TopTop

1975 ലോകകപ്പില്‍ ഇന്ത്യയെ രക്ഷിച്ച പോലെ കോണ്‍ഗ്രസിനെ രക്ഷിക്കാം: പാര്‍ട്ടി പ്രസിഡന്റ് ആകാന്‍ തയ്യാറുള്ള അസ്ലം ഖാന് രാഹുലിനോട് പറയാനുള്ളത്‌

1975 ലോകകപ്പില്‍ ഇന്ത്യയെ രക്ഷിച്ച പോലെ കോണ്‍ഗ്രസിനെ രക്ഷിക്കാം: പാര്‍ട്ടി പ്രസിഡന്റ് ആകാന്‍ തയ്യാറുള്ള അസ്ലം ഖാന് രാഹുലിനോട് പറയാനുള്ളത്‌
രാഹുല്‍ ഗാന്ധിക്ക് പകരം പ്രസിഡന്റാകാന്‍ താന്‍ തയ്യാറാണ് എന്ന് ഇതുവരെ പറഞ്ഞ ഒരേയൊരു നേതാവ് മധ്യപ്രദേശില്‍ നിന്നുള്ള 65കാരന്‍ അസ്ലം ഷേര്‍ ഖാനാണ്. ഭോപ്പാല്‍ സ്വദേശി. മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ഒളിംപ്യനും ലോക ചാമ്പ്യന്‍ ടീം അംഗവും. 1972ല്‍ ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ നടന്ന ഒളിംപ്ക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലും 1975ല്‍ മലേഷ്യയിലെ ക്വാലലംപൂരില്‍ നടന്ന ലോകകപ്പില്‍ ജേതാക്കളായ ടീമിലും അംഗമായിരുന്നു അസ്ലം ഷേര്‍ ഖാന്‍.

To Hell with Hockey എന്നാണ് അസ്ലം ഷേര്‍ ഖാന്റെ ആത്മകഥയുടെ പേര്. ഇന്ത്യന്‍ ഹോക്കിയുടെ ഗതകാല പ്രതാപം മങ്ങിയിരുന്ന കാലത്താണ് അസ്ലം ഷേര്‍ ഖാന്‍ ദേശീയ ടീമിലെത്തുന്നത്. 1953 ജൂലായ് 13ന് ഭോപ്പാലില്‍ ഇന്ത്യന്‍ ഹോക്കി താരമായിരുന്ന അഹമ്മദ് ഷേര്‍ ഖാന്റേയും അഹ്മദിയുടേയും മകനായാണ് ജനനം. 1936ല്‍ ഇന്ത്യ ഹാട്രിക് സ്വര്‍ണം നേടിയ ടീമില്‍ ഇതിഹാസതാരം ധ്യാന്‍ ചന്ദിന്റെ സഹതാരമായിരുന്നു അഹമ്മദ് ഷേര്‍ ഖാന്‍. മകനുണ്ടായാല്‍ ഹോക്കി താരമാക്കുമെന്ന് അഹമ്മദ് ഖാന്‍ ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ അസ്ലമിന്റെ സ്‌കൂള്‍ ഹോക്കി ടീമിന്റെ പരിശീലകന്‍ കൂടിയായിരുന്ന പിതാവ് അസ്ലമിനെ ഒരിക്കലും ഹോക്കി ടീമിലെടുത്തില്ല. ആത്മകഥയില്‍ അസ്ലം ഖാന്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. ഹോക്കിയെക്കുറിച്ച് അസ്ലം ഇനിയും ഏറെ പഠിക്കാനുണ്ട് എന്നായിരുന്നു അഹമ്മദ് ഷേര്‍ ഖാന്റെ പക്ഷം.

1966ല്‍ ഭോപ്പാലിലെ ഓള്‍ ഇന്ത്യ സ്‌കൂള്‍സ് ഹോക്കി ക്യാമ്പിലേയ്ക്ക് അസ്ലം ഷേര്‍ ഖാന് ക്ഷണം ലഭിച്ചു. ഓള്‍ ഇന്ത്യ സ്‌കൂള്‍സ് ഹോക്കി ടീമിലേയ്ക്ക് അസ്ലം തിരഞ്ഞെടുക്കപ്പെട്ടു. 1936ലെ ഒളിംപ്ക്‌സ് ടീമില്‍ പിതാവിന്റെ സഹതാരമായിരുന്ന രൂപ് സിംഗ് ആയിരുന്നു കോച്ച്. പിന്നീട് ദേശീയ ടീം വരെ അസ്ലം ഷേര്‍ ഖാന്‍ വളര്‍ന്നു. 1972ലെ മ്യൂണിച്ച് ഒളിംപ്ക്‌സില്‍ തീര്‍ത്തും പുതിയൊരു ടീമുമായി ഇറങ്ങിയ ഇന്ത്യക്ക് ഒളിംപിക്‌സ് സ്വര്‍ണം വീണ്ടും നഷ്ടമായി. വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പിതാവിനെ പോലെ ഒളിംപ്ക്‌സ് ചാമ്പ്യന്‍ ടീമിന്റെ ഭാഗമാകാന്‍ അസ്ലമിന് കഴിഞ്ഞില്ല. എന്നാല്‍ 1975ല്‍ ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞു.

ഹോക്കിയില്‍ നിന്ന് വിരമിച്ച ശേഷം 1980കളിലാണ് അസ്ലം ഷേര്‍ ഖാന്‍ രാഷ്ട്രീയത്തിലേയ്ക്കിറങ്ങുന്നത്. 1984ല്‍ മധ്യപ്രദേശിലെ ബേട്ടൂളില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അസ്ലം ഷേര്‍ ഖാന്‍ 1991ലും ഇവിടെ നിന്ന് ലോക്‌സഭയിലെത്തി. 1989ലും 96ലും ബേട്ടൂളില്‍ പരാജയം. 1997 ഡിസംബറില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അസ്ലം ഖാന്‍ 1999 ജനുവരിയില്‍ ബിജെപി വിട്ടു. 2004ല്‍ ഭോപ്പാലില്‍ നിന്ന് എന്‍സിപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റു. 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും പരാജയപ്പെട്ടു. ഹോക്കിയുമായുള്ള ബന്ധം അസ്ലം ഖാന്‍ സജീവമായി തുടര്‍ന്നു. 2008ല്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷനെ ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ പിരിച്ചുവിട്ട ശേഷം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ രൂപീകരിച്ച പുതിയ കമ്മിറ്റിയില്‍ അശോക് കുമാര്‍, അജിത് പാല്‍ സിംഗ്, സഫര്‍ ഇഖ്ബാല്‍, ധന്‍രാജ് പിള്ള എന്നീ മുന്‍ താരങ്ങള്‍ക്കൊപ്പം അസ്ലം ഷേര്‍ ഖാനും ഉള്‍പ്പെട്ടു.

ALSO READ: താമര കൊണ്ട് തുലാഭാരത്തിനും രാഷ്ട്രീയ പൊതുയോഗത്തിനുമായി മോദി ഗുരുവായൂരിലേയ്ക്ക്; രാഹുലിന്റെ വയനാട്‌ പര്യടനം തുടരുന്നു

2017ല്‍ മധ്യപ്രദേശ് പിസിസി പ്രസിഡന്റ് അര്‍ജ്ജുന്‍ യാദവിനെതിരായ പ്രസ്താവന വിവാദമായി. അസ്ലം ഷേര്‍ ഖാന് കോണ്‍ഗ്രസുമായി ബന്ധമൊന്നുമില്ലെന്ന് സംസ്ഥാന നേതൃത്വം പറഞ്ഞു. 2016 സെപ്റ്റംബറില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അസ്ലം ഷേര്‍ ഖാന്‍ രാജിക്കത്ത് നല്‍കിയിരുന്നു എന്നാണ് കോണ്‍ഗ്രസ് വക്താവ് കെകെ മിശ്ര പറഞ്ഞത്. 1996ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പാണ് നരസിംഹ റാവു സര്‍ക്കാരില്‍ അസ്ലം ഷേര്‍ ഖാന്‍ മന്ത്രിയായത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചുമതലയുള്ള സഹമന്ത്രി. എന്നാല്‍ താന്‍ രാജി നല്‍കിയിട്ടില്ല എന്നാണ് അസ്ലം ഖാന്‍ പറയുന്നത്. 1996ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 140 സീറ്റ് നേടിക്കൊടുക്കുന്നതില്‍ താന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയ കത്തില്‍ അസ്ലം ഷേര്‍ ഖാന്‍ പറഞ്ഞത്.

ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ പ്രചാരണം നടത്തി, കഠിനാദ്ധ്വാനം ചെയ്ത രാഹുല്‍ ഗാന്ധിയെ, തോല്‍വിയില്‍ താന്‍ കുറ്റം പറയില്ല എന്നാണ് അസ്ലം ഷേര്‍ ഖാന്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമൂല മാറ്റം ആവശ്യമാണ്. നെഹ്രു കുടുംബത്തിന് പുറത്തൊരാള്‍ പ്രസിഡന്റ് ആകട്ടെ എന്ന പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം, രാഹുലിനെഴുതിയ കത്തിലും അസ്ലം ഷേര്‍ ഖാന്‍ പങ്കുവയ്ക്കുന്നുണ്ട്. മോദിയ്ക്കും ബിജെപിക്കുമെതിരെ നടത്തിയ പ്രചാരണത്തിനിടയിലും ജനങ്ങളെ വിശ്വാസത്തിലെടുക്കാനും അടുപ്പമുണ്ടാക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്ന് സ്വയംവിമര്‍ശനപരമായി അസ്ലം ഷേര്‍ പറയുന്നു.

പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളെല്ലാം രംഗത്തുള്ളപ്പോളാണ് ഈ മുന്‍ ഹോക്കി ചാമ്പ്യന്‍ വ്യത്യസ്തമായ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ രാജി വയ്ക്കുകയാണെങ്കില്‍ രണ്ട് വര്‍ഷത്തേയ്ക്ക് പ്രസിഡന്റ് ആകാന്‍ തയ്യാറാണ് എന്നും തന്നേക്കാള്‍ മെച്ചപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിലും അവരെ പ്രസിഡന്റാക്കൂ എന്നും അസ്ലം ഷേര്‍ ഖാന്‍ പറയുന്നു. ഒരു ഹോക്കി താരമായ തനിക്ക് കോണ്‍ഗ്രസ് നേരിടുന്ന നിലവിലെ ഗുരുതര പ്രതിസന്ധിയില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയും എന്നാണ് അസ്ലം ഷേര്‍ ഖാന്‍ അവകാശപ്പെടുന്നത്. 1975ലെ ലോകകപ്പ് സെമിഫൈനലില്‍ 2-1ന് പിന്നിലായിരുന്ന ഇന്ത്യയെ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ താന്‍, മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ഗോളടിച്ച് താന്‍ ഒപ്പമെത്തിച്ചതും ടൈബ്രേക്കറില്‍ ഇന്ത്യ ജയിച്ച് ഫൈനലിലെത്തിയതും പാകിസ്താനെ തോല്‍പ്പിച്ച് കപ്പ് നേടിയതും ഓര്‍മ്മിപ്പിച്ചാണ് അസ്ലം ഖാന്‍ ഇക്കാര്യം പറയുന്നത്. ഇന്ത്യ നേടിയ ഒരേയൊരു ഹോക്കി ലോകകപ്പ് ആയിരുന്നു അത്. നിങ്ങള്‍ എന്നില്‍ വിശ്വാസമര്‍പ്പിക്കുകയാണ് എങ്കില്‍ ലോകകപ്പില്‍ ഗോളടിച്ച് ഇന്ത്യയെ ഒപ്പത്തിനെത്തിച്ച പോലെ രണ്ട് വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസിനെ മുന്നിലെത്തിക്കാം - രാഹുല്‍ ഗാന്ധിയോട് അസ്ലം ഷേര്‍ ഖാന്‍ പറയുന്നു.

ALSO READ: ‘ഒക്കെ ജോയ് എബ്രഹാമിന്റെ കുടിലബുദ്ധി’; എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന അവസ്ഥയില്‍ കേരള കോണ്‍ഗ്രസ്

Next Story

Related Stories