TopTop
Begin typing your search above and press return to search.

അസം കരട് പൗരത്വ പട്ടികയില്‍ 40 ലക്ഷം പേര്‍ പുറത്ത്; ആ മനുഷ്യര്‍ ഇനി എന്തു ചെയ്യും?

അസം കരട് പൗരത്വ പട്ടികയില്‍ 40 ലക്ഷം പേര്‍ പുറത്ത്; ആ മനുഷ്യര്‍ ഇനി എന്തു ചെയ്യും?
40 ലക്ഷത്തോളം പേരെ പൌരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (NRC) പുതുക്കലിന്റെ അവസാന കരട് പ്രസിദ്ധീകരിച്ചു. ആകെ അപേക്ഷിച്ച 3.39 കോടി അപേക്ഷകളില്‍ നിന്ന് 2.90 കോടി ആളുകളെ മാത്രമാണ് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുറത്താക്കപ്പെട്ട 40 ലക്ഷത്തോളം പേര്‍ക്ക് സെപ്റ്റംബര്‍ 28 വരെ ഒരിക്കല്‍ കൂടി തങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാനുള്ള അവസരം നല്‍കുമെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ശൈലേഷ് വ്യക്തമാക്കി.

എന്നാല്‍ അസം ജനസംഖ്യയിലെ 40 ലക്ഷത്തോളം മുസ്ലീങ്ങളെ ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് മുദ്രകുത്തി പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണം ശക്തമായതോടെ സംസ്ഥാനം മുള്‍മുനയിലാണ്. വിഷയത്തില്‍ ഇന്ന് രാജ്യസഭാ നടപടികള്‍ സ്തംഭിച്ചു. സുരക്ഷ ശക്തമാക്കുന്നതിന് കേന്ദ്രം കൂടുതല്‍ സേനയെ അസമിലേക്ക് അയച്ചു. എന്നാല്‍ ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും ഈ കരടിന്റെ അടിസ്ഥാനത്തിൽ ആരെയും നാടുകടത്തില്ലെന്നും അവരെ വിദേശികളായി കണക്കാക്കില്ലെന്നും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പ്രതികരിച്ചു.

കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് ആദ്യത്തെ കരട് പ്രസിദ്ധീകരിക്കപ്പെട്ടത്. തങ്ങളെ ഇന്ത്യയിലെ നിയമാനുസൃത പൗരന്മാരെന്ന് കണക്കാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള 3.29 കോടി മനുഷ്യരുടെ അപേക്ഷകളില്‍ നിന്ന് 1.9 കോടി പേരുടെ പേരുവിവരങ്ങള്‍ അടങ്ങിയ ആദ്യ NRC കരട് ആണ് അന്ന് പ്രസിദ്ധപ്പെടുത്തിയത്.

1951നു ശേഷം ഇതാദ്യമായാണ് ഈ രജിസ്റ്ററിന് ഒരു പുതുക്കൽ വരുന്നത്. ആകെ 68.31 ലക്ഷം കുടുംബങ്ങളുടെ അപേക്ഷകൾ ലഭിച്ചു. ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ മൂന്നിടങ്ങളിൽ സൗകര്യമൊരുക്കിയിരുന്നു. ബംഗ്ലാദേശിൽ നിന്നും അസമിലേക്കുള്ള 'നിയമവിരുദ്ധ കുടിയേറ്റ'ങ്ങളാണ് ഇപ്പോഴത്തെ പുതുക്കലിന് കാരണമായിരിക്കുന്നത്.

അതെസമയം, അസമിലെ മുസ്ലിം ജനതയെ ബംഗ്ലാദേശി കുടിയേറ്റത്തിന്റെ പേരിൽ ഉപദ്രവിക്കാനുള്ള പദ്ധതിയാണ് തയ്യാറാകുന്നതെന്ന് വിമർശനമുയർന്നിട്ടുണ്ട്. എന്നാൽ, ഈ കരടിനെ ആധാരമാക്കി ഫോറിനർ ട്രിബ്യൂണലിലേക്ക് കേസ് വിടില്ലെന്നും ആരും അറസ്റ്റ് ചെയ്യപ്പെടില്ലെന്നുമാണ് സർക്കാരിന്റെ ന്യായമെങ്കിലും ഇപ്പോഴത്തെ പുതുക്കലിൽ ഉൾപ്പെടുന്നവര്‍ മാത്രമായിരിക്കും അസം പൗരന്മാരായി കണക്കാക്കപ്പെടുക.

സംസ്ഥാനത്ത് 1971 മാർച്ചിനു മുമ്പ് മുതൽ ജീവിക്കുന്നവരാണ് തങ്ങളെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ ഇവർക്ക് തുടരാൻ കഴിയൂ. 1951ൽ എടുത്ത കണക്കെടുപ്പിൽ ഉൾപ്പെട്ടവരുടെ പിൻഗാമികളെയും, 1971 മാർച്ച് 24നു മുമ്പായി തെരഞ്ഞെടുപ്പു പട്ടികയിൽ വന്നവരെയും അവരുടെ പിൻഗാമികളെയുമാണ് അസംകാരായി കണക്കാക്കുക.

നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് ഈ കണക്കെടുപ്പിനായി വൻ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. ഓൺലൈനായും ഓഫ്‍‌ലൈനായും അപേക്ഷകൾ നൽകാനുള്ള സൗകര്യമുണ്ടായിരുന്നു. 2.01 കോടി ലഗസി ഡാറ്റ കോഡുകൾ ലഭ്യമാക്കി. ഓണ്‍ലൈനായി ഇതിൽ നിന്ന് 78.7 ലക്ഷം പേർ എൽഡിസി കോഡ് ഡൗൺലോഡ് ചെയ്യപ്പെട്ടു.

പൗരത്വം തെളിയിക്കുന്ന നിരവധി രേഖകൾ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സിന് സമർപ്പിക്കപ്പെട്ടു. ആപ്ലിക്കേഷൻ ഫോമിനോടൊപ്പം 6.56 കോടി സപ്പോർട്ടിങ് രേഖകളാണ് ലഭിച്ചത്. ആറു മാസത്തിനിടയിൽ 51.26 ലക്ഷം പേർ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് വെബ്സൈറ്റിൽ എത്തി. ഓൺലൈനായി പരാതി പരിഹാര സെല്ലും പ്രവർത്തിച്ചിരുന്നു.

68.31 ലക്ഷം അപേക്ഷകൾക്കൊപ്പമുള്ള 6.56 കോടി രേഖകൾ ഡിജിറ്റൈസ് ചെയ്താണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതുവരെ 16 റൗണ്ട് ഡിജിറ്റൈസേഷൻ നടന്നു. അപേക്ഷകളുടെ സത്യസന്ധത പരിശോധിക്കാൻ ഫാമിലി ട്രീം വെരിഫിക്കേഷൻ അടക്കമുള്ള രീതികൾ പ്രയോഗിക്കപ്പെട്ടു. 96.97 ലക്ഷം അപേക്ഷകരുടെ ഫാമിലി ട്രീ വെരിഫിക്കേഷനാണ് നടത്തിയത്. 9.15 ലക്ഷം പേരുടെ വാദം കേൾക്കലും ഈ വിഷയത്തിൽ നടന്നു. ഏതാണ്ട് 80 ദിവസമെടുത്തു ഇതിന്.

വലിയ സാമൂഹികപ്രശ്നങ്ങളാണ് അസമിൽ ഈ കണക്കെടുപ്പു വഴി ഉണ്ടാകാൻ പോകുന്നതെന്ന് ഇതിനകം തന്നെ മുന്നറിയിപ്പുകൾ വന്നിട്ടുണ്ട്. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് പരിപാടി നടപ്പാക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് അസം. അനധികൃത കുടിയേറ്റം സംസ്ഥാനത്ത് ഏറെ പ്രശ്നവത്ക്കരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ബംഗ്ലാദേശ് രൂപീകരണ സമയത്ത് പാക്കിസ്ഥാന്‍ അതിക്രമങ്ങളെ തുടര്‍ന്ന് ഇന്ത്യയിലെത്തിയവരും രൂപീകരണത്തിന് ശേഷം തൊഴിലും മറ്റും തേടിയെത്തിയവരും ഇപ്പോഴും എത്തുന്നവരും ഇവിടെയുണ്ട്.

1970-കളുടെ അവസാനവും 80-കളിലും അസമില്‍ അനധികൃത കുടിയേറ്റത്തിനെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും പിന്നീട് അസം ഗണ പരിഷത് ആയി മാറിയ ഓള്‍ അസം ഗണ സംഗ്രാം പരിഷത്തുമായിരുന്നു ഇതിന്റെ മുന്‍നിരയില്‍. അസം ഗണ പരിഷത്ത് ഇന്ന് സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ സഖ്യകക്ഷിയാണ്. 1985-ലാണ് പ്രക്ഷോഭത്തിന് ഒരറുതി വരുന്നത്. അന്ന് സ്റ്റുഡന്റ്‌സ് യൂണിയനും ഗണ പരിഷത്തുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവച്ച ഉടമ്പടി അനുസരിച്ച് 1951 മുതല്‍ 61 വരെ അസമില്‍ എത്തിയവര്‍ക്ക് വോട്ടിംഗ് അവകാശം ഉള്‍പ്പെടെ പൂര്‍ണ പൗരത്വം നല്‍കാന്‍ തീരുമാനമായി. 61 മുതല്‍ 71 വരെയുള്ളവര്‍ക്ക് 10 വര്‍ഷത്തേക്ക് വോട്ടിംഗ് അവകാശം ഇല്ലാതെ പൗരത്വവും നല്‍കാന്‍ തീരുമാനമായി. എന്നാല്‍ 71-നു ശേഷം കുടിയേറിയവരെ തിരികെ അയയ്ക്കാനുമായിരുന്നു ഉടമ്പടി. അതിനെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള പൌരത്വ പരിശോധനകളാണ് ഇപ്പോള്‍ 40 ലക്ഷം മനുഷ്യരെ പുറത്താക്കലിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.

ബിജെപിയെ സംബന്ധിച്ചിടത്തോളം NRC അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.  അസമില്‍ നിന്നുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരേയും പുറത്താക്കുമെന്ന് 2017 ഏപ്രിലില്‍ അസമിലെ ബിജെപി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ നല്‍കിയ ഒരഭിമുഖത്തില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ പറഞ്ഞത് അനധികൃത കുടിയേറ്റം അസമില്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും NRC പുറത്തു വരുന്നതോടെ “അവിടെ നിന്ന് ഉള്ളവര്‍ ആരൊക്കെയാണെന്നും എത്ര പേരുണ്ടെന്നും” മനസിലാകുമെന്നുമാണ്. അസമിനെ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റ മുക്തമാക്കുമെന്ന് 2014 ലോക്‌സഭാ പ്രചരണ തെരഞ്ഞെടുപ്പ് സമയത്തും പിന്നീട് 2016 നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രസ്താവിച്ചിരുന്നു

ഇന്ത്യന്‍ പൗരന്മാരല്ലെന്ന് സംശയിക്കപ്പെടുന്ന നൂറുകണക്കിന് മനുഷ്യര്‍ ഇതിനകം തന്നെ ഡിറ്റന്‍ഷന്‍ സെന്ററുകളിലുണ്ട്. ഇന്ത്യ അവരെ ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കുകയും ബംഗ്ലാദേശ് അവരെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതോടെ വലിയ പ്രശ്‌നങ്ങളായിരിക്കും ഉണ്ടാവാന്‍ പോവുക. അതുകൊണ്ട് NRCയുടെ പിന്നാലെ വരുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആളുകളായിരിക്കും ഡിറ്റന്‍ഷന്‍ സെന്ററുകളിലെത്തുക. അവയ്‌ക്കൊക്കെ കുറച്ച് ആളുകളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളൂ എന്നിരിക്കെ, ദീര്‍ഘകാലത്തേക്ക് ഇത് വലിയ പ്രശ്‌നമായി മാറും.

അതോടോപ്പമാണ് ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കള്‍, ബുദ്ധിസ്റ്റുകള്‍, സിക്കുകാര്‍, പട്ടികജാതിക്കാര്‍ തുടങ്ങിയവരെ സംരക്ഷിക്കാനുള്ള പൗരത്വ (ഭേദഗതി) ബില്‍, 2016 പാര്‍ലമെന്റില്‍ പാസാക്കാനുള്ള ബിജെപിയുടെ ആലോചന. 2014 അടിസ്ഥാന വര്‍ഷമായി തീരുമാനിച്ച് പ്രത്യേക കേസുകളില്‍ അതിനു മുമ്പുള്ളവര്‍ക്കും പൗരത്വം നല്‍കണമെന്നുമുള്ളതാണ് ബില്‍. 1971-ലെ ഉടമ്പടി ലംഘിക്കുന്നതാണ് ബിജെപി ചെയ്യുന്നതെന്നാണ് ആരോപണം.

https://www.azhimukham.com/edit-will-assam-burn-we-hope-not-but-the-possibilities-are-quite-high/

https://www.azhimukham.com/india-fears-of-violence-loom-large-ahead-of-election-2019-writes-kaybenedict/

Next Story

Related Stories