UPDATES

ട്രെന്‍ഡിങ്ങ്

തൃണമൂലിനെ പരാജയപ്പെടുത്താനാകില്ലെന്ന വിശ്വാസത്തെ തകര്‍ത്തത് ബംഗാളില്‍ നേട്ടമായി; ഇത് ആവര്‍ത്തിക്കാനായാല്‍ കേരളവും പിടിക്കാം: കൈലാഷ് വിജയവര്‍ഗീയ

കേരളത്തില്‍ ബംഗാളിലേതു പോലുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് വിജയവര്‍ഗീയ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ്സിനെ തകര്‍ക്കാനാകില്ലെന്ന പൊതുവിശ്വാസത്തെ തകര്‍ക്കുകയാണ് തങ്ങളാദ്യം ചെയ്ത ജോലിയെന്നും ഇത് ആവര്‍ത്തിക്കാനായാല്‍ കേരളത്തിലും ബിജെപിക്ക് ജയിക്കാമെന്നും കൈലാഷ് വിജയവര്‍ഗീയ. 2014ലെ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളിലെ പാര്‍ട്ടിയുടെ ചുമതല വര്‍ഗീയയ്ക്കായിരുന്നു. ഇദ്ദേഹം നാലു വര്‍ഷത്തോളം സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 42 ലോകസഭാ സീറ്റുകളില്‍ 18ഉം നേടി വന്‍ മുന്നേറ്റവുമുണ്ടാക്കി. കേരളത്തില്‍ ബംഗാളിലേതു പോലെ നേട്ടമുണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഇന്ത്യന്‍ എക്സ്പ്രസ്സ് അസോസിയേറ്റ് എഡിറ്റര്‍ ലിസ് മാത്യൂവിന് മറുപടി നല്‍കവെയാണ് കേരളത്തിലെ സാധ്യതയെക്കുറിച്ച് വര്‍ഗീയ സംസാരിച്ചത്.

കേരളത്തില്‍ ബംഗാളിലേതു പോലുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് വിജയവര്‍ഗീയ പറഞ്ഞു. സിപിഎമ്മിനെ തകര്‌ക്കാന്‍ സാധിക്കുമെന്ന വിശ്വാസം സൃഷ്ടിച്ചെടുക്കാനായാല്‍ കേരളത്തിലും വിജയിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

കേരളവും പശ്ചിമ ബംഗാളുമാണ് വിജയിക്കാന്‍ ഏറ്റവും പ്രയാസമുള്ള സംസ്ഥാനങ്ങളെന്നും അവയില്‍ ബംഗാളിന്റെ ചുമതല താന്‍ ഏറ്റെടുക്കണമെന്നും പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് വിജയവര്‍ഗീയ വെളിപ്പെടുത്തി. ആദ്യം ബംഗാളില്‍ ചെന്നപ്പോള്‍ ഒരു പതിനഞ്ചു കൊല്ലമെങ്കിലുമെടുക്കും നേട്ടമുണ്ടാക്കാനാണെന്നാണ് താന്‍ കരുതിയത്. രണ്ടുതവണ സംസ്ഥാനത്ത് പര്യനം നടത്തി അമിത് ഷായെ തിരിച്ചു ചെന്ന് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് അഞ്ചു കൊല്ലത്തേക്കാണ്, പതിനഞ്ച് കൊല്ലത്തേക്കല്ല നിങ്ങളെ ബംഗാളിലേക്കയച്ചത് എന്നായിരുന്നു. ആവശ്യമായത് എന്താണെങ്കിലും തരാം എന്നും അദ്ദേഹം അറിയിച്ചു. ബംഗാളില്‍ തനിക്ക് പാര്‍ട്ടി ഒരു ഫ്ലാറ്റ് വാങ്ങി നല്‍‍കി. ഒഡീഷയില്‍ നിന്നുള്ള പാര്‍ട്ടി നേതാവ് ശിവ് പ്രകാശ് കൂടെ ചേര്‍ന്നു. അദ്ദേഹം പലവട്ടം സംസ്ഥാനത്ത് പര്യടനം നടത്തി. ഓരോ ജില്ലയിലും രണ്ട് മാസത്തിനുള്ളില്‍ രണ്ടുവട്ടം എത്തിച്ചേര്‍ന്നു. ഇത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആത്മവിശ്വാസമുണ്ടാക്കിയെന്ന് വിജയ വര്‍ഗീയ ചൂണ്ടിക്കാട്ടി.

ഇതിനു പിന്നാലെ സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചെന്ന് വിജയ വര്‍ഗീയ പറയുന്നു. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ തന്നെ കൊല്ലുന്ന രാജ്യത്തെ ഏക പാര്‍ട്ടി സംവിധാനമാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റേതെന്ന് വിജയവര്‍ഗീയ ആരോപിച്ചു. മൂന്നു വര്‍ഷത്തിനിടയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ തങ്ങളുടെ തന്നെ 65 പ്രവര്‍ത്തകരെ കൊലപ്പെടുത്തി. അവയുടെ ഉത്തരവാദിത്വമെല്ലാം ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടി വെക്കുകയായിരുന്നെന്നും ബംഗാളിലെ വിജയമന്ത്രം വിശദീകരിക്കവെ വിജയ വര്‍ഗീയ ആരോപിച്ചു. ‘ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത 150 ബിജെപി പ്രവര്‍ത്തകര്‍ ഈ കേസുകളില്‍ പ്രതികളായി,’ -വിജയവര്‍ഗീയ പറയുന്നു.

ബംഗാളില്‍ പാര്‍ട്ടിയുടെ അടിത്തറ ബലപ്പെടുത്താനാണ് തങ്ങള്‍ ശ്രമിച്ചു കൊണ്ടിരുന്നതെന്ന് വിജയവര്‍ഗീയ പറഞ്ഞു. ഇക്കാരണത്താല്‍ തന്നെ പരസ്യങ്ങളൊന്നും നല്‍കാന്‍ മുതിര്‍ന്നില്ല. താഴെത്തട്ടില്‍ ശക്തമായി പ്രവര്‍ത്തിച്ചു. എല്ലാവരും കരുതിയത് നിലവിലുള്ള നാല് സീറ്റ് അഞ്ചോ ആറോ ആയി ഉയര്‍ത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നായിരുന്നു. എന്നാല്‍ ജനങ്ങള്‍ അത് 18 സീറ്റായി ഉയര്‍ത്താന്‍ സഹായിച്ചുവെന്ന് വിജയവര്‍ഗീയ കൂട്ടിച്ചേര്‍ത്തു.

ബംഗാളിലെ അക്രമസാഹചര്യങ്ങള്‍ക്ക് തങ്ങളല്ല ഉത്തരവാദികളെന്ന് വിജയവര്‍ഗീയ പറഞ്ഞു. താന്‍ ആദ്യമായി ബംഗാളിലെത്തിയപ്പോള്‍ മമത മുസ്ലിങ്ങള്‍ക്കൊപ്പം നിസ്കരിക്കുന്ന വലിയ ഹോര്‍ഡിങ്ങുകള്‍ കണ്ടതായി വിജയ വര്‍ഗീയ വിശദീകരിക്കുന്നു. ഹിന്ദു നേതാക്കള്‌ മുസ്ലിങ്ങള്‍ക്കൊപ്പം നിസ്കരിക്കുന്നത് താനെവിടെയും കണ്ടിട്ടില്ല. ഇതിനെല്ലാമുള്ള പ്രതികരണമാണ് ബംഗാളിലെ ജനങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍