TopTop
Begin typing your search above and press return to search.

അമിത് ഷാ വിഷം ചീറ്റുമ്പോള്‍

അമിത് ഷാ വിഷം ചീറ്റുമ്പോള്‍

ഗുജറാത്തില്‍ അമിത് ഷാ എല്ലാ അര്‍ത്ഥത്തിലും സ്വതന്ത്രനാണ്, എന്തും ചെയ്യാം, സ്വന്തം നാട്ടുരാജ്യമാണ്. അവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ അധികം സമയമില്ല. അമിത് ഷായുടെ പ്രസംഗം കേട്ടിട്ടുള്ളവര്‍ക്ക് അറിയാം, വാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചതെങ്കിലും പച്ചയ്ക്ക് പറയുന്ന കാര്യങ്ങള്‍. അവര്‍ക്കത് അത്ഭുതമുണ്ടാക്കാറുമില്ല. പക്ഷേ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതൊരു പേടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.

വെള്ളിയാഴ്ച സൂറത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷാ വിഷം തുപ്പിയത്. "നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒരു ആലിയ-മാലിയ-ജാമിലകളും ഗുജറാത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല" എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. മുസ്ലീങ്ങളെ സൂചിപ്പിക്കുകയായിരുന്നു 'ആലിയ-മാലിയ-ജാമില' പ്രയോഗത്തിലൂടെ ഷാ.

സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും അത് വോട്ടാക്കി മാറ്റുന്നതിനും വര്‍ഗീയ പരാര്‍മശങ്ങള്‍ നടത്തുന്നത് അമിത് ഷായുടെ സ്ഥിരം പ്രവണതയാണ്. ഒരര്‍ത്ഥത്തില്‍ അതാണ് അയാളുടെ കൈമുതല്‍.

ആദ്യമായല്ല അമിത് ഷാ ഈ വാക്കുകള്‍ ഉപയോഗിക്കുന്നത്. 2016-ല്‍ ഉത്തര്‍ പ്രദേശിലെ മഹരാജ്ഗഞ്ചില്‍ സംസാരിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം ഷാ ആദ്യമായി നടത്തിയത്. "സോണിയ-മന്‍മോഹന്റെ കോണ്‍ഗ്രസ് ഭരണത്തില്‍ ആലിയ-മാലിയ-ജാമിലകള്‍ അതിര്‍ത്തി കടന്നുവന്ന് നമ്മുടെ സൈനികരെ അപമാനിക്കുകയാണ് ചെയ്തിരുന്നത്. ഡല്‍ഹിയിലെ ഭരണനേതൃത്വമാകട്ടെ ഇതിനെതിരെ കണ്ണടയ്ക്കുകയും ചെയ്തു" എന്നായിരുന്നു ആ പ്രസ്താവന.

പാക്കിസ്ഥാനികളെക്കുറിച്ചായിരുന്നു ആ പരാമര്‍ശമെങ്കില്‍ ഇത്തവണ അത് ഇന്ത്യന്‍ പൗരന്മാരെ കുറിച്ചാണ് എന്നതാണ് വ്യത്യാസം.

അതായത്, അമിത് ഷായ്ക്ക് പാക്കിസ്ഥാനികളും ഇന്ത്യന്‍ മുസ്ലീങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല.

പക്ഷേ, ചരിത്രം മറക്കരുത്. കാരണം, ഈ വാക്കുകള്‍ അമിത് ഷായുടെ സ്വന്തമല്ല, അതിന്റെ ഉപജ്ഞാതാവ് ഷായുടെ നേതാവും നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയാണ്. 2002-ല്‍ ഗുജറാത്തില്‍ നൂറുകണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കിയ കലാപത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്. ആ വര്‍ഷം ഒക്‌ടോബറില്‍ നടന്ന തെരഞ്ഞെടുപ്പ് സമയത്ത് നിരവധി തവണ അദ്ദേഹം ഈ വാക്കുകള്‍ ഉപയോഗിക്കുകയുണ്ടായി.

അന്ന് മോദി ലക്ഷ്യം വച്ച നിരവധി പേരുണ്ടായിരുന്നു. ഇറ്റലിക്കാരി സോണിയാ ഗാന്ധി, ക്രിസ്ത്യാനിയായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജയിംസ് ലിംഗ്‌തോ തുടങ്ങിയവര്‍. മുസ്ലീങ്ങളെ, അവരുടെ അസ്തിത്വത്തെ കുപ്രസിദ്ധമായ രീതിയില്‍ വിശേഷിപ്പിക്കാനും അതുവഴി സാമുദായിക ഭിന്നത വളര്‍ത്താനും മോദി ഇത്തരത്തില്‍ നിരവധി പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അദ്ദേഹത്തിന് 'അഹമ്മദ് മിയാന്‍ പട്ടേലാ'ണ്.

വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ മോദി ഇപ്പോള്‍ പക്വതയെത്തിയ ഒരു രാഷ്ട്ര നേതാവിന്റെ വേഷം അണിയാന്‍ ശ്രമിക്കുമ്പോള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പതാക അമിത് ഷാ ഏറ്റെടുത്തിരിക്കുകയാണ്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് അദ്ദേഹം നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു: "വെസ്‌റ്റേണ്‍ ഉത്തര്‍ പ്രദേശില്‍ ഈ തെരഞ്ഞെടുപ്പ് അപമാനങ്ങള്‍ക്ക് പകരം വീട്ടാനുള്ളതാണ്." 2013-ലെ മുസഫര്‍നഗര്‍ കലാപത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നു ഈ പരാമര്‍ശം.

കഴിഞ്ഞ വര്‍ഷം അമിത് ഷാ, അന്നത്തെ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: "നിങ്ങളുടെ ഭരണത്തില്‍ അഫ്‌സല്‍ അന്‍സാരിക്ക് എന്തു സംഭവിക്കും? അതീഖ് അഹമ്മദിന്റെ കാര്യത്തില്‍ നിങ്ങളെന്ത് ചെയ്യും? അസംഖാന്‍? സമാജ്‌വാദി പാര്‍ട്ടി മുഴുവന്‍ അതീഖുമാരും അസംമാരുും അഫ്‌സല്‍മാരും മുഖ്താമാരുമാണ്."

ബി.എസ്.പി അധ്യക്ഷ മായാവതിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: "ഇവിടെ അതീഖും അസമും അഫ്‌സലും മുഖ്താറുമുണ്ടെങ്കില്‍ അവിടെ (ബി.എസ്.പിയില്‍) നമുക്ക് നാസിമുദ്ദീന്‍ (സിദ്ദിഖി) ഉണ്ട്. നിങ്ങള്‍ എവിടേക്ക് രക്ഷപെടുമെന്നാണ്?"

മതേതര സ്വഭാവമുള്ള, ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനകളിലൊന്നുള്ള, ഇത്രയേറെ വൈവിധ്യമുള്ള, വിവിധ ജാതി, മതസ്ഥര്‍ ഏറെക്കുറെ സഹവര്‍ത്തിത്തത്തോടെ ജീവിക്കുന്ന ഒരു രാജ്യമാണിത്. ആ രാജ്യം ഭരിക്കുന്ന പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്റെ നാവില്‍ നിന്നു വരുന്ന വാക്കുകളാണിത്.


Next Story

Related Stories