Top

വിദേശത്തേക്ക് കള്ളപ്പണം കടത്തല്‍; അദാനിക്കെതിരെ അന്വേഷണമുണ്ടാവുമോ?

വിദേശത്തേക്ക് കള്ളപ്പണം കടത്തല്‍; അദാനിക്കെതിരെ അന്വേഷണമുണ്ടാവുമോ?
ഖനന ഭീമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തയാളുമായി അറിയപ്പെടുന്ന ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനികള്‍ 235 ദശലക്ഷം ഡോളറിന്റെ കള്ളപ്പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നു. ഇന്ത്യയിലെ വൈദ്യുതോര്‍ജ്ജ പദ്ധതികളുടെ ചിലവ് കൂട്ടിക്കാണിച്ചാണ് അദാനി ഗ്രൂപ്പ് വിദേശത്തേക്ക് കള്ളപ്പണം കടത്തിയതെന്ന് കാണിക്കുന്ന കസ്റ്റംസ് ഇന്റലിജന്‍സ് രേഖകള്‍ കഴിഞ്ഞ ആഴ്ച ഗാര്‍ഡിയന്‍ പത്രം പ്രസിദ്ധീകരിച്ചിരുന്നു.

2014 തയ്യറാക്കിയ കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ രേഖകള്‍ പ്രകാരം മഹാരാഷ്ട്രയിലെ ഒരു വൈദ്യുതി പദ്ധതിക്കായി ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനി മുഖാന്തരം അദാനി ഗ്രൂപ്പ് നൂറുകണക്കിന് മില്യണ്‍ ഡോളര്‍ വിലവരുന്ന ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായ് കമ്പനി ഉയര്‍ന്ന വില ഈടാക്കി ഇതേ ഉപകരണങ്ങള്‍ തന്നെ ഇന്ത്യയിലെ അദാനി ഗ്രൂപ്പിന് ഇറക്കിക്കൊടുത്തു. ചില ഉപകരണങ്ങള്‍ക്ക് യഥാര്‍ത്ഥ വില്‍പന വിലയുടെ എട്ടിരട്ടി വരെ ഈടാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി അദാനി ഗ്രൂപ്പ് ഉപകരണങ്ങള്‍ക്കായി കമ്പോള വിലയില്‍ നിന്നും 400 ശതമാനം അധികമാണ് ചിലവാക്കിയത്. ഈ തുക ഒരു നിര വ്യാജകമ്പനികളിലൂടെ മൗറീഷ്യസിലുള്ള വിനോദ് അദാനിയുടെ ട്രസ്റ്റിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് റവന്യൂ ഇന്റലിജന്‍സ് രേഖയില്‍ പറയുന്നു. ഇന്ത്യയിലെ അദാനി ഗ്രൂപ്പിന്റെ ആഭ്യന്തര അക്കൌണ്ടുകളിലുള്ള തുക, നികുതിയോ കണക്കുകളോ രേഖപ്പെടുത്തേണ്ടാത്ത മൗറീഷ്യസില്‍ എത്തുകയായിരുന്നു ഇതിന്റെ പിന്നിലെ ഗൂഢോദ്ദേശ്യം എന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നതെന്നും ഗാര്‍ഡിയന്‍ പറയുന്നു.

Also Read:

മി. പ്രധാനമന്ത്രി, അദാനിയുടെ കള്ളപ്പണം മാത്രമല്ല പ്രശ്നമെന്ന് ഞങ്ങള്‍ക്കുമറിയാം


മറ്റൊരു വലിയ അഴിമതിയുടെ ചുരുളുകൂടിയാണ് ഇവിടെ അഴിയുന്നത്. ഉത്പാദന ചിലവിന്റെ കൂടി അടിസ്ഥാനത്തിലാണ് വൈദ്യുതി പ്രസരണ ശൃംഖലകള്‍ ഉപഭോക്താക്കളില്‍ നിന്നും നിരക്ക് ഈടാക്കുന്നത്. അതായത് ഉപകരണങ്ങള്‍ വില ഉയര്‍ത്തിക്കാണിച്ചതുവഴി ഉപഭോക്താക്കളില്‍ നിന്നും കൂടിയ നിരക്ക് ഈടാക്കാനും അദാനി ഗ്രൂപ്പിന് സാധിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ അദാനി ഗ്രൂപ്പും വിനോദ് അദാനിയും നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു സാമ്പത്തിക കുറ്റകൃത്യ അതോറിറ്റിയുടെ വിധി കാത്തിരിക്കുകയാണ് എന്നാണ് കമ്പനി ഇതുസംബന്ധിച്ച് നല്‍കുന്ന വിശദീകരണം.

എന്നാല്‍ ആരോപണങ്ങളെ കുറിച്ച് ഒരു സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഗാര്‍ഡിയനില്‍ വന്ന റിപ്പോര്‍ട്ടുകളുടെയും മറ്റ് പരാതികളുടെയും അടിസ്ഥാനത്തില്‍, ഒരു സ്വകാര്യ കമ്പനി ഉപകരണങ്ങളുടെ വില കൂട്ടിക്കാണിച്ചതിനെ സംബന്ധിച്ച് പരാതി നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതെന്ന് അവര്‍ പറയുന്നു. എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തില്‍ എത്തിയതോടെ നിയമനടപടികളില്‍ കാലതാമസം വരുത്തി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പാര്‍ട്ടി ആരോപിക്കുന്നു. ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ മെല്ലപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.

Also Read:

മല്യ കണ്‍വെട്ടത്തുണ്ട്; പക്ഷേ, 7000 കോടി രൂപ രാജ്യത്തു നിന്ന് കടത്തിയ ആ രണ്ടാമന്‍ എവിടെ?


കഴിഞ്ഞ വര്‍ഷം മറ്റ് നാല്‍പത് കമ്പനികളോടൊപ്പം അദാനി ഗ്രൂപ്പിന്റെ ആറ് കമ്പനികളും കല്‍ക്കരി ഖനന ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ വില വര്‍ദ്ധിപ്പിച്ചു കാണിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ രണ്ട് അന്വേഷണങ്ങളെ കുറിച്ചും പ്രതികരിക്കാന്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് തയ്യാറായില്ല.

ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്റില്‍ ഏഴായിരം ദശലക്ഷം ഡോളറിന്റെ കൂറ്റന്‍ ഖനനപദ്ധതി നടത്താന്‍ ഇരിക്കെയാണ് അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ ഈ പദ്ധതി വിവാദങ്ങളിലും നിയമനടപടികളിലും പൊതുജന പ്രതിഷേധത്തിലും പെട്ട് മുടങ്ങിക്കിടക്കുകയാണ്. എന്നാല്‍ ആരോപണങ്ങളെ ശക്തമായി നിഷേധിക്കുന്നതായി അദാനി ഗ്രൂപ്പ് പറയുന്നു. ഡിആര്‍ഐയുടെ അന്വേഷണത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവുള്ളതാണെന്നും അതിനോട് പൂര്‍ണമായും സഹകരിക്കുന്നുവെന്നുമാണ് അവരുടെ ഭാഷ്യം. അന്താരാഷ്ട്ര ലേലത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനി ഉപകരണങ്ങള്‍ വാങ്ങുന്നതെന്നും അതുകൊണ്ട് തന്നെ കമ്പനിയുടെ ഇടപാടുകള്‍ സുതാര്യവും മത്സരാധിഷ്ടിതവുമാണെന്നും അവര്‍ ന്യായീകരിക്കുന്നു. വിനോദ് അദാനി 30 വര്‍ഷമായി എന്‍ആര്‍ഐ ആണെന്നും അദ്ദേഹത്തിന്റെ വാണിജ്യ താല്‍പര്യങ്ങള്‍ ഇന്ത്യയ്ക്ക് പുറത്താണെന്നും കമ്പനി ഗാര്‍ഡിയന്‍ പത്രത്തിനയച്ച വിശദീകരണത്തില്‍ പറയുന്നു.

Next Story

Related Stories