TopTop
Begin typing your search above and press return to search.

ഇന്ത്യxഓസ്‌ട്രേലിയ: അരങ്ങേറ്റങ്ങളുടെ ആദ്യ ഏകദിനം

ഇന്ത്യxഓസ്‌ട്രേലിയ: അരങ്ങേറ്റങ്ങളുടെ ആദ്യ ഏകദിനം

ഉണ്ണികൃഷ്ണന്‍ ആര്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു പെര്‍ത്തില്‍ തുടക്കമായപ്പോള്‍, അതൊരുപിടി യുവതാരങ്ങളുടെ ക്രിക്കറ്റ് ജീവിതത്തിന്റെ ശുഭാരംഭം കൂടിയായി. ഇന്ത്യയുടെ ഒന്നും ഓസ്‌ട്രേലിയയുടെ രണ്ടും താരങ്ങള്‍ തങ്ങളുടെ ദേശീയ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചു.

ബരീന്ദര്‍ ബല്‍ബീര്‍സിംഗ് സ്രാന്‍ എന്ന 23കാരന്‍ ഇന്ത്യയുടെ നീല ജേഴ്‌സിയില്‍ ഇതാദ്യമായി വാക്കയില്‍ കളിക്കാനിറങ്ങി. സ്രാന്‍ മൂന്നു വിക്കറ്റ് നേടി തുടക്കം ഗംഭീരമാക്കുകയും ചെയ്തു. ഇന്ത്യയുടെ 207 മത്തെ ഏകദിന താരം. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന്റെ താരമായ സ്രാന്‍, അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തോടെയാണ് തന്റെ ടീമിലെ സ്ഥാനം പിടിച്ചു വാങ്ങിയതു. 6 മത്സരങ്ങളില്‍ നിന്നും 25.30 ശരാശരിയില്‍ 13 വിക്കറ്റുകള്‍ നേടാന്‍ ഈ ഇടംകയ്യന്‍ പേസ് ബോളര്‍ക്കു സാധിച്ചു. ഏകദിന പരമ്പരക്കു മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളിലും സ്രാന്‍ തന്റെ കഴിവ് തെളിയിച്ചു. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന സ്രാന്‍ രാഹുല്‍ ദ്രാവിഡ് എന്ന മഹാനായ ക്രിക്കറ്ററുടെ ശിക്ഷണത്തില്‍ വളര്‍ന്ന താരം കൂടിയാണ്. ഇടങ്കയ്യന്‍ പേസര്‍മാര്‍ക്കു പൊതുവേ ക്ഷാമമുള്ള ഇന്ത്യയ്ക്ക് ഈ യുവ താരത്തിന്റെ വരവോടു കൂടി അതിനൊരു പരിഹാരം കാണുവാന്‍ സാധിക്കും. സഹീര്‍ ഒഴിഞ്ഞ സ്ഥാനത്തു എന്ത് കൊണ്ടും യോഗ്യനാണ് ബോക്‌സിംഗ് താരമാവാന്‍ കൊതിച്ച് ക്രിക്കറ്റായ ഈ യുവാവ്.

ജോയല്‍ പാരിസ് എന്ന ഇടംകയ്യന്‍ പേസറെ സംബന്ധിച്ചിടത്തോളം സ്വന്തം തട്ടകത്തില്‍ തന്നെയാണ് തന്റെ അരങ്ങേറ്റ മത്സരം. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ താരമായ പാരിസ് , പരിക്കിന്റെ പിടിയിലായ മിച്ചല്‍ സ്റ്റാര്‍ക്കിനു പകരക്കാരനായിട്ടാണ് ടീമില്‍ എത്തിയിരിക്കുന്നത്. വേഗത്തില്‍ സ്‌റാര്‍ക്കിനും മിച്ചല്‍ ജോണ്‍സനും പുറകിലാണ് പാരിസെങ്കിലും, അവരുടെ പ്രകടനങ്ങള്‍ വാക്കയില്‍ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഈ പേസര്‍. ഓസ്‌ട്രേലിയയിലെ അഭ്യന്തര ടൂര്‍ണമെന്റായ മാറ്റഡോര്‍ കപ്പിലെ മികച്ച പ്രകടനങ്ങള്‍ പാരിസിന് തുണയായി. 2014-15 സീസണില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ ഈ യുവ ബോളെര്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. ഷെഫീല്‍ഡ് ഷീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു മത്സരങ്ങളില്‍ നിന്നും 14 വിക്കെറ്റുകള്‍ വീഴ്ത്താനും ഈ പെര്‍ത്ത് സ്‌ക്കൊചേഴ്‌സ് താരത്തിനു കഴിഞ്ഞു. അതും ഇന്ത്യ – ഓസ്‌ട്രേലിയ ആദ്യ ഏകദിനം നടക്കുന്ന, പാരിസിന്റെ സ്വന്തം ഗ്രൗണ്ടില്‍.വൈകി വന്ന സന്തോഷമാണ് വിക്ടോറിയയുടെ 26 കാരനായ സ്‌കോട്ട് ബോളണ്ടിനു ഓസ്ട്രലിയന്‍ ദേശീയ ടീമിലേക്കുള്ള ഈ വിളി. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പുറത്തിരിക്കുവാനായിരുന്നു വിധി. പരിമിത ഓവര്‍ ക്രിക്കറ്റിലെയും ഷെഫീല്‍ഡ് ഷീല്‍ഡ് ചാമ്പ്യന്‍ഷിപ്പിലെയും കിടിലന്‍ പ്രകടനങ്ങളുടെ അടിത്തറയുള്ള ബോളണ്ട്, ആഭ്യന്തര ക്രിക്കറ്റില്‍ കണിശതയാര്‍ന്ന ബോളിങ്ങിനു പേരുകേട്ട വ്യക്തിയും കൂടിയാണ്. നാല് മത്സരങ്ങളില്‍ നിന്നും 17.07 ശരാശരിയില്‍ 13 വിക്കറ്റുകള്‍ ഇതിനോടകം ബോളണ്ട് നേടിയിട്ടുണ്ട് ഈ സീസണിലെ ഷെഫീല്‍ഡ് ഷീല്‍ഡില്‍. താരതമ്യേനെ യുവാക്കളുടെ സംഘമായ ഓസ്ട്രലിയന്‍ പേസ് അറ്റാക്കില്‍ ബോളണ്ടിന്റെ സാന്നിധ്യം നിര്‍ണായകമാകും.

ഇവര്‍ക്കു പുറമേ റിഷി ധവാന്‍, ഗുര്കീരത് മാന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ അരങ്ങേറ്റം കാത്തു ഓസ്ട്രേലിയയില്‍ ഏകദിന ടീമിലും മുംബൈ ഇന്ത്യന്‍സ് താരമായ ഹാര്ധിക് പാണ്ട്യ ടി20 ടീമിലും കാത്തിരിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുവ താരങ്ങള്‍ക്ക് അവസരം കൊടുക്കേണ്ടത് ആവശ്യകതയായി മാറുന്നു, കാരണം ലോക ടി20 ഇങ്ങടുത്തെത്തി കഴിഞ്ഞിരിക്കുന്നു. ഒരു വിന്നിംഗ് കോമ്പിനേഷന്‍ കണ്ടെത്തേണ്ടത്‌ ധോനിയ്ക്കും ആവശ്യമാണ്‌. അതും മുതിര്‍ന്ന താരങ്ങളായ റയ്നയുടെയും മുഹമ്മദ്‌ ഷാമിയുടെയും അഭാവത്തില്‍..

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories