Top

സംഘപരിവാര്‍ ആളിക്കത്തിക്കുന്ന വര്‍ഗീയതയില്‍ ചുട്ടുപൊള്ളുന്ന ബിഹാറിലെ ഛപ്ര

സംഘപരിവാര്‍ ആളിക്കത്തിക്കുന്ന വര്‍ഗീയതയില്‍ ചുട്ടുപൊള്ളുന്ന ബിഹാറിലെ ഛപ്ര
ബിഹാറില്‍ വര്‍ഗീയവികാരം ആളിക്കത്തിച്ച് അധികാരത്തിലേക്ക് മടങ്ങിയെത്താന്‍ ബിജെപി ശ്രമിക്കുന്നതായി scroll.in റിപ്പോര്‍ട്ട് ചെയ്യുന്നു. സരണ്‍ ജില്ലയിലാണ് ഇപ്പോള്‍ ഇത് പ്രകടമെങ്കിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഈ പ്രവണത അതിവേഗം ഭീതിദമായ രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കാവി തലക്കെട്ട് കെട്ടി, വാളേന്തിയ ചെറുപ്പക്കാര്‍ ദ്രുതതാളത്തിന്റെ അകമ്പടിയോടെ പ്രകോപനപരമായി 'ജയ് ശ്രീറാം' എന്ന് അലറിക്കൊണ്ടാണ് ഇപ്പോള്‍ ഈ ഭാഗങ്ങളിലൊക്കെ രാമനവമിയും മഹാശിവരാത്രിയും ആഘോഷിക്കുന്നത്.

സരണ്‍ ജില്ലയിലെ ഛപ്ര പട്ടണം ഒരു കാലത്ത് സാമുദായിക സൗഹാര്‍ദ്ദത്തിന് പേരുകേട്ട സ്ഥലമായിരുന്നു. ഇന്ന് അവിടം വിഭാഗീയ-വര്‍ഗീയ മുദ്രാവാക്യങ്ങളാല്‍ കലുഷിതമാണ്. 'നിങ്ങള്‍ പാല് ചോദിച്ചാല്‍ ഞങ്ങള്‍ ഖീര്‍ തരും, നിങ്ങള്‍ കാശ്മീര്‍ ചോദിച്ചാല്‍ നിങ്ങളെ വെട്ടിക്കീറും,' തുടങ്ങിയ അത്ര മതപരമല്ലാത്ത മുദ്രാവാക്യങ്ങളും ഇന്ന് അവിടെ മുഴങ്ങുന്നതായി ആര്‍ജെഡിയുടെ ജില്ല പരിഷത്ത് തലവന്‍ ജീലാനി മോബിന്‍ സ്‌ക്രോള്‍ റിപ്പോര്‍ട്ടര്‍ എം രാജശേഖറിനോട് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ റോഡിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ക്ക് പോലും സാമൂദായിക പരിവേഷം കൈവരുന്നു. സമീപകാലത്ത് ഒരു വഴിയാത്രക്കാരനെ ആക്രമിച്ച ഒരു കുരങ്ങനെ ഒരു മുസ്ലീം പയ്യന്‍ കൊന്ന വിഷയം മോബിന്‍ ചൂണ്ടിക്കാട്ടുന്നു. സംഭവം അറിഞ്ഞ ഉടനെ ഹനുമാനെ കൊന്നു എന്ന വാദവുമായി ഒരു ഗ്രാമത്തലവന്‍ രംഗത്തെത്തി. പെട്ടെന്ന് തന്നെ ഒരു ആള്‍ക്കൂട്ടം രൂപപ്പെടുകയും അത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തു.

ഛപ്രയില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരമുള്ള വാജ്ദിപ്പൂരില്‍ മാര്‍ച്ച് 13ന് ഹോളി ദിവസം മുഹമ്മദ് ഷംസീര്‍ എന്ന 23-കാരനെ ഒരു സംഘം ഹിന്ദു യുവാക്കള്‍ കുത്തിക്കൊന്നത് എന്തിനാണെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ സംഭവം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആയുധധാരികളായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രദേശത്ത് തടിച്ചുകൂടി. ബൈക്കുകളില്‍ എത്തിയ അവരുടെ കൈയില്‍ വാളും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നതായി ഗ്രാമവാസിയായ മുഹമ്മദ് മാനു പറയുന്നു. 'അവരെ കൊല്ലൂ! അവരുടെ വീടുകള്‍ക്ക് തീവെക്കൂ! അവരുടെ പള്ളി തകര്‍ക്കൂ! ബാബറിന്റെ മക്കളായ മുസ്ലീങ്ങളെ കൊല്ലൂ!' എന്നവര്‍ ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി സരണ്‍ ജില്ലയിലെ മിക്ക ഭാഗങ്ങളിലും കണ്ടുവരുന്ന ഒരു പ്രവണതയാണിത്. മുസ്ലീങ്ങളുമായി ബന്ധപ്പെട്ട എന്ത് സംഭവം നടന്നാലും ഉടന്‍ തന്നെ എവിടെ നിന്നോ സായുധരായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രത്യക്ഷപ്പെടുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ഛാപ്ര പോലെയുള്ള സ്ഥലങ്ങളില്‍ ഒരോ മാസവും രണ്ടോ മൂന്നോ സാധാരണ സംഭവങ്ങള്‍ സാമുദായികവല്‍ക്കരിക്കപ്പെടുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍, ഒരു മുസ്ലീം ബാലന്‍, ഹിന്ദു ബിംബങ്ങളെ അശുദ്ധമാക്കി എന്ന കിംവദന്തി പരന്നതിനെ തുടര്‍ന്ന് മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള 67 കടകള്‍ തീവെച്ച് നശിപ്പിച്ചു. ഭാഗ്യത്തിന് ആളപായം ഒന്നും ഉണ്ടായില്ല.സംഘര്‍ഷങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ പ്രാദേശിക അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നതുകൊണ്ടാണ് അത് സാമൂഹിക കലാപങ്ങളിലേക്ക് വളരാത്തതെന്നും മോബിന്‍ ചൂണ്ടിക്കാട്ടുന്നു. വാജിദ്പൂരിലെ കൊലപാതകത്തിന് ശേഷം തടിച്ചുകൂടിയ അക്രമാസക്തരായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ മുദ്രാവാക്യം വിളിക്കപ്പുറത്തേക്ക് പോകാന്‍ പൊലീസ് അനുവദിച്ചില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ പ്രദേശത്തെ മുസ്ലീങ്ങളെ സ്ഥിരമായ ഭീതിയിലേക്ക് തള്ളിവിടുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. വാജിദ്പൂരിലുള്ള ഹിന്ദുക്കളായ മുതിര്‍ന്നവരും ആശങ്കയിലാണ്. പ്രശ്‌നത്തിന് പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കില്‍ അത് സാമുദായിക കലാപത്തിലേക്ക് നീങ്ങുമെന്ന് മുസ്ലീം ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചശേഷം രജപുത്ര വിഭാഗത്തില്‍ പെട്ട ഒരാള്‍ ആശങ്ക രേഖപ്പെടുത്തി.

ഗോപാല്‍ഗഞ്ച്, ബേട്ടിയ, മോത്തിഹാരി, ചമ്പാരന്‍, നര്‍കാത്യഗഞ്ച് തുടങ്ങിയ സ്ഥലങ്ങളിലും സമാനസാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നതെന്ന് മോബിന്‍ പറയുന്നു. എന്ത് സംഭവം നടന്നാലും ഇവിടെങ്ങളിലെല്ലാം പുറത്ത് നിന്നുള്ള ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടി കലാപാന്തരീക്ഷം സൃഷ്ടിക്കുന്നു. ഛപ്രയില്‍ നിന്നും മുന്നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭഗല്‍പൂര്‍ നഗരത്തില്‍ പോലും നിസാരകാര്യങ്ങള്‍ സാമുദായികവല്‍ക്കരിക്കപ്പെടുകയാണെന്ന് പരിധി എന്ന സര്‍ക്കാരിതര സംഘടനയുടെ പ്രവര്‍ത്തകനായ ഉദയ് ചൂണ്ടിക്കാട്ടുന്നു. സംഘര്‍ഷ സാധ്യത വളര്‍ത്തുന്നതിനായി ഹൈന്ദവം എന്ന പേരില്‍ പുതിയ ആഘോഷങ്ങള്‍ തന്നെ സംഘടിപ്പിക്കുന്നു. സന്തോഷി മാ എന്ന പേരിലുള്ള ഒരു പുതിയ ആഘോഷം ബിഹാറിലെങ്ങും നടത്തപ്പെടുന്ന കാര്യം അല്‍-ഖൈര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയറക്ടര്‍ അര്‍ഷാദ് അജ്മല്‍ ചൂണ്ടിക്കാട്ടുന്നു.

ആയുധങ്ങളും മുദ്രാവാക്യങ്ങളും കൊണ്ട് പ്രകമ്പിതമാവുന്ന വലിയ പ്രകടനങ്ങളാണ് ഈ ആഘോഷങ്ങളുടെയൊക്കെ മുഖമുദ്ര. ഓരോ ജില്ലയിലെയും വ്യത്യസ്ത പട്ടണങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളിലാണ് ഇത് ആചരിക്കപ്പെടുന്നത് എന്നതിനാല്‍ തന്നെ ഒരു മാസത്തോളം സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കും. ബിഹാറിലെ സാമുദായിക കലാപങ്ങളുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരുപിടി കാരണങ്ങളാണ് 1989ലെ ഭഗല്‍പൂര്‍ കൂട്ടക്കൊലയ്ക്ക് വഴിവെച്ചത്. എന്നാല്‍ ഇപ്പോള്‍ അത്തരം കാരണങ്ങള്‍ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഒരു ഘോഷയാത്രയില്‍ ഉടലെടുക്കുന്ന സംഘര്‍ഷമോ ശ്മശാനങ്ങള്‍ കൈയടക്കുന്നതോ ഒക്കെ വര്‍ഗീയകലാപങ്ങള്‍ക്ക് വഴിവെക്കുന്നു. എന്നാല്‍ നിലവില്‍ ഇതൊക്കെ ചെറുകിട കലാപങ്ങളായി അവസാനിക്കുകയാണ്. തുടക്കം മുതല്‍ കര്‍ഫ്യൂ അവസാനിക്കുന്നത് വരെ പരമാവധി ഒരാഴ്ച വരെ ഇത് നീണ്ടുനില്‍ക്കുന്നു.

കഴിഞ്ഞ മുന്നുനാല് വര്‍ഷങ്ങള്‍ക്കിടയില്‍ ജീവനെടുക്കുന്ന കലാപങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ പ്രാദേശികതലത്തിലുള്ള സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങളില്‍ ഭീതി വിതയ്ക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമാണ് ഇത്തരം സംഘര്‍ഷങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്കുള്ളത്. മുന്‍കാലങ്ങളിലുണ്ടായ കലാപങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ടിരുന്നെങ്കിലും പ്രദേശം വിടുന്നതിനെ കുറിച്ച് ആരും ചിന്തിച്ചിരുന്നില്ല. സമാധാനം പുനഃസ്ഥാപിക്കപ്പെട്ട് കഴിഞ്ഞാല്‍ ഭീതികൂടാതെ ജീവിക്കാം എന്നതായിരുന്നു ഇതിന് കാരണം. എന്നാല്‍ ഇപ്പോള്‍ സ്ഥിരമായി ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രദേശം വിട്ട് കൂടുതല്‍ മുസ്ലീങ്ങള്‍ പാര്‍ക്കുന്ന സ്ഥലങ്ങളില്‍ താമസമുറപ്പിക്കുന്നതിനെ കുറിച്ച് പലരും ആലോചിക്കുന്നു.

മുസ്ലീം സമുദായം സ്വയരക്ഷയ്ക്കുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ട്. ഘോഷയാത്രകളും മറ്റും നടക്കുമ്പോള്‍ അവിടെ നില്‍ക്കരുതെന്നും കടകളും മറ്റ് സ്ഥാപനങ്ങളും അടച്ച് എത്രയും പെട്ടെന്ന് വീടുകളിലേക്ക് പോകണമെന്നും തങ്ങളുടെ യുവാക്കളോട് ആവശ്യപ്പെടാറുണ്ടെന്ന് മോബിന്‍ പറഞ്ഞു. പക്ഷെ ഭര്‍ണകര്‍ത്താക്കള്‍ ഇടപെടാതിരിക്കുന്ന പക്ഷം എത്രനാള്‍ ഈ ക്ഷമ നിലനില്‍ക്കും എന്നതാണ് ഇവിടെ ഉയരുന്ന വലിയ ചോദ്യം. മാത്രമല്ല, മറ്റുതരത്തിലുള്ള ഭീഷണികളും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രയോഗിക്കുന്നുണ്ട്. മുഹമ്മദ് ഷംസീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് അവരിപ്പോള്‍ വാജിദ്പൂരിലെ മുസ്ലീങ്ങളോട് ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം അവരുടെ വീടുകള്‍ കത്തിച്ചുകളയുമെന്നാണ് ഭീഷണി. എന്നാല്‍, സംഘര്‍ഷം കൈവിട്ടുപോകാതെ നോക്കുന്നതിനപ്പുറമുള്ള ഒരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല എന്ന ആരോപണവും ശക്തമാണ്. ബജ്രംഗ്ദള്‍ പോലെയുള്ള സംഘടനയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. ഒരു മതേതര രാജ്യത്ത് ആളുകള്‍ക്ക് അവരുടെ മതത്തിന്റെ പേരില്‍ അവകാശങ്ങളുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ജില്ല ജഡ്ജി രാജശേഖറിനോട് പറഞ്ഞു. ദേശവിരുദ്ധമായ ഒരു പ്രകടനം നടന്നാല്‍ അതിനെ തടയാന്‍ അധികാരികള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു മതഘോഷയാത്ര അക്രമങ്ങള്‍ നടക്കാതെ തടയാന്‍ സാധിക്കില്ല എന്നതാണ് അധികൃതര്‍ നേരിടുന്ന പ്രശ്‌നം.

പരസ്പരം പഴിചാരുന്ന ഒരു തന്ത്രമാണ് ഭരണമുന്നണി സ്വീകരിക്കുന്നതെന്ന് പാറ്റ്‌ന ആസ്ഥാനമായുള്ള വികാസ് സഹയാത്രി എന്ന മാസികയുടെ എഡിറ്റര്‍ ശിവ് ദയാല്‍ ചൂണ്ടിക്കാട്ടുന്നു. സഖ്യത്തില്‍ നിന്നും ലാലു പ്രസാദ് യാദവ് പിന്മാറിയാല്‍ അദ്ദേഹത്തിന് അധികാരം നഷ്ടപ്പെടും. നിതീഷ് കുമാര്‍ പിന്മാറിയാല്‍ ബിജെപിയെയും അതിന്റെ വോട്ട് അടിത്തറയെയും അദ്ദേഹത്തില്‍ നിന്നും അകറ്റാന്‍ അത് കാരണമാകും. ബിജെപിയുടെ അധികാരമോഹമാണ് ബിഹാറില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‍രെ അടിസ്ഥാന കാരണമെന്ന് രാജശേഖര്‍ ചൂണ്ടിക്കാണിക്കുന്നു. ഭരണമുന്നണിയെ തകര്‍ക്കുന്നതിനായി തങ്ങളുടെ ജാതി അടിസ്ഥാനത്തിലുള്ള വോട്ടു ബാങ്കിനെ മതാടിസ്ഥാനത്തിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനുള്ള അടിസ്ഥാന പ്രവര്‍ത്തനം എന്ന നിലയില്‍ സാമുദായിക വികാരം ഉയര്‍ത്താന്‍ സംഘപരിവാറിന്റെ പോഷകസംഘടനകള്‍ ശ്രമിക്കുന്നു എന്നതാണ് ബിഹാറിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമാകുന്നത്.

Next Story

Related Stories