UPDATES

മോദി ആഗ്രഹിക്കുന്നത് സമഗ്രാധിപത്യം, ചെറുക്കുക, ബഹിഷ്ക്കരിക്കുക: അരുണ്‍ ഷൂരി (പ്രസംഗത്തിന്റെ പൂര്‍ണരൂപം)

നിങ്ങള്‍ കണ്ടെത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അലോസരം പ്രകടിപ്പിക്കുന്നു എന്നതാണ് നിങ്ങള്‍ ശരിയായ പാതയിലാണ് എന്നതിന്റെ ഏറ്റവും നല്ല ഉറപ്പ്

നിങ്ങളുടെ പ്രധാന വാര്‍ത്തയില്‍ നിന്നും വായനക്കാരുടെയും കാഴ്ചക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന തരത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഉപകരണങ്ങളായി മാറരുതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപിയുടെ മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന അരുണ്‍ ഷൂറി മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്‍ഡിടിവി ഉടമസ്ഥരായ പ്രണോയ് റോയിക്കും രാധിക റോയിക്കും എതിരെ സിബിഐ നടത്തിയ നീക്കങ്ങളില്‍ പ്രതിഷേധിക്കുന്നതിന് ഡല്‍ഹി പ്രസ് ക്ലബില്‍ ഒത്തു ചേര്‍ന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു ഷൂറിയുടെ ഉപദേശം.

അരുണ്‍ ഷൂരിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

പ്രിയ സുഹൃത്തുക്കളെ,

ഒരുപാട് സുഹൃത്തുക്കളെ ഒന്നിച്ചു കൊണ്ടുവരാന്‍ സഹായിച്ച നരേന്ദ്ര മോദിയോട് എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തിക്കൊണ്ട് തുടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള നന്ദി സൂചകമായി ഒരു ഈരടി ചൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആരാണ് അത് എഴുതിയതെന്ന് കുല്‍ദീപ് നയ്യാര്‍ നമ്മോട് പറയും:

‘നിങ്ങള്‍ക്ക് മുമ്പെ ഈ സിംഹാസനം കൈക്കലാക്കിയ അദ്ദേഹം
നിങ്ങളെ പോലെ തന്നെ ദൈവമാണെന്ന് അദ്ദേഹവും സ്വയം വിശ്വസിച്ചിരുന്നു’

ഒരു പാകിസ്ഥാനി കവിയുടെ വരികളാണിത് (ഹബീബ് ജലീബ്). ഗ്രന്ഥ സാഹിബിലെ ചില വരികള്‍ പറഞ്ഞുകൊണ്ട് എന്നെ ഞാന്‍ സംരക്ഷിക്കേണ്ടിയിരിക്കുന്നു (പാകിസ്ഥാനി കവിയുടെ വരികള്‍ പറഞ്ഞതുകൊണ്ട് എന്ന് വ്യംഗ്യം. സ്വയം സംരക്ഷിക്കുന്നതായി കൈകള്‍ കൊണ്ട് ആംഗ്യം കാണിക്കുന്നു)

‘രാമനും പോയി, രാവണനും പോയി
അതുപോലെ ഈ ആള്‍ക്കാരും പോകും’

ആ വിശ്വാസം നമുക്ക് വേണം. ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ പരിചയായി നിന്നിട്ടുള്ള ഫാലി നരിമാനെ പോലുള്ള ഒരാള്‍ ഇത്രം നല്ല ഒരു വിശദീകരണം നല്‍കിയ സ്ഥിതിക്ക് നിയമത്തെ കുറിച്ചും വസ്തുതകളെ കുറിച്ചും ഇനി ഒന്നും കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യമില്ല. നിഖാല്‍ സിംഗ് സാഹിബ് നിര്‍ദ്ദേശിച്ച ചോദ്യത്തെ ഞാന്‍ അഭിസംബോധന ചെയ്യാം. ചോദ്യം ഇതാണ്: നമ്മള്‍ എന്ത് ചെയ്യും? എല്ലാ തലമുറകളെയും സ്വതന്ത്ര്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചിട്ടുള്ളതിനാല്‍ അടിയന്തരാവസ്ഥയുടെ കാലത്ത് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ട ആവശ്യമില്ലെന്നാണ് കുല്‍ദീപ് നയ്യാര്‍ പറഞ്ഞത്. ഇപ്പോള്‍, ഒരിക്കല്‍ കൂടി പാഠങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ഒരു പുതിയ ഘട്ടം ആരംഭിച്ചിരിക്കുന്നു എന്നതാണ് നാം തിരിച്ചറിയേണ്ട ആദ്യ കാര്യം.

ഈ കാലത്തിനിടയില്‍ സര്‍ക്കാര്‍ രണ്ട് ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. പരസ്യം എന്ന കൈക്കൂലി നല്‍കിക്കൊണ്ട് മാധ്യമങ്ങളുടെ വായടയ്ക്കുക എന്നതായിരുന്നു ഒന്ന്. വായില്‍ എല്ല് കടിച്ചുപിടിച്ചിരിക്കുന്ന പട്ടിക്ക് കുരയ്ക്കാന്‍ കഴിയില്ലെന്ന് ഒരു സുളു ചൊല്ലുണ്ട്. അതായത്, അവര്‍ മാധ്യമങ്ങളെ പരസ്യങ്ങള്‍ നിറച്ച മാധ്യമങ്ങളാക്കി മാറ്റുകയും അങ്ങനെ അതിനെ കുരയ്ക്കാന്‍ വിടാതിരിക്കുകയും ചെയ്തു. രണ്ടാമതായി, ഭീതി ഗൂഢമായി പരത്തിക്കൊണ്ട് മാധ്യമങ്ങളെ അവര്‍ ഭരിക്കുകയും നിയന്ത്രിക്കുകയുമായിരുന്നു: ‘നിങ്ങള്‍ക്ക് അറിയാമോ, മോദി എല്ലാം ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹത്തിന് ഒരു വലിയ സംഘമുണ്ട്, അദ്ദേഹത്തിന് അതുണ്ട്, അദ്ദേഹത്തിന് ഇതുണ്ട്… സിബിഐയെ അമിത് ഷാ നിയന്ത്രിക്കുന്നു, നാളെ നിങ്ങളെ അവര്‍ ഇങ്ങനെ ചെയ്യും…’

പക്ഷെ അത് സംഭവിച്ചിരിക്കുന്നു- സിബിഐ റെയ്ഡുകള്‍- എന്നിട്ടും ആ മനുഷ്യന്‍- റോയി-ഇപ്പോഴും ജീവിച്ചിരിക്കുന്നു. ചാനല്‍ ഇപ്പോഴും സംപ്രേക്ഷണം ചെയ്യുന്നു. ആ രണ്ട് ഉപകരണങ്ങളില്‍ നിന്നും അവര്‍ക്ക് നേടാവുന്നതെല്ലാം അവര്‍ക്ക് കിട്ടി എന്ന് നിങ്ങള്‍ മനസിലാക്കണം. അതുകൊണ്ട് ഇപ്പോള്‍ അവര്‍ തുറന്ന സമ്മര്‍ദ്ദം എന്ന തങ്ങളുടെ മൂന്നാമത്തെ ഉപകരണം ഉപയോഗിക്കുന്നു. അവര്‍ എന്‍ഡിടിവിയെ ഒരു ഉദാഹരണമായി എടുത്തിരിക്കുന്നു. വരുന്ന മാസങ്ങളില്‍ അവര്‍ ഇത് കൂടുതല്‍ തീവ്രമാക്കും. ഭരണകൂടത്തിന്റെ സ്വഭാവം കൊണ്ടുതന്നെ അതിന്റെ ജീനുകള്‍ സമഗ്രാധിപത്യപരമാണ് എന്നതാണ് ഒരു കാര്യം. സമഗ്രാധിപത്യം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? ഇന്ത്യയുടെ മുഴുവന്‍ ഭൂപ്രദേശത്തിന്റെയും സമ്പൂര്‍ണ ആധിപത്യം, ജീവിതത്തിന്റെ എല്ലാ മണ്ഡലത്തിലും എല്ലാ വേദികളിലും അവര്‍ക്ക് ആധിപത്യം വേണം. അതുകൊണ്ടു തന്നെ ക്രമം പരിശോധിക്കുകയാണെങ്കില്‍ അവര്‍ സമഗ്രാധിപത്യം പടിപടിയായി വ്യാപിപ്പിക്കുകയാണ് എന്ന് കാണാം.

രണ്ടാമത്, അവരുടെ അവകാശവാദങ്ങളും (അവരുടെ പരസ്യങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും) തങ്ങളുടെ ജീവിതത്തിന്റെ അടിത്തട്ടില്‍ ജനങ്ങള്‍ക്ക് തോന്നുന്നതും (തന്റെ തൊഴില്‍ നഷ്ടപ്പെടുന്ന ഒരു കര്‍ഷകനായാലും മറ്റൊരു വ്യക്തിയായലും) തമ്മിലുള്ള അന്തരം ഇപ്പോള്‍ തന്നെ വലുതാണ്. നിക്ഷേപങ്ങള്‍ പുനരുജ്ജീവിക്കാതിരിക്കുകയും അതുപോലെയുള്ള കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യുന്ന അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഈ അന്തരം കൂടുതല്‍ വലുതാകും. അക്കാരണത്താല്‍ തന്നെ ഭിന്നാഭിപ്രായങ്ങളെ നിയന്ത്രിക്കുന്നതിന് പകരം അടിച്ചമര്‍ത്താനായിരിക്കും അവര്‍ ഇനി ശ്രമിക്കുക. അതുകൊണ്ട് തന്നെ, നരിമാന്‍ നമ്മെ ഓര്‍മ്മിപ്പിച്ചത് പോലെ, തന്റെ ജീവിതത്തില്‍ ഉടനീളം കുല്‍ദീപ് തെളിയിച്ചത് പോലെ, ഇന്ത്യയില്‍ പത്രങ്ങള്‍ക്കെതിരെ, മാധ്യമങ്ങള്‍ക്ക് എതിരെ കൈ ഉയര്‍ത്തിട്ടുള്ള എല്ലാവരുടെയും കൈ പൊള്ളിയിട്ടുണ്ടെന്നും അവര്‍ക്ക് കൈ പിന്‍വലിക്കേണ്ടി വന്നിട്ടുണ്ടെന്നും എന്ന യഥാര്‍ത്ഥ്യത്തെ പൂര്‍ണമായും വിശ്വസിച്ചുകൊണ്ട് നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.

ജഗന്നാഥ് മിശ്രയുടെ പത്ര ബില്ല്… രാജീവ് ഗാന്ധിയുടെ ബില്ല്… രാംനാഥ്ജിയെ (രാംനാഥ് ഗോയങ്കെ) പുറത്താക്കുകയും ഒരു പാവ ബോര്‍ഡിനെ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസ് ഏറ്റെടുത്ത മിസിസ് ഗാന്ധി തുടങ്ങി മാധ്യമങ്ങള്‍ക്കെതിരെ കൈ പൊക്കിയ എല്ലാവരുടെയും കൈ പൊള്ളുകയും അവര്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. അപകീര്‍ത്തി ബില്ലിന്റെ സമയത്ത് നമ്മള്‍ ഇവിടെ യോഗം ചേര്‍ന്ന കാര്യം എച്ച്‌കെ ദുവ ഓര്‍മ്മിപ്പിച്ചു. പക്ഷെ ഞാന്‍ പറയുന്നു, ഇന്ന് ഉള്ള അത്രയും ആളുകള്‍ അന്നിവിടെ ഉണ്ടായിരുന്നില്ല. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന രണ്ടാമത്തെ കാര്യം: വസ്തുതകള്‍ വ്യക്തമാണ്. നരിമാന്‍ അത് പറഞ്ഞു കഴിഞ്ഞു. എന്‍ഡിടിവി അത് പുറത്തുവിട്ടു കഴിഞ്ഞു. ആ വസ്തുതകള്‍ക്ക് ഉത്തരം നല്‍കാന്‍ സിബിഐയ്ക്ക് സാധിച്ചിട്ടില്ല. ദി വയറിലാണെന്ന് തോന്നുന്നു ഇന്നൊരു വാര്‍ത്ത ഉണ്ട്. രാജ്യത്തെ 30,000 കോടി രൂപ കബളിപ്പിക്കുകയും ഖജനാവിന് നഷ്ടം വരുത്തുകയും ചെയ്ത രണ്ട് വലിയ സ്ഥാപനങ്ങളെ കുറിച്ച് സ്വകാര്യ വ്യക്തികള്‍ മാത്രമല്ല റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റും നല്‍കിയ പരാതികള്‍ക്ക് എന്ത് സംഭവിച്ചുവെന്നും സിബിഐ ആ പരാതികളില്‍ എന്ത് നടപടികളാണ് എടുത്തതെന്നുമാണത്. അതുകൊണ്ടുതന്നെ വസ്തുതകള്‍ അനിഷേധ്യമാണ്.

പക്ഷെ മറ്റൊന്ന് പറയാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്: പരസ്പരം വിധിയെഴുതുന്നതിനുള്ള സമയമല്ല ഇത്. എന്റെ വ്യക്തിജീവിതത്തില്‍ നിന്നുള്ള അനുഭവങ്ങളില്‍ നിന്നാണ് ഞാനിത് പറയുന്നത്. നിങ്ങള്‍ക്ക് സേവിക്കേണ്ടി വരുമ്പോള്‍ നിങ്ങളുടെ സേവനം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലുള്ളതാവരുത്. കാരണം, അയാളെ സേവിക്കാതിരിക്കുന്നതിനുള്ള ഒരുപാട് കാരണങ്ങള്‍ നിങ്ങളുടെ മനസ് നിര്‍ദ്ദേശിച്ചുകൊണ്ടേയിരിക്കും. അയാള്‍ ജീവിതകാലം മുഴുവന്‍ സിഗററ്റ് വലിച്ചു, അതുകൊണ്ട് തന്നെ അയാള്‍ക്ക് കാന്‍സര്‍ വന്നതില്‍ അത്ഭുതമില്ല, അയാള്‍ അനുഭവിക്കട്ടെ. അതുകൊണ്ടുതന്നെ ഇത് വിധിയെഴുത്തിനുള്ള സമയമല്ല. നിങ്ങള്‍ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങളുടെ സുഹൃത്തിനെ സഹായിക്കുകയും പിന്തുണയ്ക്കുകയും തുണയായിരിക്കുകയും സേവിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ കുത്തിവച്ചുകൊണ്ട് മാധ്യമങ്ങളെ ധ്രൂവീകരിക്കാനും നിലവിലുള്ള മാധ്യമങ്ങളെ ഉപയോഗിച്ച് ബാക്കി മാധ്യമങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതുകൊണ്ട്, ദയവായി അതിനുള്ള ഉപകരണാകരുത്.

ഒന്നിച്ചു നില്‍ക്കുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. കാരണം, സ്വന്തം കൂട്ടാളികള്‍ തങ്ങളോടൊപ്പം നില്‍ക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെക്കാള്‍ ഒരു മനുഷ്യന്റെ ആത്മവീര്യം കെടുത്തുന്ന മറ്റൊന്നുമില്ലെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കും. ഈ സിവില്‍ സര്‍വീസിനെ ഞാന്‍ കണ്ടിട്ടിണ്ട്. എന്റെ കീഴില്‍ എടുക്കപ്പെട്ട തീരുമാനങ്ങളെ കുറിച്ചുള്ള മൂന്ന് സിബിഐ അന്വേഷണങ്ങളാണ് കഴിഞ്ഞ ഭരണകാലത്ത് ആരംഭിച്ചത്. തീരുമാനങ്ങള്‍ ഞാനാണെടുത്തതെന്നും അതിനാല്‍ തന്നെ അവര്‍ ഉത്തരവാദികളല്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് ഞാന്‍ കത്തയയ്ക്കുകയും അതുതന്നെ സിബിഐയോട് പറയുകയും ചെയ്തു. പക്ഷെ മറ്റ് ഉദ്യോഗസ്ഥര്‍ ആ ഉദ്യോഗസ്ഥരോടൊപ്പം നിന്നില്ല എന്ന വസ്തുത അവരുടെ മനോവീര്യം കെടുത്തി. അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തില്‍ നമ്മള്‍ ഒന്നിച്ച് നില്‍ക്കണം. പള്ളികളുടെ ഏകോപനം എന്ന് ഹിറ്റ്‌ലര്‍ വിശേഷിപ്പിച്ച നടപടികള്‍ക്കെതിരെ നിന്ന ജര്‍മ്മനിയിലെ ഒരു ലൂതറൈന്‍ പാതിരിയുടെ പ്രസിദ്ധമായ വരികള്‍ ഫാലി നരിമാന്‍ ഉദ്ധരിച്ചു. എന്നാല്‍ അതിലും പഴക്കമുള്ള, 2,000 വര്‍ഷം പഴക്കമുള്ള റാബി ഹില്ലെലിന്റെ വരികളുണ്ട്. അതിങ്ങനെ:

‘എനിക്കുവേണ്ടി ഞാനില്ലെങ്കില്‍ പിന്നെ ആരുണ്ടാവും?
പക്ഷെ ഞാന്‍ എനിക്കുവേണ്ടി മാത്രമാണെങ്കില്‍, ആരാണ് ഞാന്‍?
ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍?’

പക്ഷെ ഇക്കാര്യത്തില്‍ നാം ജാഗരൂകരല്ലെന്നതാണ് മാധ്യമങ്ങളിലുള്ള എന്റെ സഹപ്രവര്‍ത്തകരോട് എനിക്കുള്ള പരാതി. കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി മാധ്യമപ്രവര്‍ത്തകരുടെ ഒരു യോഗത്തിനായി എന്നെ ജയ്പൂരിലേക്ക് ക്ഷണിക്കുകയും അവിടെ വച്ച് രാജസ്ഥാന്‍ പത്രിക എന്ന പത്രത്തിന് വരുത്തിവച്ച മാനഹാനിയെയും സാമ്പത്തിക നഷ്ടങ്ങളെയും കുറിച്ച് അറിയാന്‍ ഇടവരികയും ചെയ്തു. പക്ഷെ ന്യൂഡല്‍ഹി പത്രങ്ങളുടെ, ഡല്‍ഹി ദിനപ്പത്രങ്ങളുടെയും ഒരു ശരാശരി വായനക്കാരന്‍ എന്ന നിലയില്‍ അതിനെ കുറിച്ച് എനിക്ക് അറിയാനേ സാധിച്ചില്ല. അതുകൊണ്ടുതന്നെ പ്രണോയ് റോയിയെ പോലെയുള്ള ഒരു പ്രമുഖനെ കുറിച്ച് മാത്രമല്ല രാജ്യത്തെമ്പാടും നടക്കുന്ന ഇത്തരത്തിലുള്ള ഏത് ശ്രമങ്ങളെ കുറിച്ചും നമ്മള്‍ ജാഗ്രതയുള്ളവരായിരിക്കണം. കാരണം, അങ്ങനെയാണ് ആ പ്രദേശങ്ങളില്‍ ഭയം വിതയ്ക്കപ്പെടുന്നത്. ഇതിനുള്ള കാരണം സര്‍ക്കാരിന്റെ നിരീക്ഷിത പ്രതികരണങ്ങളാണ്. ഇവിടെ കൂടിയിരിക്കുന്ന നിരവധി മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട് എന്ന വസ്തുത നിങ്ങള്‍ക്ക് ഉറപ്പിക്കാം. സമൂഹ മാധ്യമങ്ങളില്‍ പോലും അവര്‍ വളരെ സചേതനമാണെന്നും എനിക്ക് പറയാന്‍ സാധിക്കും. ട്വിറ്ററിലും ഫേസ്ബുക്കിലും എന്താണ് സംഭവിക്കുന്നത് എന്ന് നിരീക്ഷിക്കാന്‍ അവര്‍ക്ക് ഒരു പൂര്‍ണസംഘമുണ്ട്. അവിടെ എത്രപേര്‍ കൂടിയിട്ടുണ്ട് എന്ന് അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും, രാവിഷ് കുമാറിനെ പോലെയുള്ള ഭീരുക്കളല്ലാത്ത എത്രപേര്‍ അവിടെ കൂടിയിട്ടുണ്ടെന്ന് കണ്ടുപിടിക്കാന്‍ അവര്‍ക്ക് സാധിക്കും. അങ്ങനെ ഒരു തെറ്റായ ചുവടാണ് വച്ചിരിക്കുന്നത് എന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും. പിന്നെ അത് തിരുത്താനുള്ള വഴി അവര്‍ക്ക് കണ്ടുപിടിക്കേണ്ടി വരും.

പക്ഷെ സര്‍ക്കാരുകളെ നമ്മള്‍ സഹായിക്കുന്ന ഒരു രീതിയുണ്ട്. ആദ്യം പ്രണോയ് റോയിയുടെ അടുത്ത് പോയിട്ട് ‘സര്‍ എന്താണ് യാഥാര്‍ത്ഥ്യം?’ എന്ന് ചോദിക്കും. പിന്നീട് സിബിഐയുടെ അടുത്തുപോയിട്ട് ‘സര്‍ എന്താണ് യാഥാര്‍ത്ഥ്യം?’ എന്ന് ചോദിക്കും. നിഷ്പക്ഷതയുടെ കച്ചവടം. തീകൊളുത്തുന്നവനും അഗ്നിശമനസേനക്കാരനും ഇടയിലുള്ള തികഞ്ഞ നിഷ്പക്ഷത. ഇങ്ങനെയാണ് സര്‍ക്കാര്‍ നിങ്ങളെ ഉപയോഗിക്കുക. അതിനെ നിങ്ങള്‍ ചെറുക്കേണ്ടിയിരിക്കുന്നു. സര്‍, അതുകൊണ്ട്, അതിന് അപ്പുറത്തേക്ക് പോവുകയും സ്വതന്ത്ര വിവരങ്ങളുടെ സ്വതന്ത്ര വ്യാപനത്തിനെ തടയുന്നതിനായി സ്വീകരിക്കപ്പെടുന്ന ഓരോ നടപടികളെ കുറിച്ചും ജാഗരൂകരായിരിക്കുകയും ചെയ്യുക. വിവരാവകാശത്തെ ശ്വാസം മുട്ടിക്കുന്ന രീതിയോട് നമ്മള്‍ ഒരു സമൂഹം എന്ന നിലയില്‍ പ്രതികരിച്ചില്ല എന്നത് നിരാശാജനകമാണ്.

അവര്‍ വളരെ ഗംഭീര ജോലിയാണ് ചെയ്യുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിലെ രാജ് കമല്‍ ഝാ എന്നോടു പറയുന്നു; കുല്‍ദീപ്ജിയും നിഹാല്‍ജിയും അവിടെ എഡിറ്റര്‍മാരായിരുന്നു-എല്ലാ അപേക്ഷകളും ആദ്യ ഘട്ടത്തില്‍ തന്നെ നിരാകരിക്കപ്പെടുന്നു. നിങ്ങള്‍ വളരെക്കാലം അതിന്റെ പിന്നാലെ നടക്കുകയും അപ്പീല്‍ ഘട്ടത്തില്‍ എത്തുകയും ചെയ്താല്‍ മാത്രമേ വളച്ചൊടിച്ചതോ അല്ലെങ്കില്‍ ഭാഗികമായതോ ആയ എന്തെങ്കിലും വീണുകിട്ടുകയുള്ളു. പക്ഷെ നമ്മള്‍ പത്രക്കാര്‍ ഇത്തരം വസ്തുതകളൊന്നും പ്രസിദ്ധീകരിക്കുന്നില്ല. പക്ഷെ അതാണ് നമുക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വിലപ്പെട്ട അവകാശങ്ങളില്‍ ഒന്ന്. അതുകൊണ്ടാണ്, അഭിപ്രായസ്വാതന്ത്ര്യത്തില്‍ മാത്രമല്ല, വിവരങ്ങളുടെ വ്യാപനത്തിലുമുള്ള ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം എന്ന് ഞാന്‍ ഉദ്‌ബോധനം ചെയ്യുന്നത്. ‘വിവരങ്ങള്‍ ലഭ്യമായാലേ എനിക്ക് സംസാരിക്കാനാവൂ,’ എന്ന ജസ്റ്റിസ് ഭഗവതിയുടെ വാക്കുകള്‍ ഫാലി നമ്മെ ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് തന്നെ വിവരങ്ങള്‍ ശേഖരിക്കാനും വിവരങ്ങള്‍ ലഭിക്കാനുമുള്ള സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യത്തില്‍ നിന്നും ഒഴുകിയെത്തുന്നു.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എല്ലാവര്‍ക്കുമെതിരെ കള്ളങ്ങളും അധിക്ഷേപങ്ങളും പ്രചരിപ്പിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുകയും അതിനെതിരെ പ്രത്യാക്രമണം നടത്തുകയും ചെയ്യണം. നിങ്ങളില്‍ പലരും കണ്ടുമുട്ടിയിട്ടുള്ള ഹിരണ്‍ ജോഷി എന്ന ആള്‍ തലവനായ ഒരു മുഴുവന്‍ സംഘം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇതിനായി മോദിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കുകയും പ്രധാനമന്ത്രിക്ക് വിവരങ്ങള്‍ നല്‍കുകയും ചെയ്യുകയാണ് ഇവരുടെ ഒരേ ഒരു പണി. അപ്പോള്‍ അദ്ദേഹം അതിനെ കുറിച്ച് ജാഗരൂകനാണ്; അതാണ് അദ്ദേഹത്തിന്റെ ദൗര്‍ബല്യം. പ്രത്യേകിച്ചും വിദേശ മാധ്യമങ്ങളില്‍ നടക്കുന്നതിനെ കുറിച്ച്. അതുകൊണ്ട് ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും വിദേശ മാധ്യമങ്ങളെ അറിയിക്കുക. നിങ്ങള്‍ നിരീക്ഷിക്കുന്നത് ഞങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് സമൂഹ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ അറിയിക്കുക.

ഇവിടെ ഒരു പ്രധാനപ്പെട്ട കാര്യം എനിക്ക് സൂചിപ്പിക്കാനുണ്ട്. കഴിഞ്ഞ മൂന്ന്, നാല് വര്‍ഷത്തിനിടയില്‍ ഇത് സംഭവിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ വഴങ്ങിക്കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചെറിയ ആനൂകുല്യങ്ങള്‍ നിങ്ങള്‍ക്ക് സമാധാനം വാങ്ങിത്തരും എന്ന വിശ്വാസത്തില്‍ നിങ്ങള്‍ ഒരിക്കലും പ്രലോഭിതരാകരുത്. ഈ മന്ത്രിമാരുടെ ലേഖനങ്ങള്‍ക്ക് നിങ്ങള്‍ പ്രാധാന്യം നല്‍കുകയോ അല്ലെങ്കില്‍ അവര്‍ക്ക് ആവശ്യത്തിന് പ്രക്ഷേപണ സമയം നല്‍കുകയോ ചെയ്തതിനാല്‍ ഒരു പ്രതിസന്ധിയില്‍ അവര്‍ നിങ്ങളെ സഹായിക്കും എന്ന് നിങ്ങളില്‍ പലരും ചിന്തിക്കുന്നുണ്ട്. നമ്മുടെ സ്വന്തം പത്രമായ ഇന്ത്യന്‍ എക്‌സ്പ്രസ് എന്റെ സുഹൃത്ത് വെങ്കയ്യ നായിഡുവിന് ഒരു ലേഖനമെഴുതാന്‍ ഒരു പേജിന്റെ മൂന്നില്‍ നാല് ഭാഗം നല്‍കുന്നു. കുല്‍ദീപ് നയ്യാര്‍ എനിക്കൊരിക്കലും അത്രയും സ്ഥലം അനുവദിച്ചിട്ടില്ല.

അതേ വെങ്കയ്യ നായിഡുവിന് നിങ്ങള്‍, മൂന്നാം ക്ലാസിലെ കുട്ടികള്‍ക്കുള്ള ഒരു ചെറിയ നോട്ടുപുസ്തകം നല്‍കിയതിന് ശേഷം ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് യുക്തിഭദ്രമായി ഒരു പേജ് നിറച്ചു തരാന്‍ പറയൂ. അദ്ദേഹത്തിന് എഴുതാന്‍ അറിഞ്ഞുകൂടെന്ന് തിരിച്ചറിഞ്ഞ ശേഷം നിങ്ങള്‍ പ്രസിദ്ധീകരിക്കൂ. എന്നാല്‍ ഇത്രയും സ്ഥലം അദ്ദേഹത്തിന് നല്‍കുന്നതിലൂടെ, ഈ മനുഷ്യര്‍ക്ക് അത്രയും പ്രക്ഷേപണ സമയം നല്‍കുന്നതിലൂടെ നിങ്ങള്‍ സമാധാനം കൈവരിക്കുകയാണെന്ന് നിങ്ങള്‍ വിചാരിക്കുന്നു. അല്ല. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്കെതിരെ ആക്രമണം വരുമ്പോള്‍ ഇവരൊന്നും സഹായിക്കില്ല. ഇപ്പോള്‍ മന്ത്രിമാരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രണ്ടര പുരുഷന്മാരുടെ സര്‍ക്കാരാണിത്. ഈ ആളുകള്‍, മന്ത്രിമാര്‍, വെറും അടിമപ്പണിക്കാരാണ്. അവര്‍ക്ക് നിങ്ങളെ സഹായിക്കാനാവില്ല.

യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്യാന്‍ പോകുന്നത്, അവരില്‍ ഒരാള്‍ പ്രണോയ് റോയിയുടെ ചങ്ങാതിയാണെങ്കില്‍, ‘ഞാന്‍ പ്രണോയ് റോയിയുടെ ചങ്ങാതിയാണ്’ എന്ന് മോദി വിചാരിക്കും എന്ന് പേടിക്കുകയും ‘അതുകൊണ്ട് അദ്ദേഹത്തില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ് നല്ലത്’ എന്ന നിഗമനത്തില്‍ എത്തുകയും ചെയ്യും. അതുകൊണ്ട് ചെറിയ ഒരു ആനുകൂല്യം നേടിക്കൊണ്ട് നിങ്ങള്‍ക്ക് സമാധാനത്തിലെത്താം എന്ന് ധരിക്കരുത്. നിസഹകരണത്തിന്, ബഹിഷ്‌കരണത്തിനാണ് ഞാന്‍ ആഹ്വാനം ചെയ്യുക. അവരെ അവഗണിക്കുക… അവരുടെ വാര്‍ത്താസമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കുക.

അപകീര്‍ത്തി ബില്ലിനെ കുറിച്ച് ദുവ സാഹിബ് നമ്മെയെല്ലാം ഓര്‍മ്മിപ്പിച്ചു. രാജ്യത്തെമ്പാടുമുള്ള എഡിറ്റര്‍മാരെയെല്ലാം ടെലിഫോണില്‍ ബന്ധപ്പെടുക എന്നതാണ് ഏറ്റവും ഫലപ്രദമായി നമ്മള്‍ ഉപയോഗിച്ച ആയുധങ്ങളില്‍ ഒന്ന്. ഒരു കാര്യം നമ്മള്‍ പറഞ്ഞു: ‘രാജീവ് ഗാന്ധി സര്‍ക്കാരിലെ ഒരു മന്ത്രി നിങ്ങളുടെ നഗരത്തില്‍ എത്തുകയും വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ അപകീര്‍ത്തി ബില്ലിന് അനുകൂലമാണ് അല്ലയോ എന്നതായിരിക്കണം ആദ്യം ചോദ്യം. മന്ത്രി ഉത്തരം നല്‍കാതിരിക്കുകയോ ഉത്തരം അവ്യക്തമായിരിക്കുക അല്ലെങ്കില്‍ ആണ് എന്നാണ് ഉത്തരമെങ്കിലോ എഴുന്നേറ്റ് സ്ഥലം വിടുക.’ ഭീകരവാദികളുടെ ജീവവായുവാണ് പ്രസിദ്ധി. അടിമപ്പണിക്കാരുടെ ജീവവായുവും അത് തന്നെയാണ്. തങ്ങള്‍ക്കും സര്‍ക്കാര്‍ നയങ്ങള്‍ തങ്ങള്‍ ന്യായീകരിക്കുന്നതിനും ലഭിക്കുന്ന പ്രചാരം അവര്‍ക്ക് മോദിയെ കാണിക്കേണ്ടതുണ്ട്. അതുകൊണ്ട് അവരെ ഒഴിവാക്കുക. അവരുടെ വാര്‍ത്താസമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കുക. നിങ്ങളുടെ യോഗങ്ങള്‍ക്ക് അവരെ ക്ഷണിക്കരുത്. ഒരു മന്ത്രിയായിരുന്നില്ലെങ്കില്‍ നിങ്ങളുടെ യോഗത്തിന് ഒരിക്കലും വിളിക്കില്ലായിരുന്ന ഒരു വ്യക്തിയെ യാതൊരു കാരണവശാലും നിങ്ങളുടെ ചടങ്ങുകള്‍ക്ക് ക്ഷണിക്കരുത്. ഇത്തരത്തിലുള്ള നിസഹകരണത്തിന്റെ ചെറിയ ചില ലക്ഷണങ്ങള്‍ കാണിച്ചുകൊടുക്കുക എന്നിട്ട് അതിന്റെ ഫലങ്ങള്‍ കാണുക.

ഇന്ത്യയിലെ പോലെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്ക് ഇത്രയും സ്ഥലവും പ്രധാന്യവും നല്‍കുന്ന ഒരു രാജ്യവും ലോകത്തിലില്ല. ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്‍കുന്ന പേജില്‍ നിങ്ങള്‍ അവ പ്രസിദ്ധീകരിക്കുക. പകരം, ആള്‍ട്ട്-ന്യൂസ്, എസ്എം ഹോക്‌സ്-സ്ലേയേഴ്‌സ് തുടങ്ങിയ വസ്തുത പരിശോധിക്കുന്നവര്‍ പറയുന്നത് പ്രസിദ്ധീകരിക്കുക. സര്‍ക്കാരിന്റെ അവകാശവാദങ്ങളും യാഥാര്‍ത്ഥ്യങ്ങളും താരതമ്യം ചെയ്ത് അവര്‍ എന്താണ് കണ്ടെത്തുന്നത്? ഇന്ന്, പത്രങ്ങളൊക്കെ ശരദ് യാദവ്, നരേന്ദ്ര മോദി മുതല്‍പ്പേരുടെ ട്വീറ്റുകള്‍ പുനഃപ്രസിദ്ധീകരിക്കുന്നു. അവരുടെ ട്വീറ്റുകളില്‍ എന്ത് ജ്ഞാനമാണ് ഉള്ളത്? അതേ സ്ഥലത്ത് ആള്‍ട്ട്-ന്യൂസ് ആ ദിവസം പ്രസിദ്ധീകരിച്ചത് നിങ്ങള്‍ പ്രസിദ്ധീകരിക്കണം. അത് സത്യം പുറത്തുകൊണ്ടുവരും.
സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഇതിനകം നിങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. അസൗകര്യമുള്ള എന്തെങ്കിലും ഇന്ന് സംഭവിച്ചാല്‍ അപ്പോള്‍ തന്നെ മറ്റൊരു കഥ ആരംഭിക്കുക എന്നതാണ് അവരുടെ തന്ത്രങ്ങളില്‍ ഒന്ന്… നിങ്ങളുടെ കാഴ്ചക്കാരുടെയും നിങ്ങളുടെ വായനക്കാരുടെയും ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ഉപകരണങ്ങളായി മാറരുത്. അവരുടെ ശ്രദ്ധ പ്രധാന വാര്‍ത്തയില്‍ തന്നെ പിടിച്ചു നിറുത്തുക. അത് വളരെ പ്രധാനമാണ്.

സര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇരട്ടിപ്പിക്കുക. നിങ്ങള്‍ കണ്ടെത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അലോസരം പ്രകടിപ്പിക്കുന്നു എന്നതാണ് നിങ്ങള്‍ ശരിയായ പാതയിലാണ് എന്നതിന്റെ ഏറ്റവും നല്ല ഉറപ്പ്. സര്‍ക്കാര്‍ തമസ്‌കരിക്കാന്‍ ആഗ്രഹിക്കുന്നത് വാര്‍ത്തയാണ്. ബാക്കിയെല്ലാം പ്രചാരണം മാത്രം. അത് നിങ്ങള്‍ കുഴിച്ചെടുക്കണം. അവസാനമായി മൂന്ന് സംരക്ഷണങ്ങളേ നമുക്കുള്ളുവെന്ന് ദയവായി ഓര്‍ക്കണം. ഒന്ന് നമ്മുടെ ഐക്യമത്യമാണ്. രണ്ട് കോടതികള്‍. അതുകൊണ്ട് നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടിക്കും പ്രാമുഖ്യം നല്‍കണം. അത് അത്യാവശ്യമാണ്. മൂന്നാമത്തേത് നമ്മുടെ വായനക്കാരുടെ സംരക്ഷണമാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ, നമ്മള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും സര്‍ക്കാരിനെ അറിയിക്കുക. പക്ഷെ, സ്വയം ട്വിറ്റര്‍ ഹാന്‍ഡിലുകളായി മാറരുത്. വായനക്കാരന്റെ ജീവന്മരണ പ്രശ്‌നങ്ങളുടെ ആഴത്തിലുള്ള യാഥാര്‍ത്ഥ്യങ്ങളിലേക്ക് നിങ്ങള്‍ സഞ്ചരിക്കണം. അപ്പോള്‍ നിങ്ങള്‍ക്കെതിരെ കൈ ഉയരുമ്പോള്‍ അത് തങ്ങള്‍ക്കെതിരെ ഉയരുന്ന കൈയാണെന്ന് വായനക്കാര്‍ക്ക് മനസിലാവും.

സാധാരണ മുഖ്യധാര ചാനലുകളിലൂടെയും മാധ്യമങ്ങളിലൂടെയും വിവരങ്ങള്‍ ശേഖരിക്കുന്നതും പ്രചരിപ്പിക്കുന്നതും കൂടുതല്‍, കൂടുതല്‍ ബുദ്ധിമുട്ടുള്ളതായി തീരാതെ ഒരു വര്‍ഷവും കടന്ന് പോകുന്നില്ല. അതുകൊണ്ട് തന്നെ ഹാക്കിംഗിലും സര്‍ക്കാരിന്റെ സെന്‍സറിംഗിനെ അതിജീവിക്കുന്നതിലും വിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇന്റര്‍നെറ്റിനെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിലും വിദഗ്ധരായ യുവതലമുറയിലേക്ക് നമ്മുടെ ശ്രദ്ധ തിരിയേണ്ടത് അത്യാവശ്യമാണ്. ചൈനക്കാര്‍ക്ക് ചൈനീസ് ഭരണകൂടത്തെ മറികടക്കാമെങ്കില്‍ നമുക്ക് തീര്‍ച്ചയായും അത് ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് നിങ്ങളുടെ ബന്ധങ്ങള്‍ ഉപയോഗിക്കുകയും സര്‍ക്കാരിന്റെ സെന്‍സെര്‍ഷിപ്പിനെ മറികടക്കാന്‍ ശേഷിയുള്ള ഇവിടെയും വിദേശത്തും ഉള്ള ഇന്ത്യക്കാരുടെ അത്തരം ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും ചെയ്യുക.

അവസാനം അവര്‍ക്ക് എല്ലാം നിയന്ത്രിക്കുന്ന ഒരവസ്ഥ വന്നാല്‍ നിരാശരാവരുത്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ എല്ലാം കടന്നുപോകും. അവര്‍ മാധ്യമങ്ങളെ പൂര്‍ണമായും നിയന്ത്രിക്കുകയാണെങ്കില്‍, മാധ്യമങ്ങളിലൂടെ തങ്ങള്‍ വിഴുങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കാര്യങ്ങളും തങ്ങളുടെ സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്നതും തമ്മിലുള്ള വലിയ അന്തരം തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് സാധിക്കും എന്നത് മറ്റൊരു ഘടകമാണ്. പശുക്കളെ സ്‌നേഹിക്കുന്ന ഈ സര്‍ക്കാരിന് അപ്പോള്‍ ചത്ത പശുക്കളെയും കെട്ടിപ്പിടിച്ച് ഇരിക്കേണ്ടി വരും.

അരുണ്‍ ഷൂരിയുടെ പ്രസംഗം – വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍