TopTop
Begin typing your search above and press return to search.

കർണാടക: മൂന്നോ നാലോ ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരിക്കുമെന്ന് യെദ്യൂരപ്പ

കർണാടക: മൂന്നോ നാലോ ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരിക്കുമെന്ന് യെദ്യൂരപ്പ

മൂന്നോ നാലോ ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരിക്കുമെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ. "സർക്കാർ രൂപീകരിക്കാനാകുമെന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. അടുത്ത മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ അത് നടക്കും. കർണാടകയ്ക്ക് ഏറ്റവും മികച്ച ഭരണം ബിജെപി നൽകും," യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച വിശ്വാസം തേടണമെന്ന നോട്ടീസ് തങ്ങൾ നൽകിക്കഴിഞ്ഞതായി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സിടി രവി അറിയിച്ചിട്ടുണ്ട്.

കുമാരസ്വാമിക്ക് മുഖ്യമന്ത്രിയായി തുടരാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം അദ്ദേഹത്തിനും അറിയാം. നിയമസഭയിൽ നല്ലൊരു പ്രസംഗം ചെയ്തതിനു ശേഷം അദ്ദേഹം സ്ഥാനമൊഴിയുമെന്നാണ് താൻ കരുതുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു. സമാനമായ രീതിയിലാണ് യെദ്യൂരപ്പയും കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം വിശ്വാസവോട്ടിൽ പരാജയപ്പെട്ട് സ്ഥാനമൊഴിഞ്ഞത്.

അതെസമയം വിമത എംഎൽഎമാർ മുംബൈയിൽ തന്നെ തുടരുകയാണ്. ഇവരുടെ രാജിക്കാര്യത്തിൽ സ്പീക്കർ ഇനിയും തീരുമാനമെടുത്തിട്ടില്ല. വിഷയം സുപ്രീംകോടതിയിലാണെന്ന ന്യായവും ഇപ്പോൾ ഭരണപക്ഷത്തിനൊപ്പമുണ്ട്. കേസിന്റെ അടുത്ത വാദംകേൾക്കൽ ചൊവ്വാഴ്ചയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പ്രശ്നം കോടതിക്കു മുമ്പാകെ എത്തിച്ചേർന്നത്. പത്ത് എംഎൽഎമാർക്കൊപ്പം മറ്റ് അഞ്ച് കോൺഗ്രസ് എംഎൽഎമാര്‍ കൂടി കക്ഷികളായിട്ടുണ്ട് സ്പീക്കർക്കെതിരായ വ്യവഹാരത്തിൽ. ഒരു സ്വതന്ത്ര എംഎൽഎ അടക്കം 16 പേരാണ് എംഎൽഎ സ്ഥാനം രാജി വെച്ചിട്ടുള്ളത്.

'തെരഞ്ഞെടുപ്പിലേക്ക് പോകാൻ ജനം ആഗ്രഹിക്കുന്നില്ല'

വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത് ആരും ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ പറഞ്ഞു. വ്യാഴാഴ്ചത്തേക്ക് വെച്ചിട്ടുള്ള വിശ്വാസവോട്ടെടുപ്പ് തങ്ങൾ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. വ്യാഴാഴ്ച കാലത്ത് 11 മണിക്കാണ് വിശ്വാസവോട്ടെടുപ്പ് വിധാൻ സൗധയിൽ നടക്കുക. നിയമസഭയിലെ ബിസിനസ് അഡ്വൈസറി കൗൺസിലുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം സ്പീക്കർ കെആർ രമേഷ് കുമാർ എടുത്തത്. ബിഎസ് യെദ്യൂരപ്പ അടക്കമുള്ളവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. സഭയുടെ നടപടിക്രമങ്ങൾ തുടരുന്നതിനെതിരെ ബിജെപി രംഗത്തുള്ളതിനാൽ വ്യാഴാഴ്ച (ജൂലൈ 18) വരെ സഭ ചേരില്ല. ഭൂരിപക്ഷം തെളിയിക്കാതെ സഭ കൂടരുതെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

എല്ലാ പാർട്ടികളിലും പെട്ട കർണാടക എംഎൽഎമാരുമായി സ്പീക്കർ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

സഖ്യസർക്കാരിന്റെ ആകെ കരുത്ത് 116 എംഎൽഎമാരാണ്. 78 കോൺഗ്രസ് എംഎൽഎമാരും 37 ജെഡിഎസ് എംഎൽഎമാരും ഒരു ബിഎസ്പി എംഎൽഎയും ഇതിലുൾപ്പെടുന്നു. ബിജെപിക്ക് രണ്ട് സ്വതന്ത്രരടക്കം 107 എംഎൽഎമാരുടെ പിന്തുണയുണ്ട്. കേവലഭുരിപക്ഷം 113 ആണ്. നിലവിലെ സ്ഥിതിയനുസരിച്ച് 16 എംഎൽഎമാരുടെ രാജി സ്വീകരിക്കുകയാണെങ്കിൽ സഖ്യസർക്കാരിന്റെ സീറ്റുനില നൂറിലേക്ക് ചുരുങ്ങും.

എംഎൽഎമാരെ കാണാനുള്ള ശ്രമങ്ങൾ വിഫലം

അതേസമയം, വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് തുടരുകയാണ്. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്ന് മുംബൈയ്ക്ക് തിരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഗുലാംനബി ആസാദും മല്ലികാർജുൻ ഖാർഗെയും എച്ച്ഡി ദേവഗൗഡയുമാണ് മുംബൈക്ക് പോകാൻ പദ്ധതിയിട്ടിരുന്നത്. അതേ സമയം സുരക്ഷതേടി വിമത എംഎൽഎമാർ പൊലീസിനെ സമീപിച്ചു. ഇതോടെ കോണ്‍ഗ്രസിന്റെ അനുനയം ശ്രമം പ്രതിസന്ധിയിലായിരിക്കയാണ്. നേതാക്കളെ ഹോട്ടലിലേക്ക് വിടരുതെന്നാണ് ഇവരുടെ ആവശ്യം.

രാജി പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച എംടിബി നാഗരാജ് വാക്ക് മാറ്റി മുംബൈയില്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നതോടെയാണ് ജനതാദള്‍ എസ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതീക്ഷകള്‍ അവതാളത്തിലായത്. വിശ്വാസ വോട്ട് തേടാന്‍ ഒരുക്കമാണെന്നും അത് ഉടന്‍ വേണമെന്നുമായിരുന്നു വെള്ളിയാഴ്ച മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആവശ്യപ്പെട്ടത്. ഡികെ ശിവകുമാര്‍ നടത്തിയ നീക്കത്തെ തുടര്‍ന്ന് നാഗരാജ് രാജി പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ആ ഉറപ്പിന് മണിക്കൂറുകളുടെ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുളളൂ. കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെ കെടുത്തി നാഗരാജ് വിമതരോടൊപ്പം കൂടാന്‍ മുംബൈയിലേക്ക് പറന്നു. കോണ്‍ഗ്രസ നേതാക്കളായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഗുലാം നബി ആസാദ് അടക്കം ഒരു കോണ്‍ഗ്രസ് നേതാക്കളെയും കാണാനില്ലെന്നും അവരില്‍നിന്ന് ഭീഷണിയുണ്ടെന്നും കാണിച്ച് പൊലീസിന് കത്തു നല്‍കയവരില്‍ നാഗരാജും ഉണ്ട്.


Next Story

Related Stories