TopTop
Begin typing your search above and press return to search.

ആമസോണിനോട് കൊമ്പുകൊർത്ത ബെൻസാലിമാർ ഫ്ലിപ്കാർട്ട് വിടുമോ?

ആമസോണിനോട് കൊമ്പുകൊർത്ത ബെൻസാലിമാർ ഫ്ലിപ്കാർട്ട് വിടുമോ?

വാൾമാർട്ട് ഫ്ലിപ്കാര്‍ട്ടിനെ വാങ്ങുന്ന പ്രക്രിയ പൂർത്തിയാകുന്നതോടെ കമ്പനിയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വിൽപ്പനാ കമ്പനിയാണ് ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കുന്നത് എന്നത് വിപണിയിൽ സാരമായ ചലനങ്ങൾക്ക് ഇടയാക്കുമെന്നതിൽ തര്‍ക്കമില്ല. ഫ്ലിപ്കാർട്ടിന്റെ ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കാൻ 80,180 കോടി രൂപവരെ ചെലവിടാൻ വാൾമാർട്ട് തയ്യാറായേക്കും എന്നാണ് അറിയുന്നത്. ചർച്ചകൾ അതിന്റെ അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്.

ഒരു പക്ഷെ, ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി ചെന്നെത്തുന്ന ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരിക്കും ഇത്. ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പാണ് ബിന്നി ബൻസാലും സച്ചിൻ ബൻസാലും ഈ കമ്പനിക്ക് തുടക്കമിടുന്നത്. ബെംഗളൂരുവിലെ ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു തുടക്കം.

തങ്ങളുടെ കൈവശമുള്ള ഓഹരികൾ ബിന്നിയും സച്ചിനും പൂർണമായും വിറ്റഴിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സച്ചിൻ ബൻസാലിക്ക് തുടർന്നാൽ കുഴപ്പമില്ല എന്നുണ്ട്. എന്നാൽ, ബിന്നി പൂർണമായും പിൻവാങ്ങിയേക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.

രണ്ടുപേർക്കും നിലവിൽ 5.5% വീതം ഓഹരികൾ കൈവശമുണ്ട്. 20 ബില്യണ്‍ അമേരിക്കൻ ഡോളറിൽ ഡീൽ ഉറപ്പാകുകയാണെങ്കിൽ രണ്ടുപേർക്കും 7,355 കോടി രൂപ വീതം ലഭിക്കും.

ബിന്നി പുറത്തുപോകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകളെങ്കിലും ഇതിൽ ഏതു സമയത്തും മാറ്റമുണ്ടാകാം. അവസാനവട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇകൊമേഴ്സ് രംഗത്ത് ഇന്ത്യയിൽ ഇന്നുവരെ നടന്നതിൽ വെച്ചേറ്റവും വലിയ ഡീലായിരിക്കും ഇത്. നിലവിലെ ഫ്ലിപ്കാർട്ട് ഓഹരിയുടമകളായ കമ്പനികൾക്കെല്ലാം മികച്ച ഓഫറുകളാണ് വാള്‍മാർട്ട് വെച്ചിരിക്കുന്നത്. 20% ഓഹരിയുള്ള സോഫ്റ്റ്ബാങ്ക് വാൾമാര്‍ട്ടിന്റെ ഓഫർ സ്വീകരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും സൂചനയുണ്ട്.

2010ൽ, ഫ്ലിപ്കാർട്ടിന്റെ ചെറുപ്പകാലത്ത് കമ്പനി വിൽക്കുന്നതിനെക്കുറിച്ച് ബിന്നി പ്രതികൂലമായാണ് പ്രതികരിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചില്ലറ വിൽപ്പനാ കമ്പനിയാകണം എന്ന സ്വപ്നത്തിലേക്ക് സഞ്ചരിക്കുകയാണ് തങ്ങള്‍ എന്നായിരുന്നു അന്ന് അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി. അന്നത്തെ വിപണി സാഹചര്യം അതായിരുന്നു. 100 കോടി രൂപയ്ക്ക് കമ്പനിയെ വിൽക്കുന്നത് വലിയ കാര്യമായാണ് ബന്‍സാലുമാർ അന്ന് കണ്ടിരുന്നത്. ആ കാലം മാറി. കമ്പനിയിൽ നിന്നും പുറത്തു പോകേണ്ട സാഹചര്യം ഉടലെടുത്തു.

ഇന്ന് ആമസോൺ മുതലായ വമ്പന്മാർ വിപണിയിലുണ്ട്. ബെംഗളൂരു ഒഴിച്ചുള്ള നഗരങ്ങളിൽ ബിസിനസ്സ് അൽപം ആയാസകരമാണ് ഫ്ലിപ്കാർട്ടിന്. നിക്ഷേപം തന്നെയാണ് പ്രശ്നം. പുതിയ നിക്ഷേപം അനിവാര്യമായ സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നു.

വൻ നിക്ഷേപവുമായി രംഗത്തിറങ്ങിയ ആമസോണിന് കടുത്ത വെല്ലുവിളി തന്നെ ഉയർത്തി ഒരു വെറും സ്റ്റാര്‍ട്ടപ്പായ ഫ്ലിപ്കാർട്ട്. അതൊരു ചെറിയ കാര്യമല്ല. ഉപഭോക്താക്കളുടെ സംതൃപ്തി നേടിയെടുക്കാൻ ബെൻസാലുമാരുടെ ബിസിനസ്സ് രീതികൾക്ക് സാധിച്ചു.

ചണ്ഡിഗഢിലെ മധ്യവർഗ കുടുംബങ്ങളിൽ നിന്നാണ് ബിന്നിയും സച്ചിനും വരുന്നത്. ഇരുവരും ദില്ലിയിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പഠനം പൂർത്തിയാക്കി.

ഗൂഗിളിൽ ജോലിക്ക് ശ്രമിച്ച് രണ്ടുവട്ടം പരാജയപ്പെട്ടയാളാണ് ബിന്നി. പിന്നീട് ആമസോണിൽ ശ്രമം നടത്തി വിജയിച്ചു. 9 മാസത്തോളം നീണ്ട ആമസോൺ തൊഴിൽപരിചയമാണ് ബിന്നിയെ ഫ്ലിപ്കാർട്ട് എന്ന ആശയത്തിലേക്ക് എത്തിച്ചത്. തുടക്കത്തിൽ ഉൽപന്നങ്ങൾ താരതമ്യം ചെയ്യുന്ന ഒരു വെബ്സൈറ്റാണ് ഉദ്ദേശിച്ചത്. പിന്നീടാണ് ഇകൊമേഴ്സിന്റെ സാധ്യത ബിന്നിയും സച്ചിനും തിരിച്ചറിഞ്ഞത്.

ഫ്ലിപ്കാര്‍ട്ട് തുടങ്ങുന്ന കാലത്ത് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു എന്നു തന്നെ പറയാം. ഇന്നീക്കാണുന്ന എല്ലാ സൗകര്യങ്ങളുടെയും ശൈശവകാലമായിരുന്നു അത്. അവയ്ക്കൊപ്പമാണ് ഇരുവരും, കൂടെ ഫ്ലിപ്കാര്‍ട്ടും വളർന്നത്.

കാഷ് ഓൺ ഡെലിവറി സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ചത് ബിന്നിയും സച്ചിനുമാണ്. ഇന്ത്യയില്‍ ആമസോണിന്റെ ഏക എതിരാളിയായി നിലകൊള്ളാൻ ഫ്ലിപ്കാർട്ടിനെ പ്രാപ്തമാക്കിയത് ഇത്തരം ആശയങ്ങൾ ഒട്ടും സമയമെടുക്കാതെ പ്രാവർത്തികമാക്കാൻ കഴിഞ്ഞതുകൊണ്ടു കൂടിയാണ്.

മൈന്ത്ര, ജബോങ്, ഫോൺപെ, ഇകാർട്ട് തുടങ്ങിയ ഉപബ്രാൻഡുകളും ഫ്ലിപ്കാര്‍ട്ടിനു കീഴിലുണ്ട്. വാൾമാർട്ടിന്റെ ഏറ്റെടുക്കലിനു ശേഷം ഇവയിലെല്ലാം നേതൃമാറ്റങ്ങൾക്ക് സാധ്യത കാണുന്നുണ്ട്.


Next Story

Related Stories