TopTop

ഗുജറാത്തില്‍ ബിജെപിക്ക് ഇത്തവണ റെക്കോഡ് വിജയമെന്ന് സി എസ് ഡി എസ് സര്‍വേ; ജാതി വോട്ടില്‍ കോണ്‍ഗ്രസ് പിന്നില്‍

ഗുജറാത്തില്‍ ബിജെപിക്ക് ഇത്തവണ റെക്കോഡ് വിജയമെന്ന് സി എസ് ഡി എസ്  സര്‍വേ; ജാതി വോട്ടില്‍ കോണ്‍ഗ്രസ് പിന്നില്‍
വിവിധ സമുദായങ്ങള്‍ക്കിടയില്‍ ബിജെപിയെ അപേക്ഷിച്ച് കോണ്‍ഗ്രസിനുള്ള പിന്തുണ ദുര്‍ബലമാണെന്നാണ് സര്‍വേ കണക്കുകള്‍ പറയുന്നത്. ദളിതര്‍ക്കിടയിലും മുസ്ലീങ്ങള്‍ക്കിടയിലും ബിജെപിയേക്കാള്‍ പിന്തുണ കോണ്‍ഗ്രസിനാണെങ്കിലും മറ്റ് സമുദായങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണ്. ബിജെപിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി പട്ടേല്‍ സമുദായ സംഘടനകള്‍ രംഗത്തുണ്ട്. പട്ടേല്‍ നേതാക്കള്‍ പലയിടങ്ങളിലും കോണ്‍ഗ്രസിനുള്ള പിന്തുണ സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും പട്ടേല്‍ സമുദായാംഗങ്ങളില്‍ ഭൂരിഭാഗവും ഇപ്പോളും പിന്തുണക്കുന്നത് ബിജെപിയെ തന്നെയാണെന്ന് സി എസ് ഡി എസ് (സെന്റര്‍ ഫോര്‍ സറ്റഡീസ് ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ്‌) സര്‍വേ പറയുന്നതായി ലൈവ് മിന്റ് (livemint.com) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഗസ്റ്റില്‍ 4000 സാമ്പിള്‍ വോട്ടര്‍മാരിലാണ് സി എസ് ഡി എസ് സര്‍വേ നടത്തിയത്. കോണ്‍ഗ്രസിനേക്കാള്‍ 30 ശതമാനം അധികം വോട്ട് വിഹിതം ബിജെപിക്കുണ്ടെന്ന് സര്‍വേ പറയുന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 60 ശതമാനം വോട്ടും സംസ്ഥാനത്ത് ആകെയുള്ള 26 ലോക്‌സഭാ സീറ്റും ബിജെപി നേടിയിരുന്നു. എന്നാല്‍ അതിന് ശേഷം ബിജെപിക്ക് കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. പ്രബല സമുദായമായ പാട്ടിദാര്‍മാര്‍ (പട്ടേല്‍) സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ആവശ്യപ്പെട്ട 2015 പകുതിയോടെ ശക്തമായ പ്രക്ഷോഭം തുടങ്ങി. ക്ഷത്രിയരും സംവരണം ആവശ്യപ്പെട്ട് രംഗത്തെത്തി. പാട്ടിദാര്‍ പ്രക്ഷോഭത്തിന്റെ നേതാവ് ഹാര്‍ദിക് പട്ടേലും ക്ഷത്രിയരുടെ നേതാവ് അല്‍പേഷ് ഥാക്കറുമാണ്. ഈ രണ്ട് സമുദായ പ്രക്ഷോഭങ്ങളും ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവും ആക്രമണവും നടത്തി. 2015 ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലും താലൂക്ക് പഞ്ചായത്തിലും കോണ്‍ഗ്രസ് വന്‍ വിജയം നേടി. 31 ജില്ലാ പഞ്ചായത്തില്‍ 23ഉം 193 താലൂക്ക് പഞ്ചായത്തില്‍ 113ഉും കോണ്‍ഗ്രസ് നേടിയിരുന്നു.2016ല്‍ ഉനയില്‍ ഗോവധം ആരോപിച്ച് ദളിത് യുവാക്കളെ സവര്‍ണര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ബിജെപിക്കെതിരെ ശക്തമായ പ്രക്ഷോഭമാരംഭിച്ചു. യുവ അഭിഭാഷകനും പൊതുപ്രവര്‍ത്തകവനുമായ ജിഗ്നേഷ് മേവാനിയാണ് പ്രക്ഷോഭത്തെ നയിച്ചത്. മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിനെ മാറ്റാന്‍ ബിജെപി നിര്‍ബന്ധിക്കപ്പെട്ടു. ഓഗസ്റ്റില്‍ വിജയ് രുപാണി മുഖ്യമന്ത്രിയായി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ രണ്ട് റാലികളിലെ പ്രസംഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായെത്തിയ പട്ടേല്‍ യുവാക്കള്‍ തടസപ്പെടുത്തിയിരുന്നു. ബിജെപിക്കെതിരായ പട്ടേല്‍, ദളിത് സമുദായ സംഘടനകളുടെ രോഷം ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്നും കോണ്‍ഗ്രസ് തിരിച്ചുവരുമെന്നുമുള്ള വിലയിരുത്തലുകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ നടത്തിയത്. ആര്‍എസ്എസ് നടത്തിയ സര്‍വേ പോലും പറഞ്ഞത് ഇത്തവണ ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി തോല്‍ക്കാന്‍ പോകുന്നു എന്നാണ്. എന്നാല്‍ സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോളും സാധ്യത ബിജെപിക്ക് തന്നെയെന്നാണ് സി എസ് ഡി എസ് സര്‍വേ പറയുന്നത്. അതും റെക്കോഡ് വിജയമാണ് പ്രവചിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.സര്‍വേയില്‍ പങ്കെടുത്തവരില്‍ 24 ശതമാനം പേര്‍ വിജയ് രുപാണി തന്നെ ഇത്തവണയും മുഖ്യമന്ത്രിയാകണമെന്ന് പറയുന്നു. ഈ പട്ടികയില്‍ ഒരു കോണ്‍ഗ്രസ് നേതാവ് പോലും ഇടം പിടിച്ചില്ല. ദേശീയ നേതാക്കളില്‍ നരേന്ദ്ര മോദിക്ക് തന്നെയാണ് കൂടുതല്‍ പിന്തുണ. 82 ശതമാനം പേര്‍ മോദിയെ പിന്തുണക്കുമ്പോള്‍ 48 ശതമാനത്തിന്റെ പിന്തുണ മാത്രമേ രാഹുല്‍ ഗാന്ധിക്കുള്ളൂ. എന്തുകൊണ്ടാണ് പ്രബലമായ പട്ടേല്‍ സമുദായ സംഘടനകള്‍ അടക്കമുള്ളവയുടെ പിന്തുണയുണ്ടായിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അത് നേട്ടമാക്കാനാവില്ല എന്ന് പറയുന്നത്. കാരണം ശക്തമായ സാമുദായിക ധ്രുവീകരണം തന്നെ. 63 ശതമാനം പാട്ടിദാര്‍മാര്‍ ഒബിസി സംവരണത്തെ പിന്തുണക്കുന്നു എന്നാണ് സര്‍വേ പറയുന്നത്. അതേസമയം നിലവിലെ ഒബിസി വിഭാഗക്കാരില്‍ 18 ശതമാനം പേര്‍ മാത്രമാണ് പട്ടേലുമാര്‍ക്ക് ഒബിസി സംവരണം നല്‍കുന്നതിനെ അനുകൂലിക്കുന്നത്. ഒരു വിഭാഗത്തിന്റെ പിന്തുണ നേടുമ്പോള്‍ മറ്റ് വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്നു. പട്ടേല്‍ പ്രക്ഷോഭകാരികള്‍ക്ക് നേരെയുള്ള പൊലീസ് വെടിവയ്പിനെ എതിര്‍ക്കുമ്പോള്‍ തന്നെ സംവരണം എന്ന ആവശ്യത്തെ അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടുണ്ട്. ഒബിസി വിഭാഗക്കാര്‍ തങ്ങള്‍ക്കെതിരെ തിരിയുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നു.ഹാര്‍ദിക് പട്ടേല്‍ അടക്കമുള്ള പാട്ടിദാര്‍ നേതാക്കളുമായി സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. സംവരണം സംബന്ധിച്ച് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കും, പട്ടേല്‍ പ്രക്ഷോഭകാരികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും, പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കും തുടങ്ങിയ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പട്ടേല്‍ നേതാക്കള്‍ അംഗീകരിച്ചിട്ടുണ്ട്. അതേസമയം പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങളെന്ന് പട്ടേല്‍ നേതാക്കള്‍ കരുതുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇതെങ്ങനെ പ്രതിഫലിക്കും എന്ന് പറയാറായിട്ടില്ല. ബിജെപിക്കെതിരെ ശക്തമായി രംഗത്തുണ്ടെങ്കിലും ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കും എന്ന് ഹാര്‍ദിക് പട്ടേലോ അല്‍പേഷ് ഥാക്കറോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഉടന്‍ തന്നെ ഇവര്‍ നിലപാട് പരസ്യമാക്കും. ബിജെപിയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയാണ് ലക്ഷ്യം എന്ന ഇതുവരെയുള്ള നിലപാടില്‍ ഉറച്ചുനിന്നാല്‍ അവരെ സംബന്ധിച്ച് കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു ഓപ്ഷനില്ല താനും.എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ദളിതരും മുസ്ലീങ്ങളും ഒഴികെയുള്ള സമുദായങ്ങള്‍ക്കിടയിലെല്ലാം കോണ്‍ഗ്രസിനേക്കാള്‍ എത്രയോ വലിയ ജനപിന്തുണ ഇപ്പോഴും ബിജെപിക്കുണ്ട് എന്നാണ് പറയുന്നത്. ഈ രണ്ട് വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ബിജെപി ശക്തിപ്പെടുത്തിയിട്ടുണ്ട്. 2012ലെ നിയമസഭ തിരഞ്ഞെടുപ്പിനേക്കാള്‍ ബിജെപിയുടെ വോട്ട് വിഹിതം 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ സമുദായങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു. ദളിത് വോട്ടുകളില്‍ 16 ശതമാനത്തിന്റേയും മുസ്ലീം വോട്ടുകളില്‍ ഏഴ് ശതമാനത്തിന്റേയും വര്‍ദ്ധന. ഉന സംഭവത്തിന് ശേഷവും ദളിത് പിന്തുണ കാര്യമായി നേടാനോ ബിജെപി വിരുദ്ധ വികാരത്തെ ഏകോപിപ്പിക്കാനോ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ബിജെപി ആറാം തവണയും വന്‍ വിജയത്തോടെ ഭരണം നിലനിര്‍ത്തുമെന്നും കോണ്‍ഗ്രസ് പിന്തള്ളപ്പെടുമെന്നും ലൈവ് മിന്റ് റിപ്പോര്‍ട്ട് പറയുന്നു.

Next Story

Related Stories