Top

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യാസഹോദരന്‍ കോണ്‍ഗ്രസില്‍; കോണ്‍ഗ്രസിലും ഭിന്നത ശക്തം

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യാസഹോദരന്‍ കോണ്‍ഗ്രസില്‍; കോണ്‍ഗ്രസിലും ഭിന്നത ശക്തം
മധ്യപ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യാസഹോദരന്‍ സഞ്ജയ് സിംഗ് മസാനി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യ സാധന സിംഗിന്റെ സഹോദരനാണ് സഞ്ജയ് സിംഗ്. അതേസമയം കോണ്‍ഗ്രസിലെ ദലിത് നേതാവ് പ്രേംചന്ദ് ഗുഡ്ഡു ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന നേതാക്കളായ നരേന്ദ്ര സിംഗ് തോമര്‍, തവര്‍ചന്ദ് ഗെലോട്ട്, കൈലാഷ് വിജയ്‌വര്‍ഗിയ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലാണ് പ്രേം ചന്ദ് ഗുഡ്ഡു ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് രാജാക്കന്മാരുടേയും മഹാരാജാക്കന്മാരുടേയും പാര്‍ട്ടിയായി മാറിയെന്നും ദലിതരേയും മറ്റ് സാധാരണക്കാരേയും അവഗണിക്കുകയാണെന്നുമാണ് ബിജെപിയുടെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസ് ഈ ജനവിഭാഗങ്ങളെ പൂര്‍ണമായും അവഗണിക്കുകയാണ് എന്ന് ബിജെപി ആരോപിക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗുമായി അടുപ്പമുള്ള നേതാവാണ് പ്രേംചന്ദ്ര ഗുഡ്ഡു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുകയാണെന്നും ബി എസ് പി നേതാവ് മായാവതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വലിയ തോതില്‍ ദലിത് വോട്ട് നേടാമെന്ന പ്രതീക്ഷ കോണ്‍ഗ്രസിന് മങ്ങിയിരുന്നു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ബി എസ് പിയുമായി സഖ്യം വേണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെന്നും അതേസമയം ദിഗ് വിജയ് സിംഗ് ആണ് ഇതിന് തടസമായി നില്‍ക്കുന്നതെന്നും മായാവതി പറഞ്ഞിരുന്നു. ദിഗ് വിജയ് സിംഗ് കോണ്‍ഗ്രസുകാരെ ബിജെപിയിലേയ്ക്കും ആര്‍എസ്എസിലേയ്ക്കും റിക്രൂട്ട് ചെയ്യുകയാണെന്നും മായാവതി ആരോപിച്ചിരുന്നു.

READ ALSO: കമല്‍നാഥോ, ദിഗ്‌വിജയ് സിംഗോ? ആരാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്‌?

അഭിപ്രായ സര്‍വേ ഫലങ്ങള്‍ 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുമ്പോളും പാര്‍ട്ടിക്കകത്ത് ഇടഞ്ഞുനില്‍ക്കുകയാണ് ദിഗ് വിജയ് സിംഗ് എന്ന സൂചനകളുണ്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പൊതുവേദിയില്‍ ദിഗ് വിജയ് സിംഗും ജ്യോതിരാദിത്യ സിന്ധ്യയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. നിയസഭ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് തര്‍ക്കത്തിലേയ്ക്ക് നയിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ ജ്യോതിരാദിത്യ സിന്ധ്യയും കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദിഗ് വിജയ് സിംഗുമാണ്. പിസിസി പ്രസിഡന്റ് കമല്‍നാഥിനെ മുന്നില്‍ നിര്‍ത്തി ദിഗ് വിജയ് സിംഗ് കളിക്കുകയാണെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റികളില്‍ സ്വന്തം ആളുകളെ കുത്തിക്കയറ്റുകയാണെന്നും നേരത്തെ പാര്‍ട്ടിയിലെ എതിര്‍ചേരിക്കാര്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് താല്‍പര്യം ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കാനായിരുന്നു എന്നും, കമല്‍നാഥിനെ കൊണ്ടുവരാന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ബന്ധിതനായത് ദിഗ് വിജയ് സിംഗിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്.

https://www.azhimukham.com/newsupdate-congress-demands-huge-socialmedia-influence-for-tickets-assemblyseats/

Next Story

Related Stories