TopTop
Begin typing your search above and press return to search.

ഗുജറാത്തില്‍ നിന്ന് ബിഹാറികളെ അടിച്ചോടിക്കുന്ന 'ശിവസേന' കോണ്‍ഗ്രസോ അതോ ബിജെപിയോ?

ഗുജറാത്തില്‍ നിന്ന് ബിഹാറികളെ അടിച്ചോടിക്കുന്ന
ബിഹാറില്‍ നിന്നടക്കമുള്ള ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ വ്യാപക അക്രമമാണ് ഗുജറാത്തിലെ സബര്‍കന്ത ജില്ലയില്‍ നടന്നത്. സെപ്റ്റംബര്‍ 28ന് 14 മാസം പ്രായമുള്ള പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ അക്രമം തുടങ്ങിയത്. ഠാക്കൂര്‍ സമുദായത്തില്‍ പെട്ടതാണ് പെണ്‍കുട്ടി. ഒരു ബിഹാറുകാരനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് എംഎല്‍എയും ക്ഷത്രിയ (ഒബിസി) നേതാവുമായ അല്‍പേഷ് ഠാക്കൂറും അദ്ദേഹത്തിന്റെ ക്ഷത്രിയ ഠാക്കൂര്‍ സേനയുമാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ അക്രമമഴിച്ചുവിടുന്നത് എന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം കോണ്‍ഗ്രസും അല്‍പേഷ് ഠാക്കൂറും ഇത് തള്ളിക്കളയുന്നു. ബിഹാറിന്റെ ചുമതലയാണ് അല്‍പേഷിന് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത് എന്നത് മറ്റൊരു കാര്യം.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയുമായി ബന്ധപ്പെട്ട് അക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുകയും നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിഹാറില്‍ നിന്നും യുപിയില്‍ നിന്നുമുള്ള തൊഴിലാളികളാണ് ഏറ്റവുമധികം അക്രമത്തിനിരയായത്. നിരവധി പേര്‍ നാട്ടിലേയ്ക്ക് മടങ്ങി. താന്‍ ബലാത്സംഗത്തിന് ഇരയായ കുട്ടിക്ക് നീതി ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പലരും ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും അല്‍പേഷ് ഠാക്കൂര്‍ ആരോപിക്കുന്നു. ബിജെപിയാണ് അക്രമത്തിന് പിന്നിലെന്നും ഇത് വളരെ ആസൂത്രിതമായ പദ്ധതിയാണെന്നും ഇതര സംസ്ഥാന തൊഴിലാളികളെ പേടിപ്പിച്ച് ഓടിക്കുകയാണന്നും അല്‍പേഷ് ആരോപിക്കുന്നു. തനിക്കോ ക്ഷത്രിയ സംഘടനയ്‌ക്കോ ഈ അക്രമങ്ങളില്‍ യാതൊരു പങ്കുമില്ലെന്നും അല്‍പേഷ് ഠാക്കൂര്‍ പറയുന്നു.

അതേസമയം ഗുജറാത്തിലെ കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇതേതുടര്‍ന്നുള്ള അസംതൃപ്തികളുമാണ് കലാപത്തിന് കാരണമാകുന്നത് എന്നാണ് അല്‍പേഷിനെ ന്യായീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നല്‍കിയ വിശദീകരണം. അക്രമങ്ങളെ തുടര്‍ന്ന് 60,000ത്തിലധികം ഹിന്ദി ഭാഷക്കാരായ കുടിയേറ്റ തൊഴിലാളികള്‍ ഗുജറാത്ത് വിട്ടതായാണ് ഉത്തര്‍ ഭാരതീയ വികാസ് പരിഷദ് പ്രസിഡന്റ് ശ്യാം സിംഗ് ഠാക്കൂര്‍ പറഞ്ഞത്. മറാത്തികള്‍ക്ക് തൊഴിലവസരങ്ങള്‍ കിട്ടുന്നില്ല എന്നും മറ്റ് സംസ്ഥാനക്കാര്‍ തൊഴില്‍ കയ്യേറുകയാണെന്നും ആരോപിച്ചാണ് 1960കളുടെ അവസാനം ബാല്‍ താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന രൂപം കൊള്ളുകയും ആദ്യം ദക്ഷിണേന്ത്യക്കാര്‍ക്കും പിന്നീട് ഉത്തരേന്ത്യക്കാര്‍ക്കും നേരെ വ്യാപക അക്രമം അഴിച്ചുവിട്ടതും. വടക്കന്‍ ഗുജറാത്തിലെ സാനന്ദിലുള്ള ഓട്ടോമൊബൈല്‍ മാനുഫാക്ച്വറിംഗ് ഹബില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പകരം ഗുജറാത്തികളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്ഷത്രിയ സേന ആദ്യം രംഗത്തെത്തിയത്. ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒക്ടോബര്‍ എട്ടിന് ഒരു അധികാര്‍ യാത്രയ്ക്ക് അല്‍പേഷ് ഠാക്കൂര്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും പിന്നീട് ഇത് റദ്ദാക്കി.

നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിവിരുദ്ധ വികാരം ശക്തമാക്കുന്നതില്‍, ദലിത് നേതാവ് ജിഗ്നേഷ് മേവാനി, പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ എന്നിവര്‍ക്കൊപ്പം പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് അല്‍പേഷ് ഠാക്കൂര്‍ വഹിച്ചത്. തങ്ങളെ ഒബിസി വിഭാഗമായി പരിഗണിച്ച് സംവരണം നല്‍കണമെന്ന പട്ടീദാര്‍ (പട്ടേല്‍) സമുദായത്തിന്റെ ആവശ്യത്തിനെതിരെ ശക്തമായി പ്രചാരണം നടത്തിക്കൊണ്ടാണ് അല്‍പേഷ് ഠാക്കൂര്‍ മാധ്യമശ്രദ്ധ നേടുന്നത്. സമുദായ സമവാക്യങ്ങള്‍ ബിജെപിക്ക് എതിരെ തിരിച്ചുവിടാന്‍ കഴിഞ്ഞതിലൂടെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിറപ്പിക്കാനും നേട്ടമുണ്ടാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞു. അതേസമയം അല്‍പേഷ് ഠാക്കൂര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടി വേണമെന്നാണ് ജിഗ്നേഷ് മേവാനിയും ഹാര്‍ദിക് പട്ടേലും ആവശ്യപ്പെട്ടത്.

ഇതുവരെ 342 പേര്‍ അറസ്റ്റിലായിരിക്കുന്നു. ഇവര്‍ അല്‍പേഷ് ഠാ്ക്കൂറിന്റെ ക്ഷത്രിയ ഠാക്കൂര്‍ സേനയുമായി ബന്ധപ്പെട്ടവരാണ് എന്നാണ് ആരോപണം. 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. സാനന്ദിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ അക്രമം ഭയന്ന് പലായനം ചെയ്യാന്‍ തുടങ്ങിയത് മേഖലയിലെ വ്യാവസായിക ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചു. അല്‍പേഷ് ഠാക്കൂറിന്റെ ആളുകള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അയാളോട് രാഹുല്‍ ഗാന്ധി ചോദിക്കണമെന്നാണ് ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ പട്ടേല്‍ ആവശ്യപ്പെട്ടത്. അല്‍പേഷ് ഠാക്കൂറിനെ ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ബിജെപി, കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട്. ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകനായ അല്‍പേഷ് 2017ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് രാഹുല്‍ ഗാന്ധിയുടെ ക്ഷണ പ്രകാരം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഗുജറാത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും വര്‍ദ്ധിക്കുകയാണെന്നും സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാണെന്നും കോണ്‍ഗ്രസ് പറയുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തോല്‍വി മുന്നില്‍ കാണുന്ന ബിജെപി ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഗുജറാത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും വര്‍ദ്ധിക്കുകയാണെന്നും സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാണെന്നും കോണ്‍ഗ്രസ് പറയുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തോല്‍വി മുന്നില്‍ കാണുന്ന ബിജെപി ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ സത്യമെന്ന് തെളിഞ്ഞാല്‍ രാജി വയ്ക്കുമെന്നാണ് അല്‍പേഷ് ഠാക്കൂര്‍ പറയുന്നത്.

ഗുജറാത്ത് ജനസംഖ്യയില്‍ 14 ശതമാനമാണ് പട്ടേല്‍ സമുദായം. പട്ടേല്‍ സമുദായത്തില്‍ വലിയൊരു വിഭാഗം ബിജെപിക്ക് എതിരാണ്. ഉനയിലേതടക്കമുള്ള അക്രമങ്ങളെ തുടര്‍ന്ന് ദലിതരും വ്യാപകമായി ബിജെപിക്കെതിരെ തിരിഞ്ഞിരുന്നു. കോലി, ഠാക്കൂര്‍ സമുദായങ്ങള്‍ ചേര്‍ന്ന് 44 ശതമാനം. ഈ സമുദായങ്ങളുടെ പിന്തുണ തേടാന്‍ ബിജെപി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് അല്‍പേഷ് ഠാക്കൂറും ക്ഷത്രിയ ഠാക്കൂര്‍ സേനയും വലിയ പ്രതിബന്ധമാണ്.
അല്‍പേഷ് ഠാക്കൂര്‍ ബിജെപിയിലേയ്ക്ക് പോയേക്കും എന്ന അഭ്യൂഹം ശക്തമായി പ്രചരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇത്തരം സൂചനകള്‍ അല്‍പേഷ് നല്‍കുന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നിലുള്ള ഉറച്ച വിശ്വാസത്തെക്കുറിച്ചാണ് അല്‍പേഷ് ഠാക്കൂര്‍ പറയുന്നത്.

https://www.azhimukham.com/india-cowpolitics-bjp-congress-madhyapradesh/
https://www.azhimukham.com/india-what-is-behind-amitshahs-confidence-loksabhaelection2019/

Next Story

Related Stories