വായിച്ചോ‌

ബിഹാര്‍ ‘സര്‍ക്കാരിന്റെ സ്വന്തം’ ബ്രജേഷ് ഠാക്കൂര്‍: 34 പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ട ഷെല്‍ട്ടര്‍ ഹോമിന്റെ ഉടമ

2017ല്‍ ബിഹാര്‍ വനിത കമ്മീഷന്‍ അധ്യക്ഷ ദില്‍മണി മിശ്ര ഷെല്‍ട്ടര്‍ ഹോമില്‍ പോയിരുന്നു. തങ്ങളുടെ പ്രവര്‍ത്തനത്തെ അവര്‍ പ്രശംസിച്ചതായാണ് ബ്രജേഷ് സിംഗിന്റെ മകള്‍ നികിത ആനന്ദ് പറഞ്ഞത്.

ബിഹാറിലെ മുസഫര്‍പൂരില്‍ 34 പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരടക്കം ബലാത്സംഗം ചെയ്യുകയും ക്രൂരമായ ലൈംഗിക, ശാരീരിക പീഡനത്തിന് ഇരകളാക്കുകയും ചെയ്തതിന് അവസരമൊരുക്കിയ ഷെല്‍ട്ടര്‍ ഹോം നടത്തുന്ന സര്‍ക്കാര്‍ വൃത്തങ്ങളില്‍ വലിയ സ്വാധീനമുള്ള ബ്രജേഷ് സിംഗ് ഠാക്കൂര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ്. ബ്രജേഷ് ഠാക്കൂറിന്റെ വീടും ബ്രജേഷ് നടത്തുന്ന മൂന്ന് ദിനപത്രങ്ങളുടെ ഓഫീസും (ഹിന്ദി, ഇംഗ്ലീഷ്, ഉറുദു) പ്രസും എല്ലാം മുസഫര്‍പൂരിലെ സാഹു റോഡിലാണ്. 1982 മുതല്‍ പ്രസിദ്ധീകരിക്കുന്ന ഹിന്ദി പത്രം പ്രാതാ കമല്‍, 2013ല്‍ തുടങ്ങിയ ഇംഗ്ലീഷ് പത്രം ന്യൂസ് നെക്സ്റ്റ്, ഉറുദു പത്രം ഹലാത് ഇ ബിഹാര്‍ എന്നിവയാണ് ഇവിടെ നിന്ന് പുറത്തിറങ്ങുന്നത്. എന്നാല്‍ പെണ്‍കുട്ടികളുടെ പരാതിയില്‍ ബ്രജേഷ് സിംഗ് അടക്കമുള്ളവര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ഇവിടെ ഈ പത്രങ്ങളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല. അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് ഇവ നിലവില്‍ പ്രസിദ്ധീകരിക്കുന്നത് എന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തതിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ പ്രാതാ കമല്‍, ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിനെ പിടിച്ചുലക്കുന്ന കേസിനെക്കുറിച്ച് ഒന്നു പറയുന്നില്ല.

ബ്രജേഷ് ഠാക്കൂറിന്റെ പിതാവ് രാധാ മോഹന്‍ ആണ് പ്രാതാ കമല്‍ പത്രം തുടങ്ങിയത്. 1200 രൂപ പ്രതിമാസ ശമ്പളം വാങ്ങിയിരുന്ന ഒരു സര്‍ക്കാര്‍ മിഡില്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു പത്രം തുടങ്ങുന്ന കാലത്ത് രാധാമോഹന്‍. 1970കളുടെ അവസാനം രാധാമോഹന്‍ വിമല്‍ വാണി എന്നൊരു ഹിന്ദി പത്രം തുടങ്ങിയിരുന്നു. ഈ പത്രം അടച്ചുപൂട്ടേണ്ടി വന്നു. ഇതിന് ശേഷമാണ് പ്രാതാ കമല്‍ തുടങ്ങുന്നത്. ന്യൂസ് പ്രിന്റ് വിതരണം ചെയ്യുന്ന ഏജന്‍സിയും രാധാമോഹന്‍ തുടങ്ങിയിരുന്നു. ഈ ന്യൂസ്പ്രിന്റ് വ്യാപാരം വഴി രാധാമോഹന്‍ വലിയ ലാഭമുണ്ടാക്കി. 1980കളായപ്പോഴേക്കും രാധാമോഹന്‍ ഠാക്കൂര്‍ സാഹിബ് ആയി. അനധികൃത ന്യൂസ്പ്രിന്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് രാധാമോഹനെതിരെ സിബിഐ അന്വേഷണം നടന്നിരുന്നു. 1986ല്‍ ന്യൂസ് പ്രിന്റ് ഏജന്‍സി രാധാമോഹന്‍ അടച്ചുപൂട്ടി. കേസ് എവിടെയും എത്തിയതുമില്ല. പിന്നീട് വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ടും എന്‍ജിഒ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും രാധാമോഹനെതിരെ വിവാദങ്ങള്‍ തുടര്‍ന്നു. സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് വലിയ തോതില്‍ ആരോപണങ്ങള്‍ വന്നു. മക്കളായ ബ്രജേഷിനും രാജേഷിനുമെതിരെ ആരോപണങ്ങളുയര്‍ന്നു.

2000 ആയപ്പോഴേക്ക് ബ്രജേഷ് സിംഗ് ഠാക്കൂര്‍ രാഷ്ട്രിയത്തില്‍ ഭാഗ്യപരീക്ഷണങ്ങള്‍ തുടങ്ങി. പത്രവ്യവസായവും എന്‍ജിഒ പ്രവര്‍ത്തനവുമായെല്ലാം ബന്ധപ്പെട്ട് അധികാര വൃത്തങ്ങളുമായും ഉന്നത ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം സ്ഥാപിച്ചു. പിന്നീട് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സമത പാര്‍ട്ടിയുടെ എംപിയായി മാറിയ ആനന്ദ് മോഹന്‍ ആ സമയത്ത് ബിഹാര്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവായിരുന്നു. ഗോപാല്‍ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റായിരുന്ന ജി കൃഷ്ണയ്യയെ തല്ലിക്കൊന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് നിലവില്‍ ആനന്ദ് മോഹന്‍.

ബിജെപിയുടേയും സംഘപരിവാറിന്റേയും ശത്രുവായ ലാലു പ്രസാദ് യാദവിന്റെ കടുത്ത വിരോധിയായിരുന്നു ആനന്ദ് മോഹന്‍. സ്വാഭാവികമായും ബിപിപി ബിജെപിയുടെ സഖ്യകക്ഷിയായി. നിയമസഭയില്‍ രണ്ട് സീറ്റ് നേടി. ബ്രജേഷ് ഠാക്കൂര്‍ കുദ്‌നിയില്‍ നിന്ന് ബിപിപി സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒട്ടുമിക്ക പ്രധാന എന്‍ഡിഎ നേതാക്കളും ബ്രജേഷ് ഠാക്കൂറിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു. മുന്‍ കേന്ദ്ര മന്ത്രിയും അന്തരിച്ച ആര്‍ജെഡി നേതാവുമായ രഘുനാഥ് ഝായുമായി ബ്രജേഷിന് അടുത്ത ബന്ധമുണ്ടായിരുന്നു. ലാലു പ്രസാദ് യാദവിനും നിതീഷ് കുമാറിനുമൊപ്പം മാറി മാറി നിന്ന് ബ്രജേഷ് ഫോട്ടോകളെടുത്തു. മുന്‍ മുഖ്യമന്ത്രി കാര്‍പൂരി ഠാക്കൂറിന്റെ മകനും ജെഡിയു രാജ്യസഭ എംപിയുമായ രാംനാഥ് ഠാക്കൂറുമായും ബ്രജേഷിന് വലിയ അടുപ്പമുണ്ട്. അതേസമയം ഫോട്ടോയെടുപ്പിന് അപ്പുറം വലിയ തോതില്‍ സര്‍ക്കാര്‍ കരാറുകളും പരസ്യങ്ങളും നിതീഷ് കുമാറിന്റെ ഭരണ കാലത്ത് ബ്രജേഷ് ഠാക്കൂറിന് ലഭിച്ചു എന്നത് വസ്തുതയാണ്. ഉറുദു, ഇംഗ്ലീഷ് പത്രങ്ങള്‍ തുടങ്ങുന്ന കാലത്താണ് എന്‍ജിഒയുടെ ഭാഗമായി ബാലികാഗൃഹ് എന്ന ഷെല്‍ട്ടര്‍ ഹോം തുടങ്ങുന്നത്. 2017ല്‍ ബിഹാര്‍ വനിത കമ്മീഷന്‍ അധ്യക്ഷ ദില്‍മണി മിശ്ര ഷെല്‍ട്ടര്‍ ഹോമില്‍ പോയിരുന്നു. തങ്ങളുടെ പ്രവര്‍ത്തനത്തെ അവര്‍ പ്രശംസിച്ചതായാണ് ബ്രജേഷ് സിംഗിന്റെ മകള്‍ നികിത ആനന്ദ് പറഞ്ഞത്.

വായനയ്ക്ക്: https://goo.gl/AfEi3J

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍