TopTop
Begin typing your search above and press return to search.

പരാജയഭീതിയിലോ 35 റാലികള്‍? അതെ, മോദി രാജ്യതലസ്ഥാനം ഗുജറാത്തിലേക്ക് മാറ്റുകയാണ്

പരാജയഭീതിയിലോ 35 റാലികള്‍? അതെ, മോദി രാജ്യതലസ്ഥാനം ഗുജറാത്തിലേക്ക് മാറ്റുകയാണ്
ഡിസംബര്‍ ഒമ്പത്, 14 തീയതികളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടാല്‍ എന്തു സംഭവിക്കും? ഒരുപക്ഷേ അസംഭവ്യമെന്ന് തോന്നിച്ചിരുന്ന ഈ ചോദ്യം ഇപ്പോള്‍ ഉന്നയിക്കുന്നതിന് കാരണമുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ, അതിന്റെ ബഹുസ്വരതയുടെ അളവുകോലായി കൂടി ഗുജറാത്ത് തെരഞ്ഞെടുപ്പിനെ കാണേണ്ടതുണ്ട് എന്നതാണ് നമുക്ക് ചുറ്റുമുള്ള സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഗുജറാത്ത് പരാജയപ്പെട്ടാല്‍ 2019-ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് വളരെ കുറച്ചു ദൂരം മാത്രമേയുള്ളൂ എന്നതാണ് അതിന്റെ മറ്റൊരുത്തരം.

എന്നാല്‍, അത് സാധ്യമാകുമോ? സാധ്യതകള്‍ പൂര്‍ണമായി തള്ളിക്കളയേണ്ടതില്ല എന്നാണ് ഗുജറാത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു നാണംകെട്ട പരാജയത്തിലേക്ക് പോലും ബിജെപി പോയാലും അത്ഭുതപ്പെടേണ്ടതില്ല എന്നു വരെ റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അതിലെ അതിശയോക്തി മാറ്റി നിര്‍ത്തിയാല്‍ തന്നെ ഇഞ്ചോടിഞ്ചു പോരാട്ടമാണ് ഗുജറാത്തില്‍ നടക്കുന്നത് എന്നാണ് മുഖ്യധാരാ ദേശീയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് ബി.ജെ.പി പേടിക്കുന്നുണ്ട് എന്നതുറപ്പ്. അതിന് ചില കണക്കുകളും വരും ദിവസങ്ങളില്‍ ഗുജറാത്ത് വേദിയാകാന്‍ പോകുന്ന ചില കാര്യങ്ങളും കൂടി പരിശോധിക്കണം.

ഈ വരും ദിവസങ്ങളിലായി ഗുജറാത്തില്‍ പ്രചരണം നടത്താന്‍ ബിജെപി നിയോഗിച്ചിരിക്കുന്നത് 26 കേന്ദ്രമന്ത്രിമാരെയാണ്. ആറ് സംസ്ഥാന മുഖ്യമന്ത്രിമാരും നൂറുകണക്കിന് എം.പിമാരും മറ്റ് നേതാക്കളും ബി.ജെ.പിക്ക് വേണ്ടി വോട്ടുചോദിച്ചെത്തും. അതിനേക്കാള്‍ അതിശയിപ്പിക്കുന്ന ഒന്നുണ്ട്്. ഒരു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പ്രചരണം നടത്തുന്നത് പുതിയ കാര്യമല്ല. എന്നാല്‍ 30-35 പൊതുയോഗങ്ങളും റാലികളും റോഡ് ഷോയുമൊക്കെ ഗുജറാത്തില്‍ നടത്താന്‍ പ്രധാനമന്ത്രി മോദിയെ നിര്‍ബന്ധിതമാക്കുന്ന കാര്യമെന്താണ്? അതാണ് മുകളില്‍ പറഞ്ഞ പേടി ബി.ജെ.പിക്ക് ഉണ്ടെന്നുള്ളതിന്റെ പ്രാഥമിക സൂചന. അതെ, മോദി ഇനി രാജ്യതലസ്ഥാനം ഗുജറാത്തിലേക്ക് മാറ്റുകയാണ്.

http://www.azhimukham.com/national-family-raises-questions-over-suspicious-death-of-judge-presiding-over-sohrabuddin-case-in-amitshah-accused/

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒളിച്ചു കളിച്ചതും മോദി ഇതിനിടെ ഗുജറാത്തിലെത്തി കോര്‍പറേഷന്‍ മേയര്‍മാര്‍ നടത്തേണ്ട ഉത്ഘാടനങ്ങള്‍ വരെ നടത്തിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ഇനിയാണ് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നത്. തിങ്കളാഴ്ച ഗുജറാത്തിലെത്തുന്ന മോദി നാല് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. ഇതില്‍ ആദ്യത്തേത് ഭുജിലാണ്. എന്തുകൊണ്ട് ഭുജ്? അവിടെയാണ് കാര്യം. മുസ്ലീം ജനസംഖ്യ നല്ലയളവില്‍ ഉള്ള സ്ഥലമാണെങ്കിലും ഇവിടം ബിജെപിയുടെ ശക്തികേന്ദ്രമാണ്. അതിന്റെ കാരണം? ഇതുവരെ നടത്തിയ വര്‍ഗീയ ധ്രുവീകരണം. മോദി തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കുന്നത് ഇവിടെ നിന്നാണ് എന്നത് അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ബുധനാഴ്ച വീണ്ടും ഗുജറാത്തില്‍ തിരിച്ചെത്തുന്ന മോദി അന്നും നാലു യോഗങ്ങളില്‍ പ്രസംഗിക്കും. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് 35 റാലി-പൊതുയോഗങ്ങളായിരിക്കും മോദിക്കുണ്ടാവുക.

അതിനു മുമ്പ് ഞായറാഴ്ച ബിജെപിയുടെ കേന്ദ്രമന്ത്രിസഭാ ഒന്നാകെ തന്നെ ഗുജറാത്തിലെത്തുന്നുണ്ട്. രാജ്‌നാഥ് സിംഗും സുഷമ സ്വരാജും അരുണ്‍ ജയ്റ്റ്‌ലിയും ഉമാ ഭാരതിയുമടങ്ങുന്ന കേന്ദ്രമന്ത്രിമാരും യോഗി ആദിത്യനാഥും ശിവരാജ് സിംഗ് ചൗഹാനും വസുന്ധര രാജെ സിന്ധ്യയും രമണ്‍ സിംഗും അടങ്ങുന്ന മുഖ്യമന്ത്രിമാരും ഒക്കെയാണ് ഇതിലുള്ളത്. മോദി വരുന്നതിന് മുമ്പ് നിലമൊരുക്കുകയാണ് ഇവരുടെ ദൗത്യം. മോദിയുടെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു കാര്‍പെറ്റ് ബോംബിങ്ങിലൂടെ നഷ്ടപ്പെട്ടു പോയ മുന്‍തൂക്കം തിരികെ പിടിക്കാമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. മോദിയാണ് ഇത്തവണയും ബിജെപിക്ക് വില്‍ക്കാനുള്ള ഏക ആയുധം.

http://www.azhimukham.com/india-manmohansingh-slams-demonetisation-modi-govt/

വികസനമാണ് ഇത്തവണ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് മുദ്രാവാക്യം. എന്നാല്‍ കഴിഞ്ഞ 22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപിക്ക് എന്തുകൊണ്ട് ഇതുവരെ ആ വികസനം നടപ്പാക്കാന്‍ കഴിഞ്ഞില്ല എന്ന ചോദ്യമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയതിലൂടെ ഗുജറാത്തിലെ ഭൂരിഭാഗം വരുന്ന ചെറുകിട-ഇടത്തരം കച്ചവടക്കാരുടെ നട്ടെല്ലൊടിച്ചെങ്കിലും കളി മാറുന്നത് മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ജി.എസ്.ടി നിരക്കുകള്‍ കുറച്ചത് ശ്രദ്ധിക്കുക. ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കായ വ്യാപാരികളെ കുറെയൊക്കെ അനുനയിപ്പിക്കാന്‍ ഇതുവഴി പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുമുണ്ട്.

എന്നാല്‍, ജനസംഖ്യയിലെ 14 ശതമാനം വരുന്ന പട്ടേല്‍ സമുദായം ഇടഞ്ഞു നില്‍ക്കുന്നത് മോദിയുടേയും കൂട്ടരുടേയും ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ലൈംഗിക വീഡിയോ പുറത്തിറക്കിയും മറ്റും ബിജെപി സകല പണിയും പയറ്റുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഹാര്‍ദിക് പട്ടേല്‍. ഒപ്പം ഒബിസി സമുദായത്തിനുള്ളില്‍ നല്ല വോരോട്ടമുള്ള അല്‍പേഷ് താക്കൂറും കോണ്‍ഗ്രസില്‍ ചേര്‍ന്നു കഴിഞ്ഞു. ഏഴു ശതമാനത്തോളം വരുന്ന ദളിതരുടെ ശബ്ദമായി ജിഗ്‌നേഷ് മേവാനിയും ബിജെപിയുമായി കൊമ്പു കോര്‍ക്കുന്നുണ്ട്.

http://www.azhimukham.com/india-a-reality-check-on-gujarat/

തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പ്രചരണം ഇനി ഉച്ചസ്ഥായിലാവും. ഇതുവരെ ബിജെപി നില്‍ക്കുന്നത് അല്‍പ്പം പിന്നിലാണെങ്കില്‍ പോലും ഒരു തിരിച്ചു വരവ് അവര്‍ക്ക് സാധിക്കുമെന്ന് കരുതുന്നവരുണ്ട്. അത് മോദിയുടെ വരവാണ്. ഗുജറാത്ത് ഉള്ളംകൈ പോലെ അറിയാവുന്ന മോദിയില്‍ നിന്ന് എന്തൊക്കെയായിരിക്കും വരും ദിവസങ്ങളില്‍ പുറത്തുവരിക എന്നതനുസരിച്ചിരിക്കും അതിന്റെ ഫലം. അതുപോലെ തന്നെ ഏതു വിധേനെയും തെരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാന്‍ അറിയാവുന്ന അമിത് ഷായുമുണ്ട്. എന്നാല്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ കേട്ടിരുന്ന സിബിഐ ജഡ്ജി കൊല്ലപ്പെടുകയായിരുന്ന എന്ന വീട്ടുകാരുടെ വെളിപ്പെടുത്തല്‍ ഇനിയും ഗുജറാത്ത് രാഷ്ട്രീയത്തില്‍ പ്രചരണ വിഷയമായിട്ടില്ല. സൊഹ്‌റാബുദ്ദീന്‍ വധവും ഇസ്രത് ജഹാന്‍ കൊലപാതകവുമൊക്കെ ഇതിനു മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ എങ്ങനെയാണ് സഹായിച്ചത് എന്നറിയാവുന്നതുകൊണ്ട് കോണ്‍ഗ്രസും അക്കാര്യം അധികം പ്രചരണവിഷയമാക്കാന്‍ ഇടയില്ല.

എന്നാല്‍ നഷ്ടപ്പെട്ട മുന്‍തൂക്കം തിരിച്ചു പിടിക്കാന്‍ ഗുജറാത്തിനു വേണ്ടി മോദിയും അമിത് ഷായും എന്തൊക്കെയാണ് കരുതി വച്ചിട്ടുള്ളത് എന്നത് അറിയാനിരിക്കുന്നതേയുള്ളൂ. ഏറെക്കുറെ തകര്‍ത്തു തുടങ്ങിയ ഒരു ജനാധിപത്യത്തിന്റെ അവസാന ആണിക്കല്ലു കൂടി തകര്‍ക്കുന്നത് ആയിരിക്കരുത് എന്ന് നമുക്ക് ആശിക്കാന്‍ മാത്രമേ കഴിയൂ.

http://www.azhimukham.com/india-why-hardikpatel-draws-crowd-in-gujarat/


Next Story

Related Stories