Top

24 മണിക്കൂറിനിടയില്‍ ഡല്‍ഹിയില്‍ 9 കൊലപാതകങ്ങള്‍; സുരക്ഷയ്ക്കായി നഗരവാസികള്‍ ആരുടെ വാതില്‍ക്കല്‍ മുട്ടണമെന്ന് കെജ്രിവാള്‍

24 മണിക്കൂറിനിടയില്‍ ഡല്‍ഹിയില്‍ 9 കൊലപാതകങ്ങള്‍; സുരക്ഷയ്ക്കായി നഗരവാസികള്‍ ആരുടെ വാതില്‍ക്കല്‍ മുട്ടണമെന്ന് കെജ്രിവാള്‍
നഗരത്തില്‍ കുറ്റകൃത്യങ്ങളുടെ അപകടകരമായ കുത്തൊഴുക്കുണ്ടാകുന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അര്‍വിന്ദ് കെജ്രിവാള്‍. ഇന്ന് പ്രായമായ ദമ്പതികളെയും അവരുടെ ജോലിക്കാരിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സമാനമായ 9 കൊലപാതകങ്ങളാണ് നഗരത്തില്‍ നടന്നതെന്ന് അദ്ദേഹം ഒരു ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി.

ഡല്‍ഹി നഗരവാസികള്‍ സുരക്ഷയ്ക്കായി ഏതു വാതിലാണ് മുട്ടേണ്ടതെന്ന് ട്വീറ്റില്‍ അദ്ദേഹം ചോദിച്ചു.

ദേശീയതലസ്ഥാനത്ത് നിയമനിര്‍വ്വഹണച്ചുമതല കേന്ദ്ര സര്‍ക്കാരിനാണ്. ഇക്കാര്യമാണ് കെജ്രിവാള്‍ ട്വീറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസിനു മേല്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് എല്ലാം നിയന്ത്രിക്കുന്നത്.

"ഗൗരവമേറിയ കുറ്റകൃത്യങ്ങളുടെ കുത്തൊഴുക്കിനാണ് ഡല്‍ഹി സാക്ഷിയാകുന്നത്. വൃദ്ധരായ ദമ്പതികളും അവരുടെ വീട്ടുജോലിക്കാരിയും വസന്ത് വിഹാറില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഒമ്പത് കൊലപാതകങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആരുടെ വാതിലുകളാണ് ഡല്‍ഹിക്കാര്‍ സുരക്ഷയ്ക്കായി മുട്ടേണ്ടത്?" കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

വിഷ്ണു കുമാര്‍, അദ്ദേഹത്തിന്റെ ഭാര്യ ശിശി മതൂര്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 80ഉം 75ഉം വയസ്സായിരുന്നു ഇരുവര്‍ക്കും. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന 24കാരിയായ വീട്ടുവേലക്കാരിയും കൊല ചെയ്യപ്പെട്ടു. മൂന്നുപേരുടെയും കഴുത്തിലാണ് മുറിവേറ്റിരിക്കുന്നത്.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങളും അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയില്‍ മാധ്യമപ്രവര്‍ത്തക മിതാലി ചന്ദോലയ്ക്കു നേരെ വെടിവെപ്പുണ്ടായി. ഇവരുടെ ഒരു കൈയില്‍ ബുള്ളറ്റ് തുളഞ്ഞു കയറിയിട്ടുണ്ട്. ജൂണ്‍ 9ന് ടിവി ന്യൂസ് സംഘത്തിനു നേരെയും വെടിവെപ്പുണ്ടായി. ഈ ആക്രമണം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ യാതൊരു സഹായവും ചെയ്യുകയുണ്ടായില്ല. ഇവരെ സസ്പെന്‍ഡ് ചെയ്തെന്നല്ലാതെ ആരാണ് ആക്രമണം നടത്തിയതെന്ന് ഡല്‍ഹി പൊലീസ് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. 2008ല്‍ 26 വയസ് പ്രായമുണ്ടായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ വച്ച് വെടി വെച്ച് കൊന്നിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ തലസ്ഥാന നഗരത്തില്‍ നടന്നത് 43 വെടിവെയ്പ്പുകളാണ്. കുറ്റവാളികളും പൊലീസും തമ്മില്‍ നടന്ന വെടിവെപ്പുകളടക്കമാണിത്. 220 റൗണ്ട് വെടിവെപ്പ് പൊലീസ് നടത്തിയിട്ടുണ്ടെന്ന് രേഖകള്‍ പറയുന്നു. മെയ് 17നും ജൂണ്‍ 15നുമിടയില്‍ 16 പേര്‍ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹി പൊലീസും കേന്ദ്ര സേനകളും തലസ്ഥാനത്തെ നിയമപാലനത്തിനുണ്ടെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണുള്ളത്. സ്ഥിതിഗതികളില്‍ നേരിട്ട് ധാരണയുള്ള സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തിന് അക്രമികളെ നിയന്ത്രിക്കാന്‍ ഒരു മാര്‍ഗവുമില്ല. പട്ടാപ്പകലാണ് പല ആക്രമണങ്ങളും നടക്കുന്നത്.

അനധികൃത തോക്കുകളുപയോഗിച്ചാണ് ആക്രമണങ്ങള്‍ പലതും നടക്കുന്നത്. നഗരത്തിലേക്ക് ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നിരവധി അനധികൃത തോക്കുകള്‍ എത്തിച്ചേരുന്നുണ്ട്. ശരാശരി 30,000 രൂപയാണ് തോക്കുകളുടെ വില. ബുള്ളറ്റുകള്‍ 100 രൂപ നിരക്കില്‍ ലഭിക്കും.


Next Story

Related Stories