ജമ്മു കശ്മീരിലെ പട്ടാളനീക്കങ്ങളിൽ ഏറെയും കൊല്ലപ്പെടുന്നത് സാധാരണക്കാരാണെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. കശ്മീരിൽ സമഗ്ര ഓപ്പറേഷനുകൾ വേണമെന്ന ബിജെപിയുടെ വാദം കാണിക്കുന്നത് അവർ ഒരു കൂട്ടക്കൊല തന്നെ ആസൂത്രണം ചെയ്യുന്നുവെന്നാണെന്നും ഗുലാം നബി വ്യക്തമാക്കി. അതെസമയം കശ്മീരിൽ 'ജീവൻ പണയം വെച്ച് പോരാടുന്ന' സൈനികരെ ആസാദ് അപമാനിച്ചെന്നു പറഞ്ഞ് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
നാല് ഭീകരരെ കൊല്ലാനായി 20 സാധാരണക്കാരുടെ കൂടി ജീവനെടുക്കുന്ന തരം ഓപ്പറേഷനുകളാണ് പട്ടാളം നടത്തിവരുന്നത്. ഉദാഹരണത്തിന്, പുൽവാമയിലെ ഓപ്പറേഷനിൽ 13 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഭീകരരിൽ ഒരാൾ മാത്രം കൊല്ലപ്പെട്ടു.
ബിജെപി, പിഡിപിയുമായുള്ള സഖ്യം പിരിഞ്ഞ് ഗവര്‍ണർ ഭരണത്തിനുള്ള അവസരമൊരുക്കിയ സാഹചര്യത്തിലാണ് ഗുലാം നബി ആസാദിന്റെ ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. അതിർത്തിയിൽ യുദ്ധമോ യുദ്ധസമാനമായ അന്തരീക്ഷമോ സൃഷ്ടിച്ച് 2019 തെരഞ്ഞെടുപ്പിനു മുമ്പ് ദേശീയവികാരം ആളിക്കത്തിക്കാൻ ബിജെപിക്ക് പദ്ധതിയുണ്ടായിരിക്കാമന്ന നിരീക്ഷണങ്ങൾ വരുന്നുണ്ട്.
ആസാദിന്റെ പ്രതികരണത്തിനെതിരെ ബിജെപി ശക്തമായി രംഗത്തുണ്ട്. പട്ടാളത്തെ വില കുറച്ച് കാട്ടുന്ന ഇത്തരം പ്രതികരണങ്ങൾ തടയാൻ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ട് രംഗത്തിറങ്ങണമെന്ന് ബിജെപി ദേശീയ മാധ്യമ തലവനായ അനിൽ ബലൂനി ആവശ്യപ്പെട്ടു.
http://www.azhimukham.com/edit-coming-chaos-in-kashmir-after-bjp-exit-from-pdp-alliance/