TopTop
Begin typing your search above and press return to search.

ബജറ്റ്: ചാണക്യൻ മുതൽ മഹാത്മാഗാന്ധി വരെ; റെയിൽവേ സ്വകാര്യവൽക്കരണം മുതൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ വരെ

ബജറ്റ്: ചാണക്യൻ മുതൽ മഹാത്മാഗാന്ധി വരെ; റെയിൽവേ സ്വകാര്യവൽക്കരണം മുതൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ വരെ
ചാണക്യസൂത്രം ഉദ്ധരിച്ചാണ് നിർമല സീതാരാമൻ തന്റെ കന്നി ബജറ്റവതരണം തുടങ്ങിയത്. 'നിശ്ചയദാർഢ്യത്തോടു കൂടിയുള്ള മനുഷ്യ പ്രയത്നം ഫലത്തിലെത്തുക തന്നെ ചെയ്യും' എന്നർത്ഥം വരുന്ന ഈരടിയാണ് മന്ത്രി ഉദ്ധരിച്ചത്. മോദി സർക്കാരിന്റെ നിശ്ചയദാർഢ്യത്തോടു കൂടിയുള്ള അഞ്ചു വർഷക്കാലത്തെ ഭരണത്തെക്കുറിച്ച് അവകാശവാദങ്ങൾ ഉന്നയിക്കവെയാണ് ഈ വരികൾ മന്ത്രി ചൊല്ലിയത്. പിന്നീട് നിരവധി തവണ ഗാന്ധിജിയെക്കുറിച്ചും പരാമർശിക്കുകയുണ്ടായി. പാവങ്ങളെക്കുറിച്ചും ഗ്രാമീണ ജനതയെക്കുറിച്ച് പറയുമ്പോൾ നിർമല സീതാരാമൻ വീണ്ടും ഗാന്ധിജിയെ പരാമർശിച്ചു. ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിന് 'ഗാന്ധിപീഡിയ' എന്ന സംവിധാനം തുടങ്ങുമെന്ന് അവർ പ്രഖ്യാപിച്ചു. ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള നടപടികളെടുക്കുമെന്നും പ്രഖ്യാപനമുണ്ടായി.

അടിസ്ഥാന സൗകര്യ വികസനത്തിന് 100 ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്ത് പ്രത്യക്ഷ നികുതി പിരിക്കല്‍ 78% വർധിച്ചതായി ധനമന്ത്രി പറഞ്ഞു. 2013-14 കാലത്തേതിൽ നിന്നും ഗണ്യമായ വർധനയാണിത്. 6.38 ലക്ഷം കോടിയായിരുന്നു അക്കാലത്തെ പ്രത്യക്ഷ നികുതിപിരിവ്. ഇത് 2018ലെത്തിയപ്പോഴേക്ക് 11.37 കോടിയായി ഉയർന്നെന്ന് നിർമല സീതാരാമൻ പറഞ്ഞു.

രണ്ടായിരത്തി ഇരുപത്തിരണ്ടാമാണ്ടോടെ വൈദ്യുതി ബന്ധം വേണ്ടെന്ന് പറയുന്നവരൊഴികെയുള്ള എല്ലാ വീടുികളിലേക്ക് സർക്കാർ വൈദ്യുതിയെത്തിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

വ്യോമയാനം, ഇൻഷൂറൻസ് മേഖലകളിൽ വിദേശനിക്ഷേപം വർധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗം പറയുന്നു. നിലവിൽ ഏവിയേഷൻ മേഖലയിൽ 49% ആണ് വിദേശനിക്ഷേപം. എയർ ഇന്ത്യയിലേക്ക് വിദേശനിക്ഷേപം കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ഈ പ്രഖ്യാപനം.

രാജ്യത്തെ അധ്യാപന മികവ് വർധിപ്പിക്കുന്നതിനായി കൂടുതൽ ശ്രദ്ധ നൽകും. ഇതിനായി ഗ്യാൻ എന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. അഞ്ചു വർഷം മുമ്പ് ലോകത്തിലെ ഏറ്റവു മികച്ച 200 സർവ്വകലാശാലകളുടെ പട്ടികയിൽ ഒന്നുപോലും ഇന്ത്യൻ സ്ഥാപനങ്ങളായിരുന്നില്ല. ഇപ്പോൾ മൂന്ന് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പട്ടികയിലുണ്ട്.

രാജ്യത്തേക്ക് വിദേശവിദ്യാർത്ഥികളെ ആകർഷിക്കാനുള്ള പരിപാടികള്‍ക്ക് തങ്ങൾ തുടക്കമിടുമെന്നും നിർമല സീതാരാമൻ പറഞ്ഞു. സ്ത്രീശാക്തീകരണത്തിനായി നാരീ ടു നാരായണി പദ്ധതി അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി 400 കോടി രൂപയുടെ നിക്ഷേപം സര്‍ക്കാർ നടത്തുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.

രാജ്യത്തെ വിവിധ തൊഴിൽ നിയമങ്ങളെ ഉടച്ചു വാർക്കുമെന്നും നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചു. നാല് മേഖലകളായി വിഭാഗീകരിച്ച് അവയ്ക്ക് നിയമങ്ങൾ കൊണ്ടുവരികയാണ് ചെയ്യുക.

ക്രിത്രിമബുദ്ധി, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ യുവാക്കൾക്ക് പ്രത്യേക വൈദഗ്ധ്യം വർധന പരിപാടികൾ സർക്കാർ ആവിഷ്കരിക്കുമെന്നും അവർ പറഞ്ഞു.

സന്നദ്ധ സംഘടനകളെ ഉപയോഗിച്ചും ഇതര സാമൂഹ്യ സ്ഥാപനങ്ങളെ ഉപയോഗിച്ചും മ്യൂച്വൽ ഫണ്ടുകൾ പോലുള്ളവയിലേക്ക് ഓഹരി മൂലധനം സ്വരൂപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റവതരണത്തിൽ പറഞ്ഞു. രാജ്യത്തേക്കുള്ള വിദേശ മൂലധന ഒഴുക്ക് ശക്തിപ്പെട്ടിട്ടുള്ളതായും മന്ത്രി അവകാശപ്പെട്ടു. നിലവിൽ 54.2 ബില്യൺ ഡോളറാണ് രാജ്യത്തെ വിദേശനിക്ഷേപം. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 6 ശതമാനം അധികമാണിത്.

മാധ്യമരംഗത്ത് വിദേശനിക്ഷേപം വർധിപ്പിക്കാനുള്ള സാധ്യതകളും തങ്ങളാരായുമെന്ന് നിര്‍മല സീതാരാമൻ പറഞ്ഞു. അനിമേഷൻ അടക്കമുള്ള മാധ്യമമേഖലകളിലേക്കും വിദേശനിക്ഷേപം കൂട്ടും. നിലവിൽ പരമാവധി 40% ശതമാനമാണ് ഈ മേഖലളിലെ വിദേശനിക്ഷേപം.

വർഷാവർഷം ആഗോളതലത്തിലെ ബിസിനസ്സുകാരെ ഉൾപ്പെടുത്തി ഒരു യോഗം സംഘടിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി നിർമല സീതാരാമൻ പറഞ്ഞു. വ്യവസായികൾ, കോർപ്പറേറ്റ് ലീഡർമാർ, വെൻച്വർ ഫണ്ടുകൾ തുടങ്ങിയവരെയെല്ലാം പങ്കെടുപ്പിച്ചാണ് ഈ മീറ്റ് സംഘടിപ്പിക്കുക.

ഗ്രാമീണ ഭാരതത്തെ ശക്തിപ്പെടുത്താൻ വേണ്ട നടപടികളെടുക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. ശുദ്ധമായ പാചകവാതകം, ആവശ്യമായ ഇലക്ട്രിസിറ്റി വിതരണം തുടങ്ങിയവ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വീടുകളിൽ ശുചിമുറികളെത്തിച്ച് സ്ത്രീയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചു ഒന്നാം മോദി സർക്കാരെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റവതരണത്തിനിടെ പറഞ്ഞു. വലിയ തോതിലുള്ള വളർച്ചയാണ് വിവിധ മേഖലകളിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം ഉണ്ടായത്.

പരമാവധി 1.5 കോടിയുടെ വാർഷിക വിറ്റുവരവുള്ള മൂന്ന് കോടിയോളം ഷോപ്പുടമകൾ‌ക്ക് പ്രധാൻമന്ത്രി മന്‍ ധൻ പദ്ധതിയിലൂടെ പെൻഷൻ ഉറപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

2018നും 2030നും ഇടയിൽ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റെയിൽവേയിൽ ആവശ്യമായി വരികയെന്ന് അനുമാനിക്കപ്പെടുന്നുണ്ട്. വർഷത്തിൽ 1.6 ലക്ഷം കോടി രൂപയോളം നിക്ഷേപം നടത്തേണ്ടി വരും എന്നതാണ് ഇതിനർത്ഥം. ഇത് രാജ്യത്തിന് താങ്ങാവുന്ന ഒന്നല്ല. ദശകങ്ങളോളം കാത്തിരിക്കേണ്ടതായി വരും മാറ്റങ്ങൾക്കായി. ഈ പ്രശ്നം പരിഹരിക്കാൻ സ്വകാര്യവൽക്കരണമാണ് ആവശ്യം. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ ഈ നിക്ഷേപങ്ങൾ നടപ്പാക്കേണ്ടി വരും.

പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ പറഞ്ഞു. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കും. കൂടുതല്‍ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം മാത്രം ഇതുവഴി 1,05,000 കോടി രൂപ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

വായ്പയുടെ അളവ് വര്‍ധിപ്പിക്കുന്നതിന് പൊതുമേഖല ബാങ്കുകള്‍ക്ക് 75000 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ധനകാര്യ മേഖലയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എടുത്ത നടപടികള്‍ ഗുണം ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ ഒരു വര്‍ഷത്തിനകം ഒരു ലക്ഷം കോടി കുറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ബാങ്കിംങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. മല്‍സ്യമേഖലയ്ക്കായി മല്‍സ്യ സമ്പദാ യോജന. സ്ത്രീ ശാക്തികരണത്തിന് നാരി ടു നാരയണി പദ്ധതിയും നടപ്പിലാക്കും. കാര്‍ഷിക ഗ്രാമീണ വ്യവസായങ്ങളില്‍ 75000 വിദഗ്ദരെ വികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

അഞ്ച് ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഒഴിവാക്കി ധനമന്ത്രി ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആദായ നികുതി അടയ്ക്കുന്നതിന് ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പാന്‍ കാര്‍ഡ് ഇല്ലാത്തതുകൊണ്ട് നികുതി അടയ്ക്കുന്നതിന് സാധിക്കാത്ത പ്രശ്‌നം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണിതെന്ന് മന്ത്രി പറഞ്ഞു.
ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ആദായ നികുതി റിട്ടേണ്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു.

കോര്‍പ്പറേറ്റ് നികുതിയില്‍ കുറവു വരുത്തുമെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കോര്‍പ്പറേറ്റ് നികുതിയില്‍ ഏറ്റവും താഴെ ഉള്ള നിരക്കായ 25 ശതാമാനം നികുതി 400 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് വരെയാക്കിയതായി മന്ത്രി പറഞ്ഞു. 250 കോടി രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കായിരുന്നു 25 ശതമാനം നികുതി. അത് കൂടുതല്‍ വിറ്റുവരവുളള സ്ഥാപനങ്ങള്‍ക്ക് വരെയായി വര്‍ധിപ്പിച്ചു. പ്രത്യക്ഷ നികുതിയില്‍ വര്‍ധനയുണ്ടായതായി മന്ത്രി പറഞ്ഞു. 2014 ല്‍ 6.38 ലക്ഷം കോടിയായിരുന്നത് 2018 ല്‍ 11.37 ലക്ഷം കോടി രൂപയായതായി മന്ത്രി പറഞ്ഞു.

Next Story

Related Stories