TopTop
Begin typing your search above and press return to search.

ആരായിരിക്കും രണ്ടാം മോദി സര്‍ക്കാരിലെ 'അരുണ്‍ ജയ്റ്റ്‌ലി'?

ആരായിരിക്കും രണ്ടാം മോദി സര്‍ക്കാരിലെ
അരുണ്‍ ജയ്റ്റ്‌ലി മന്ത്രിസഭയിലുണ്ടാകില്ല എന്ന് വ്യക്തമായതോടെ ആരായിക്കും രണ്ടാം മോദി സര്‍ക്കാരിലെ ധന മന്ത്രി എന്ന ചോദ്യമുണ്ട്. ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ ധന വകുപ്പിന്റെ ചുമതല ലഭിച്ചതും ബജറ്റ്് അവതരിപ്പിച്ചതും പിയൂഷ് ഗോയലാണ്. അതേസമയം പിയൂഷ് ഗോയലിനാണ് ഇത്തവണ ധന വകുപ്പ് എന്ന് വ്യക്തമല്ല. ചികിത്സയില്‍ കഴിയുന്ന തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ്റ്റ്‌ലി ഇന്നലെ കത്ത് നല്‍കിയിരുന്നു. നോട്ട് നിരോധന കാലത്തെ ധന മന്ത്രിയാണ് ജയ്റ്റ്‌ലി എങ്കിലും നോട്ട് നിരോധനം മോദിയുമായി ബന്ധപ്പെട്ട് അറിയപ്പെടുന്നതിനാല്‍ ജയ്റ്റ്‌ലിക്ക് പഴികള്‍ പങ്കിട്ടെടുക്കാനായി.

ദുരന്തമായ തീരുമാനം എന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ സാക്ഷ്യപ്പെടുത്തിയ നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് മാരകമായ പരിക്കുകള്‍ ഏല്‍പ്പിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ ഇതൊന്നും ജനരോഷമായി വോട്ടില്‍ പ്രതിഫലിച്ചില്ല. നോട്ട് നിരോധനവും ജി എസ് ടിയും നടപ്പാക്കിയ കാലത്തെ മന്ത്രി എന്ന് അരുണ്‍ ജയ്റ്റ്‌ലി അറിയപ്പെടുമോ എന്ന കാര്യം സംശയമാണ്. കാരണം ഇതടക്കം സര്‍ക്കാരിന്റെ എല്ലാ നയങ്ങളിലും പരിപാടികളിലും പദ്ധതികളിലും മോദിയുടെ ഇടപെടലുണ്ടായിരുന്നതിനാല്‍ ജയ്റ്റ്‌ലി ഇതിനുള്ള പഴി വലിയ തോതില്‍ ഏറ്റുവാങ്ങേണ്ടി വരില്ല. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ എതിരായിട്ടും സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ന്യായവാദങ്ങളുമായി ജയ്റ്റ്‌ലി എത്തി.

ജിഡിപി വളര്‍ച്ചാനിരക്കില്‍ സമീപകാലത്തെ ഏറ്റവും വലിയ പിന്നോട്ട് പോക്കാണ് ജയ്റ്റ്‌ലി ധന മന്ത്രിയായിരിക്കെ രേഖപ്പെടുത്തിയത്. വളര്‍ച്ചാനിരക്ക് പെരുപ്പിച്ച് കാട്ടിയതും വിവാദമായി. വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേയ്ക്ക് മുങ്ങിയ വിജയ് മല്യ, താന്‍ വിദേശത്തേയ്ക്ക് പോകുന്നതിന് മുമ്പ് ജയ്റ്റ്‌ലിയെ കണ്ട് പറഞ്ഞതായി പറഞ്ഞത് ജയ്റ്റ്‌ലിയെ വിവാദക്കുരുക്കിലാക്കിയിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കുകയും ചെയ്തു.

ALSO READ:
രണ്ടാം മോദി മന്ത്രിസഭയില്‍ അംഗങ്ങളാകുന്നത് ഇവര്‍


വലിയ ഭൂരിപക്ഷമുണ്ടെങ്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റ ആക്രമണങ്ങള്‍ക്ക് മുന്നില്‍ വിറക്കാതെ തന്ത്രപരമായി സര്‍്ക്കാരിനെ സംരക്ഷിക്കണമെങ്കില്‍ ജയ്റ്റ്‌ലിയെ പോലുള്ള നേതാക്കളെ ബിജെപിക്ക് ആവശ്യമുണ്ട്. രാജ്യസഭാംഗമായി ഉണ്ടായാല്‍ പോലും മന്ത്രിസഭയിലില്ലാത്ത ജയ്റ്റ്ലിക്ക് ലോക്‌സഭയില്‍ വരാന്‍ കഴിയാത്തതിനാല്‍ ജയ്റ്റ്‌ലിയെ ബിജെപിയും മോദിയും വല്ലാതെ 'മിസ്' ചെയ്‌തേക്കും. പ്രധാനമന്ത്രിക്കെതിരെയടക്കമുള്ള എതിര്‍ പാര്‍ട്ടിക്കാരുടെ സഭയിലെ ആക്രമണങ്ങളെ ശക്തമായ തര്‍ക്കങ്ങളിലൂടെ, അഭിഭാഷകന്റെ പ്രൊഫഷണല്‍ സാമര്‍ത്ഥ്യത്തിലൂടെ നേരിട്ടിരുന്നത് ജയ്റ്റ്‌ലിയായിരുന്നു. രാജ്യസഭയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അടക്കമുള്ളവരുടെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടുള്ള യുക്തിസഹമായ പ്രസംഗങ്ങള്‍ക്ക് മറുപടി നല്‍കാന്‍, രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍, ഏറ്റവും കുറഞ്ഞത് തര്‍ക്കിക്കാനെങ്കിലും ഭരണപക്ഷ നിരയില്‍ ശേഷിയുള്ള അപൂര്‍വം നേതാക്കളിലൊരാള്‍ ജയ്റ്റ്‌ലിയാണ്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള ആം ആംദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ട കേസ് കെജ്രിവാള്‍ അടക്കമുള്ളവര്‍ മാപ്പ് അപേക്ഷിച്ചതോടെ ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു.

മൂന്നാം വാജ്‌പേയ് വാജ്‌പേയ് മന്ത്രിസഭയില്‍, അതായത് രണ്ടാം എന്‍ഡിഎ സര്‍ക്കാരിലാണ് ജയ്റ്റ്ലി ആദ്യം കേന്ദ്ര മന്ത്രിയായിരുന്നത്. 1999 ഒക്ടോബര്‍ 13ന് അധികാരത്തില്‍ വന്ന വാജ്‌പേയ് മന്ത്രിസഭയില്‍ ആദ്യം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ സഹമന്ത്രിയായി ജയ്റ്റ്ലി. ഓഹരി വിറ്റഴിക്കല്‍, കമ്പനികാര്യം തുടങ്ങിയ വകുപ്പുകളുടെ ചുമതല ജയ്റ്റ്ലിക്ക് കിട്ടി. 2000 ജൂലായ് മുതല്‍ 2002 ജൂലായ് വരെയും 2003 ജനുവരി മുതല്‍ 2004 മേയ് 21 വരെയും അരുണ്‍ ജയ്റ്റ്‌ലി നിയമ വകുപ്പ് കൈകാര്യം ചെയ്തു. ലോക വ്യാപാര സംഘടനയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ക്കായി രൂപീകരിച്ച വാജ്‌പേയ് സര്‍ക്കാരിലെ ഓഹരി വിറ്റഴിക്കല്‍ മന്ത്രാലയം പുതിയ വകുപ്പായിരുന്നു. അരുണ്‍ ഷൂരിയായിരുന്നു ഓഹരി വിറ്റഴിക്കല്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാബിനറ്റ് മന്ത്രി. എന്നാല്‍ അരുണ്‍ ജയ്റ്റ്‌ലിയും ഇതില്‍ പ്രധാന പങ്ക് വഹിച്ചു.

2014 മേയില്‍ അധികാരത്തില്‍ വന്ന ആദ്യ മോദി സര്‍ക്കാരില്‍ ധന വകുപ്പാണ് മോദിക്ക് കിട്ടിയത്. ആദ്യം ധനത്തിനൊപ്പം പ്രതിരോധവും ജയ്റ്റ്‌ലി കൈകാര്യം ചെയ്തിരുന്നു. പഴയ വാജ്‌പേയി ഗ്രൂപ്പുകാരി സുഷമ സ്വരാജിനെ പോലെ ജയ്റ്റ്‌ലി മോദിയോട് ഒരു ഘട്ടത്തിലും അകല്‍ച്ച കാണിച്ചില്ല. 2013ല്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ശക്തമായി പിന്തുണക്കുകയും ചെയ്തു. ഇത്തവണ അനാരോഗ്യം മൂലം ജയ്റ്റ്‌ലി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കില്ല എന്ന റിപ്പോര്‍ട്ടുകള്ഡ നേരത്തെ വന്നിരുന്നു.

ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് അരുണ്‍ ജയ്റ്റ്‌ലി സംഘടനാപ്രവര്‍ത്തനം തുടങ്ങിയതെങ്കിലും ഒരു ആര്‍എസ്എസുകാരന്റെ പ്രതിച്ഛായ ഇല്ലാത്തയാളാണ് ജയ്റ്റ്‌ലി. ആര്‍എസ്എസില്‍ നിന്ന് വേറിട്ട് ബിജെപിക്ക് നിലനില്‍പ്പില്ലെങ്കില്‍ പോലും ബിജെപിക്കാരായി മാത്രം അറിയപ്പെടുന്ന ചില നേതാക്കളുണ്ട് - അതിലൊരാളാണ് ജയ്റ്റ്‌ലി. പല ബിജെപി നേതാക്കളേയും പോലെ സോഷ്യലിസ്റ്റുകളുമായി ബന്ധമുണ്ടായിരുന്ന നേതാവാണ്. 1970കളില്‍ എബിവിപി നേതാവായിരിക്കെ ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിലുള്ള ജെപി മൂവ്‌മെന്റ് എന്ന ഇന്ദിരാവിരുദ്ധ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അരുണ്‍ ജയ്റ്റ്‌ലി. 1973ല്‍ ജയപ്രകാശ് നാരായണിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച നാഷണല്‍ കമ്മിറ്റി ഫോര്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് ഓര്‍ഗനൈസേഷന്റെ കണ്‍വീനറായിരുന്നു. 1974ല്‍ ഡല്‍ഹി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി അരുണ്‍ ജയ്റ്റ്‌ലി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടിയന്തരാവസ്ഥ കാലത്ത് 19 മാസക്കാലം ജയിലില്‍ കിടന്നു. 1977ല്‍ ലോക് താന്ത്രിക് യുവ മോര്‍ച്ച കണ്‍വീനര്‍ ആയിരുന് അരുണ്‍ ജയ്റ്റ്‌ലി എബിവിപി അഖിലേന്ത്യ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

1987 മുതല്‍ സുപ്രീം കോടതി അഭിഭാഷകനായിരുന്ന ജയ്റ്റ്ലി 1989ല്‍ അധികാരത്തില്‍ വന്ന, ബിജെപി പിന്തുണയുണ്ടായിരുന്ന വിപി സിംഗ് സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിക്കപ്പെട്ടതോടെ വലിയ പൊതുശ്രദ്ധ നേടി. ബോഫോഴ്‌സ് കേസില്‍ രാജീവ് ഗാന്ധി അടക്കമുള്ളവുടെ വിദേശ ഇടപാടുകാരുമായുള്ള ബന്ധം കണ്ടെത്താന്‍ യൂറോപ്പിലേയ്ക്ക് വിപി സിംഗ് സര്‍ക്കാര്‍ അയച്ച ജയ്റ്റ്‌ലിക്ക് തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 1991ല്‍ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ അരുണ്‍ ജയ്റ്റ്‌ലി 1999ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ ഏറ്റവും ശ്രദ്ധേയരായ ദേശീയ വക്താക്കളില്‍ ഒരാളായിരുന്നു.

ബോഫോഴ്‌സ് കേസില്‍ രാജീവ് ഗാന്ധി അടക്കമുള്ളവുടെ വിദേശ ഇടപാടുകാരുമായുള്ള ബന്ധം കണ്ടെത്താന്‍ യൂറോപ്പിലേയ്ക്ക് വിപി സിംഗ് സര്‍ക്കാര്‍ അയച്ച ജയ്റ്റ്‌ലിക്ക് തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്ന് ജയ്റ്റ്‌ലി രാജീവ് ഗാന്ധിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ കാര്യം ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധിയെ മോദി അഴിമതിക്കാരന്‍ എന്ന് വിളിച്ചപ്പോള്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചിരുന്നു.

2009ല്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായതിന് ശേഷം ലീഗല്‍ പ്രാക്ടീസ് ജയ്റ്റ്‌ലി നിര്‍ത്തി. പിന്നീട് ജയ്റ്റ്‌ലിയുടെ വാദങ്ങള്‍ കണ്ടത് പാര്‍ലമെന്റാണ്. 2014ല്‍ കോണ്‍ഗ്രസ് വിരുദ്ധ തരംഗമുണ്ടായ തിരഞ്ഞെടുപ്പില്‍ അമൃത്സറില്‍ നിന്ന് ലോക് സഭയിലേയ്ക്ക് മത്സരിച്ച ജയ്റ്റ്‌ലി, കോണ്‍ഗ്രസിന്റെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനോട് പരാജയപ്പെട്ടു. എന്നാല്‍ രാജ്യസഭാംഗമായ ജയ്റ്റ്‌ലി മന്ത്രിയായി.

2018 ഏപ്രില്‍ മൂന്നിന് രാജ്യസഭാംഗത്വം പുതുക്കപ്പെട്ട ജയ്റ്റ്‌ലിക്ക് 2024 വരെ അതായത് രണ്ടാം മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത് വരെ അംഗമായിരിക്കാം. ന്യൂയോര്‍ക്കിലെ ആശുപത്രിയിലും ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ചികിത്സയില്‍ കഴിഞ്ഞിരുന്ന ജയ്റ്റിലിയുടെ ആരോഗ്യനില മേയില്‍ നടത്തിയ കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷനെ തുടര്‍ന്ന് മോശമായിരുന്നു. കടുത്ത പ്രമേഹവും ജയ്റ്റ്‌ലിക്കുണ്ട്. ആരോഗ്യം വീണ്ടെടുക്കുകയാണെങ്കില്‍ ജയ്റ്റ്‌ലി മന്ത്രിസഭയുടെ ഭാഗമായേക്കാം. "പാര്‍ട്ടി എനിക്ക് എല്ലാ തന്നു. ഇനി കൂടുതലായൊന്നും ചോദിക്കാന്‍ കഴിയില്ല". എന്ന് മോദിക്കുള്ള കത്തില്‍ ജയ്റ്റ്ലി പറയുന്നുണ്ടെങ്കിലും തനിക്ക് കുറച്ച് കാലത്തേയ്ക്ക് വിശ്രമം വേണം എന്ന് മാത്രമാണ് ജയ്റ്റ്‌ലി പറയുന്നത്.

AlSO READ: കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം

Next Story

Related Stories