ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് എന്ന പേരില്‍ തെലങ്കാനയില്‍ ഇടതുപക്ഷ, ദലിത് പാര്‍ട്ടികളുടേയും സംഘടനകളുടേയും ഐക്യമുന്നണി വരുന്നു. 28 സംഘടനകളാണ് ഐക്യമുന്നണിയുടെ ഭാഗമായിരിക്കുന്നത്. 2019ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 119 സീറ്റിലും മുന്നണി മത്സരിച്ചേക്കും. ഭരണകക്ഷിയായ ടിആര്‍എസിനെതിരെ മതനിരപേക്ഷ ജനാധിപത്യകക്ഷികളുടെ വിശാല ഐക്യം രൂപപ്പെടുത്താനാണ് ശ്രമം. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രമാണ് ഇക്കാര്യം അറിയിച്ചത്. സിപിഎമ്മിനൊപ്പം എംസിപിഐ (യു), മജ്ലിസ് ബച്ചാവോ തെഹ്രീക, രാജ്യധിക്കാര പാര്‍ട്ടി തുടങ്ങിയവയെല്ലാം മുന്നണിയുട ഭാഗമായിട്ടുണ്ട്. സിപിഐയേയും സിപിഐ (എംഎല്) യും മുന്നണിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അവര്‍ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരി 25ന് ഹൈദരാബാദില്‍ നടക്കുന്ന പൊതുസമ്മളേനത്തില്‍ മുന്നണി രൂപീകരണം പ്രഖ്യാപിക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മഹാരാഷ്ട്രയിലെ ദലിത് നേതാവും ഡോ.ബിആര്‍ അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍, എംസിപിഐ (യു) നേതാവ് എംഡി ഘൗസ് തുടങ്ങിയവര്‍ പങ്കെടുക്കും. മുന്നണിയുടെ ചെയര്മാന്, കണ്‍വീനര്‍, കോ കണ്‍വീനര്‍ തുടങ്ങിയവരെ ഈ റാലിയില്‍ പ്രഖ്യാപിക്കും. ഈ മുന്നണി തെലങ്കാനയില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് ദലിത് ചിന്തകന്‍ പ്രൊഫ.കാഞ്ച ഐലയ്യ അഭിപ്രായപ്പെട്ടു. ഇടതുപക്ഷ - ദലിത് സംഘടനകളെ ഒരു മുന്നണിയില്‍ കൊണ്ടുവരാന്‍ സിപിഎം മുന്‍കൈ എടുത്ത് നടത്തുന്ന ശ്രമങ്ങള്‍ കാള്‍ മാര്‍ക്സ്, ഡോ.അംബേദ്കര്‍, ജ്യോതിബാ ഫൂലെ തുടങ്ങിയവരുടെ ആശയങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാന്‍ സഹായകമാകുമെന്നും കാഞ്ച ഐലയ്യ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഭരണകക്ഷിയായ ടിആര്‍എസിനും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനും മറ്റ് ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കും ഐക്യമുന്നണി ബദലാകുമെന്ന് തമ്മിനേനി വീരഭദ്രം അവകാശപ്പെട്ടു. സാമൂഹ്യനീതിയില്‍ അധിഷ്ടിതമായി, സംസ്ഥാനത്തിന് സമഗ്ര വികസനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതുവരെ 28 സംഘടനകളാണ് മുന്നണിയുടെ ഭാഗമായിരിക്കുന്നത്. കൂടുതല്‍ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിവരുകയാണ്. കോര്‍പ്പറേറ്റുകളെ സഹായിച്ചും പാവപ്പെട്ടവരെ ചൂഷണം ചെയ്ത് ഭരിച്ചുപോന്നിരുന്നവരില് നിന്ന് വ്യത്യസ്തമായി ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശ്രമമെന്നും വീരഭദ്രം പറഞ്ഞു.
http://www.azhimukham.com/india-sikar-rajastan-farmers-agitation-cpim-kisan-sabha/
http://www.azhimukham.com/india-cpm-achievement-congress-loss-mandsaur-madhyapradesh-farmers-issue/