Top

'ബാക്കോപ്സിന് പ്രതിരോധ അനുബന്ധ കരാറുകൾ കിട്ടിയതെങ്ങനെ?': രാഹുലിന് യുകെ കമ്പനിയിൽ ഓഹരിയുണ്ടായിരുന്നെന്ന് അരുൺ ജെയ്റ്റ്‌ലി

രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുകെ കമ്പനി ബാക്കോപ്സ് ലിമിറ്റഡിൽ അദ്ദേഹത്തിന് 65% ഓഹരിയുണ്ടായിരുന്നെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി. രാഹുൽ ഗാന്ധിയുടെ ബിസിനസ് പങ്കാളിയായ ഉൾറിക് മക്നൈറ്റ് ആയിരുന്നു കമ്പനിയുടെ സഹ ഉടമ. ഇദ്ദേഹത്തിന്റെ പേരിലായിരുന്നു 35% ഓഹരികളെന്നും അദ്ദേഹം ആരോപിച്ചു.

യുപിഎ ഭരണകാലത്ത് ചില പ്രതിരോധ അനുബന്ധ കരാറുകൾ ഈ കമ്പനിക്ക് ലഭിച്ചിരുന്നെന്ന് ഇന്ത്യാ ടുഡേ ഗ്രൂപ്പ് പുറത്തിറക്കുന്ന ബിസിനസ് ടുഡേ ദ്വൈവാരിക റിപ്പോർട്ട് ചെയ്തിരുന്നു.

2009ൽ രാഹുൽ ഗാന്ധി ഈ കമ്പനിയിൽ നിന്നും പിന്മാറിയിരുന്നു. ഇതിനുശേഷം കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഒരുകാലത്ത് പ്രതിരോധ ഉപകരണ ഡീലറാകാൻ ശ്രമം നടത്തിയിരുന്നയാളാണ് ഇപ്പോൾ പ്രധാനമന്ത്രിയാകാൻ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയിലാണ് ബാക്കോപ്സ് പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിച്ചതെന്നും രാഹുൽ ഗാന്ധിയും പ്രിയങ്കയും അതിന്റെ ഡയറക്ടർമാരായെന്നും ജയ്റ്റ്‍ലി ആരോപണമുന്നയിച്ചു. 2002 മെയ് 28നായിരുന്നു ഇത്. 2003ൽ ഇതേ പേരിൽ മറ്റൊരു കമ്പനി യുകെയിൽ രൂപീകരിച്ചു. രാഹുലും ഒരു യുഎസ് പൗരനുമാണ് കമ്പനിയുടെ ഡയറക്ടർമാരായതെന്നും അദ്ദേഹം ആരോപിച്ചു.

Next Story

Related Stories