ന്യൂസ് അപ്ഡേറ്റ്സ്

വലന്റൈൻസ് ദിനം: പാർ‌ക്കിൽ ഒരുമിച്ചിരുന്ന യുവതിയെയും യുവാവിനെയും ബജ്റംഗ് ദള്‍ നിർബന്ധിച്ച് ‘വിവാഹം’ കഴിപ്പിച്ചു

ആർഎസ്എസ്സിന്റെ ഉപസംഘടനകളിലൊന്നായ വിശ്വഹിന്ദു പരിഷത്തിന്റെ യുവസംഘടനയാണ് ബജ്റംഗ് ദൾ.

ഹൈദരാബാദിലെ കണ്ട്‌ലകോയ ഓക്സിജൻ പാർക്കിലാണ് സംഭവം. ഒരു യുവതിയും യുവാവും ഒരുമിച്ചിരിക്കുന്നത് കണ്ടപ്പോഴാണ് ബജ്റംഗ്ദളുകാർ അവരെ നിർബന്ധിച്ച് പരസ്പരം മാലയിടീച്ചത്. ഇത് വിവാഹമാലയാണെന്നും നടന്നത് വിവാഹമാണെന്നും സംഘടനയുടെ നേതാക്കൾ പ്രഖ്യാപിക്കുകയായിരുന്നു. വലന്റൈൻസ് ദിനാഘോഷം നടത്തുന്നവരെ തങ്ങൾ വിവാഹം ചെയ്യിക്കുമെന്ന് ഇവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നഗരത്തിലെ ‘പബ് സംസ്കാര’ത്തിനെതിരാണ് തങ്ങളെന്ന് ബജ്റംഗ് ദൾ പറയുന്നു. ഇത് ‘ഹിന്ദു സംസ്കാര’ത്തിന്റെ ഭാഗമല്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. പുതുതലമുറ വൈദേശിക സംസ്കാരത്താൽ വഴിതെറ്റിക്കപ്പെടുന്നതായും ബജ്റംഗ് ദൾ പറയുന്നു.

ഹൈദരാബാദിൽ പാർക്കുകളിലും മറ്റും ഒരുമിച്ച് കാണപ്പെടുന്ന സ്ത്രീപുരുഷന്മാരെ പിടികൂടാൻ ബജ്റംഗ് ദള്‍ 30 സംഘങ്ങളെയാണ് ഹൈദരാബാദിൽ മാത്രം നിയോഗിച്ചിരുന്നത്. ഇവരുടെ നീക്കം മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ സുരക്ഷാ സന്നാഹങ്ങൾ വർധിപ്പിച്ചിരുന്നു. സഹായം ആവശ്യമുള്ളയിടത്തേക്ക് പൊലീസ് ഉടനെയെത്തുമെന്ന് പൊലീസ് അറിയിക്കുകയും ചെയ്തിരുന്നു.

“സംഘപരിവാറുകാർ ഭീഷണിയുമായെത്തിയാൽ ഇന്ന് ‘കാമദേവ ദിവസ’മാണെന്ന് പറയൂ” -ശശി തരൂർ

ഇത്തവണ വലന്റൈൻസ് ദിനം ആഘോഷിക്കുന്ന ഓഫീസുകളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരുന്നു സംഘടനയുടെ തീരുമാനം. എങ്കിലും പാർക്കിൽ നിന്നു തന്നെയാണ് ഇത്തവണയും ഇരകളെ കിട്ടിയത്. ഇത്തവണ ആരെയും വിവാഹം ചെയ്യിക്കില്ലെന്നും മാതാപിതാക്കളെ വിളിച്ച് വിവരമറിയിക്കുകയേയുള്ളൂവെന്നും ബജ്റംഗ് ദൾ അറിയിച്ചിരുന്നതാണ്. എന്നാൽ കമിതാക്കളെ കയ്യിൽ കിട്ടിയതോടെ വിവാഹം ചെയ്യിക്കാനാണ് സംഘടന തീരുമാനിച്ചത്.

പാർക്കിൽ വെച്ച് ‘വിവാഹച്ചടങ്ങ്’ നടത്തിയ ബജ്റംഗ് ദളുകാർ അറസ്റ്റിലായിട്ടുണ്ട്. ഇവരെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവർ വിവാഹം കഴിപ്പിച്ചു വിട്ടവർക്ക് പരാതിയില്ലാത്തതിനാൽ കേസ്സെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചതായും റിപ്പോർട്ടുണ്ട്. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതാണെന്നാണ് അക്രമത്തിനിരയായവർ പറയുന്നതെന്ന് പൊലീസ് പറയുന്നു.

ആർഎസ്എസ്സിന്റെ ഉപസംഘടനകളിലൊന്നായ വിശ്വഹിന്ദു പരിഷത്തിന്റെ യുവസംഘടനയാണ് ബജ്റംഗ് ദൾ. വിവാഹം ചെയ്യാത്ത സ്ത്രീപുരുഷന്മാർ‌ ഒരുമിച്ചിരിക്കുകയോ നടക്കുകയോ ചെയ്യുന്നത് ഭാരതീയ ആചാരമല്ലെന്ന വാദമുയർത്തി ഇവർ കുറെ വർഷങ്ങളായി വലന്റൈൻ ദിന ആക്രമണങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്. കേരളത്തിലും മുൻകാലങ്ങളിൽ ഇവർ ആക്രമണങ്ങൾക്ക് ഇറങ്ങിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍