UPDATES

രാജസ്ഥാനില്‍ കോണ്‍ഗ്രസ്, ഛത്തീസ്ഗഢില്‍ ബിജെപി, മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്, തെലങ്കാനയില്‍ ടിആര്‍എസ് തന്നെ

തെരഞ്ഞെടുപ്പ് നടന്നത് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം നിയമസഭകളിലേക്ക്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. രാജസ്ഥാന്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി അധികാരം നിലനിര്‍ത്തും.

മധ്യപ്രദേശിൽ ബിജെപി

മധ്യപ്രദേശിൽ ബിജെപി അധികാരം നിലനിർത്തുമെന്നാണ് ടൈംസ് നൌ-സിഎൻഎക്സ് എക്സിറ്റ് പോൾ ഫലം പറയുന്നത്. ബിജെപിക്ക് 126 സീറ്റുകളാണ് ലഭിക്കുക. കോൺഗ്രസ്സിന് 89 സീറ്റുകളാണ് ലഭിക്കുക. ബിഎസ്പി ആറ് സീറ്റുകൾ നേടും. മറ്റുള്ളവർ 9 സീറ്റുകൾ പിടിച്ചെടുക്കും.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വലിയ ക്ഷീണം ബിജെപിക്ക് വരുമെന്നാണ് ടൈംസ് നൌ-സിഎൻഎക്സ് എക്സിറ്റ് ഫലം സൂചിപ്പിക്കുന്നത്. 165 സീറ്റുകളാണ് ബിജെപി 2014 തെരഞ്ഞെടുപ്പിൽ നേടിയിരുന്നത്. 116 സീറ്റാണ് മന്ത്രിസഭ രൂപീകരിക്കാനാവശ്യം. കോൺഗ്രസ്സ് നല്ലൊരു മുന്നേറ്റം ഇത്തവണ കാഴ്ച വെക്കുമെങ്കിലും മന്ത്രിസഭ രൂപീകരിക്കാനുള്ള സംഖ്യയിലേക്ക് അവർക്ക് എത്താൻ കഴിയില്ലെന്നാണ് ടൈംസ് നൌ-സിഎൻഎക്സ് എക്സിറ്റ് പോൾ പറയുന്നത്. കോൺഗ്രസ്സിന് 58 സീറ്റാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ഇത്തവണ അത് 89 ആയി ഉയരുമെന്ന് എക്സിറ്റ് പോൾ ഫലം പറയുന്നു.

102നും 120നും ഇടയിൽ സീറ്റുകൾ മധ്യപ്രദേശിൽ ബിജെപി നേടുമെന്നാണ് ഇന്ത്യാ ടുഡെയുടെ പ്രവചനം. 104നും 122നും ഇടയിൽ സീറ്റുകൾ കോൺഗ്രസ്സ് നേടും. മറ്റുള്ളവർ നാലു മുതൽ 11 വരെ സീറ്റുകൾ നേടും.

മധ്യപ്രദേശിൽ കോൺഗ്രസ്സ് വൻ ലീഡുണ്ടാക്കുമെന്നാണ് എബിപി ന്യൂസിന്റെ സർവേ ഫലം പറയുന്നത്. കോൺഗ്രസ്സ് 126ഉം ബിജെപി 94ഉം സീറ്റുകൾ നേടും.

സി വോട്ടർ (Centre for Voting Opinion & Trends in Election Research) പറയുന്നതു പ്രകാരം മധ്യപ്രദേശിൽ കോൺഗ്രസ്സ് 42.3 വോട്ട് വിഹിതം നേടും. ബിജെപി 41 ശതമാനവും മറ്റുള്ളവർ 16.6 ശതമാനവും വോട്ട് നേടും.

ഛത്തീസ്ഗഢ്

ഛത്തീസ്ഗഢിലും ബിജെപി അധികാരം നിലനിർത്തുമെന്നാണ് ടൈംസ് നൌ പറയുന്നത്. ബിജെപി ഇവിടെ 46 സീറ്റുകൾ പിടിച്ചെടുക്കും. കോൺഗ്രസ്സ് 35 സീറ്റുകളിൽ ആധിപത്യം സ്ഥാപിക്കും. 49 സീറ്റുകളാണ് 2013 തെരഞ്ഞെടുപ്പിൽ ബിജെപി നേടിയിരുന്നത്. കോൺഗ്രസ്സ് 39 സീറ്റുകളും നേടിയിരുന്നു. ഇത്തവണ ബിഎസ്പിയും ജനതാ കോൺഗ്രസ്സും ചേർന്നുള്ള സഖ്യം സമവാക്യങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്നും മനസ്സിലാക്കേണ്ടത്. കഴിഞ്ഞതവണ കേവലം ഒരു സീറ്റിൽ ഒതുങ്ങിയിരുന്ന ബിഎസ്പി ഈ സഖ്യം സ്ഥാപിക്കപ്പെട്ടതിനു പിന്നാലെ ഏഴു സീറ്റുകളിൽ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രതീക്ഷിക്കുന്നത്. ഡിസംബർ 11നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം വരിക.

ഛത്തീഗഢിൽ കോൺഗ്രസ്സ് അധികാരം പിടിച്ചെടുക്കുമെന്നാണ് ഇന്ത്യാ ടുഡേ പറയുന്നത്. 55 മുതൽ 65 വരെ സീറ്റുകളിൽ കോൺഗ്രസ്സ് വിജയിക്കും. ബിജെപി 21 മുതൽ 31 വരെ സീറ്റുകളിൽ വിജയം കാണും. ജെസിസി-ബിഎസ്പി സഖ്യം നാല് മുതൽ എട്ടുവരെ സീറ്റുകൾ പിടിച്ചെടുക്കും.

ഛത്തീസ്ഗഢിൽ 35 മുതൽ 42 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് സിവോട്ടർ പറയുന്നത്. കോൺഗ്രസ്സ് 42 മുതൽ 50 സീറ്റ് വരെ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. ബിഎസ്പി മൂന്നു മുതൽ ഏഴുവരെ സീറ്റ് നേടും.

തെലങ്കാനയിൽ ഇളകാതെ ടിആർഎസ്

തെലങ്കാനയിൽ തെലങ്കാന രാഷ്ട്രസമിതി അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ കണക്കുകൂട്ടുന്നത്. കോൺഗ്രസ്സ്-തെലുഗുദേശം പാർട്ടിയുടെ സഖ്യം കാര്യമായ മുന്നേറ്റമുണ്ടാക്കില്ല. 119 മണ്ഡലങ്ങളിൽ ടിആർഎസ് 66 സീറ്റുകൾ നേടുമെന്ന് ടൈംസ് നൌ പറയുന്നു. പീപ്പിൾസ് ഫ്രണ്ട് എന്ന പേരിലുള്ള കോൺഗ്രസ്സ്-തെലുഗുദേശം-സിപിഐ-ടിജെപി സഖ്യത്തിന് 37 സീറ്റുകളിൽ നേട്ടമുണ്ടാക്കാൻ സാധിച്ചേക്കും. 2014ലെ തെരഞ്ഞെടുപ്പിൽ ടിആർഎസ് 63 സീറ്റുകളാണ് നേടിയിരുന്നത്. ഇത് ഇത്തവണ 66 ആയി ഉയരുമെന്നാണ് ഫലം പറയുന്നത്. അതെസമയം പ്രതിപക്ഷ സഖ്യത്തിന് തങ്ങൾ കഴിഞ്ഞ തവണ നേടിയിതിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് ടൈംസ് നൌ പറയുന്നത്.

തെലങ്കാനയിൽ തെലങ്കാന രാഷ്ട്രസമിതി 79 മുതൽ 91 സീറ്റുകൾ വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. കോൺഗ്രസ്സ്, ടിഡിപി സഖ്യം 21 മുതൽ 33 സീറ്റുകൾ വരെ നേടിയേക്കാം.

സിവോട്ടർ സർവ്വേ ഫലങ്ങൾ പറയുന്നതു പ്രകാരം തെലങ്കാന രാഷ്ട്രസമിതി 50നും 60നും ഇടയിൽ സീറ്റ് നേടും. കോൺഗ്രസ്സ് 38-52 സീറ്റ് പിടിക്കും. ബിജെപിക്ക് നാലു മുതൽ ഏഴു വരെ സീറ്റുകൾ സ്വന്തമാക്കാനാകും.

രാജസ്ഥാനിൽ ബിജെപിക്ക് തിരിച്ചടി

രാജസ്ഥാനിൽ നിലവിലെ ബിജെപി സർക്കാരിനെ മറിച്ചിടാൻ കോൺഗ്രസ്സിന് സാധിക്കുമെന്ന് ടൈംസ് നൌ പറയുന്നു. 105 സീറ്റുകൾ ഇവർ നേടും. ബിജെപി 85 സീറ്റിലേക്ക് ചുരുങ്ങും. ബിഎസ്പി ഇവിടെ രണ്ട് സീറ്റ് നേടും. മറ്റു കക്ഷികൾ 7 സീറ്റ് നേടും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 163 സീറ്റിൽ ജയിച്ച കക്ഷിയാണ് ബിജെപി. കോൺഗ്രസ്സ് 21 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. ബിഎസ്പിക്ക് ഇത്തവണ മുന്നേറ്റമുണ്ടാക്കാൻ സാധിക്കില്ല. മൂന്ന് സീറ്റ് നിലനിർത്തും.

രാജസ്ഥാനിൽ കോൺഗ്രസ്സ് 119 മുതൽ 141 വരെ സീറ്റുകൾ പിടിച്ചെടുത്ത് അധികാരത്തിലെത്തുമെന്ന് ഇന്ത്യാ ടുഡേ എക്സിറ്റ് പോൾ ഫലം പറയുന്നു. ബിജെപി 55 മുതൽ 72 വരെ സീറ്റുകൾ വരെ നേടും.

മിസോറം

സി-വോട്ടർ സർവ്വേഫലം പറയുന്നതു പ്രകാരം മിസോറമിൽ കോൺഗ്രസ്സ് 14 മുതൽ 18 വരെ സീറ്റ് നേടും. എംഎൻഎഫ് 16 മുതൽ 20 വരെ സീറ്റ് നേടി മുന്നിലെത്തും. സെഡ്പിഎം മുന്നു മുതൽ ഏഴു വരെ സീറ്റുകളാണ് നേടുക. മറ്റുള്ളവർ മൂന്ന് സീറ്റ് സ്വന്തമാക്കും.

പ്രധാന സ്ഥാനാർത്ഥികളിൽ ചിലർ

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാൻ ബുധ്നിയിൽ നിന്നും മത്സരിച്ചു. രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യയും കോൺഗ്രസ്സിന്റെ സച്ചിൻ പൈലറ്റുമാണ് സ്ഥാനാർത്ഥികളിലെ താരങ്ങൾ. ഛത്തിസ്ഗഢിൽ മുഖ്യമന്ത്രി രമൺ സിങ്ങും മത്സരിക്കുന്നു. തെലങ്കാനയിൽ കെ ചന്ദ്രശേഖർ റാവുവും മത്സരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍