TopTop
Begin typing your search above and press return to search.

പണച്ചാക്കിൽ കുടുങ്ങാതെ രണ്ട് ചെറു മാധ്യമങ്ങള്‍; ഈ ഹീറോകളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാളുകൾ

പണച്ചാക്കിൽ കുടുങ്ങാതെ രണ്ട് ചെറു മാധ്യമങ്ങള്‍; ഈ ഹീറോകളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാളുകൾ

ഇന്ത്യൻ മാധ്യമസ്ഥാപനങ്ങളിൽ കോബ്ര പോസ്റ്റ് നടത്തിയ അന്വേഷണം വ്യക്തമായി സ്ഥാപിക്കുന്നത് അവ മിക്കതും സ്വയം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു എന്നാണ്. രാജ്യത്തെ വിഭജിക്കുന്നതോ, പൗരന്മാരെ കൊലയ്ക്കു കൊടുക്കുന്നതോ ആയ വിഷയങ്ങളിൽപ്പോലും തങ്ങളുടെ കച്ചവടവും അതിലെ ലാഭവും മാത്രമാണ് അവരുടെ ആശങ്കാവിഷയമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഭീതിതമായ ഈ യാഥാർത്ഥ്യത്തിനിടയിലും പ്രതീക്ഷയുടെ നാളമായി രണ്ട് മാധ്യമങ്ങൾ ഉയർന്നു നിൽക്കുന്നുണ്ട്. ഇന്ത്യൻ മാധ്യമങ്ങൾ അപ്പാടെ അസാന്മാർഗികവും കുടിലവുമായ വഴികളിലേക്ക് തിരിഞ്ഞിട്ടില്ലെന്ന് അവർ പൗരന്മാർക്ക് ഉറപ്പു നൽകുന്നു.

കോബ്ര പോസ്റ്റ് നടത്തിയ ഒളികാമറ ഓപ്പറേഷനിൽ, 2019 തെരഞ്ഞെടുപ്പിനു മുന്നോടിയായി വിഭാഗീയമായ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാമെന്ന് എളുപ്പത്തിൽ സമ്മതിക്കുന്ന മാധ്യമങ്ങളെയാണ് കണ്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉടമ വിനീത് ജയിൻ ഇതിനായി ആവശ്യപ്പെട്ടത് 1000 കോടി രൂപയാണ്. പിന്നീട് അദ്ദേഹമത് 500 കോടി രൂപയ്ക്ക് കച്ചവടമുറപ്പിക്കുന്നതും കണ്ടു. തങ്ങളുടെ പത്രങ്ങള്‍, റേഡിയോ ചാനലുകൾ, ടിവി ചാനലുകൾ എന്നിവയിലൂടെ വർഗീയ അജണ്ടയുള്ള വാർത്തകളും പരിപാടികളും പ്രചരിപ്പിക്കാമെന്ന് വിനീത് ജയിൻ നേരിട്ട് സമ്മതിക്കുന്നത് ഈ വീഡിയോകളിലുണ്ട്. ഇന്ത്യ ടുഡേയുടെ ഉടമകളിലൊരാളായ കല്ലി പൂരി, ഹിന്ദുസ്ഥാൻ‌ ടൈംസിന്റെ മുതിർന്ന ഉദ്യേഗസ്ഥർ, സൺ ടിവി ഉദ്യോഗസ്ഥർ തുടങ്ങി നമ്മളറിയുന്ന പ്രമുഖ മാധ്യമ ബ്രാൻഡുകളെയെല്ലാം ഇക്കൂട്ടത്തില്‍ കാണാം.

ദി ഹിന്ദു, ദി ഇന്ത്യൻ എക്സ്പ്രസ്സ് എന്നിവരെ മാത്രം ഇവയിൽ കാണില്ല. കാരണം, കോബ്ര പോസ്റ്റ് റിപ്പോർട്ടർ അവരെ സമീപിച്ചിരുന്നില്ല.

ഇന്ത്യയുടെ കിഴക്കൻ പ്രദേശത്തുള്ള രണ്ട് ചെറിയ പത്രങ്ങൾ മാത്രം പണത്തിന്റെ സ്വാധീനത്തിൽ വീഴാൻ തയ്യാറാകാതെ തലയുയർത്തിപ്പിടിച്ച് നിന്നു. ദിവസവും രാവിലെ തങ്ങൾ പകരുന്ന മൂല്യങ്ങളെക്കുറിച്ച് വായനക്കാരെ അവർ ഓർമിപ്പിച്ചു. താരതമ്യേന പ്രശസ്തി കുറഞ്ഞ ഈ ഹീറോകളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാളുകളെന്ന് നിസ്സംശയം പറയാം. ബാക്കിയുള്ളവർ ആധുനിക ഇന്ത്യ എന്ന സോപ്പ് ഓപ്പറയിലെ വില്ലന്മാരാണ്.

ബർത്ത്മാൻ, ദൈനിക് സംബാദ് എന്നീ പത്രങ്ങളാണ് സാമ്പത്തിക സ്വാധീനങ്ങളിൽ വീഴാതെ മാധ്യനങ്ങളെന്ന നിലയിൽ തങ്ങൾക്കുള്ള അന്തസ്സ് ഉയർത്തിപ്പിടിച്ച് നില കൊണ്ടത്.

ആനന്ദബസാർ പത്രികയ്ക്കു ശേഷം ബംഗാളിൽ ഏറ്റവും പ്രചാരമുള്ള പത്രമാണ് ബർത്ത്മാൻ പത്രിക. സിലിഗുരി, ബർദ്വാൻ, മി‍ഡ്നാപൂർ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് എഡിഷനുകൾ ഇവർ പ്രസിദ്ധീകരിക്കുന്നു. 1984ൽ, ആനന്ദ ബസാർ പത്രികയിൽ ജോലി ചെയ്യതു വന്നിരുന്ന മാധ്യമപ്രവര്‍ത്തകൻ ബരുൺ സെൻ ഗുപ്ത തുടങ്ങിയ പത്രമാണിത്.

സംഘപരിവാർ പ്രചാരകനായി വേഷം കെട്ടിയ കോബ്ര പോസ്റ്റിന്റെ റിപ്പോർട്ടർ ബർത്ത്മാൻ പത്രികയിലെ സീനിയർ ജനറൽ മാനേജർ ആശിഷ് മുഖർ‌ജിയെ നേരിൽച്ചെന്ന് കാണുകയായിരുന്നു. റിപ്പോർട്ടറെ ആദരവോടെ സ്വീകരിച്ചിരുത്തിയ മുഖർജി പക്ഷെ, അയാളുടെ ആഗമനോദ്ദേശ്യം അറിഞ്ഞയുടനെ അതിനെ നിരാകരിച്ചു. രാഷ്ട്രീയ എതിരാളികളെ അപമാനിക്കുന്നതും ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുന്നതുമായ വാർത്തകൾ തങ്ങൾക്ക് വേണമെന്ന് പറഞ്ഞു തുടങ്ങിയ കോബ്ര പോസ്റ്റ് റിപ്പോർട്ടറോട് ഇടയിൽക്കയറി മുഖർ‌ജി തന്റെ നിലപാട് ഇങ്ങനെ പറയുന്നു: "...അത് നടക്കില്ല!"

ഇത്തവണ ഞെട്ടിയത് കോബ്ര പോസ്റ്റിന്റെ റിപ്പോർട്ടറാണ്. ഇത്രയധികം മാധ്യമങ്ങളെ സമീപിച്ചിട്ടും അവിടെ നിന്നൊന്നും കേൾക്കാതിരുന്ന വാക്കുകളാണ് അദ്ദേഹം ബർത്ത്മാൻ പത്രികയിൽ നിന്നും കേട്ടത്. നേരത്തെ വാഗ്ദാനം ചെയ്ത 1 കോടി രൂപയിൽ നിന്നും പത്തു കോടിയിലേക്ക് തുക ഉയർത്തി സ്വാധീനശ്രമം തുടർന്നു റിപ്പോർട്ടർ. എന്നാൽ അതിൽ കടിക്കാൻ മുഖർജി തയ്യാറായില്ല. സാധിക്കില്ലെന്ന് വീണ്ടും പറയുന്നു. ഇത്രയധികം പണം കിട്ടിയാലും ആദർശവാദം വിടാനൊരുക്കമല്ലേ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് മുഖർജി 'ഇല്ല' എന്ന് വ്യക്തമായി ഉത്തരം പറയുന്നത് വീഡിയോയിൽ നമ്മൾ കേൾക്കുന്നു.

ബരുൺ സെൻ ഗുപ്തയുടെ മസ്തിഷ്ക സന്തതിയായ ബർത്തമാൻ പത്രിക അദ്ദേഹത്തിന്റെ ലളിതമായ ഭാഷാശൈലിയിലുള്ള പക്വതയാർന്ന രാഷ്ട്രീയ വിശകലന രചനകളിലൂടെയാണ് വളർന്നത്. ഒരു ദശകം മുമ്പ് ഗുപ്ത ഈ ലോകം വെടിഞ്ഞുവെങ്കിലും അദ്ദേഹം നട്ടുവളർത്തിയ മൂല്യങ്ങൾ ഇപ്പോഴും പത്രത്തോടൊപ്പം ഉലയാതെ നില്‍ക്കുന്നു. ബംഗാൾ മാധ്യമ വിപണിയിലെ വമ്പനായ ആനന്ദബസാർ പത്രികയുടെ എബിപി ന്യൂസ് ചാനൽ പണത്തിന്റെ സ്വാധീനത്തിന് വഴങ്ങി ഹിന്ദുത്വ പ്രചാരണത്തിൽ ഏർപ്പെടാമെന്ന് സമ്മതിച്ചപ്പോൾ, കാലത്തിന്റെ ആക്രമണങ്ങളിലൊന്നിലും തങ്ങളുയർത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് പോറലെങ്കിലും വീഴാനനുവദിക്കാതെ ബർത്ത്മാൻ പത്രിക അന്തസ്സോടെ നിലകൊള്ളുന്നു.

കോബ്ര പോസ്റ്റ് റിപ്പോർട്ടർ നൽകിയ മോഹനവാഗ്ദാനത്തിൽ വീഴാതിരുന്ന മറ്റൊരു മാധ്യമം ദൈനിക് സംബാദ് ആണ്. ത്രിപുരയുടെ തലസ്ഥാന നഗരിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ബംഗാളി പത്രമാണിത്. ത്രിപുരയിൽ ബംഗാളി ഭാഷ സംസാരിക്കുന്ന വലിയ വിഭാഗത്തിനിടയിൽ ഈ പത്രത്തിന് നല്ല പ്രചാരമുണ്ട്. കോബ്ര റിപ്പോര്‍ട്ടർ ആവശ്യപ്പെട്ട കളികളിലേർപ്പെടാൻ പത്രത്തിന്റെ ഉദ്യോഗസ്ഥൻ വിസമ്മതിച്ചെന്നു മാത്രമല്ല, തന്റെ കാളിങ് കാർഡ് കൈമാറാൻ പോലും അദ്ദേഹം തയ്യാറായില്ല. ഇരുവരുടെയും അഭിമുഖം അധികനേരം നീണ്ടില്ല.

ശ്രീമദ് ഭഗവദ്ഗീത പ്രചാർ സമിതിയിൽ നിന്നും വരികയാണെന്ന് സ്വയം പരിചയപ്പെടുത്തിയ കോബ്ര പോസ്റ്റ് റിപ്പോർട്ടർ, ഹിന്ദുത്വ വിഭാഗീകരണ അജണ്ട പ്രചരിപ്പിക്കുക എന്ന തന്റെ ഉദ്ദേശ്യം ദൈനിക് സംബാദിന്റെ ഉദ്യോഗസ്ഥനോട് വിശദീകരിക്കുന്നു. 2019 തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചുള്ള ഒരു പരസ്യം പ്രസിദ്ധീകരിക്കാനുള്ള ഇടമാണ് ചോദിച്ചത്. എന്നാൽ, ഉദ്യോഗസ്ഥൻ ഉടനെ അത് നിരാകരിക്കുന്നു: "മതപരമായ പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് ഞങ്ങൾക്ക് വ്യക്തമായ നയമുണ്ട്!"

കോബ്ര പോസ്റ്റ് റിപ്പോർട്ടർ‌ അദ്ദേഹത്തെ സ്വാധീനിക്കാനുള്ള ശ്രമം വീണ്ടും തുടരുന്നതായി വീഡിയോയിൽ കാണാം. തങ്ങൾ മതത്തെക്കുറിച്ചല്ല പറയാൻ ശ്രമിക്കുന്നത് എന്ന റിപ്പോർട്ടറുടെ മറുപടിയിൽ ദൈനിക് സംബാദ് ഉദ്യോഗസ്ഥൻ തൃപ്തനാകുന്നില്ല. "നിങ്ങൾ എനിക്ക് കാണിച്ച പരസ്യം ഗീതയെക്കുറിച്ചാണ് പറയുന്നത്. ഇത്തരം പരസ്യങ്ങൾ ‍ഞങ്ങൾ പ്രസിദ്ധീകരിക്കില്ല": അദ്ദേഹം പറയുന്നു. 'സുഹൃത്തേ, ഈ പരസ്യപ്രചാരണം 2019 തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെ'ന്ന് വിശദീകരിച്ചപ്പോഴും ഉദ്യോഗസ്ഥൻ ആ ഓഫർ നിരാകരിക്കുന്നു.

ഈ നിരാകരണങ്ങൾ ജഡമായിത്തീർന്ന മാധ്യമ കാലാവസ്ഥയിൽ ശുദ്ധവായുവിന്റെ ഒരു നേര്‍ത്ത അലയായി നമുക്കരികിലെത്തുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രതീക്ഷയുടെ ചെറുനാളം വീണ്ടും നീട്ടപ്പെടുന്നു.


Next Story

Related Stories