ലാത്തവരായ സാധാരണ മനുഷ്യരും ചേർന്നാണ് തൂത്തുക്കുടിയിലെ കൂട്ടായ്മ രൂപപ്പെട്ടത്. 1995ൽ സ്റ്റെർലൈറ്റ് കമ്പനിക്ക് അനുമതി ലഭിക്കുകയും 1996-ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്ത ഘട്ടം മുതൽ ഞങ്ങൾ സമരരംഗത്തുണ്ട്. മഹാരാഷ്ട്രയിലാണ് ഈ പ്ലാന്റ് ആദ്യം സ്ഥാപിക്കാനുദ്ദേശിച്ചിരുന്നത്. അവിടെ അന്ന് ശരദ് പവാറായിരുന്നു അധികാരത്തില്‍. 500 ഏക്കർ ഭൂമി മഹാരാഷ്ട്ര സർക്കാർ സ്റ്റെർലൈറ്റ് പ്ലാന്റിനായി നൽകി. ഇതിനെതിരെ അവിടെ വലിയ ഏതിർപ്പുയർന്നു. ഒരു വർഷത്തോളം നീണ്ടു നിന്ന സമരത്തിനു ശേഷം പ്ലാന്റിനുള്ള അനുമതി മഹാരാഷ്ട്ര സർക്കാർ നിഷേധിച്ചു. അവിടെയുള്ള ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്ന റിപ്പോർട്ട് ഉദ്യോഗസ്ഥർ കൊടുത്തു. ആ റിപ്പോർട്ടിനെ ഗൗരവത്തിലെടുത്താണ് അനുമതി നിഷേധിച്ചത്. ഇതിനു ശേഷം തമിഴ്നാട്ടിലേക്കാണ് അവർ വന്നത്. 95ൽ അനുമതി ലഭിച്ച കമ്പനി 96-97ൽ പ്രവർത്തനം തുടങ്ങി. അന്നുമുതൽ ഞങ്ങൾ സമരത്തിലാണ്.

ആരൊക്കെയാണ് തുടക്കത്തിൽ സമരരംഗത്തുണ്ടായിരുന്നത്?

തുടക്കത്തിൽ പ്രശ്നത്തിന്റെ ഗൗരവം ബോധ്യമുള്ളവര്‍ മാത്രമാണ് സമരരംഗത്തുണ്ടായിരുന്നത്. രണ്ട് സംസ്ഥാനങ്ങളിൽ അനുമതി നിഷേധിക്കപ്പെട്ടിട്ടാണ് സ്റ്റെർലൈറ്റ് വരുന്നതെന്ന് അറിവുള്ളവർ രംഗത്തേക്കിറങ്ങി. പിന്നീട് മലിനീകരണത്താൽ പ്രയാസത്തിലായ മത്സ്യത്തൊഴിലാളികള്‍ രംഗത്തിറങ്ങി. ആരോഗ്യപ്രശ്നങ്ങൾ വന്നു തുടങ്ങിയതോടെ ജനങ്ങളും സമരത്തിനിറങ്ങാൻ തുടങ്ങി. വ്യാപാരികൾ കടയടച്ച് സമരം നടത്തി. ജയലളിതയുടെ ഭരണകാലത്താണ് ഇതിന്റെയെല്ലാം തുടക്കം. പിന്നീട് കരുണാനിധി വന്നു. ജനങ്ങൾക്കൊപ്പമാണെന്ന തോന്നലുണ്ടാക്കുക മാത്രമേ കരുണാനിധി ചെയ്തുള്ളൂ. ഒരൽപം നിലമോ നീരോ നാശമാകാൻ താന്‍ അനുവദിക്കില്ലെന്ന് കരുണാനിധി പ്രസ്താവനയിറക്കിയതിനു പിന്നാലെ 97ൽ ആദ്യത്തെ വിഷവാതകച്ചോർച്ച നടന്നു. 157 പേർ അന്ന് അബോധാവസ്ഥയിൽ ആശുപത്രിയിലായി. ജനങ്ങൾ ഭീതിയിലായി. പിന്നീട് 2013-ലും ഇതേ പ്രശ്നമുണ്ടായി. രാവിലെ അഞ്ചു മണി നേരത്താണ് വിഷവാതകം ചോർന്നത്. ആളുകൾ ശ്വാസം കിട്ടാതെ പിടഞ്ഞു. കണ്ണിലും ദേഹത്തുമെല്ലാം ചൊറിഞ്ഞു പൊന്തി. ദേഹം ചൊറിഞ്ഞു പൊന്തുന്നതും മുറിവാകുന്നതും ഞാൻ കണ്ടിട്ടുണ്ട്. കണ്ണിനുള്ളിൽ ചൊറിഞ്ഞ് മുറിവ് വരുന്നത് ആദ്യമായി കണ്ടു. എല്ലാവർക്കും ജീവഭയം വന്നു. ആരും സുരക്ഷിതരല്ലെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ടായി. ജനങ്ങൾ കൂടുതൽ ശക്തിയോടെ സ്റ്റെർലൈറ്റിനെതിരെ സമരരംഗത്തേക്കിറങ്ങി. എത്ര നാളാണ് ജനങ്ങൾക്ക് സഹിക്കാനാവുക? ഞങ്ങളുടെ ഉയിരിനെ ഊറ്റിയെടുക്കുകയായിരുന്നു അവർ.

1999ലും ലീക്കുണ്ടായി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരുന്നു. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗികളിൽ ഭൂരിഭാഗം പേരും തൂത്തുക്കുടിക്കാരാണ്. ദിനംദിനം ചത്തുകൊണ്ടിരുന്ന ഒരു സമൂഹമാണ് ഞങ്ങളുടേത്. നിങ്ങൾ വെടിയേറ്റ് മരിച്ചപ്പോൾ, അവരെക്കുറിച്ച് മാത്രമാണ് അറിഞ്ഞത്. ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുന്നവർ തൂത്തുക്കുടിയിലുണ്ട്. ഗർഭത്തിലേ മരിച്ചു പോയവർ തൊട്ട് പ്രായമെത്താതെ മരിച്ചവരും നിരവധി. ഇതിന്റെയൊന്നും കണക്കുകൾ ആർക്കും അറിയില്ല. എവിടെയുമില്ല. ഞങ്ങളിത് ഇക്കാലമത്രയും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പണ്ടാരംപട്ടി എന്ന ചെറുഗ്രാമത്തിൽ മാത്രം 196 കാൻസർ രോഗികളാണുള്ളത്. അഡയാർ ആശുപത്രിയിൽ രോഗികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് പിൻവലിക്കുകയുണ്ടായി. കാരണം മറ്റൊന്നുമല്ല. തൂത്തുക്കുടിയിലുള്ളവരാണ് കാൻസർ ബാധിതരിൽ അധികവുമെന്നതിന് ആ ലിസ്റ്റ് തെളിവായി. ഉടനെ അത് പിൻവലിക്കപ്പെട്ടു.

സ്ത്രീകളാണ് സമരത്തില്‍ തുടക്കം മുതലേ മുൻനിരയിലുള്ളത്. സ്ത്രീകളും കുട്ടികളും. കുട്ടികളെല്ലാം കരുവിലേ ചാകുകയാണ്. സന്തതികളില്ല. ജീവിതമില്ല. പിന്നെയെന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് എന്നായിരുന്നു ജനങ്ങളുടെയെല്ലാം ചോദ്യം. എനിക്ക് രണ്ട് പെൺകുട്ടികളാണ്. മാസത്തിൽ മുപ്പത് ദിവസത്തിൽ ഇരുപത് ദിവസവും പഠിക്കാൻ പോകാൻ കഴിയുന്നില്ല. ഏറ്റവും ആരോഗ്യപ്രശ്നങ്ങളുണ്ടായത് തൂത്തുക്കുടിയിലെ സ്ത്രീകൾക്കാണ്. ശാലയ്ക്ക് ചുറ്റുമുള്ള പത്തോളം ഗ്രാമത്തിലെ സ്ത്രീകള്‍ സമരത്തിൽ സജീവമായിരുന്നു.

സമരത്തിന് തൂത്തുക്കുടിക്ക് പുറത്തു നിന്ന് പിന്തുണ ലഭിച്ചിരുന്നോ?

മലിനീകരണം നേരിട്ട് ബാധിക്കാത്ത ദൂരെയുള്ള ഗ്രാമക്കാർ പോലും ഞങ്ങൾക്കൊപ്പം സമരത്തിനു വന്നു. സ്വയം തയ്യാറായാണ് അവരെല്ലാം എത്തിയത്. ഇത് ജനങ്ങൾ സ്വയം ഏറ്റെടുത്തുണ്ടായ സമരമാണ്. ഇതിന് വലിയ നേതാക്കളുടെയൊന്നും പിന്തുണ കിട്ടിയില്ല. ഞങ്ങൾക്ക് വലിയ നേതാക്കളാരും ഇല്ല. ജനങ്ങൾ സ്വയം നേത‍ൃത്വമേറ്റെടുക്കുകയായിരുന്നു. രോഗങ്ങൾ ബാധിച്ചു തളര്‍ന്ന ജനങ്ങളാണ് സമരം നയിച്ചത്. ഈ ബാധയിൽ ഉണർന്ന ജനങ്ങളായിരുന്നു പോരാളികൾ. ഗ്രീൻപീസ് മാത്രമാണ് പിന്തുണ തന്ന ഒരേയൊരു കൂട്ടർ.

കോടതി ഇടപെടലുകൾ എന്തെല്ലാമായിരുന്നു?

തൂത്തുക്കുടിയുടെ നീരും നിലവും കാറ്റും കടലും സ്റ്റെർലൈറ്റ് കമ്പനി നശിപ്പിച്ച സാഹചര്യത്തിലാണ് ഞങ്ങൾ കോടതിയെ സമീപിച്ചത്. മുല്ലൈ, പാലൈ, നെയ്തൽ തുടങ്ങി എല്ലാത്തരം പാരിസ്ഥിതിക വൈവിദ്ധ്യങ്ങളും ഉള്ള നാടാണ് ഞങ്ങളുടേത്. അത്തരമൊരു സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും സ്റ്റെർലൈറ്റ് അവഗണിച്ചു.

ചെമ്പ് ശുദ്ധീകരണം മൂലമുള്ള മലിനീകരണം യാഥാർത്ഥ്യമാണെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കോടതി സമ്മതിച്ചു. പക്ഷെ വിധി അവർക്ക് അനുകൂലമായിരുന്നു. ഇന്ത്യക്ക് ചെമ്പ് ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു അത്. ഒരു ചെറിയ നാടിന്റെ പ്രശ്നമാണോ വലുത് വലിയൊരു രാജ്യത്തിന്റെ പ്രശ്നമാണോ വലുത് എന്നായിരുന്നു ചോദ്യം. 100 കോടി രൂപ പിഴയടച്ച് എന്ത് തെറ്റ് വേണമെങ്കിലും ചെയ്തോളൂ എന്ന് സുപ്രീംകോടതി കമ്പനിയോട് പറഞ്ഞു. ഈ വിധിയോടെ ഞങ്ങൾക്ക് എല്ലാവരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. അധികാരികളും രാഷ്ട്രീയക്കാരും നീതിപതികളും ജനങ്ങള്‍ക്കെതിരാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. രോഗം വന്ന് ചാകണോ സമരം ചെയ്ത് ചാകണോ എന്നതു മാത്രമായി ഞങ്ങൾക്കു മുമ്പിലുള്ള ചോദ്യം. ഓരോ വീട്ടിലും എല്ലാവര്‍ക്കും ഒന്നല്ലെങ്കിൽ മറ്റൊന്നായി രോഗമുണ്ട്.

മാധ്യമങ്ങൾ ഈ പ്രശ്നത്തിൽ ഇടപെട്ട രീതിയെക്കുറിച്ച് വിമർശനമുണ്ടായിരുന്നു

കേരളത്തിലെ അവസ്ഥയല്ല ഞങ്ങളുടെ നാട്ടിൽ. കേരളത്തിൽ എല്ലാ രാഷ്ട്രീയക്കാരും ജനങ്ങൾക്കൊപ്പം നിൽക്കും. മാധ്യമങ്ങളും നിൽക്കും. ഞങ്ങളുടെ നാട്ടിൽ ഇവരാരും ജനങ്ങളുടെ കൂടെയില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇത്രയും കാലമായി ഞങ്ങൾ സമരം നടത്തുന്നു. എത്ര മാധ്യമങ്ങൾ ഞങ്ങളോട് അനുഭാവം കാട്ടി? നിങ്ങളാരെങ്കിലും എന്തെങ്കിലും അറിഞ്ഞിരുന്നോ? തമിഴ്നാട്ടിലെ മാധ്യമങ്ങൾ എല്ലാം മൂടി വെച്ചു.

മാർച്ച് 24ന് തൂത്തുക്കുടിയിൽ ഒരു പൊതുക്കൂട്ടം സംഘടിപ്പിച്ചു. അന്ന് 2 ലക്ഷം പേരാണ് ആ സമ്മേളനത്തിൽ പങ്കെടുത്തത്. പിറ്റേന്നത്തെ പത്രങ്ങളിലൊന്നും അങ്ങനെയൊരു വാർത്തയില്ല. ചില പത്രങ്ങളാകട്ടെ ഉൾപേജുകളിലൊന്നിൽ ശ്രദ്ധയിൽ വരാത്ത വിധം ഒരു മൂലയിൽ ചെറിയ വാർത്ത നൽകി. ചാനലുകളും വാര്‍ത്ത നൽകിയില്ല. ജനങ്ങൾ രോഷം കൊണ്ടു. എല്ലാവരും ചേർന്ന് ഒരു തീരുമാനമെടുത്തു. ഒരു പത്രവും നാട്ടിൽ വേണ്ട എന്ന് തീരുമാനിച്ചു. എല്ലാവരും ബഹിഷ്കരിച്ചു. ഇതോടെ ഭയപ്പാടിലായ പത്രങ്ങൾ വാര്‍ത്തകൾ നൽകിത്തുടങ്ങി. ഈ സംഭവത്തിനു ശേഷമാണ് വാർത്തകൾ കുറെയെങ്കിലും പുറത്തേക്ക് എത്തിത്തുടങ്ങിയത്.

മെയ് 22-ലെ മാർച്ചിലേക്ക് നയിച്ചത് ഈ സമ്മേളനമായിരുന്നോ?

ഇതിനു ശേഷം ഏപ്രിൽ 23-നും ഞങ്ങളൊരു മാർച്ച് സംഘടിപ്പിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥിതി ചെയ്യുന്ന കെട്ടിടം വളയുകയായിരുന്നു ലക്ഷ്യം. കമ്പനിയുടെ എല്ലാ തെറ്റുകൾക്കും മറുചോദ്യമില്ലാതെ കൂട്ടു നിൽക്കുന്നവർ അവരാണ്. 17 ഗ്രാമങ്ങൾ നഗരപ്രദേശങ്ങളുമായി ചേർന്ന് മാര്‍ച്ച് നടത്തും. ആരുടെയും അനുമതി ചോദിക്കാതെ തന്നെ മാർച്ച് നടത്താനായിരുന്നു തീരുമാനം. പൊലീസും അധികാരികളും രാഷ്ട്രീയക്കാരും സ്റ്റെർലൈറ്റിനൊപ്പമാണ്. പിന്നെ ആരോടാണ് ഞങ്ങൾ അനുമതി ചോദിക്കേണ്ടത്? ചോദിച്ചാൽ എന്താണ് കാര്യം? ആരെയും ഞങ്ങൾ വകവെക്കില്ലെന്ന് തീരുമാനിച്ചു. പൊലീസ് അധികാരികൾ ഇതിൽ ഭയന്നു. ഇരുപത്തിരണ്ടാം തിയ്യതി അവർ ഞങ്ങളെ കാണാൻ വന്നു. അവർ ചില നിബന്ധനകൾ വെച്ചു. ചില റോഡുകളിലൂടെ പോകാൻ പാടില്ലെന്ന് പറഞ്ഞു. ഞങ്ങൾ കൊള്ളക്കാരോ തീവ്രവാദികളോ അല്ല. എന്റെ ഭാര്യയോടും മക്കളോടുമൊപ്പമാണ് ഞാൻ പോകുന്നത്. പങ്കെടുക്കുന്നവരെല്ലാം കുടുംബത്തോടൊപ്പമാണ് ഇറങ്ങി വരുന്നത്. കൈക്കുഞ്ഞുങ്ങളാണ് സ്ത്രീകളിൽ പലരുടെയും കൈകളിൽ. സമാധാനപരമായിത്തന്നെ സമരം നടക്കുമെന്ന് പൊലീസിന് ഞങ്ങൾ ഉറപ്പു കൊടുത്തു. സമരം നടന്നുവെങ്കിലും അധികാരികളോ കേന്ദ്രത്തിലെയോ സംസ്ഥാനത്തിലെയോ മന്ത്രിമാരോ ഒന്നും ശ്രദ്ധ നൽകാൻ തയ്യാറായില്ല.

മെയ് മാസം 22-ന് ഞങ്ങളുടെ സമരം തുടങ്ങിയതിന്റെ നൂറാംദിവസം ഞങ്ങൾ രണ്ടും കൽപ്പിച്ചിറങ്ങി. സ്റ്റെർലൈറ്റ് എന്ന മരണവാതിൽ മൂടും വരെ വീട്ടുവാതിലിൽ ചെല്ലില്ലെന്നായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം. കളക്ടറേറ്റ് മാർച്ച് ചെയ്യാനായിരുന്നു തീരുമാനം. ഇതിന് തൊട്ടു മുമ്പ് മെയ് ഇരുപതാം തിയ്യതി സർക്കാർ ഒരു പീസ് കമ്മറ്റിക്ക് രൂപം നൽകി. ഞങ്ങൾക്കിടയിലെ ചതിയരായ ചിലരെ ചേർത്താണ് ഈ കമ്മിറ്റി രൂപീകരിച്ചത്. അവരിലൊരു സ്ത്രീ ഇപ്പോൾ കേരളത്തിലും കറങ്ങി നടക്കുന്നുണ്ട്. സ്റ്റെർലൈറ്റ് സമരനായിക എന്നാണവർ സ്വയം വിശേഷിപ്പിക്കുന്നത്. ഒരു സ്കൂൾ ഗ്രൗണ്ടിൽ രാവിലെ മുതൽ വൈകീട്ടുവരെ കുത്തിയിരുന്ന് സമരം ചെയ്തോളാമെന്ന് പീസ് കമ്മിറ്റിക്കാർ അധികാരികൾക്ക് വാക്ക് കൊടുത്തു. എന്നാൽ ജനങ്ങളത് അംഗീകരിച്ചില്ല. കളക്ടറേറ്റിൽ നേരിട്ട് പോകണമെന്ന നിലപാടിൽ ഞങ്ങൾ ഉറച്ചു നിന്നു. ഇതോടെ പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാൽ, 144 പ്രഖ്യാപിച്ചാലും ജനങ്ങൾക്ക് സമാധാനപരമായി സമരം ചെയ്യാൻ തടസ്സമില്ലെന്ന് കോടതി വിധി വന്നു.

ഞങ്ങൾ വ്യാപകമായ പരസ്യപ്രചാരണങ്ങൾ നടത്താൻ തുടങ്ങി. സേവ് തൂത്തുക്കുടി എന്നെഴുതിയ സ്റ്റിക്കറുകള്‍ വാഹനങ്ങളിലൊട്ടിക്കാൻ ഉടമകൾക്ക് നൽകി. പോസ്റ്റർ പ്രചാരണങ്ങളും നടത്തി.

വാഹനങ്ങളൊന്നും നിരത്തിലിറക്കരുതെന്ന് പൊലീസ് താക്കീത് ചെയ്തിരുന്നു. വാനുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ, ബസ്സുകൾ തുടങ്ങിയവയൊന്നും നിരത്തിലിറങ്ങിയില്ല. ഇതിനാൽ ഞങ്ങൾക്ക് നടക്കേണ്ടി വന്നു. 12 കിലോമീറ്റർ ദൂരം നടന്നാണ് സ്റ്റെർലൈറ്റ് കമ്പനിക്കടുത്തെത്തിയത്. മാതാ കോവിലിനടുത്ത് എത്തിയപ്പോൾ പൊലീസ് ഞങ്ങളെ തടഞ്ഞു. അവിടം മുതൽ അവർ പ്രകോപിപ്പിക്കുകയായിരുന്നു. മുമ്പിൽ നിന്നിരുന്ന സ്ത്രീകളുടെ നെഞ്ചിൽ ആൺ പൊലീസുകാർ കൈവെച്ച് തള്ളി. ഇത് പുരുഷന്മാരെ പ്രകോപിപ്പിക്കാനും അതുവഴി പ്രശ്നം സ‍ൃഷ്ടിക്കാനും ഉദ്ദേശിച്ച് ചെയ്തത് തന്നെയായിരുന്നു. ഇവിടെ ചെറിയ പ്രശ്നങ്ങളുണ്ടായി. റാലി പിന്നെയും മുന്നോട്ടു നീങ്ങിയപ്പോൾ പൊലീസിന്റെ ഭാഗത്തു നിന്ന് കല്ലേറുണ്ടായി. പിന്നീട് ലാത്തിച്ചാർജും. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ഇതെല്ലാമെന്നോർക്കണം. പിന്നീടാണ് കണ്ണീർവാതക പ്രയോഗം തുടങ്ങിയത്. ലാത്തി കൊണ്ടുള്ള അടി കണ്ടു നിൽക്കാൻ കഴിയുന്നതായിരുന്നില്ല. ഇരുമ്പുവടിക്ക് ചുറ്റും ഫൈബർ ഗ്ലാസ് പിടിപ്പിച്ച തരം ലാത്തികൾ വെച്ചാണ് അടിക്കുന്നത്. അടി കൊണ്ട ശരീരഭാഗം ചിതറിപ്പോകും.

ഇതിനിടെ പെട്ടെന്നാണ് വെടിവെപ്പ് തുടങ്ങിയത്. എവിടെ നിന്നെന്നറിയാതെ വെടിയൊച്ചകൾ കേൾ‌ക്കാൻ തുടങ്ങി. വെറും 17 വയസ്സ് മാത്രം പ്രായമുള്ള സോലിൻ എന്ന പ്ലസ് ടുക്കാരി പെൺകുട്ടിയെ വായിൽ വെടിവെച്ചാണ് അവർ കൊന്നത്. അരയ്ക്ക് മുകളിൽ‌ വെടിവെക്കാനായിരുന്നു പൊലീസിന് കിട്ടിയ ഉത്തരവെന്ന് പിന്നീടറിഞ്ഞു.

സംഭവം ആസൂത്രിതമായിരുന്നു എന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്

ആയുധമൊന്നും കയ്യിലില്ലാതെ വന്ന ഞങ്ങളോട് പൊലീസ് പെരുമാറിയ രീതി അങ്ങേയറ്റം പ്രകോപനപരമായിരുന്നു. തുടക്കത്തിൽ സ്ത്രീകളുടെ മാറിൽ പിടിച്ച് ആൺ പൊലീസുകാർ തള്ളിയതു തന്നെ ആദ്യത്തെ ഉദാഹരണം. ഇത് പ്രകോപനം മാത്രമുദ്ദേശിച്ചായിരുന്നു എന്നത് വ്യക്തമാണ്. സമരക്കാരാരും അക്രമത്തിന് തുനിയാതിരിക്കെ, വെറുതെ വന്ന് തടഞ്ഞ് സ്ത്രീകളുടെ മാറിൽ പിടിച്ച് തള്ളേണ്ട കാര്യമെന്താണ്. പൊലീസിന്റെ ഭാഗത്തു നിന്നും തുടർന്നുണ്ടായ കല്ലേറും പ്രകോപനം ഉദ്ദേശിച്ചുള്ളത് തന്നെയായിരുന്നു. ടിയർ ഗ്യാസ് പ്രയോഗം പോലും അധികനേരം ഉണ്ടായില്ല. ഇത് വെടിവെപ്പിനുള്ള അരങ്ങ് ഒരുക്കുകയായിരുന്നു എന്നത് വ്യക്തമാണ്. പ്രോട്ടോക്കോളുകൾ പാലിച്ചെന്ന് വരുത്തുകയായിരുന്നു അവർ.

പിന്നീട് പുറത്തുവന്ന വിവരങ്ങളും ഇത് ശരി വെക്കുന്നുണ്ട്. ഒരു സംഘത്തെ കളക്ടറുടെ അറിവോടെ പൊലീസ് തയ്യാറാക്കി വെച്ചിരുന്നു. അത്യാധുനിക മെഷീൻ ഗണ്ണുകളുമായി അവർ സംഭവസ്ഥലത്തേക്ക് കൃത്യസമയത്ത് എത്തിച്ചേരുകയും ചെയ്തു. നൂറുപേരിൽ കൂടുതലില്ലാത്ത ആളുകളാണ് പൊലീസ് വലയം ഭേദിച്ച് നീങ്ങിയത്. ഇവർക്കു നേരെയായിരുന്നു വെടിവെപ്പ്.

ഇതുവരെ വന്ന വാർത്തകളെല്ലാം മെയ് 22ലെ സംഭവവുമായി ബന്ധപ്പെട്ടുള്ളവയാണ്. തൂത്തുക്കുടിയിലെ സമരക്കാർക്ക് പിന്നീട് എന്താണ് സംഭവിച്ചത്. ഇപ്പോഴത്തെ അവസ്ഥ എന്താണ്?

ഇപ്പോഴത്തെ അവസ്ഥ മനസ്സിലാകാൻ എന്നെത്തന്നെ നോക്കൂ. ഞാൻ ആ ദിവസം മുതൽ ഓടുകയാണ്. നാട്ടിലേക്ക് എന്ന് തിരിച്ചു പോകാൻ കഴിയുമെന്നറിയില്ല. എന്നെപ്പോലെ സമരത്തിൽ പങ്കെടുത്ത നിരവധി പേർ ഒളിവിലാണ്. പൊലീസ് ഞങ്ങളെയെല്ലാം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. മരണം ഞങ്ങൾ കണ്ടു കഴിഞ്ഞു. ഇനിയൊന്നും പേടിക്കാനില്ല ഞങ്ങൾക്ക്.

എത്രപേർ മിസ്സിങ്ങാണ്?

അതെക്കുറിച്ച് എനിക്ക് വ്യക്തമായ അറിവില്ല

ആരാണ് വെടിവെപ്പിന് ഓർഡർ നൽകിയത്?

ഡെപ്യൂട്ടി തഹസിൽദാർ ഓർഡർ ചെയ്തെന്നാണ് ഇപ്പോൾ അവർ പറയുന്നത്. പക്ഷെ അയാളെ ഞങ്ങൾക്കറിയാം. ഒരു വെറും പാവം മനുഷ്യനാണ്. അദ്ദേഹത്തിന് ഇത്തരമൊരു തീരുമാനമെടുക്കാനാകില്ലെന്നാണ് തൂത്തുക്കുടിക്കാരുടെ വിശ്വാസം. കുറ്റം അദ്ദേഹത്തിന്റെ തലയിലിട്ട് ആരൊക്കെയോ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. ഇങ്ങനെ രണ്ടുപേരെയാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് എന്റെ അറിവ്.

പിന്നെ ആര് ഉത്തരവിട്ടിരിക്കുമെന്നാണ് സംശയിക്കുന്നത്?

ഇതൊരു ആസൂത്രിത വെടിവെപ്പാണ്. ജില്ലാ കളക്ടർ അടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ട്. വെടിവെപ്പ് നടക്കുന്നതിന് ഒരാഴ്ച മുമ്പു തന്നെ ഷൂട്ടിങ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് ആരൊക്കെയാണ് സമരത്തിന്റെ മുൻനിരയിലുള്ളതെന്നതിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ നിങ്ങൾക്കെതിരെ പൊലീസ് കേസുണ്ടോ?

ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഞങ്ങളുടെയെല്ലാം ഫോട്ടോകൾ പതിച്ച പൊലീസ് അറിയിപ്പുകൾ നാട്ടിൽ പലയിടങ്ങളിൽ പതിച്ചിട്ടുണ്ടെന്ന് കേട്ടു. നാൽപതോളം പേരെ പൊലീസ് ഇങ്ങനെ തിരയുന്നുണ്ട്. എത്ര കേസുകളുണ്ടെന്നോ അവയുടെ സ്വഭാവമെന്തെന്നോ അറിയില്ല. വെടിവെപ്പ് നടന്ന അന്നു മുതൽ ഒളിവുജീവിതത്തിലാണ് ഞാൻ. വീട്ടിലേക്ക് രണ്ടുതവണ പൊലീസുകാർ വന്നിരുന്നു. പൊലീസ് ഭരണമാണ് ഇപ്പോൾ തൂത്തുക്കുടിയിൽ നടക്കുന്നത്. ഞങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ കുടുംബങ്ങളിൽ‌ കയറിവന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. എന്റെ മൊബൈൽ നിരന്തരമായി ചോർത്തുന്നുണ്ട്. സമരത്തിൽ പങ്കെടുത്ത എല്ലാവരുടെയും അവസ്ഥ ഇതാണ്. എന്റെ അച്ഛനോടും അമ്മയോടും പോലീസ് പറഞ്ഞത് ഞാൻ വീടുകൾക്ക് തീവെച്ചുവെന്നാണ്. സമരക്കാർ ഇനിയും ഉണരരുത് എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

കമ്പനി പൂട്ടാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പ്രധാന കാരണമായി പറഞ്ഞിരിക്കുന്നത് ജനങ്ങളുടെ എതിർപ്പ് ഉണ്ടെന്നാണ്. ഇത് കോടതിയിൽ നിൽക്കില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

ജനങ്ങളുടെ എതിർപ്പ് മാത്രമാണ് കമ്പനി പൂട്ടാനുള്ള പ്രധാന കാരണമായി സർക്കാർ ഉത്തരവിലുള്ളത്. നാടിനെ മുഴുവൻ മലിനപ്പെടുത്തിയതോ, അതിനുവേണ്ടി അവർ നടത്തിയ ചട്ടലംഘനങ്ങളോ, നിരവധി പേരുടെ രോഗബാധയോ, അതുമൂലമുള്ള മരണമോ ഒന്നും അതിൽ പരാമർശിച്ചിട്ടില്ല. കാറ്റും കടലും നീരും നിലവും അവർ മലിനപ്പെടുത്തിക്കഴിഞ്ഞു. അതേക്കുറിച്ചും ഒന്നും പറയുന്നില്ല. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വരെ തൂത്തുക്കുടിയിൽ മലിനീകരണം വ്യാപകമാണെന്ന് സമ്മതിച്ചിട്ടുള്ളതാണ്. സുപ്രീംകോടതി 100 കോടി പിഴയിട്ടതും മലിനീകരണം ചൂണ്ടിക്കാട്ടിയാണ്. ഇതൊന്നും പരാമർശിക്കാതെയാണ് കമ്പനി പൂട്ടാനുള്ള ഉത്തരവ് വന്നിട്ടുള്ളത്.

കമ്പനിക്ക് വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള സാധ്യത ഉത്തരവിൽ അവർ നിലനിർത്തിയിട്ടുണ്ട്

ഉത്തരവിന്റെ സ്വഭാവം അതാണ്. എന്നാൽ ആ മരണവാതിൽ ഞങ്ങൾ തുറക്കാൻ അനുവദിക്കില്ല, ജീവനുള്ള വരെയും.

ചില കൂട്ടർ സ്റ്റെർലൈറ്റിന് അനുകൂലമായ പ്രചാരണങ്ങൾ തുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് എൽഇഎംഇ എന്ന യൂടൂബ് ചാനൽ പ്രചരിപ്പിക്കുന്നത് തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റിനെക്കാൾ മലിനീകരണം നടത്തുന്നത് വിവി മിനറൽസ് (കിൽബൺ കെമിക്കൽസ്) ആണെന്നാണ്. എസ്‍പിഐസി, ടിഎസി തുടങ്ങിയ കമ്പനികളും കടുത്ത മലിനീകരണം നടത്തുന്നതായി അവർ പറയുന്നുണ്ട്.

ഇത്തരം പ്രചാരണങ്ങൾ പുതുതായി തുടങ്ങിയതല്ല. സ്റ്റെർലൈറ്റ് നേരത്തെയും ഇത്തരം പ്രചാരണങ്ങൾ നടത്തിയിട്ടുണ്ട്. സുപ്രീംകോടതിയടക്കം സമ്മതിക്കുകയും രാജ്യതാത്പര്യത്തിന്റെ പേരിൽ തള്ളുകയും ചെയ്ത പഠനങ്ങൾ നിലവിലുണ്ട്. പക്ഷെ ഈ പ്രചാരണങ്ങളൊന്നും മറ്റാരെ ബാധിച്ചാലും തൂത്തുക്കുടിക്കാരെ ബാധിക്കില്ല. സമരം ഇനിയും തുടരും. സമരം ചെയ്യുന്നത് കുറ്റമാണെന്ന് അവർ പറയുകയാണെങ്കിൽ അവിടെ കൂടിയ 3 ലക്ഷം ജനങ്ങളെയും അവർക്ക് കുറ്റവാളികളാക്കേണ്ടി വരും.

ജാതിയില്ലാത്ത ഒരു രാഷ്ട്രീയം തമിഴ്നാട്ടിലില്ല. എന്നാൽ, ജാതിക്കും മതത്തിനും യാതൊരു ഇടപെടൽ സാധ്യതയുമില്ലാത്ത ഒരു സമരമാണ് തൂത്തുക്കുടിയിൽ കണ്ടത്. ജാതിമതങ്ങൾക്കതീതമായ രാഷ്ട്രീയം തൂത്തുക്കുടിയിലൂടെ ഉയർന്നു വരുമോ തമിഴ്നാട്ടിൽ?

ഞങ്ങൾ ഈ സമരം അവസാനിപ്പിച്ചിട്ടില്ല. മണ്ണിനും മക്കൾക്കും വേണ്ടിയുള്ളതാകണം ഭരണകൂടം. അത് തമിഴ്നാട്ടിൽ നടക്കുന്നില്ല. ഞങ്ങളുടെ പ്രധാന വിജയമായി ഞങ്ങൾ കാണുന്നത് ജാതിയും മതവും മറികടന്നുള്ള രാഷ്ട്രീയം സമരത്തിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ്. 96ൽ അവർ ആദ്യം ചെയ്തത് ഞങ്ങൾക്കിടയിലെ ജാതി രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണ്. ജാതിയെ ഉപയോഗിച്ച് അവർ ഞങ്ങളെ പരസ്പരം പോരടിപ്പിച്ച് പിരിച്ചു. ജാതിക്കും മതത്തിനും വർഗത്തിനും അപ്പുറമുള്ള, ജനങ്ങൾക്കൊപ്പം നിൽക്കുന്ന രാഷ്ട്രീയം വിജയിക്കും എന്നതാണ് ഞങ്ങൾ തെളിയിച്ചിരിക്കുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

സന്ദീപ് കരിയന്‍

സന്ദീപ് കരിയന്‍

അഴിമുഖം സ്റ്റാഫ് റൈറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍