TopTop

ബിജെപി 'ഹിറ്റ് ലിസ്റ്റ്' തയ്യാറാകുന്നു: ലക്ഷ്യങ്ങളിൽ മമതയും കെജ്രിവാളും മുതൽ പിണറായി വരെ

ബിജെപി
ലോകസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ എൻഡിഎയുടെ ചരിത്രവിജയത്തിനു ശേഷം വരുന്ന വാർത്തകളിൽ മധ്യപ്രദേശിൽ നിന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്. ഏപ്രില്‍ എഴിന് രാജ്യത്തെ അമ്പതോളം കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അവയിലൊന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മരുമകനും ഹിന്ദുസ്ഥാൻ പവർ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ബോർഡ് ചെയർമാനുമായ രതുൽ പുരിയുടെ വീട്ടിലായിരുന്നു. അഗുസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഈ റെയ്ഡ്. രതുൽ കള്ളപ്പണം വെളുപ്പിച്ചെന്നതാണ് കേസ്. പ്രവീൺ കക്കാര്‍, ആർകെ മിഗ്‌ലാനി എന്നീ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർമാരുടെ കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുകയുണ്ടായി. പുതിയ റിപ്പോർട്ടുകൾ പറയുന്നതു പ്രകാരം, ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാർശ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിങ് സിബിഐക്ക് കൈമാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വളരെ ശക്തമായ ശുപാർശയാണ് സിബിഐ അന്വേഷണത്തിനു വേണ്ടി നടത്തിയിരിക്കുന്നതെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിങ് പറയുന്നത്. ചുരുക്കത്തിൽ കമൽനാഥിനെതിരായ ശക്തമായ ഒരായുധം കേന്ദ്ര സർക്കാർ രൂപപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം റോബർട്ട് വദ്രയ്ക്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത് വീണ്ടും അധികാരത്തിലെത്തിയ എൻഡിഎ സർക്കാർ അതിന്റെ 'ഹിറ്റ് ലിസ്റ്റ്' തയ്യാറാക്കി വരികയാണെന്നാണ്.

കോൺഗ്രസ് പൂർണമായി ദുർബലപ്പെട്ടു കഴിഞ്ഞ സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലുമെല്ലാം സമാനമായ 'ആക്രമണങ്ങൾ' വരുംനാളുകളിൽ ഏതാണ്ടുറപ്പായിക്കഴിഞ്ഞിട്ടുണ്ട്.

കർണാടകത്തിലും ഡൽഹിയിലും തമിഴ്നാട്ടിലുമെല്ലാം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു വരെ റെയ്ഡുകള്‍ ശക്തമായിരുന്നു. കര്‍ണ്ണാടകയില്‍ ഡികെ ശിവകുമാറിനെ ലക്ഷ്യം വെച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കങ്ങൾ നടത്തുന്നുണ്ട്. ചടുലമായ നീക്കങ്ങൾ കൊണ്ട് പല പ്രതിസന്ധി ഘട്ടത്തിലും കോൺഗ്രസ്സിന്റെ രക്ഷകനായി മാറിയ ഡികെ ശിവകുമാർ സംസ്ഥാനത്തെ ബിജെപിയുടെ കുതിരക്കച്ചവട നീക്കങ്ങൾക്ക് പ്രധാന വെല്ലുവിളിയാണ്. ഇദ്ദേഹത്തെ പൂട്ടാനുള്ള ശ്രമങ്ങളും വരുംദിനങ്ങളിൽ പ്രതീക്ഷിക്കണം.

അർവിന്ദ് കെജ്രിവാൾ മോദിയുടെയും അമിത് ഷായുടെയും ഉറപ്പായ ലക്ഷ്യമാണ്. സംസ്ഥാന മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകളിൽ സിബിഐ റെയ്ഡ് നടത്തിയതും കെജ്രിവാള്‍ അത്തരം നീക്കങ്ങൾക്കെതിരെ രംഗത്തു വന്നതും ഈയടുത്തകാലത്താണ്. അന്നത്തെക്കാൾ ഏറെ ദുർബലമായിത്തീർന്ന പ്രതിപക്ഷമാണ് കെജ്രിവാളിനെ പിന്തുണയ്ക്കാനുള്ളത്.

മമതയ്ക്കെതിരെ നീക്കങ്ങളുണ്ടാകുമെന്ന സൂചന കഴിഞ്ഞദിവസം അമിത് ഷാ നടത്തിയ പ്രസ്താവനയിലുണ്ടായിരുന്നു. അമിത് ഷായുടെ റാലികൾ തടയുന്നത് അടക്കമുള്ള ഏറെ ആക്രമാകമായ നീക്കങ്ങളാണ് മമതയിൽ നിന്ന് ബിജെപി തെരഞ്ഞെടുപ്പുകാലത്ത് നേരിട്ടത്. പശ്ചിമ ബംഗാളിന്റെ ചീഫ് സെക്രട്ടറി, ഡിജിപി, കൊൽക്കത്ത പൊലീസ് ചീഫ് എന്നിവർക്കെതിരെ എല്ലാ ഫെഡറൽ മര്യാദകളും ലംഘിച്ച് കേന്ദ്രം നടത്തിയ രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകൾ ഓര്‍മയിലുള്ളവർക്ക് മമത ഇനി നേരിടാനിരിക്കുന്നത് എന്താണെന്ന് വ്യക്തമാകാൻ പ്രയാസമുണ്ടാകില്ല.

ഫെഡറൽ തത്വങ്ങളെ എല്ലാത്തരത്തിലും ലംഘിക്കുന്നത് എൻഡിഎ സര്‍ക്കാരിന്റെ പ്രവർത്തനങ്ങളിൽ ഒരു സാധാരണ സംഭവമായി മാറിയിട്ടുണ്ട് എന്നതിനാൽ കേരളവും ഭയപ്പെടേണ്ടതുണ്ട്. കേരളത്തിൽ താരതമ്യേന അഴിമതിക്കേസുകളും റെയ്ഡുകളും പേടിക്കേണ്ടതില്ലെങ്കിലും വികസന പ്രവർത്തനങ്ങളിൽ പ്രതികൂലമായ ഇടപെടൽ പ്രതീക്ഷിക്കണം. ഈയിടെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ കത്ത് പരിഗണിച്ച ഗതാഗതമന്ത്രാലയം കേരളത്തിന്റെ ദേശീയപാതാ വികസനം തടയുന്ന നടപടിയെടുത്തിരുന്നു. പ്രതിഷേധമുയർന്നപ്പോൾ കേരളത്തെ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിജ്ഞാപനം പിൻവലിക്കാതെ പ്രസ്തുത നീക്കം റദ്ദാക്കിയെന്ന് പുതിയ വിജ്ഞാപനം ഇറക്കുകയായിരുന്നു മന്ത്രാലയം. മഹാപ്രളയത്തിന്റെ കാലത്തും പകപോക്കലെന്ന് സംശയിക്കാവുന്ന വിധത്തിലുള്ള ഇടപെടലുകൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. സമാനമായ ആയുധപ്രയോഗങ്ങള്‍ കൂടുതൽ കരുത്തോടെ കേരളത്തിനെതിരെ പ്രതീക്ഷിക്കണം. പിണറായി സർക്കാരിനെ സംബന്ധിച്ചിടത്തോളം വികസനപ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ടുപോകുക വെല്ലുവിളി തന്നെയായിരിക്കും.

പുതിയ തലസ്ഥാനം സ്ഥാപിക്കുന്നത് അടക്കമുള്ള വലിയ വെല്ലുവിളികളാണ് ആന്ധ്ര സർക്കാരിനു മുമ്പിലുള്ളത്. ഇതിനുള്ള ഫണ്ട് സ്വരൂപിക്കലിന് കേന്ദ്രത്തിന്റെ പക്കൽ നിന്നും അനുകൂല നടപടിയുണ്ടായില്ലെന്ന് തിരിച്ചറിഞ്ഞ് എൻ‍ഡിഎ സർക്കാരിന്റെ അവസാനകാലത്ത് സഖ്യം വിട്ടുപോന്ന ചന്ദ്രബാബു നായിഡു പൊതുതെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. സിബിഐ കേസുകളടക്കം നിരവധി കെണികളിൽ പെട്ടുകിടക്കുകയായിരുന്ന ജഗന്മോഹന്‍ എൻഡിഎയോട് അനുഭാവസമീപനം പുലർത്തി വന്നിരുന്നയാളാണ്. വികസനപ്രവർത്തനങ്ങൾക്ക് എങ്ങനെ ജഗൻ ഫണ്ട് കണ്ടെത്തുമെന്ന പ്രശ്നത്തിന് ഉത്തരമൊന്നും ആയിട്ടില്ല ഇപ്പോഴും.

ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് കിട്ടിക്കഴിഞ്ഞുവെന്നതിനാൽത്തന്നെ തെലങ്കാനയും തമിഴ്നാടുമെല്ലാം ഇതേ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ബിജെപി-കോൺഗ്രസ്സ് ഇതര ഫെഡറൽ മുന്നണിയുണ്ടാക്കാൻ പദ്ധതിയിട്ടിരുന്ന കക്ഷിയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു.

Read More: അച്ഛനെ പോലെ നടന്നുനേടിയ വിജയം, ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ജഗന്‍മോഹന്‍ റെഡ്ഢി തകര്‍ത്തത് ഇങ്ങനെ

Next Story

Related Stories