UPDATES

ട്വിറ്ററിൽ മോദി അനുകൂല, പ്രതികൂല ഹാഷ്ടാഗ് ട്രെൻഡുകൾക്കു പിന്നിൽ ‘ട്വിറ്റർ ബോട്ടു’കളെന്ന് പഠനം

മോദിയുടെ വരവിനെ സ്വാഗതം ചെയ്യുന്ന #TNwelcomesModi എന്ന ഹാഷ്ടാഗും #GoBackModi എന്ന മോദി വിരുദ്ധ ഹാഷ്ടാഗുമാണ് ട്രെൻഡ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് സന്ദർശിച്ചപ്പോൾ ട്വിറ്ററിൽ നടന്ന അനുകൂലവും പ്രതികൂലവുമായ ഹാഷ്ടാഗ് പ്രചാരണങ്ങളിൽ ‘ട്വിറ്റർ ബോട്ടു’കൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫോറൻസിക് റിസർച്ച് ലാബ് (DFRLab) നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ട്വിറ്റർ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളെയാണ് സാമാന്യമായി ട്വിറ്റർ ബോട്ടുകളെന്ന് പറയുക. 2014 തെരഞ്ഞെടുപ്പിൽ വിവിധ ഹാഷ്ടാഗുകൾ ട്രെൻഡ് ചെയ്യിക്കാൻ ബോട്ടുകൾ ധാരാളമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് ആരോപണമുയർന്നിരുന്നു.

ഇത്തവണ, ജനുവരി 25 – 29, ഫെബ്രുവരി 9 – 10, മാർച്ച് 4 – 7 എന്നീ തിയ്യതികളിലാണ് ഇത്തരം സോഫ്റ്റ്‌വെയറുകളുടെ പ്രവർത്തനം ഡിജിറ്റൽ ഫോറൻസിക് റിസർച്ച് ലാബ് കണ്ടെത്തിയിരിക്കുന്നത്. മോദിയുടെ വരവിനെ സ്വാഗതം ചെയ്യുന്ന #TNwelcomesModi എന്ന ഹാഷ്ടാഗും #GoBackModi എന്ന മോദി വിരുദ്ധ ഹാഷ്ടാഗുമാണ് അന്ന് ട്രെൻഡ് ചെയ്തത്. ഇതിൽ #GoBackModi എന്ന ഹാഷ്ടാഗ് ഏറെ നേരെ ആഗോള ട്രെൻഡായിരുന്നു. #TNwelcomesModi താരതമ്യേന കുറച്ചു നേരം മാത്രമേ ട്രെൻഡ് ചെയ്തുള്ളൂ.

ഡിജിറ്റൽ ഫോറൻസിക് റിസർച്ച് ലാബ് പറയുന്നതു പ്രകാരം മോദി അനുകൂല ഹാഷ്ടാഗായ #TNwelcomesModi -ക്കു വേണ്ടിയാണ് ഏറ്റവും കൂടുതൽ ട്വിറ്റർ ബോട്ടുകൾ ഉപയോഗിക്കപ്പെട്ടത്. മോദി അനുകൂല ഹാഷ്ടാഗിനു വേണ്ടിയുള്ള കൃത്രിമം വളരെയേറെ കൂടുതലായിരുന്നു.

ഡിജിറ്റൽ ഫോറൻഡസിക് ലാബ് പറയുന്നതു പ്രകാരം #TNwelcomesModi ഹാഷ്ടാഗ് 777,000 തവണയാണ് മെൻഷൻ ചെയ്യപ്പെട്ടത്. ഇവയിൽ 48,727 ഹാഷ്ടാഗുകൾ വിശകലനത്തിനെടുത്തു. വളരെ ചെറിയൊരു സംഘത്തിന്റെ ശ്രമങ്ങളാണ് ഇത്രയും വലിയ ട്വിറ്റർ ഹാഷ്ടാഗ് ക്രിത്രിമത്തിനു പിന്നിലെന്ന് ഡിജിറ്റൽ ഫോറൻസിക് റിസർച്ച് ലാബ് പറയുന്നു.

ഈ ബോട്ടുകൾക്കു പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിച്ചുവെന്ന് തെളിവോടെ സ്ഥാപിക്കാൻ സാധിക്കില്ലെന്നും ഡിജിറ്റൽ ഫോറൻസിക് റിസർച്ച് ലാബ് പറയുന്നു. ഈ ബോട്ടുകളുടെ പ്രവർത്തനം രാഷ്ട്രീയ കക്ഷികൾക്ക് ഗുണകരമായ രീതിയിൽ വന്നുവെന്ന് സ്ഥാപിക്കാനേ ഇപ്പോൾ കഴിയൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍