UPDATES

ട്രെന്‍ഡിങ്ങ്

ഭീമ കൊറെഗാവ് വാർഷികം: വൻ സുരക്ഷാ സംവിധാനങ്ങൾ; പ്രകാശ് അംബേദ്കർ ജയസ്തംഭം സന്ദർശിച്ചു

ഭീമ കൊറെഗാവിലെ യുദ്ധവിജയ സ്മാരകത്തിലേക്ക് സന്ദർശകർ എത്തിത്തുടങ്ങി. പൂനെയിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള കൊറെഗാവ് ഭീമ ഗ്രാമത്തിലെ ഈ ദളിത് യുദ്ധസ്മാരകം കഴിഞ്ഞ വർഷത്തിലെ വാർഷിക ദിനത്തിൽ നടന്ന അക്രമ സംഭവങ്ങളോടെ ദേശീയ ശ്രദ്ധയിലെത്തിയിരുന്നു. 1818ൽ ബ്രിട്ടീഷുകാരും ഒരു പേഷ്വ നാടുവാഴിയും തമ്മിൽ നടന്ന യുദ്ധത്തിൽ ബ്രിട്ടീഷുകാർ വിജയം കണ്ടതിന്റെ സ്മാരകമാണ് ഭീമ കൊറെഗാവ് വിജയസ്തംഭം.

ഈ വിജയസ്തംഭത്തിലേക്ക് വർഷാവർഷം ദളിത് വിഭാഗങ്ങൾ നടത്തുന്ന സന്ദർശനത്തിനെതിരെ മറാത്ത വിഭാഗക്കാർ ആക്രമണമഴിച്ചു വിടുകയായിരുന്നു. ഇതിൽ ഒരാൾ കൊല്ലപ്പെട്ടതോടെ സംസ്ഥാന വ്യാപകമായി ദളിതരും മറാത്തകളും തമ്മിൽ സംഘർഷങ്ങളുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സംവിധാനങ്ങളാണ് പ്രദേശത്ത് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.

ക്രമസമാധാന പാലനത്തിനായി ഒരു ചതുർമുഖ മാർഗമാണ് അവലംബിക്കുന്നതെന്ന് പൊലീസ് പറയുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കൽ, ട്രാഫിക് മാനേജ്മെന്റ്, അട്ടമറി സാധ്യതകൾ നിരീക്ഷിക്കൽ, ക്രമസമാധാന പാലനം എന്നിങ്ങനെ വേർതിരിച്ചാണ് സുരക്ഷാ ക്രമീകരണം നടത്തിയിരിക്കുന്നത്. ഇത്തവണത്തെ പരിപാടികൾ സമാധാനപരമായിത്തന്നെ നടത്താൻ കഴിയുമെന്ന് പൊലീസ് ഐജി വിശ്വാസ് നാൻഗ്ര പട്ടീൽ പറഞ്ഞു.

ഇന്ന് മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകില്ല. ഹിന്ദുത്വ തീവ്രവാദി നേതാവായ മിലിന്ദ് എക്ബോട്ടെക്ക് സ്ഥലത്തേക്കുള്ള പ്രവേശനം നിഷേധിച്ചിട്ടുണ്ട് പൊലീസ്. കബിർ കലാ മഞ്ചിന്റെ പ്രവർത്തകർക്കും പ്രവേശനമില്ല. 201ാം വാർഷികമാണ് ഇത്തവണ ആചരിക്കുന്നത്.

ഭാരിപ ബഹുജൻ മനഹാസംഘ് നേതാവ് പ്രകാശ് അംബേദ്കർ വിജയസ്തംഭം സന്ദർശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍